‘നനഞ്ഞുപോയി എങ്കിലും ജ്വാല’

ആർ. ഗോപാലകൃഷ്ണൻ

🔸🔸
രു തലമുറയെ ആകെ ആവേശം കൊള്ളിച്ച ജീനിയസ്സുകളുടെ ഇടയിലെ ജീനിയസ്സായ കെ. ബാലകൃഷ്ണൻ എന്ന കൗമുദി ബാലകൃഷ്ണൻ. അറുപത് തികയുന്നതിന് രണ്ടാഴ്ച മുമ്പ് വിടപറഞ്ഞ ആ പ്രതിഭയുടെ 40-ാം ഓർമ്മദിനം: സ്മരണാഞ്ജലി! 🙏

 

May be an image of 1 person

പത്രാധിപരും എഴുത്തുകാരനും ഉജ്ജ്വല പ്രഭാഷകനും പ്രമുഖ രാഷ്ട്രീയനേതാവും ആയിരുന്നു കെ. ബാലകൃഷ്ണൻ. രാഷ്ട്രീയത്തിലെ പോരാട്ടങ്ങൾക്കും നെട്ടോട്ടങ്ങൾക്കുമിടയിൽ ആഴത്തിൽ വായിക്കാനും നിരന്തരം എഴുതാനും കനപ്പെട്ട പ്രസിദ്ധീകരണങ്ങൾ നടത്താനും സമയം കണ്ടെത്തിയ പ്രതിഭാശാലിയായ ബാലകൃഷ്ണന്റെ മൗലികതയും ആർജവവുമുള്ള അഭിപ്രായങ്ങൾ കേൾക്കാൾ കേരളം എന്നും കാതോർത്തിട്ടുണ്ട്. വിവിധ പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹം എഴുതിയ പംക്തികൾ അസാധാരണമായ ആ വ്യക്തിത്വത്തിന്റെ അനാഛാദനങ്ങളായിരുന്നു.

🌏

1924 ആഗസ്റ്റ്‌ 12-ന് ആണ് ബാലകൃഷ്ണന്റെ ജനനം; പിന്നീട്, തിരു-കൊച്ചി സംസ്ഥാനത്തിന്റെ മുൻ മുഖ്യമന്ത്രിയായിത്തീർന്ന തീപ്പൊരി രാഷ്ട്രീയ നേതാവായിരുന്ന സി. കേശവന്റെ മകനാണ് ഇദ്ദേഹം. അമ്മ: വാസന്തി. ‘കേരളകൗമുദി’യുടെ സ്ഥാപകനായ സി.വി.കുഞ്ഞുരാമന്റെ ചെറുമകനുമാണ് ബാലകൃഷ്ണൻ.സ്വന്തം പിതാവിന്റെ ആത്മകഥയ്‌ക്ക് അവതാരിക എഴുതിയ റെക്കോഡും കെ. ബാലകൃഷ്ണന് മാത്രം അവകാശപ്പെട്ടതാണ്.

 

       

 

സ്വന്തം പ്രസിദ്ധീകരണമായ ‘കൗമുദി’ വാരികയിൽ (1950 ഫെബ്രുവരി 6- തുടക്കമിട്ടിട്ടു) അദ്ദേഹം മുഖപേജിൽ പേരുവെച്ചെഴുതിയ ‘കൗമുദി കുറിപ്പുകൾ’ ഒരേ സമയം മുഖപ്രസംഗവും ഒപ്പം തന്റെ സ്വകാര്യപംക്തിയുമായി. വായനക്കാർ ഇതിനെ മുഖപ്രസംഗമായാണ് കണ്ടത്. ‘കൗമുദി’ക്കുറിപ്പുകളോളം ജനപ്രീതി നേടിയിരുന്ന അദ്ദേഹം വായനക്കാരുടെ ചോദ്യങ്ങൾക്കു മറുപടി എഴുതിപ്പോന്ന ചോദ്യോത്തരപംക്തി ആ വ്യക്തിത്വത്തിന്റെ സർവ സവിശേഷതകളും അത് പുറത്തുകൊണ്ടുവന്നു.

 

ബാലകൃഷ്ണന്റെ എഴുത്തുകൾ വായിക്കാൻ വായനക്കാർ തിടുക്കം കാട്ടിയിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. കൗമുദി വിശേഷാൽ പതിപ്പുകൾ വീണ്ടും അച്ചടിക്കേണ്ടി വന്ന കാലഘട്ടം. സ്വന്തം പേരിന് പുറമേ ‘സുചിത്രാ സുകുമാരൻ’, ‘ജ്യോതി’ എന്നീ പേരുകളിലും എഴുതി വായനക്കാരെ ഹരം കൊള്ളിച്ച കാലം.

‘കൗമുദി’ നിലച്ചതിനു ശേഷം പല പ്രസിദ്ധീകരണങ്ങളിലും അതു തുടർന്നു. അറുപതുകളുടെ മധ്യത്തോടെ ‘കേരള കൗമുദി വീക്ക്എൻഡ് മാഗസീനി’ൽ ഞായറാഴ്ച തോറും എഴുതിയ ‘ചൂടും വെളിച്ചവും’ എന്ന പംക്തി ഏറെ പ്രതികരണങ്ങളും രാഷ്ട്രീയമായ ചലനങ്ങളും ഉണ്ടാക്കി. 1969 മെയ് മാസത്തിൽ കൊല്ലത്ത് നിന്ന് എസ്. കെ. നായർ ആരംഭിച്ച ‘മലയാളനാട്’ വാരികയിൽ ആദ്യലക്കം മുതൽ കെ.ബാലകൃഷ്ണൻ ‘അപ്‌സരസ്സുകളും ഭദ്രകാളികളും’ എന്നൊരു പംക്തി എഴുതി. താൻ പരിചയപ്പെട്ട സ്ത്രീകളെക്കുറിച്ചും അവരുടെ പിടികിട്ടാത്ത മനസ്സിനെക്കുറിച്ചും ഉള്ള ആ പംക്തി ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഒരു ലക്കത്തിൽ സ്വന്തം ഭാര്യയെക്കുറിച്ച് എഴുതാനും മടിച്ചില്ല. കെ. ബാലകൃഷ്ണനാണ് ‘കൗമുദി’യിൽ പംക്തി എഴുതിക്കൊണ്ടിരുന്ന M. കൃഷ്ണൻ നായരെ എസ്.കെ.-ക്ക് പരിചയപ്പെടുത്തി ക്കൊടുത്തതും ‘സാഹിത്യ വാരഫലം’ എന്ന പംക്തി ആരംഭിക്കാൻ തീരുമാന മെടുപ്പിച്ചതും.

1957-ൽ ഇ.എം.എസ്. മന്ത്രിസഭക്കാലത്ത് സംസ്ഥാന ബജറ്റ് നിയമസഭയിൽ അവതരിക്കും മുമ്പ് അപ്പടി ചോർത്തി കൗമുദി ദിനപത്രത്തിൽ പ്രസിദ്ധപ്പെടുത്തിയത്സംഭവം വലിയ വിവാദവും കേസ്സും അറസ്റ്റും ശിക്ഷയുമൊക്കയായി.

🌏

“ഒരു രാഷ്ട്രീയ പാർട്ടിയിൽ അംഗമായിരിക്കെ എഴുതുമ്പോഴും പൊതുവേദിയിൽ പ്രസംഗിക്കുമ്പോഴും പാർട്ടിയുടെ സങ്കുചിത വൃത്തത്തിൽനിന്ന് പുറത്തുകടന്ന് മനുഷ്യനെ സംബന്ധിക്കുന്ന യാഥാർഥ്യങ്ങളെ സ്വതന്ത്രമായി കാണാനും വിലയിരുത്താനും അദ്ദേഹത്തിന് സാധിച്ചു. എഴുത്തുകാർ അല്ലെങ്കിൽ ബുദ്ധിജീവികൾ പുലർത്തേണ്ട ബുദ്ധിപരമായ സത്യസന്ധത (Intellectual honesty)നൂറുശതമാനം പ്രകാശിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഉന്നതമായ ജനാധിപത്യ ബോധത്തോടെ ആശയപ്രകാശനം നടത്തിയ ആളാണ് അദ്ദേഹം. നെഹ്രുവിയൻ ജനാധിപത്യബോധം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിൽ ആഴത്തിൽ കലർന്നിരുന്നു.” പ്രസന്ന രാജന്റെ ഈ നിരീക്ഷണം പൂർണ്ണമായും ശരിയാണ്.

 

May be an image of 13 people

കൗമുദി ടീം | കെ. ബാലകൃഷ്ണൻ (centre) സി.എൻ. ശ്രീകണ്ഠൻ നായർ (left), എൻ. രാമചന്ദ്രൻ (right)

 

കെ. ബാലകൃഷ്ണന്റെ ആവേശകരമായ പ്രസംഗങ്ങൾ കേൾക്കാൻ വലിയ ജനക്കൂട്ടം എത്തിച്ചേരാറുണ്ട്. തിരുക്കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി. കേശവന്റെ മകനായി ജനിച്ച കെ. ബാലകൃഷ്ണൻ,​ തന്റെ അച്ഛന്റെ എതിർ ചേരിയിൽ നിന്നുകൊണ്ടാണ് രാഷ്ട്രീയം പയറ്റിയത്. അക്കാലത്ത് അങ്ങനെയൊരു സാഹസം തന്നെ പുതുമയുള്ളതായിരുന്നു. പല പ്രസംഗങ്ങളിലും ‘മിസ്റ്റർ സി. കേശവനോട് ഞാൻ ചോദിക്കുന്നു’വെന്നൊക്കെ കെ. ബാലകൃഷ്ണൻ പ്രസംഗിച്ചപ്പോൾ അച്ഛനെ പേരെടുത്ത് വിളിക്കുന്ന മകനോടുള്ള ദേഷ്യം മറച്ചുവയ്‌ക്കാനാകാതെ ആളുകൾ ഇറങ്ങിപ്പോയിട്ടുണ്ട്. കോഴഞ്ചേരി പ്രസംഗത്തിലൂടെ മലയാളികളെയാകെ ഹരം കൊള്ളിച്ച സി. കേശവന് മകന്റെ പ്രസംഗങ്ങളോട് (എഴുത്തിനോടും) പ്രിയമായിരുന്നുവെത്രെ.

 

അതുകൊണ്ടു കൂടിയായിരിക്കാം സ്വന്തം പിതാവ് തന്റെ ആത്മകഥയ്‌ക്ക് അവതാരിക എഴുതുവാനായി മകനെ തിരഞ്ഞെടുത്തത്. സി. കേശവന്റെ ആത്മകഥയായ ‘ജീവിതസമരത്തിന്‘ കെ.ബാലകൃഷ്ണൻ, ‘അച്ഛന്റെ ഒരാ‌ജ്ഞ നിറവേറ്റുന്നു’ എന്ന തലക്കെട്ടോടെയാണ് അവതാരിക എഴുതിയത്. ‘ജീവിതസമരം’ വായനക്കാരുടെ മുൻപിൽ അവതരിപ്പിക്കാൻ സ്വന്തം മകനെക്കാൾ വലുതായി ആരുമില്ലെന്ന സി. കേശവന്റെ തീരുമാനം തന്നെ മതി കെ. ബാലകൃഷ്ണൻ എന്ന വ്യക്തിയെ വിലയിരുത്താൻ.

🌏

ആദ്യം കേരള സോഷ്യലിസ്റ്റ് പാർട്ടിയുടെയും പിന്നീട് ആർ.എ്‌സ്.പി.യുടെയും നേതാവായിരുന്നു ബാലകൃഷ്ണൻ. റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ സ്ഥാപക നേതാക്കളിലൊരാളാണ് ഇദ്ദേഹം. കേരളാ സോഷ്യലിസ്റു പാർട്ടിയുടെ നേതൃത്വത്തിൽ കൊച്ചി ആസ്ഥാനമാക്കി അഖില തിരുവിതാംകൂർ നാവികത്തൊഴിലാളി സംഘടന രംഗത്തുണ്ടായിരുന്നു.

കേരളാ സോഷ്യലിസ്റ് പാർട്ടി (കെ.എസ്.പി)യുടെ നേതാവായിരുന്ന മത്തായി മാഞ്ഞൂരാനായിരുന്നു ഈ സംഘടനയുടെ ആദ്യകാല പ്രസിഡന്റ്. യൂണിയനിൽ അഭിപ്രായ ഭിന്നതയുണ്ടാവുകയും ശ്രീകണ്ഠൻനായർ, ടി.കെ.ദിവാകരൻ, കെ. ബാലകൃഷ്ണൻ, ബേബിജോൺ തുടങ്ങിയവർ മത്തായി മാഞ്ഞൂരാന്റെ നേതൃത്വത്തെ തള്ളിപ്പറഞ്ഞു പുറത്തു പോവുകയാണുണ്ടായത്. ഇവർ ചേർന്ന് കൊല്ലത്ത് കേന്ദ്രമായി അർ.എസ്.പി. രൂപീകരിച്ചു.

1954-ൽ ഇദ്ദേഹം തിരു-കൊച്ചി നിയമസഭയിലെ അംഗമായി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. ‘തിരുവനന്തപുരം II’ ആയിരുന്നു ഇദ്ദേഹത്തിന്റെ നിയോജകമണ്ഡലം. 1971-ൽ ഇദ്ദേഹം അമ്പലപ്പുഴ ലോകസഭാമണ്ഡലത്തിൽ നിന്ന് പാർലമെന്റംഗമായി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.

🌏

എല്ലാ നല്ല ഗുണങ്ങൾക്ക് മീതെ കെ.ബാലകൃഷ്ണന്റെ ജീവിതം കവർന്നെടുത്ത ഒരു ‘ശീല’മുണ്ടായിരുന്നു: മദ്യപാനം. തൻ്റെ കഴിവുകൾക്കൊത്തു നേട്ടങ്ങൾ കൈവരിക്കാൻ കഴിയാത്തതും അറുപതുതികയും മുമ്പേ വിടവാങ്ങേണ്ടിവന്നതും അതുമൂലമാകാം…
1984 ജൂലൈ 16-ന്, അറുപതാം പിറന്നാളിന് നാലാഴ്ച ബാക്കി നില്ക്കേ, കെ. ബാലകൃഷ്ണൻ അന്തരിച്ചു.

🌏

അഗ്നിയായിരുന്നു ബാലകൃഷ്ണന്റെ എഴുത്ത്. അവസാന കാലഘട്ടത്തിൽ ഖണ്ഡശഃ എഴുതിയ ആത്മകഥാ കുറിപ്പുകൾക്ക് തലക്കെട്ട് നൽകിയതിൽ പോലും ആ അഗ്നിയുണ്ട്. ‘നനഞ്ഞുപോയി എങ്കിലും ജ്വാല’ എന്നായിരുന്നു ആ തലക്കെട്ട്. അപൂർണമായ ആ ആത്മകഥ പിൻക്കാലത്ത് പുസ്തകമായി പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി.

🔸ഗ്രന്ഥങ്ങൾ: നിറമില്ലാത്ത മാരിവില്ല്; കാലയളവ് ഒരു വർഷം; സഹ്യാദ്രി സാനുക്കളിൽ (യാത്രാവിവരണം); നനഞ്ഞുപോയി എങ്കിലും ജ്വാല (ആത്മകഥ); മധുവിധു പ്രേമം; മഞ്ഞജലം.
======================================================

(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)

___________________________________________________________

കൂടുതല്‍ വാര്‍ത്തകള്‍ക്കായി

http://www.newsboardindia.com

സന്ദര്‍ശിക്കുക