കെ. ഗോപാലകൃഷ്ണൻ
ജനാധിപത്യ ശക്തികളെയും ഭരണഘടനാ നടപടികളെയും ദുർബലപ്പെടുത്തുന്ന, സ്വേച്ഛാധിപത്യ നടപടികളെ പ്രോത്സാഹിപ്പിക്കുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തെ എതിർക്കുന്നതിനായി പ്രതിപക്ഷത്തെ ഒന്നിപ്പിക്കാൻ വിഭാവനം ചെയ്ത ഇന്ത്യാ മുന്നണിയിലിപ്പോൾ ഭിന്നത വർധിക്കുകയും ഐക്യം കുറയുകയുമാണ്.
ഏതാനും മാസങ്ങൾക്കകം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ, സാധ്യമായ എല്ലാ രൂപത്തിലും മോദിജി ഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കുകയും ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികളെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ മിക്കവാറും തിടുക്കത്തിൽ നടത്തുകയും ചെയ്യുന്നു.
പ്രതിപക്ഷത്തെ ഒരു ഐക്യശക്തിയായി രൂപപ്പെടുത്തേണ്ട പ്രധാനപ്പെട്ടവർ വഴിപിരിയുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുകയാണ്. ഈ ആശയം മുന്നോട്ടുവച്ച മുതിർന്ന നേതാവ് നിതീഷ് കുമാർ ഇപ്പോൾ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാണ്. കളികളുടെ ഭാഗമായി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് നരേന്ദ്ര മോദിയുടെ സഹായത്തോടെ ബിഹാർ മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. മോദിജിയെക്കുറിച്ച് പറഞ്ഞതെല്ലാം അദ്ദേഹം മറന്നത് തന്റെ ഭാവി സംരക്ഷിക്കാനും വരുംകാലത്തും സുരക്ഷിതമായ അധികാരത്തിനായുള്ള നീക്കങ്ങൾ ശക്തമാക്കാനുമാണ്.
തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി, താൻ ബംഗാളിന്റെ ദേവതയായി തുടരുമെന്ന് ഉറപ്പാക്കാനുള്ള കളിയിലാണ് ഇപ്പോൾ. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കസേരയിൽ സുരക്ഷിതമായി വീണ്ടും സ്ഥാനംപിടിക്കാനും സ്വേച്ഛാധിപത്യ, വർഗീയ ശക്തികളെ ഉന്മൂലനം ചെയ്ത് ജനാധിപത്യത്തിന്റെ ശക്തി സ്ഥാപിക്കുന്നതിന് ന്യൂഡൽഹിയിലെ ഉന്നത സ്ഥാനത്തിനായി ഏറ്റവും അനുയോജ്യമായ സമയത്തിനായും കാത്തിരിക്കുന്നു.
എൻഡിഎ മുന്നണിയിലെ രാഷ്ട്രീയ യജമാനന്മാർ ഇന്ത്യാ മുന്നണിയിൽ അവശേഷിക്കുന്ന ശക്തികളെ ദുർബലപ്പെടുത്താനുള്ള കളിയിലാണ്. കൂടുതൽ പാർലമെന്റ് അംഗങ്ങളെ വിജയിപ്പിക്കുന്നതിന് ചെറിയ മാർജിൻ പോലും പ്രയോജനപ്പെടുമെന്നതിനാൽ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഘട്ടത്തിൽ സാധ്യമായ എല്ലാ തന്ത്രങ്ങളും പ്രയോഗിക്കുന്നു. അതിന്റെ നിയന്ത്രണത്തിലുള്ള ശക്തികളെ ഉപയോഗിക്കുന്നു. രാം ലല്ലയുടെ അയോധ്യയിലേക്കുള്ള തിരിച്ചുവരവിൽ സംഘ്പരിവാർ ശക്തികൾ ആത്മാർഥമായി പ്രവർത്തിച്ചു വിജയിച്ചത് ചില സ്ഥലങ്ങളിൽ ഹിന്ദു സമൂഹത്തെ ഒന്നിപ്പിച്ചിട്ടുണ്ട്.
അയോധ്യയിലെ രാം ലല്ലയ്ക്കൊപ്പം രാമരാജ്യത്തിന്റെ തിരിച്ചുവരവ് ഉണ്ടായേക്കില്ല. എന്നാൽ തൊഴിലില്ലാത്തവരുടെയും ദുരിതമനുഭവിക്കുന്നവരുടെയും വർധിച്ചുവരുന്ന പണപ്പെരുപ്പത്തിന്റെയും മതേതരത്വ ശക്തികളുടെയും എതിർപ്പിനെ നേരിടാൻ സജീവമായ ഹിന്ദുത്വത്തിനു കഴിഞ്ഞേക്കും. ബഹുജനങ്ങൾ എൻഡിഎയ്ക്ക് ഒരു വിജയംകൂടി സമ്മാനിക്കുമെന്ന് ആർക്കും ഉറപ്പില്ല. അതുപോലെതന്നെ വൈവിധ്യത്തിൽ ഐക്യം ദുർബലമായ ഇന്ത്യാ മുന്നണിക്ക് മാഹാത്മ്യം കുറവാണെന്നും ആർക്കും ഉറപ്പിച്ചു പറയാനാവില്ല.
നിതീഷ് കുമാർ ചാഞ്ചാട്ടക്കാരനായി തുടരുന്നു. അദ്ദേഹത്തിന്റെ മികച്ച രാഷ്ട്രീയ നിലപാടുകൾ സ്നേഹപൂർവം അടിയറവയ്ക്കുന്നു. ഒപ്പം കരുത്തുകാട്ടാൻ മെച്ചപ്പെട്ട പാർലമെന്ററി ശക്തി പ്രതീക്ഷിക്കുന്ന മമതയ്ക്ക് തെരഞ്ഞെടുപ്പിനു ശേഷമുള്ള ഭൂരിപക്ഷ കളികളിൽ നീക്കങ്ങൾ നടത്താനോ തകർക്കാനോ കഴിയും!
എന്നിട്ടും മാറ്റങ്ങൾ കാര്യമായതല്ല. ഇന്ത്യാ മുന്നണിയുടെ രൂപീകരണത്തിന് മുമ്പുള്ള രാഷ്ട്രീയ ശക്തികൾ അതേ നിലപാടിലാണ്. ദക്ഷിണേന്ത്യയുടെ കാര്യമെടുത്താൽ ഇത് ഒട്ടും വ്യത്യസ്തമല്ല. ഒരുതരത്തിൽ എൻഡിഎയോടുള്ള എതിർപ്പ് കൂടുതൽ ആക്രമണാത്മകവും പ്രതിബദ്ധതയുള്ളതുമാണ്. കേരളത്തിൽ രാഷ്ട്രീയ ശക്തികൾ ഒന്നുതന്നെയാണ്. ഇളക്കിമറിക്കാൻ ബിജെപിക്ക് കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. തമിഴ്നാട്ടിൽ എൻഡിഎ ഇടം പിടിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും കാര്യമായ മുന്നേറ്റമുണ്ടായിട്ടില്ല, ശക്തികൾ ഏതാണ്ട് സമാനമാണ്.
ആന്ധ്രാപ്രദേശും അങ്ങനെതന്നെ, തെലങ്കാനയും കോൺഗ്രസിനൊപ്പമാണ്. കർണാടകവും കോൺഗ്രസ് മുന്നണിക്കൊപ്പമാണ്. കിഴക്കും സ്ഥിതി അതുതന്നെ. പഴയ പ്രതാപം തിരിച്ചുപിടിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നത് പുതുച്ചേരിയിൽ കണ്ടേക്കും. ഒറീസ പട്നായിക്കിനും അദ്ദേഹത്തിന്റെ പാർട്ടിക്കും ഒപ്പമാണ്. പശ്ചിമ ബംഗാൾ മമതയ്ക്കും അവരുടെ തൃണമൂൽ കോൺഗ്രസിനും ഒപ്പമാണ്. ആസാം ബിജെപിക്കൊപ്പമാണ്. മറ്റു ചെറിയ സംസ്ഥാനങ്ങളിൽ എൻഡിഎയ്ക്കും കോൺഗ്രസിനും ഏതാണ്ട് തുല്യമായ രാഷ്ട്രീയ സ്വാധീനമുള്ള വ്യത്യസ്ത രാഷ്ട്രീയ ശക്തികൾ അധികാരം പങ്കിടുന്നു. മണിപ്പുർ പ്രശ്നങ്ങൾ ബിജെപിക്ക് ക്ഷീണവും ന്യൂനപക്ഷങ്ങളിൽനിന്ന് കൂടുതൽ അകൽച്ചയും ഉണ്ടാക്കി.
മഹാരാഷ്ട്രയിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും ശിവസേനയും കോൺഗ്രസും ഒന്നിക്കുന്നതോടെ എൻഡിഎയുടെ നില ദുർബലമായേക്കും. ഗുജറാത്ത് എൻഡിഎയ്ക്കൊപ്പം തുടരും, ചെറിയ മാറ്റങ്ങളോടെയാകും. ഹിന്ദി ബെൽറ്റിൽ കോൺഗ്രസും എൻഡിഎയും തമ്മിലാണ് പോരാട്ടം. കോൺഗ്രസിന് മുൻതൂക്കം ലഭിച്ചേക്കാവുന്ന ശക്തമായ പോരാട്ടമാണ് രാജസ്ഥാനിൽ കാണാനായത്. നിതീഷ് കുമാറിന് മികച്ച പിന്തുണ ലഭിക്കുന്നതിനാൽ ബിഹാറിൽ എൻഡിഎയ്ക്ക് നേട്ടമുണ്ടായേക്കാം.
പഞ്ചാബിലും ഡൽഹിയിലും ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിൽ നല്ല പോരാട്ടം നടന്നേക്കും. സഖ്യവുമായി തെരഞ്ഞെടുപ്പിൽ പോരാടുന്നത് ഇരുകൂട്ടർക്കും നേട്ടമാകുമെന്നതിനാൽ അവർതമ്മിൽ ധാരണയുണ്ടാകാം. ചില ചെറിയ നേട്ടങ്ങൾക്കായി ആം ആദ്മി പാർട്ടി ശ്രമിക്കുന്നതിനാൽ ഹരിയാനയിൽ എൻഡിഎയും കോൺഗ്രസും തമ്മിലുള്ള പോരാട്ടം കണ്ടേക്കാം. ഹിമാചലിൽ കോൺഗ്രസിന് നേട്ടമുണ്ടാകുമെന്ന് കരുതാം. ഉത്തരാഖണ്ഡിന്റെ കാര്യവും ഇതുതന്നെ.
ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസും കോൺഗ്രസും സംയുക്തമായി എൻഡിഎയ്ക്കെതിരേ പോരാടും, ലേ എൻഡിഎയ്ക്ക് അനുകൂലമായേക്കാം. കോൺഗ്രസും എൻഡിഎയും തമ്മിൽ കടുത്ത പോരാട്ടമാണ് ഛത്തീസ്ഗഡിൽ കണ്ടത്. നിർണായകമായ ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടിയും കോൺഗ്രസും തമ്മിൽ സഖ്യത്തിന് സാധ്യതയുണ്ട്. സമാജ്വാദി പാർട്ടി കോൺഗ്രസിന് 12 സീറ്റുകൾ അനുവദിച്ചു. ഇത് എൻഡിഎയെ ദുർബലപ്പെടുത്തിയേക്കാം, നിലവിലെ ശക്തി ലഭിക്കാൻ സാധ്യതയില്ല. മധ്യപ്രദേശിൽ എൻഡിഎയും കോൺഗ്രസും തമ്മിൽ നല്ല പോരാട്ടമായിരിക്കും നടക്കുക.
സംസ്ഥാനത്ത് തന്റെ സ്ഥാനം തിരിച്ചുപിടിക്കാൻ കമൽനാഥ് പരമാവധി ശ്രമിച്ചേക്കും. ബാക്കിയുള്ളവ വളരെ പ്രാധാന്യമുള്ളവയല്ല. നിതീഷിന്റെയും മമതയുടെയും കാര്യത്തിൽ, ഫലം വന്നതിനു ശേഷമുള്ള നമ്പർ ഗെയിമിലെ കരുത്തനുസരിച്ച് ഇരുവരും കോൺഗ്രസിനോടോ ബിജെപിയോടോ കൂട്ടുകൂടിയേക്കാം. തൂക്കുസഭയുണ്ടായാൽ തീർച്ചയായും വിലപേശലും കുതിരക്കച്ചവടവും ഒരു പങ്കുവഹിച്ചേക്കാം.
ഊർജസ്വലനായ ഒരു നേതാവുണ്ടെങ്കിലും ഇതുവരെ കാര്യങ്ങൾ എൻഡിഎയ്ക്ക് പൂർണമായി അനുകൂലമല്ല. പ്രചാരണ വേദികളിൽ നരേന്ദ്ര മോദിയുടെ തന്ത്രങ്ങളും വാക്ചാതുര്യവും അതിശയകരമായ കളികളും മനസിനെയും ചിന്തയെയും ചലിപ്പിക്കും. മോദിജിയുടെ ചില രാഷ്ട്രീയ തുരുപ്പുകളും പ്രതീക്ഷിക്കാം.
എന്നാൽ അതിന്മേൽ ഇപ്പോൾ കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ ഇടയ്ക്കിടെ തിളങ്ങുന്നുണ്ട്. കത്തിക്കയറുന്ന ഇല്കഷൻ ചൂടിൽ ആരു വിജയിക്കും എന്നത് പ്രവചനാതീതമാണ്. എന്നാൽ പ്രചാരണം തുടങ്ങിക്കഴിഞ്ഞാൽ തീർച്ചയായും ചില സൂചനകൾ ലഭിക്കും. തെരഞ്ഞെടുപ്പ് പ്രകടനപത്രിക കാര്യമായ സ്വാധീനം ചെലുത്തുകയോ ചെലുത്താതിരിക്കുകയോ ചെയ്യാം. എന്നാൽ അവസാന നിമിഷം ഈ സാഹചര്യങ്ങളിൽ വരുന്ന മാറ്റങ്ങൾ ചില മണ്ഡലങ്ങളിലെ ഫലത്തെ മാറ്റിമറിക്കുകയും അമ്പരപ്പിക്കുന്ന പുതിയ മുന്നണികൾ ഉണ്ടാകുകയും ചെയ്തേക്കാം.
—————————————————————————————
കടപ്പാട് : ദീപിക
——————————————————————————————
( പ്രമുഖ രാഷ്ടീയ നിരീക്ഷകനായ കെ.ഗോപാലകൃഷ്ണൻ, മാതൃഭൂമിയുടെ എഡിറ്ററായിരുന്നു )
കൂടുതല് വാര്ത്തകള്ക്കായി
http://www.newsboardindia.com
സന്ദര്ശിക്കുക