പ്രാര്‍ഥനാ മുറി വിവാദം: ഖേദപ്രകടനം നടത്തി മഹല്ല് കമ്മിറ്റികള്‍

കൊച്ചി: കോതമംഗലം ക്രൈസ്തവ രൂപതയുടെ നിയന്ത്രണത്തിലുള്ള മൂവാറ്റുപുഴ നിര്‍മല കോളജില്‍ പ്രാര്‍ഥനാ മുറിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഖേദപ്രകടനം നടത്തി മുസ്ലിം മഹല്ല് കമ്മിറ്റികള്‍.

മൂവാറ്റുപുഴയിലെ രണ്ട് മഹല്ല് കമ്മിറ്റി പ്രതിനിധികള്‍ കോളജ് മാനേജുമെന്റുമായി ചര്‍ച്ച നടത്തിയാണ് ഖേദപ്രകടനം നടത്തിയത്.കോളജില്‍ ഉണ്ടായത് അനിഷ്ടകരമായ സംഭവങ്ങളാണെന്ന് മഹല്ല് കമ്മിറ്റി പ്രതിനിധി പിഎസ്‌എ ലത്തീഫ് പറഞ്ഞു.

പ്രാര്‍ഥനക്കും ആചാരങ്ങള്‍ക്കും നിര്‍ദിഷ്ട രീതികള്‍ ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്. സമുദായവുമായി ബന്ധപ്പെട്ടവരില്‍ നിന്ന് തെറ്റായ ചെറിയ ലാഞ്ഛനയെങ്കിലും ഉണ്ടായാല്‍ അത് മുതലെടുക്കാന്‍ കുബുദ്ധികള്‍ ശ്രമിക്കുമെന്ന് ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.കുട്ടികള്‍ക്ക് തെറ്റുപറ്റിയെന്നും അവർക്ക് ഇസ്ലാമിന്റെ രീതികളെ കുറിച്ച്‌ ഉപദേശങ്ങള്‍ നല്‍കുമെന്നും മഹല്ല് കമ്മിറ്റി പ്രതിനിധികൾ അറിയിച്ചു.

ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രമായി നിസ്‌കാര മുറി അനുവദിക്കാന്‍ കഴിയില്ലെന്നും വിദ്യാര്‍ഥികളുമായി ചര്‍ച്ചയില്ലെന്നും കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെവിന്‍ കെ കുര്യാക്കോസ് പറഞ്ഞു. കഴിഞ്ഞ 72 വര്‍ഷത്തിനുള്ളില്‍ ഇത്തരത്തിലൊരു ആവശ്യം ഉയര്‍ത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോളജിന് 20 മീറ്റര്‍ ദൂരത്തില്‍ മുസ്ലീം പള്ളിയുണ്ട്. അവിടേയ്ക്ക് നിസ്‌കാരത്തിനായി പോകുന്നതില്‍ വിദ്യാര്‍ഥികള്‍ക്ക് വിലക്കുമില്ല. മാത്രമല്ല അതിനായി ഒരു മണിക്കൂര്‍ സമയവും അനുവദിച്ചിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.

നിർമല കോളേജ് പ്രിൻസിപ്പലിനെ തടഞ്ഞ നടപടിയെ അപലപിച്ച്‌ സിറോ മലബാർ സഭാ അല്‍മായ ഫോറം രംഗത്ത് വന്നിരുന്നു. ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനെയും സുരക്ഷയെയും ഇത്തരം വേറിട്ട സംഭവങ്ങള്‍ ബാധിക്കുന്നുണ്ട്. ചില മുഖ്യധാരാ രാഷ്ട്രീയപാർട്ടികളുടെ വിദ്യാർത്ഥി സംഘടനകളുടെ കേരളത്തില്‍ വളർന്നു വരുന്ന ഇത്തരം പ്രവർത്തനങ്ങള്‍ കേരളത്തില്‍ ശക്തമായ ചേരിതിരിവും ധ്രുവീകരണവും സൃഷ്ടിക്കും.

ബുദ്ധിയുടെയും യുക്തിയുടെയും ബോധത്തിന്റെ തന്നെയും അതിരുകള്‍ ലംഘിക്കുന്ന ഈ പ്രവണതകള്‍ വിദ്യാർത്ഥികളിലേക്കും കുത്തിവയ്‌ക്കുന്നത് ശരിയാണോയെന്ന് മത -രാഷ്ട്രീയ നേതൃത്വങ്ങള്‍ ചിന്തിക്കണം. നമ്മുടെ കേരളം പോലുള്ള ഒരു സമൂഹത്തില്‍ ഇതു പല രീതിയിലുള്ള പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നു ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അല്‍മായ ഫോറം പ്രസ്താവനയില്‍ പറഞ്ഞു.

കോളേജില്‍ നടന്നത് മത തീവ്രവാദമാണ്‌ എന്ന് ഇന്ത്യൻ ഹജ്ജ് കമിറ്റി ചെയർമാൻ കൂടിയ എപി അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു. ഇത് മതപരമായ വിഷയമോ മറ്റോ അല്ലെന്നും ഈ വിദ്യാർഥികളേ കോളേജില്‍ നിന്നും പുറത്താക്കണം.