ന്യൂഡൽഹി: ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്ക് കസേര നൽകിയത് പ്രോട്ടോക്കോള്‍ പാലിക്കാതെ. നാലാം നിരയിൽ ആയിരുന്നു ഇരിപ്പടം അനുവദിച്ചത്. പ്രതിപക്ഷനേതാവ് ആദ്യനിരയില്‍ ഇരിക്കണമെന്നാണ് കീഴ്വഴക്കം.
ഒളിംപിക്സ് ജേതാക്കള്‍ക്ക് ഇരിപ്പിടം ഒരുക്കാനാണ് ഈ ക്രമീകരണമെന്നാണ് സർക്കാർ വിശദീകരണം. സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നത് പത്ത് വര്‍ഷത്തിനുശേഷമാണ്.
ചടങ്ങിന്റെ മുന്‍ നിരയില്‍ കേന്ദ്രമന്ത്രിമാരായ നിര്‍മലാ സീതാരാമന്‍, ശിവരാജ് സിങ് ചൗഹാന്‍, അമിത് ഷാ, എസ്. ജയശങ്കര്‍ എന്നിവരായിരുന്നു.ഇവര്‍ക്കൊപ്പമാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവിനും ഇരിപ്പിടം ഒരുക്കേണ്ടിയിരുന്നത്. ലോക്‌സഭാ പ്രതിപക്ഷ നേതാവായിരുന്ന സോണിയാ ഗാന്ധിക്ക് സീറ്റ് നൽകിയിരുന്നത് മുന്‍നിരയിലായിരുന്നുവെന്നും വിമർശകർ പറയുന്നു.
വെളുത്ത കുർത്ത-പൈജാമ ധരിച്ച രാഹുല്‍ ഗാന്ധി ഇന്ത്യൻ ഹോക്കി ടീം ഫോർവേഡ് ഗുർജന്ത് സിങ്ങിൻ്റെ അരികില്‍ ഇരിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം.
മനു ഭാക്കർ, സരബ്ജോത് സിങ് തുടങ്ങിയ ഒളിമ്ബിക്‌സ് മെഡല്‍ ജേതാക്കളായിരുന്നു മുൻ നിരകളില്‍ ഇരുന്നിരുന്നത്. ഒളിമ്ബിക്‌സ് വെങ്കലം നേടിയ ഹോക്കി ടീമിലെ ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്, പിആർ ശ്രീജേഷ് എന്നിവരും രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ ഇരിക്കുന്നതായി കാണാം.
പ്രോട്ടോക്കോള്‍ അനുസരിച്ച്, കാബിനറ്റ് മന്ത്രിയുടെ പദവിക്ക് തുല്യമായ ലോക്സഭയിലെ പ്രതിപക്ഷ നേതാവിന് എല്ലായ്പ്പോഴും മുൻ നിരയില്‍ ഇരിപ്പിടം നല്‍കേണ്ടതാണ്.