ജറൂസലം : പതിമൂവ്വായിരത്തിലധികം പേർ കൊല്ലപ്പെട്ട ഇസ്രായേൽ – ഹമാസ് യുദ്ധത്തിനു താൽക്കാലിക ശമനം. ഗാസയിൽ നാല് ദിവസത്തെ വെടിനിർത്തൽ കരാറിന് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകി. ആദ്യ ഘട്ടത്തിൽ 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും.
ഖത്തറിൻറെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളിലാണ് ധാരണയായത്. എന്നാൽ യുദ്ധം പൂർണമായി അവസാനിപ്പിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ മോചിപ്പിക്കുന്നതിന് കരാർ സഹായകമാകുമെന്ന് ഇസ്രായേൽ സർക്കാർ വ്യക്തമാക്കി.
“ഞങ്ങൾ യുദ്ധത്തിലാണ്, ഞങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നത് വരെ യുദ്ധം തുടരും,” നെതന്യാഹു പറഞ്ഞതായി ദി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ബന്ദികളുടെ തിരിച്ചുവരവ് സുരക്ഷിതമാക്കുന്നതിനാണ് മുൻഗണനയെന്നും താൻ അതിന് പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം പറഞ്ഞു.
ആദ്യമായാണ് ഇസ്രായേൽ നാല് ദിവസത്തെ വെടിനിർത്തൽ കരാറിന് അംഗീകാരം നൽകുന്നത്. വെടിനിർത്തലിന് പകരമായി ബന്ദികളെ മോചിപ്പിക്കാനാണ് തീരുമാനം.
ഇസ്രയേലുകാരായ 150ഓളം ബന്ദികളാണ് ഹമാസിൻറെ പിടിയിലുള്ളത്. അവരിൽ 50 പേരെയാണ് മോചിപ്പിക്കുക. 30 കുട്ടികളെയും 20 സ്ത്രീകളെയുമാണ് മോചിപ്പിക്കുക. ദിവസം 12 ബന്ദികൾ എന്ന നിലയിൽ നാല് ദിവസമായാണ് മോചനം.
ഈ നാല് ദിവസം ഒരു ആക്രമണവും ഇസ്രയേൽ ഗാസയിൽ നടത്തില്ലെന്നാണ് കരാർ. നാല് ദിവസത്തിന് ശേഷം കൂടുതൽ ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് തയ്യാറായാൽ വെടിനിർത്തൽ തുടരാമെന്നാണ് ഇസ്രയേലിൻറെ തീരുമാനം.
വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറുസലേമിലെയും ജയിലുകളിൽ കഴിയുന്ന പലസ്തീൻ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാനും ഇസ്രായേൽ അനുമതി നൽകി. എന്നാൽ എത്രപേരെ മോചിപ്പിക്കുമെന്ന് ഇസ്രായേൽ വെളിപ്പെടുത്തിയിട്ടില്ല. 150 പേരെ മോചിപ്പിക്കുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
തട്ടിക്കൊണ്ടുപോയ 240 ഓളം ബന്ദികളിൽ 40 കുട്ടികളുൾപ്പെടെ 210 പേർ തങ്ങളുടേതാണെന്ന് ഹമാസ് അവകാശപ്പെടുന്നത്. ബന്ദികളെ മോചിപ്പിച്ച് ഇസ്രായേലിന് കൈമാറുന്നതിനുള്ള നടപടികൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് ആരംഭിച്ചു.
ആദ്യം, ഹമാസ് ബന്ദികളെ റെഡ് ക്രോസിലേക്ക് മാറ്റും, അതിനുശേഷം അവരെ ഇസ്രായേൽ സൈനികർക്ക് കൈമാറും. ശേഷം, ബന്ദികളെ പ്രാഥമിക വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. തുടർന്ന് അവരുടെ കുടുംബാംഗങ്ങളിലേക്ക് എത്തിക്കും. അവരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം, ബന്ദികളാക്കിയവരെ ചോദ്യം ചെയ്യാൻ കഴിയുമോ എന്ന് മെഡിക്കൽ, പ്രതിരോധ ഉദ്യോഗസ്ഥർ പരിശോധിക്കും.