ന്യൂഡല്‍ഹി: സൊമാലിയന്‍ തീരത്തു കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ”എം.വി. ലിലാ നോര്‍ഫോക്ക്” എന്ന ലൈബീരിയ ന്‍ ചരക്കുകപ്പല്‍ ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചു.
നാവികസേന കമാന്‍ഡോകള്‍ നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്ന് കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ ഉപേക്ഷിച്ചുപോയി. കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള 21 ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. നാവികസേനയുടെ കമാന്‍ഡോകളായ ‘മാര്‍കോസ്’ ആണ് ഓപ്പറേഷന്‍ നടത്തിയത്.
നാവികസേനാ യുദ്ധക്കപ്പലായ ഐ.എന്‍.എസ്. ചെന്നൈ കേന്ദ്രീകരിച്ചായിരുന്നു രക്ഷാദൗത്യം. റാഞ്ചിയ കപ്പലിന് സമീപമെത്തിയ ഇന്ത്യന്‍ യുദ്ധകപ്പലില്‍ നിന്ന് ഹെലികോപ്റ്ററയച്ച് കടല്‍കൊള്ളക്കാര്‍ക്ക് കപ്പല്‍വിട്ടുപോകാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ കമാന്‍ഡോകള്‍ ചരക്കുകപ്പലില്‍ പ്രവേശിച്ചു.
മുകളിലെ ഡെക്കില്‍ പരിശോധന പൂര്‍ത്തിയാക്കിയ കമാന്‍ഡോകള്‍ രണ്ടാമത്തെ ഡെക്കില്‍ കടന്നതായി നാവികസേന സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കപ്പല്‍ മോചിപ്പിച്ചതായി അറിയിപ്പ് വന്നത്. നാവികസേനാ ആസ്ഥാനത്തുനിന്നാണ് നടപടികള്‍ ഏകോപിപ്പിച്ചത്.
വ്യാഴാഴ്ച വൈകിട്ടാണു കപ്പല്‍ റാഞ്ചിയ വിവരം ബ്രിട്ടീഷ് സൈനിക ഏജന്‍സിയായ ”യു.കെ. മാരിെടെം ട്രേഡ് ഓപ്പറേഷന്‍സ്” പുറത്തുവിട്ടത്. കപ്പല്‍ റാഞ്ചിയെന്ന സന്ദേശം ലഭിച്ചയുടന്‍ നാവികസേന നടപടികള്‍ ആരംഭിച്ചിരുന്നു. ഐ.എന്‍.എസ്. ചെന്നൈയെ വഴിതിരിച്ചുവിടകയും സമുദ്ര പട്രോളിങ് വിമാനത്തെ നിരീക്ഷണത്തിനായി നിയോഗിക്കുകയും ചെയ്തിരുന്നു.
ബ്രസീലില്‍നിന്ന് ബഹ്‌െറെനിലേക്ക് പോകുന്നതിനിടെയാണ് സോമാലിയയില്‍നിന്ന് 300 നോട്ടിക്കല്‍ മയിൽ കിഴക്ക് നിന്ന് ആറംഗ സായുധ സംഘം കപ്പല്‍ റാഞ്ചിയത്. ചരക്കുകപ്പലുകള്‍ക്കു നേരേ ഡ്രോണ്‍ ആക്രമണമുള്‍പ്പെടെ പതിവായതോടെ, സുരക്ഷയൊരുക്കാന്‍ ഇന്ത്യ കൂടുതല്‍ നാവികസേനാ കപ്പലുകള്‍ സമുദ്രപാതകളില്‍ വിന്യസിച്ചിരുന്നു.