January 3, 2025 9:13 am

ബഹിരാകാശത്ത് രണ്ടു ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കാൻ ഇന്ത്യ

ശ്രീഹരിക്കോട്ട: ആമേരിക്ക, റഷ്യ, ചൈന, എന്നീ രാജ്യങ്ങള്‍ മാത്രം വിജയകരമായി പൂർത്തിയാക്കിയ ‘സ്‌പെയ്സ് ഡോക്കിങ്’ സാങ്കേതിക വിദ്യ കൈവരിക്കാൻ ഇന്ത്യ തയാറെടുക്കുന്നു. ബഹിരാകാശത്ത് ചുററിത്തിരിയുന്ന രണ്ടു ഉപഗ്രഹങ്ങളെ കൂട്ടി സംയോജിപ്പിക്കുന്നതാണ് ഈ സാങ്കേതിക വിദ്യ.

ഇതിനായി ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി (ഐ.എസ്.ആര്‍.ഒ) യുടെ സുപ്രധാന ദൗത്യമായ സ്പെയ്ഡെക്സ് വിജയകരമായി വിക്ഷേപിച്ചു. പലതവണ വിക്ഷേപിച്ച വ്യത്യസ്ത ഘടകഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ച് അന്താരാഷ്ട്ര ബഹിരാകാശനിലയം (ഐ.എസ്.എസ്) നിര്‍മിച്ചത് ഈ സാങ്കേതികവിദ്യയിലൂടെയാണ്. ജനുവരി ഏഴിനാകും ഡോക്കിങ് പ്രക്രിയ നടക്കുക എന്ന് ഐ.എസ്.ആര്‍.ഒ.ചെയര്‍മാന്‍ എസ്.സോമനാഥ് അറിയിച്ചു.

ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ സ്ഥിതി ചെയ്യുന്ന സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് സ്പെയ്ഡെക്സ് ദൗത്യവുമായി പി.എസ്.എല്‍.വി. 60 റോക്കറ്റ് വിക്ഷേപിച്ചത്.

220 കിലോഗ്രാം വീതം ഭാരമുള്ള ചേസര്‍ (എസ്.ഡി.എക്‌സ്. 01), ടാര്‍ഗറ്റ് (എസ്.ഡി.എക്‌സ്. 02) ഉപഗ്രഹങ്ങളാണ് പ്രധാന പേ ലോഡുകള്‍. കൂടാതെ 24 പരീക്ഷണോപകരണങ്ങള്‍കൂടി ദൗത്യത്തിലുണ്ട്. റോക്കറ്റിന്റെ മുകള്‍ഭാഗത്തുള്ള ഓര്‍ബിറ്റല്‍ എക്‌സ്പെരിമെന്റല്‍ മൊഡ്യൂളിലാണ് (പോയെം) ഈ ഉപകരണങ്ങള്‍ ഭൂമിയെചുറ്റുക.

രണ്ട് ഉപഗ്രഹങ്ങളേയും റോക്കറ്റ് കൃത്യമായി ഭ്രമണപഥത്തിലെത്തിച്ചുവെന്നും ഭ്രമണപഥത്തിലെത്തിയ ഉപഗ്രഹങ്ങൾ വേർപെട്ടുവെന്നും ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്.സോമനാഥ് പറഞ്ഞു.

ഭൂമിയില്‍ നിന്ന് 470 കിലോമീറ്റര്‍ അകലെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങളെ എത്തിക്കുക. ഏതാനും ദിവസങ്ങൾക്കകം ഉപഗ്രഹങ്ങള്‍ തമ്മില്‍ 20 കിലോമീറ്ററോളം അകലും.

പിന്നീട് ഭൂമിയെ ചുറ്റുന്നതിനിടെ ഘട്ടംഘട്ടമായി അവതമ്മിലുള്ള അകലം കുറച്ചുകൊണ്ടുവന്നശേഷം രണ്ടും കൂട്ടിയോജിപ്പിക്കും (ഡോക്കിങ്). ഊര്‍ജവും വിവരങ്ങളും പങ്കുവെച്ച് ഒരൊറ്റപേടകംപോലെ പ്രവര്‍ത്തിച്ചശേഷം അവയെ വേര്‍പെടുത്തുകയും ചെയ്യും (അണ്‍ഡോക്കിങ്). ഇതിനുശേഷം രണ്ടു വ്യത്യസ്ത ഉപഗ്രഹങ്ങളായി ഇവ രണ്ടുവര്‍ഷത്തോളം പ്രവര്‍ത്തിക്കും.

ചാന്ദ്രപര്യവേക്ഷണമായ ചാന്ദ്രയാനിന്റെ അടുത്തഘട്ടത്തിനും മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഗഗന്‍യാനിനും സ്‌പെയ്സ് ഡോക്കിങ് ഉപയോഗപ്പെടുത്താനാവും. ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ എന്നപേരില്‍ ഇന്ത്യ വിഭാവനം ചെയ്യുന്ന ബഹിരാകാശനിലയവും ഇതുപോലെ വ്യത്യസ്ത പേടകങ്ങള്‍ ഒരുമിച്ചു ചേര്‍ത്തുകൊണ്ടാവും നിര്‍മിക്കുക.

പുതിയ ദൗത്യത്തില്‍ ബഹിരാകാശത്ത് പയറും ചീരയും മുളപ്പിക്കാനുള്ള പരീക്ഷണങ്ങളുമുണ്ട്. ബഹിരാകാശ സാഹചര്യങ്ങളില്‍ കോശവളര്‍ച്ചയും സ്വഭാവവും പഠിക്കുന്നതിന് മുംബൈയിലെ അമിറ്റി സര്‍വകലാശാല തയ്യാറാക്കിയ അമിറ്റി പ്ലാന്റ് എക്‌സ്പെരിമെന്‍ല്‍ മൊഡ്യൂളിലാണ് ഈ പരീക്ഷണം നടക്കുക. പരീക്ഷണ മോഡ്യൂളില്‍ 14 എണ്ണം ഐ.എസ്.ആര്‍.ഒ.യും ഇന്ത്യയുടെ ബഹിരാകാശ ഗവേഷണവകുപ്പും നിര്‍മിച്ചതാണ്. സ്റ്റാര്‍ട്ടപ്പുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും നിര്‍മിച്ചവയാണ് ബാക്കിയുള്ള പത്തെണ്ണം. ബഹിരാകാശമാലിന്യം പിടിച്ചെടുക്കാനുള്ള റോബോട്ടിക് കൈയുടെ പരീക്ഷണവും ഇതിലുൾപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News