രാജീവ്‌ ചന്ദ്രശേഖര്‍ നാലു മാസം മുൻപ് വന്നിരുന്നെങ്കിൽ

തിരുവനന്തപുരം:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർഥിയായിരുന്ന രാജീവ് ചന്ദ്രശേഖർ, നാലു മാസം മുമ്പ് തിരുവനന്തപുരത്ത് വന്നിരുന്നുവെങ്കിൽ കഥ മാറിയേനെയെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. വോട്ടിൽ വലിയ വ്യത്യാസം ഇല്ലാതെയാണ് അവിടെ കോൺഗ്രസ് സ്ഥാനാർഥി ശശി തരൂർ ജയിച്ചു കയറിയത്.

താമര ചിഹ്നത്തോടുള്ള അലർജി കേരളത്തിന് മാറിയെന്ന് തൃശ്സൂരിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചുവെന്ന് തൃശ്സൂരിൽ ഐക്യമുന്നണി സ്ഥാനാർഥിയായിരുന്ന അദ്ദേഹം പറഞ്ഞു. തൃശൂരില്‍ ഒരു മതവിഭാഗം ഒഴികെ ബാക്കി എല്ലാവരും ബിജെപിക്ക് വോട്ട് കുത്തിയിട്ടുണ്ട്. സിനിമ നടനായത് കൊണ്ടാണ് സുരേഷ് ഗോപി ജയിച്ചതെന്ന് സമാധാനത്തിന് പറയുന്നതാണ്.

അടുത്ത തിരഞ്ഞെടുപ്പില്‍ ജയിക്കാൻ ഈ കളി മതിയാവില്ലെന്ന് കോണ്‍ഗ്രസ് നേത‍ൃത്വത്തിന് അറിയുന്നത് കൊണ്ടാണ് വയനാട്ടില്‍ പാർട്ടി യോഗം ചേർന്നത്. ഈ ക്യാമ്ബില്‍ ഉണ്ടാവില്ലെന്ന് താൻ നേരത്തെ അറിയിച്ചതാണ്. എടുത്ത തീരുമാനം നടപ്പാക്കാൻ പാര്‍ട്ടിയുടെ കൂടെ ഉണ്ടാവും.

ക്യാമ്പ് പാർട്ടിയെ ശക്തിപ്പെടുത്താൻ വേണ്ടിയാണ്. തനിക്കിപ്പോള്‍ ശക്തിയില്ലാത്ത സമയമാണ്. എങ്ങനെയാണ് ശക്തിപ്പെടുത്തേണ്ടതെന്ന് അറിയിച്ചാല്‍ അങ്ങനെ ചെയ്യാമെന്ന് പറഞ്ഞ അദ്ദേഹം താൻ തദ്ദേശ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണെന്നും അറിയിച്ചു.