കൊച്ചി: വീടിനുസമീപത്തെ പ്രാര്‍ഥനാ കേന്ദ്രത്തില്‍നിന്നുള്ള അമിത ശബ്ദത്തെക്കുറിച്ച് പരാതിപ്പെട്ട വനിതയുടെപേരില്‍ കേസെടുത്തതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കാനും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു.
തൊഴുകൈയും കണ്ണീരുമായാണ് അവര്‍ കോടതിയിലെത്തിയത്. നീതിയുടെ ദേവാലയമാണെങ്കിലും ഇവിടെ ഇരിക്കുന്നത് ദൈവങ്ങളല്ല. ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കുന്ന ജഡ്ജിമാരാണ്. വരുന്നവര്‍ ഔചിത്യം പാലിക്കുക തൊഴുകൈയോടെ വരേണ്ടയിടമല്ലിതെന്ന് കോടതി അഭിപ്രായപ്പെട്ടു.
കോടതിയില്‍ കേസ് ഉന്നയിക്കുക എന്നത് ഭരണഘടനാപരമായ അവകാശമാണ് കോടതി പറഞ്ഞു.ഇന്‍സ്‌പെക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഹര്‍ജിക്കാരി സ്വയമാണ് കേസ് വാദിച്ചത്.
ആലപ്പുഴ സ്വദേശിനിയാണ് തനിക്കെതിരേ നോര്‍ത്ത് പോലീസ് കേസെടുത്തതിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. ഫോണില്‍വിളിച്ച് അസഭ്യം പറഞ്ഞു, ഭീഷണിപ്പെടുത്തി, ശല്യപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് വനിതയ്‌ക്കെതിരേ ചുമത്തിയത്. 2019-ലാണ് സംഭവം.
എന്നാല്‍, പ്രാര്‍ഥനാകേന്ദ്രത്തെക്കുറിച്ച് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയിലെ നടപടികള്‍ അറിയാന്‍ വിളിച്ചപ്പോള്‍ ഇന്‍സ്‌പെക്ടര്‍ മോശമായാണ് പ്രതികരിച്ചതെന്നും ഇതു ചൂണ്ടിക്കാട്ടി ജില്ലാ പോലീസ് മേധാവി, പോലീസ് കംപ്ലയിന്റ് അതോറിറ്റി എന്നിവര്‍ക്ക് പരാതിനല്‍കിയതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് തനിക്കെതിരേ കള്ളക്കേസ് രജിസ്റ്റര്‍ ചെയ്തതെന്നും ഹര്‍ജിക്കാരി വാദിച്ചു. ഇന്‍സ്‌പെക്ടര്‍ക്കെതിരേ മുന്‍പേ പരാതിയുള്ളതായും ചൂണ്ടിക്കാട്ടി.
എഫ്.ഐ.ആര്‍. പരിശോധിച്ച കോടതി ഇന്‍സ്‌പെക്ടര്‍ക്കെതിരേ ഹര്‍ജിക്കാരി പരാതി നല്‍കിയതിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് വിലയിരുത്തി. മാത്രമല്ല ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞു എന്നതടക്കമുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും കോടതി വിലയിരുത്തി.
കേസ് രജിസ്റ്റര്‍ ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയോടാണ് നിര്‍ദേശിച്ചിരിക്കുന്നത്.