ജിദ്ദ: ഇസ്രായേൽ-ഹമാസ് യുദ്ധം ഒൻപതാം ദിവസത്തേക്ക് കടക്കുമ്പോൾ അറബ് ലോകത്ത് ആശങ്കയുയരുന്നു. ഇസ്ളാമിക രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ളാമിക് നേഷൻസ്(ഒ.ഐ.സി) ആണ് അടിയന്തര യോഗം വിളിച്ചത്. ജിദ്ദയിൽ അസോസിയേഷന്റെ അദ്ധ്യക്ഷ പദവി വഹിക്കുന്ന സൗദിയുടെ ക്ഷണമനുസരിച്ച് വരുന്ന ബുധനാഴ്‌ചയാണ് യോഗം. ഗാസയിൽ പ്രതിരോധമില്ലാത്ത സാധാരണക്കാരായ പൗരന്മാർ നേരിടുന്ന ഭീഷണി, സൈനിക വിപുലീകരണം എന്നിവയാണ് യോഗത്തിൽ പ്രധാന ചർച്ചയാകുക.
57 രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഒ ഐ സി നിലവിൽ ഐക്യരാഷ്‌ട്ര സഭ കഴിഞ്ഞാൽ ലോകത്തിലേറ്റവും വലിയ രണ്ടാമത് അന്താരാഷ്‌ട്ര സംഘടനയാണ്. ഒക്‌ടോബർ ഏഴിന് അതിശക്തമായ മിസൈൽ ആക്രമണമടക്കം നടത്തിയാണ് ഹമാസ് ഇസ്രായേലിനെതിരെ തിരിഞ്ഞത്. പിന്നാലെ ഹമാസിനെതിരെ ഇസ്രയേൽ യുദ്ധം പ്രഖ്യാപിച്ചു.
വടക്കൻ ഗാസയിൽ നിന്ന് 24 മണിക്കൂറിനകം ഒഴിഞ്ഞുപോകണമെന്ന ഇസ്രയേലിന്റെ അന്ത്യശാസനത്തെ തുടർന്ന് ജനങ്ങളുടെ പലായനം തുടരുകയാണ്. തെക്കൻ ഗാസയിലേക്ക് പലായനം ചെയ്യുന്നവർക്ക് സൗകര്യം ഒരുക്കുന്നതിനായി ഹമാസും ഇസ്രയേലും തമ്മിൽ ധാരണയിലെത്തിയെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഗാസയിലെ ജനങ്ങൾ തങ്ങളുടെ ശത്രുക്കളല്ലെന്നും അവരെ ലക്ഷ്യം വയ്ക്കുന്നില്ലെന്നും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ജനങ്ങൾ ഒഴിഞ്ഞുപോകുന്നതിന് നൽകിയിരുന്ന സമയം ഇതിനിടെ ഇസ്രയേൽ നീട്ടി.
ഹമാസിന്റെ സീനിയർ കമാൻഡർ മുറാദ് അബു മുറാദിനെ വ്യോമാക്രമണത്തിലൂടെ വധിച്ചെന്ന് നേരത്തെ ഇസ്രയേൽ സൈന്യം അറിയിച്ചിരുന്നു. ഹമാസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ച ഗാസയിലെ ആസ്ഥാനത്തിന് നേരെ നടന്ന വ്യോമാക്രമണത്തിലാണ് അബു മുറാദ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ അവകാശപ്പെട്ടു.