കെ. ഗോപാലകൃഷ്ണൻ
അടുത്ത ഞായറാഴ്ച തെരഞ്ഞെടുപ്പു കമ്മീഷന് വോട്ടെടുപ്പ് ഫലം പരസ്യമാക്കുന്നതോടെ അഞ്ചു സംസ്ഥാന നിയമസഭകളിലേക്കു നടന്ന ജനവിധിയുടെ അന്തിമകണക്കുകൾ ലഭ്യമാകും. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്, തെലുങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ നിലപാടുകളെക്കുറിച്ച് ഏതാനും ആഴ്ചകളായി വിവിധ കോണുകളില്‍നിന്നു വരുന്ന ഊഹാപോഹങ്ങളും അതിലേറെ ആശയക്കുഴപ്പമുണ്ടാക്കുന്ന കണക്കുകളും തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ ഭാഗ്യവശാല്‍ അവസാനിക്കും.
പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യാ മുന്നണിയുടെയും ഭരണസഖ്യമായ എന്‍ഡിഎയുടെയും മാത്രമല്ല, വരുംവര്‍ഷങ്ങളിലെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പ്രകടനത്തെക്കുറിച്ചുുള്ള ഏകദേശ ധാരണകളും തെരഞ്ഞെടുപ്പുഫലം നല്‍കിയേക്കാം. വടക്കേ ഇന്ത്യന്‍ ജനതയുടെ മനസിലിരിപ്പിനെക്കുറിച്ചുള്ള സൂചനകള്‍, ഇതിനുപുറമേ അടുത്തവര്‍ഷം ആദ്യം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്നണികള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന വെല്ലുവിളികള്‍ എന്നിവയെക്കുറിച്ചുള്ള ചിത്രങ്ങളും ലഭ്യമാകും. ബിജെപിയെ സംബന്ധിച്ച് തെലുങ്കാനയിലെ ഫലവും പ്രധാനപ്പെട്ടതാണ്. തെക്കേയിന്ത്യയിലെ അവശേഷിച്ച സംസ്ഥാനങ്ങളില്‍ വലിയ സാന്നിധ്യമില്ലാത്തതിനാല്‍ തെലുങ്കാനയിലെ പ്രകടനത്തിലൂടെയായിരിക്കും തെക്കേയിന്ത്യയിലെ ബിജെപിയുടെ ഭാവിപദ്ധതികള്‍ രൂപപ്പെടുക.
ഇതിലേറെ പ്രധാനപ്പെട്ടതാണ് 2014 മുതല്‍ ഭരണത്തിലുള്ള ദേശീയ ജനാധിപത്യസഖ്യത്തിന്റെ ഭാവി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആശ്രയിച്ചു മുന്നേറുന്ന മുന്നണിയുടെ ഭാവിയെക്കുറിച്ചുള്ള വ്യക്തമായ ചിത്രവും തെരഞ്ഞെടുപ്പിലെ കണക്കുകളിലൂടെ കണ്ടെത്താം. ഒപ്പം രാജ്യത്തെ ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയകക്ഷിയായ കോണ്‍ഗ്രസിനെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാകും. 2014 മുതല്‍ രാഷ്ട്രീയമായ മരവിപ്പിലാണെങ്കിലും 2022 നവംബറില്‍ ഹിമാചലിലും 2023 മേയില്‍ കര്‍ണാടകയിലും മികച്ച പ്രകടനമാണു കോണ്‍ഗ്രസ് പുറത്തെടുത്തത്.
അണികളുടെയും നേതൃത്വത്തിന്റെയും പുനരുജ്ജീവനവും ബിജെപി ഭരണത്തിലെ സ്വേച്ഛാധിപത്യ തീരുമാനങ്ങളെ വെല്ലുവിളിക്കാന്‍ ശേഷിയുള്ള കക്ഷി എന്ന നിലയിലും കോണ്‍ഗ്രസിനെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന വലിയൊരു വിഭാഗം ഇപ്പോഴുമുണ്ട്. ഇന്ത്യാ മുന്നണിയുടെ രൂപീകരണത്തോടെ ദേശീയതലത്തിലും പ്രാദേശിക തലത്തിലുമുള്ള പ്രതിപക്ഷകക്ഷികള്‍ ഏറെ പ്രതീക്ഷയിലാണ്. വിയോജനശബ്ദങ്ങള് തീര്‍ച്ചയായും ഉണ്ടെങ്കിലും ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ മുന്നോട്ടുള്ള യാത്ര അത്ര സുഗമമാകില്ലെന്നു കരുതുന്നവര്‍ ഏറെയാണ്.
ഇന്ത്യാ മുന്നണിക്ക് ഒരുമിക്കാനുള്ള വേദി
ഇന്ത്യാ മുന്നണിക്ക് ഒരുമിക്കാനുള്ള വേദിയാണ് അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലൂടെ രൂപപ്പെട്ടത്. ഐക്യത്തോടെ വെല്ലുവിളികളെ നേരിടാമെന്നു തെളിയിക്കാനുള്ള അവസരം. മിസോറമിലെ 40 അംഗ സഭയിലേക്കും 230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്കും 200 സീറ്റുകളുള്ള രാജസ്ഥാനിലേക്കും ഛത്തീസ്ഗഡിലെ 90 അംഗ സഭയിലേക്കും 119 പ്രതിനിധികളെ തെരഞ്ഞെടുക്കേണ്ട തെലുങ്കാനയിലേക്കുമാണ് തെരഞ്ഞെടുപ്പു നടക്കുന്നത്. രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസിന്റെ ഭരണമാണ്. മധ്യപ്രദേശ് ഭരിക്കുന്നത് ബിജെപിയും. തെലുങ്കാനയില്‍ ഭാരത് രാഷ്ട്രസമിതിയാണ് ഭരണകക്ഷി. മിസോറമില്‍ മിസോ നാഷണല്‍ ഫ്രണ്ടും.
രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപിയും കോണ്‍ഗ്രസും ഇരുപക്ഷത്തുമായി നേരിട്ട് ഏറ്റുമുട്ടുന്നു. തെലുങ്കാനയില്‍ ബിജെപിയും കോണ്‍ഗ്രസും ഭരണകക്ഷിയായ തെലുങ്കാന രാഷ്ട്രസമിതിയും ഉള്‍പ്പെടുന്ന ത്രികോണ പോരാട്ടമാണ്. ഏറെ പ്രധാനപ്പെട്ടൊരു മത്സരമാണിത്. തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലായി 16.14 കോടി വോട്ടര്‍മാരാണുള്ളത്. രാജ്യത്തെ വോട്ടര്‍മാരുടെ ആറിലൊരു ഭാഗം വരുമിത്.
ആഭ്യന്തരകലഹമുണ്ടെങ്കിലും ഇന്ത്യാ മുന്നണിക്കു മെച്ചെപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായാല്‍ ബിജെപിയെ തീര്‍ച്ചയായും അത് അസ്വസ്ഥതപ്പെടുത്തും. കാരണം, ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ശക്തമായൊരു രാഷ്ട്രീയസഖ്യത്തെയാകും അവര്‍ക്കു നേരിടേണ്ടിവരിക. ബിജെപിയെ സംബന്ധിച്ചിടത്തോളം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രിയ പ്രതിച്ഛായയാണ് അവരുടെ ശക്തി. ആവശ്യമായ മറ്റു സൗകര്യങ്ങളും ആര്‍എസ്എസിന്റെ പിന്തുണയും ഇതോടൊപ്പം എന്‍ഡിഎയ്ക്കു ലഭിക്കും.
എന്നാല്‍, അവശ്യവസ്തുക്കളുടെ വിലക്കയറ്റം, തൊഴിലില്ലായ്മ, ക്രമസമാധാനത്തകര്‍ച്ച, വികസനം സംബന്ധിച്ച് ഇനിയും ഉത്തരം ലഭിക്കാത്ത ചോദ്യങ്ങള്‍ എന്നിവ ഭരണമുന്നണിയെ കാത്തുനില്‍ക്കുന്നുണ്ട്. ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ബിജെപിയെ എതിര്‍ക്കുന്ന കക്ഷികളും എല്‍പിജി വിലയിലെ ഇളവുകളും സ്ത്രീകള്‍ക്കു പ്രതിമാസ പെന്ഷന് ഉള്‍പ്പെടെ പല വാഗ്ദാനങ്ങളും നല്‍കുന്നുണ്ട്. എന്നാല്‍ പരിമിതമായ വിഭവങ്ങളുള്ള സംസ്ഥാനങ്ങള്‍ക്ക് ഇത് അത്രയെളുപ്പം നടപ്പാക്കാനാകില്ല.
മധ്യപ്രദേശില്‍ ഭരണവിരുദ്ധ വികാരം
ബിജെപിയുടെ പ്രചാരണത്തിലാകട്ടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ലാതെ പ്രത്യക്ഷപ്പെടുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡയും മാത്രമാണ്. തെരഞ്ഞെടുപ്പു വേദികളില്‍ മാത്രമാണു നഡ്ഡയെ കാണാന്‍ കഴിയുക. എന്തായാലും നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ ഭരണവിരുദ്ധവികാരം ഒരു ഘടകമാണെന്നാണ് വിലയിരുത്തല്‍. വമ്പന്‍ വ്യവസായികള്‍ക്കു വഴിവിട്ട ആനുകൂല്യങ്ങള്‍ നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന വിഷയം കൈകാര്യം ചെയ്യാനും ബിജെപി നേതൃത്വം ശ്രമിച്ചില്ല.
ഈ സാഹചര്യത്തിലാണ് വോട്ടെടുപ്പ് തൊട്ടടുത്ത് എത്തിയ ദിവസങ്ങളില്‍ ഹിന്ദുത്വപ്രശ്നങ്ങള് ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രചാരണരംഗത്ത് എത്തിയത്. ഭരത്പുര്‍ പോലുള്ള സ്ഥലങ്ങളിലും രാജസ്ഥാനിലെ ഏതാനും മണ്ഡലങ്ങളിലും മഥുരയിലെ ക്ഷേത്രങ്ങളിലും അദ്ദേഹമെത്തി. അയോധ്യയിലെ രാമക്ഷേത്രം പോലെ മഥുരയിലെ കൃഷ്ണ ജന്മഭൂമിയിലും വേണമെന്ന പരാമര്‍ശം, വാരണാസി ശിവക്ഷേത്രത്തിന്റെ വികസനം എന്നിവയിലൂടെ വിമര്‍ശനം മറികടക്കാമെന്നാണു മോദിയുടെയും സംഘത്തിന്റെയും പ്രതീക്ഷ.
മോദിയെക്കുറിച്ചുള്ള വിലയിരുത്തല്‍
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, വോട്ട് സമാഹരിക്കുന്നതിനു ബിജെപി പ്രധാനമായും ആശ്രയിക്കുന്നത് മോദിയുടെ വ്യക്തിത്വത്തെയും കോണ്‍ഗ്രസിനെതിരായ ആവര്‍ത്തിക്കുന്ന ആരോപണങ്ങളിലൂടെയുമാണ്. എന്തായാലും ബിജെപിയുടെ തെരഞ്ഞെടുപ്പു വിജയമെന്നത് നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവത്തെയാണ് പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന വിഷമകരമായ പ്രശ്നങ്ങളില്‍ അദ്ദേഹത്തിന് എത്രത്തോളം ഇടപെടാന്‍ കഴിഞ്ഞുവെന്നതും ചോദ്യമാകും. ഇതോടൊപ്പം വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ കഴിഞ്ഞ നാലഞ്ചു വര്‍ഷമായി അദ്ദേഹം വിജയിച്ചുവോയെന്നും തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകളിലൂടെ വ്യക്തമാകും.
മോദിയെക്കുറിച്ചുള്ള വിലയിരുത്തല്‍ എന്നതു ബിജെപിയെക്കുറിച്ചുള്ള വിലയിരുത്തല്‍ തന്നെയാണ്. അതിനാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിഘടകം എത്രമാത്രം പ്രകടമായിരിക്കുമെന്ന സൂചനയും ലഭ്യമാകും. പുതുതായി രൂപീകരിച്ചതാണെങ്കിലും ബിജെപിക്കു കനത്ത വെല്ലുവിളിയാകാന്‍ ഇന്ത്യാ സഖ്യത്തിനു കഴിഞ്ഞുവെന്ന വസ്തുത തള്ളിക്കളയാനാകില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്. ചില സംസ്ഥാനങ്ങളില്‍ ഭരണത്തിലെത്താനുള്ള ശ്രമങ്ങളിലുമാണവര്. ഏറെ ഭാഗ്യമുള്ളൊരു നേതാവാണ് നരേന്ദ്ര മോദി. തന്റെ അതിഭാഗ്യവും അതോടൊപ്പം മികവും ഒരിക്കല്‍ക്കൂടി വോട്ടര്‍മാര്‍ക്കു മുന്നില്‍ അവതരിപ്പിച്ച് വിജയം സ്വന്തമാക്കാന്‍ മോദിക്കു കഴിയുമോയെന്നു പ്രവചിക്കുക ഇപ്പോള്‍ അസാധ്യമാണ്.
——————————————————————————————
കടപ്പാട് : ദീപിക
(പ്രമുഖ രാഷ്ടീയ നിരീക്ഷകനായ കെ .ഗോപാലകൃഷ്ണന്,
മാതൃഭൂമി പത്രത്തിന്റെ എഡിറ്റര്‍ ആയിരുന്നു)
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക