കെ.ഗോപാലകൃഷ്ണൻ
വികസന പരിപാടികളിൽ സ്വകാര്യമേഖലയ്ക്കു കൂടുതൽ അവസരങ്ങളൊരുക്കുമെന്നതിന്റെയും ഇടതു ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പതിവു നയങ്ങളില്‍നിന്നും പരിപാടികളില്‍നിന്നും കൂടുതല്‍ പുരോഗമനപരമായ സമീപനത്തിലേക്കു മാറുമെന്നതിന്റെയും വ്യക്തമായ സൂചനകൾ നൽകുന്നതാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച കേരള ബജറ്റിലെ നിർദേശങ്ങൾ. സംസ്ഥാനം നേരിടുന്ന കടുത്ത സാന്പത്തിക പ്രതിസന്ധി മറികടക്കുകയെന്ന ലക്ഷ്യത്തോടെ പാര്‍ട്ടിയില്‍നിന്നുള്ള അനുമതി ലഭിക്കും മുൻപേയാണ് ഈ നയസമീപനത്തിന്റെ പ്രഖ്യാപനം.
“തകരില്ല കേരളം, തകരില്ല കേരളം, തകര്‍ക്കാനാകില്ല കേരളത്തെ’’ എന്ന് ആദ്യമേതന്നെ പറഞ്ഞുകൊണ്ട് കൂടുതൽ വിശദാംശങ്ങൾ നൽകാതെയാണു പുതിയ നയസമീപനത്തിലേക്കുള്ള സൂചനകൾ ധനമന്ത്രി നൽകിയത്. സംസ്ഥാനത്ത് വിദേശ സര്‍വകലാശാലകള്‍ അനുവദിക്കുക, വിഴിഞ്ഞം തുറമുഖത്തിന്റെ ശേഷി പൂർണമായും വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക വികസന മേഖലകള്‍ (എസ്ഡിഇസഡ്), വിഴിഞ്ഞം തുറമുഖം പോലുള്ള സ്ഥലങ്ങളില്‍ ടൂറിസം വികസനം ഉൾപ്പെടെ നടപ്പാക്കുക, തിരുവനന്തപുരം, കൊച്ചി, മലബാര്‍ എന്നീ പ്രധാനപ്പെട്ട മൂന്നു മേഖലകളെ ഉള്‍പ്പെടുത്തി കൊച്ചി-പാലക്കാട്-കണ്ണൂര്‍ വ്യവസായ ഇടനാഴി എന്നിങ്ങനെ ചൈന അഞ്ചു ദശകം മുമ്പ് കൊണ്ടുവന്ന പ്രത്യേക വികസനമേഖല എന്ന ആശയത്തിന്റെ മാതൃകയിൽ മൂന്നുവര്‍ഷം കൊണ്ട് മൂന്നുലക്ഷം കോടിയുടെ നിക്ഷേപമാണു ധനമന്ത്രി ലക്ഷ്യമിടുന്നത്. കേരളത്തിന്റെ കാര്യത്തില്‍ ഇതിനകം താത്പര്യം പ്രകടിപ്പിച്ച അദാനിയെപ്പോലുള്ളവരില്നിന്നും നിക്ഷേപം സ്വീകരിക്കാന്‍ തീരുമാനിച്ചാലും ഇനിയാരും അദ്ഭുതപ്പെടേണ്ടതില്ല.
കേരളത്തില്‍ ആദ്യമായി അദാനി നിക്ഷേപത്തിനു തയാറായപ്പോൾ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ധാരണയുണ്ടാക്കിയ പ്രഫ. കെ.വി. തോമസ് ഇപ്പോഴത്തെ ഏതാനും പദ്ധതികളിലും പ്രത്യേക ശ്രദ്ധ നൽകിക്കഴിഞ്ഞു. തന്ത്രങ്ങളും കുതന്ത്രങ്ങളും പയറ്റുന്ന പ്രാദേശിക ഇടനിലക്കാരെ ഒഴിവാക്കി നിക്ഷേപകരെ കൃത്യമായി സംസ്ഥാനത്തേക്കു സ്വാഗതം ചെയ്താൽ അന്യസംസ്ഥാനങ്ങളിലെ വന്പൻ നിക്ഷേപകർ പോലും നമ്മുടെ പദ്ധതികളിൽ താത്പര്യം പ്രകടിപ്പിച്ചേക്കാം. ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി സ്വകാര്യനിക്ഷേപകരെ സ്വാഗതം ചെയ്തതിലൂടെ കേരളത്തില്‍ സ്വകാര്യനിക്ഷേപത്തിനു അനുകൂലമായൊരു കാറ്റ് വീശിത്തുടങ്ങിയെന്ന ധാരണ ഉയർത്താൻ ഇതിനകം കഴിഞ്ഞിട്ടുണ്ട്.
കേരളത്തെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ കടുത്ത സാമ്പത്തികഞെരുക്കത്തിനിടെ പുതിയ പദ്ധതികള്‍ എന്നത് അസാധ്യമാണ്. സ്വകാര്യ നിക്ഷേപകരെ സ്വീകരിക്കുന്നതിനുള്ള ഒരു സാഹചര്യം സൃഷ്ടിക്കുക മാത്രമാണു ബദല്‍. തുടക്കത്തില്‍ ഏറെ സ്വപ്നങ്ങള്‍ നല്‍കിയെങ്കിലും കിഫ്ബി പോലുള്ള പരീക്ഷണങ്ങൾ വേണ്ടത്ര ഗതിവേഗം ആർജിക്കാത്തതിനാൽ സംസ്ഥാന സര്‍ക്കാരിനു മുമ്പില്‍ മറ്റുവഴികളൊന്നുമില്ല.
കേരള സര്‍ക്കാര്‍ രൂക്ഷമായും പരസ്യമായും പ്രതികരിക്കുകയും ഡല്‍ഹിയില്‍ വലിയ പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തുവെങ്കിലും കേരളത്തിന്റെ കാര്യത്തില്‍ കേന്ദ്രം വലിയ താത്പര്യമൊന്നും കാണിക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റു സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് കോടി രൂപയുടെ പടുകൂറ്റൻ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍, കേരളത്തിന്റെ കാര്യത്തിലാകുന്പോൾ നിരാശപ്പെടുത്തുകയാണ്. കൊച്ചി തുറമുഖത്ത് 4500 കോടി രൂപയുടെ പദ്ധതിയോ മറ്റോ ആണ് അദ്ദേഹം അടുത്തിടെ സംസ്ഥാനത്ത് പ്രഖ്യാപിച്ച വലിയ പദ്ധതി.
കേരളത്തിലെ ഇന്നത്തെ സ്ഥിതിഗതികൾ ഏറെ സങ്കടകരമാണ്. ഭൂരിഭാഗം സ്വപ്നങ്ങളും പ്രതീക്ഷകളും ഇന്ന് അസ്ഥാനത്താണ്. കേരളത്തിലെ പൊതുമേഖലയില്‍ ഭൂരിഭാഗവും മോശമായ അവസ്ഥയിലാണ്. കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ (കെഎസ്ആർടിസി) അവസ്ഥ അതിദയനീയമാണ്. ശമ്പളം നല്കാന് പോലും സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തെയോ ഗ്രാന്റിനെയോ ആശ്രയിക്കേണ്ട സ്ഥിതിവിശേഷം. മോശമായ നടത്തിപ്പ് മെച്ചപ്പെടുത്താൻ ശ്രമിക്കുന്നവരെ നേരിടുന്നത് തൊഴിലാളി സംഘടനകളുടെ മർക്കടമുഷ്ടിയാണ്. നഷ്ടം കുന്നുകൂടുകയാണ്. എല്ലാറ്റിനുമുപരിയായി പൊതുജനങ്ങളോടുള്ള സമീപനവും ഖേദകരമാണ്.
സംസ്ഥാനത്തെ പ്രധാനപ്പെട്ട റൂട്ടുകളില്‍ കെഎസ്ആര്‍ടിസിയെ പരിമിതപ്പെടുത്തുകയും സംസ്ഥാനാന്തര സര്‍വീസുകള്‍ക്കായി ഉപയോഗിക്കുകയും വേണം. യുവമന്ത്രിയായ ഗണേഷ് കുമാര്‍ എന്താണു ചെയ്യാന്‍ പോകുന്നതെന്ന് കാത്തിരുന്നു കാണാം. കുറ്റക്കാരെ കണ്ടെത്തി ധൈര്യപൂര്‍വം മുന്നോട്ടുപോയി കുറഞ്ഞപക്ഷം നഷ്ടത്തില്‍നിന്നു കരകയറ്റാനെങ്കിലും അദ്ദേഹത്തിനു കഴിയുമോ? കേരള ഇലക് ട്രിസിറ്റി ബോര്‍ഡിന്റെ കാര്യവും സമാനമാണ്. ഉയര്‍ന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പൊതുജനങ്ങളില്‍നിന്ന് ഉയർന്ന നിരക്ക് ഈടാക്കുന്നതിനെയും പിന്തുണയ്ക്കുന്നു. എന്തുകൊണ്ട് ഈ സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കാനും ലാഭത്തിലേക്കു കൊണ്ടുപോകാനും കഴിയുന്നില്ല.
മറ്റു പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനവും ആശാവഹമല്ല. കാര്യക്ഷമതയില്ലാത്ത അവയുടെ പ്രവര്‍ത്തനത്തിനു പൊതുജനം പിന്തുണ നല്കേണ്ടിവരികയും ചെയ്യുന്നു. ഇത്തരം സ്ഥാപനങ്ങൾ സ്വന്തം കാലില്‍ നിൽക്കാൻ പ്രാപ്തമാകണമെന്ന വികാരം ജനങ്ങള്‍ക്കിടയില്‍ മാത്രമല്ല രാഷ് ട്രീയകക്ഷികള്ക്കിടയിലും ഉയർന്നുവരികയാണ്. എന്നാൽ സർക്കാരിന്റെ സാന്പത്തികസ്ഥിതി അനുദിനം വഷളാകുന്നു. സംഭരിക്കുന്ന ഉത്പന്നങ്ങൾക്കുള്ള പണം കർഷകർക്കു നൽകാൻ പോലും സർക്കാരിനു കഴിയുന്നില്ല. മതിയായ താങ്ങുവിലയില്ലാത്തതിനാൽ റബര്‍, നാളികേര കര്‍ഷകര്‍ ഏറെ ബുദ്ധിമുട്ടിലാണ്.
ഒട്ടേറെ വിഭാഗങ്ങള്‍ക്കു പെന്ഷന് നല്‍കാനും സര്‍ക്കാരിനു കഴിയുന്നില്ല. പണം അനുവദിക്കാത്ത ഒട്ടേറെ മറ്റു മേഖലകളുമുണ്ട്. കേന്ദ്രത്തില്‍നിന്നുള്ള കുടിശിക മുടങ്ങിക്കിടക്കുന്നതു സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഇതിനുപുറമേ സർക്കാരിന്റെ പാഴ്ചെലവുകളും അവസാനിപ്പിക്കേണ്ടതാണ്. കൂടുതല്‍ ഗുരുതരമായ സാഹചര്യത്തിലേക്കെത്തുന്നതിന് അധികസമയം വേണ്ടിവരില്ല. പരിഹാരമാർഗങ്ങളും മുടങ്ങിക്കിടക്കുകയാണ്. നികുതിയില്‍നിന്നുള്ള വരുമാനം കടത്തേക്കാള്‍ കുറവാണെന്നു ചൂണ്ടിക്കാണിച്ച് കൂടുതല്‍ കടമെടുക്കുന്നതിനെ കേന്ദ്രം എതിര്‍ക്കുന്നു. എന്തായാലും സന്പദ്ഘടന അതീവദുർബലമാണ്.
ഒരുപക്ഷേ ഈ സ്ഥിതിവിശേഷം മാറിയേക്കാം. ഇത്തവണത്തെ ബജറ്റ് ഈ പ്രശ്നങ്ങളെ നേരിടാനുള്ള ആദ്യപടിയായി കണക്കാക്കാം. 2023-24 ല്‍ ധനക്കമ്മി 3.45 ശതമാനമായിരുന്നത് 2024-25ല്‍ 3.4 ശതമാനമായി കുറയ്ക്കാനാണ് ധനമന്ത്രി ലക്ഷ്യമിടുന്നത്. വൈദ്യുതി നിരക്ക്, കോടതി ഫീസ്, ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ എക്സൈസ് നികുതി എന്നിവ ഉയര്‍ത്തുന്നതിനൊപ്പം വരുമാനം വര്‍ധിപ്പിക്കാനുള്ള മറ്റു ചില നടപടികളുമാണ് മന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.
ഒരു പക്ഷേ കേരളത്തിലേക്കു സ്വകാര്യനിക്ഷേപം ആകര്‍ഷിച്ച് കടമെടുപ്പ് നിയന്ത്രിക്കുക എന്നതായിരിക്കും അദ്ദേഹത്തിന്റെ പ്രധാന തന്ത്രം. കേരളം നിക്ഷേപാനുകൂല സംസ്ഥാനമാക്കി മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിലൂടെ ഇതു സാധ്യമാകും. ആവശ്യമായ സൗകര്യങ്ങള്‍ സംസ്ഥാനം ലഭ്യമാക്കിയാല്‍ നിക്ഷേപകന് അവിടെയും ഇവിടെയുമായി ഓടിനടക്കേണ്ടിവരില്ല. നിക്ഷേപകരുടെ മനം മടുപ്പിക്കാന്‍ ശേഷിയുള്ള പ്രാദേശികസംഘങ്ങളിൽനിന്ന് സുരക്ഷിത അകലം പാലിക്കാനും ഇതുവഴി കഴിയും. ലളിതമായി അല്ലെങ്കില്‍ മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ നിക്ഷേപകനെ പ്രോത്സാഹിപ്പിക്കുക എന്നതാണു പോംവഴി.
പദ്ധതി വ്യക്തമായി വിലയിരുത്തുക. ജനങ്ങളുടെ താത്പര്യത്തിനനുസരിച്ച് തീരുമാനമെടുക്കുക. ചുരുക്കിപ്പറഞ്ഞാൽ ഇന്നത്തെ കാലത്തിനുവേണ്ടിയുള്ള ഒരു വ്യത്യസ്തമായ നയമാണു നടപ്പാക്കേണ്ടത്. ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബജറ്റിലെ നിർദേശങ്ങൾ വ്യവസായത്തിനും കേരളത്തിനും ഒരുപോലെ ഗുണംചെയ്യുന്നതാകാം. അതേ, കാറല്‍ മാർക്സിന്റെ മാർഗത്തെക്കാൾ ആഡം സ്മിത്ത് തെളിച്ച വഴിയിലൂടെ. സ്മിത്തിന്റെ മൂന്നൂറാം ജന്മവാര്ഷികമായതിനാല്, ബാലഗോപാലിന് ഈ വര്‍ഷം തന്നെ ശ്രമം തുടങ്ങാം. കേരളത്തിന്റെ സമ്പദ്ഘടനയുടെ സൂര്യോദയത്തിനായി അതുവഴി ശ്രദ്ധ പതിപ്പിക്കാം.
നിർദേശങ്ങളെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഉയരാമെങ്കിലും മാറ്റങ്ങള്‍ക്കായി മടിച്ചുനില്‍ക്കേണ്ടതില്ല. അതു സംഭവിക്കുകതന്നെ ചെയ്യും. രാജ്യത്തിന്റെ പുരോഗതിക്കായി കമ്മ്യൂണിസ്റ്റ് സംവിധാനത്തില്‍ നിരവധി ദശകങ്ങള്‍ പ്രവര്‍ത്തിച്ച യുഎസ്എസ്ആര്‍ മെച്ചപ്പെട്ട വളര്‍ച്ചയ്ക്കായി സ്വകാര്യനിക്ഷേപകരെ അനുവദിക്കുന്ന ഒരു സംവിധാനത്തിലേക്ക് വഴിമാറി നടന്നു. ചൈനയും സമാനമായ രീതി സ്വീകരിച്ചു.
ഒരു രാജ്യം രണ്ടു സംവിധാനങ്ങള്‍ എന്നൊരു പേര് അതിനു നൽകിയെന്നു മാത്രം. പൂച്ച കറുത്തതോ വെളുത്തതോ എന്നു നോക്കേണ്ടതില്ല, എലിയെ കൊന്നാല്‍ മതിയെന്നു വ്യാഖ്യാനം ചമയ്ക്കുകയും ചെയ്തു. ഒട്ടേറെ സോഷ്യലിസ്റ്റ് രാജ്യങ്ങളും സമാനമായി നയം മാറ്റി. കാറല്‍ മാക്സിന്റെ ചിന്തകളും സ്വപ്നങ്ങളും മോശമായതുകൊണ്ടല്ല. ഒട്ടേറെപ്പേര്‍ ഇപ്പോഴും അദ്ദേഹത്തിന്റെ നയങ്ങളെ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് നോക്കിക്കാണുന്നതും. എന്നാല്‍ ജനങ്ങള്‍ക്കും സമൂഹത്തിനും മെച്ചപ്പെട്ട ജീവിതമെന്നതിനാണ് ഏറ്റവും പ്രാമുഖ്യം നൽകേണ്ടത്. ജനങ്ങളില്‍നിന്ന് അനിശ്ചിതകാലത്തോളം ധനം സമാഹരിച്ച് വികസനം സൃഷ്ടിക്കാനേ കഴിയില്ലെന്നു ചുരുക്കം.
വിമർശനങ്ങൾ ഉറപ്പാണ്. എന്നാല്‍, ഈ പുതിയ നയസമീപനം ഫലപ്രദമായാല്‍ നമുക്ക് മുന്നോട്ടുപോകാനാകും. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാതെ ഉദാരവത്കരണവുമായി മുന്നോട്ടു പോയത് എങ്ങനെയാണെന്ന് പി.വി. നരസിംഹ റാവുവിനോട് ഞാന്‍ ചോദിച്ചിരുന്നു. വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അതു സ്വീകരിച്ചുവല്ലോ എന്നായിരുന്നു അനിഷ്ടത്തോടെയുള്ള അദ്ദേഹത്തിന്റെ പ്രതികരണം. കാലം മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നപ്പോള്‍ അതു ഫലപ്രദമാകുകയും ചെയ്തു. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് നിക്ഷേപകര്‍ ശ്രദ്ധയൂന്നണമെങ്കില് കേരളത്തിന് ഒരു പുതിയ വികസനനയം അനിവാര്യമാണ്. ഒരു മാറ്റത്തെക്കുറിച്ച് ആലോചിക്കാവുന്നതാണ്.
ഇന്ത്യയിലെ ബാക്കി ഭാഗങ്ങള്‍ ഇതിനകം ഇക്കാര്യം മാറിച്ചിന്തിച്ചുകഴിഞ്ഞു. കേരളത്തിനും ശ്രമിക്കാവുന്നതാണ്. കാറല്‍ മാക്സ് ക്ഷമിക്കണം, ആഡം സ്മിത്തിന് സ്വാഗതം. പ്രതീക്ഷകളില്ലാത്ത, വാഗ്ദാനങ്ങള്‍ക്കൊന്നും സാധ്യതയില്ലാത്ത ഇപ്പോഴത്തെ സാഹചര്യത്തില്‍ അത്തരമൊരു നീക്കം തെറ്റേയല്ല.
—————————————————————————————————————————-
കടപ്പാട് : ദീപിക
————————————————————————————————————————————
( പ്രമുഖ രാഷ്ടീയ നിരീക്ഷകനായ കെ.ഗോപാലകൃഷ്ണൻ, മാതൃഭൂമിയുടെ എഡിറ്ററായിരുന്നു )
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക