തിരുവനന്തപുരം: കടം വാങ്ങി കേരളം വികസിക്കുമെന്നും ആ വികസനത്തിലൂടെ ബാധ്യതകൾ തീർക്കുമെന്നും എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കേന്ദ്രസര്‍ക്കാർ കേരളത്തോട് തുടരുന്ന അവഗണനയ്ക്കെതിരെ രാജ്ഭവന് മുന്നില്‍ ഇടതുമുന്നണിയുടെ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം സാമ്പത്തികമായി വെല്ലുവിളി നേരിടുന്ന സംസ്ഥാനമാണെന്നും ബിജെപിക്കൊപ്പം ചേർന്ന് യുഡിഫ് കേരളത്തിന്റെ വികസനത്തിന് എതിര് നിൽക്കുന്നുവെന്നും ഇപി കുറ്റപ്പെടുത്തി.
ഏഴര വർഷമായി കേരളത്തിൽ യുഡിഫ് ഒരു വികസന പ്രവർതനത്തിനും സഹകരിക്കുന്നില്ലെന്ന് ഇപി ജയരാജൻ വിമർശിച്ചു. കേരളത്തിന്റെ വികസനം തടയാൻ കേന്ദ്ര സർക്കാർ സാമ്പത്തിക ഉപരോധം തീർക്കുകയാണ്. കേരളത്തിൽ നികുതി കുടിശിക പിരിച്ചെടുക്കുന്നില്ലെന്ന് പ്രചരിപ്പിച്ച എജി രാഷ്ട്രീയം കളിക്കുകയാണ്. റിപ്പോർട്ട് സമർപ്പിക്കേണ്ട ആളാണ് എ ജി. പത്ര സമ്മേളനം നടത്താൻ എ ജിക്ക് എന്ത് അവകാശമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
എൽഡിഎഫ് സർക്കാർ കെ റെയിൽ കൊണ്ട് വന്നപ്പോഴാണ് കേന്ദ്ര സർക്കാർ വന്ദേ ഭാരത് ട്രെയിൻ കൊണ്ടുവന്നത്. എൽഡിഎഫ് കെ റെയിൽ മുന്നോട്ട് വച്ചില്ലെങ്കിൽ വന്ദേ ഭാരത് വരുമായിരുന്നോ? ഗവർണർ ബില്ലുകൾ പിടിച്ചു വച്ചിട്ട് എന്ത് കാര്യമാണ്? നിയമ നിർമ്മാണം നടപ്പിലാക്കേണ്ട ഗവർണർ ബില്ലുകളിൽ ഒപ്പിടാത്തത് ബിജെപി നയമാണെന്നും അദ്ദേഹം പറഞ്ഞു.