ന്യൂഡൽഹി : ദിവസം രണ്ടു ഗ്രാമില്‍ താഴെ സോഡിയം മാത്രമേ ഭക്ഷിക്കാവൂയെന്നാണ് ലോകാരോഗ്യ സംഘടനയുടെ ശുപാർശ. അതായത് അഞ്ച് ഗ്രാമില്‍ കൂടുതല്‍ ഉപ്പ് ഒരുദിവസം കഴിക്കരുത്.
ലോകാരോഗ്യ സംഘടന ശിപാർശ ചെയ്യുന്നതിന്റെ ഇരട്ടി അളവില്‍ ഇന്ത്യക്കാർ സോഡിയം കഴിക്കുന്നതായും ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായും പഠനങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ശിപാർശ ചെയ്യുന്ന അളവില്‍ സോഡിയം കഴിക്കുന്നതിലൂടെ അടുത്ത പത്ത് വർഷത്തിനിടെ ഹൃദയ, വൃക്കരോഗങ്ങള്‍ കാരണമുണ്ടായേക്കാവുന്ന മൂന്ന് ലക്ഷം മരണം ഒഴിവാക്കാൻ കഴിയുമെന്നും അന്താരാഷ്ട്ര ആരോഗ്യ ജേണലായ ദ ലാൻസെറ്റില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.
ഉപ്പില്‍ ഉള്‍പ്പെടെ അടങ്ങിയിട്ടുള്ള സോഡിയം അധികമായി ഭക്ഷിക്കുന്നതു മരണത്തിലേക്കു നയിക്കാവുന്ന നിരവധി അസുഖങ്ങളുടെ പ്രധാന കാരണമാണ്. ജീവിതശൈലിയിലെ മാറ്റത്തിന്റെ ഭാഗമായി പാക്ക് ചെയ്ത ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്ന പ്രവണത വർധിച്ചുവരികയാണ്. പാക്ക് ചെയ്ത ഭക്ഷണങ്ങളില്‍ സോഡിയത്തിന്റെ അളവ് കൂടുതലാണ്.
ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലെ പോലെ താഴ്ന്ന-ഇടത്തരം വരുമാനമുള്ളിടത്തും പാക്ക് ചെയ്ത ഭക്ഷണങ്ങളുടെ ഉപഭോഗം വർധിക്കുകയാണ്. ഇന്ത്യക്കാർ ശിപാർശ ചെയ്യുന്ന അളവിലും ഇരട്ടിയാണ് സോഡിയം കഴിക്കുന്നതെന്നാണ് ഹൈദരാബാദിലെ ജോർജ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബല്‍ ഹെല്‍ത്തിന്റെ പഠനത്തില്‍ പറയുന്നത്.
ഇന്ത്യയില്‍ ആളുകള്‍ കൂടുതലായി പാക്കേജ് ചെയ്ത ഭക്ഷണം കഴിക്കുന്നതിനാല്‍ ലോകാരോഗ്യ സംഘടനയുടെ സോഡിയം മാനദണ്ഡങ്ങള്‍ നിർബന്ധമായും രാജ്യത്ത് നടപ്പിലാക്കണമെന്നാണ് ഗവേഷകർ ആവശ്യപ്പെടുന്നത്
നിശ്ചിത അളവിലുള്ള സോഡിയത്തിന്റെ ഉപയോഗം ഇനി ഉണ്ടായേക്കാവുന്ന 17 ലക്ഷം ഹൃദയസംബന്ധമായ അസുഖങ്ങള്‍, ഏഴുലക്ഷം വിട്ടുമാറാത്ത വൃക്കരോഗങ്ങള്‍ എന്നിവ ഇല്ലാതാക്കുമെന്നു ലാൻസെറ്റില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. സോഡിയം ഉപയോഗത്തില്‍ കൃത്യ അളവ് പാലിക്കുകയാണെങ്കില്‍ 800 ദശലക്ഷം ഡോളറിന്റെ ലാഭമാണുണ്ടാകുക.
2025 ഓടെ ജനസംഖ്യയില്‍ സോഡിയം ഉപഭോഗം 30 ശതമാനം കുറയ്ക്കുകയെന്നത് സാംക്രമികേതര രോഗങ്ങളെ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി ലോകാരോഗ്യ സംഘടന ശിപാർശ ചെയ്യുന്ന ഒൻപത് ആഗോള ലക്ഷ്യങ്ങളിലൊന്നാണ്.
യു കെ, അർജൻ്റീന, ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍, പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ സോഡിയം ഉള്ളടക്കം ക്രമീകരിക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഈ വിഷയത്തില്‍ ചെറിയ ചർച്ചകള്‍ മാത്രമാണ് ഇപ്പോഴും നടക്കുന്നത്.