തിരുവനന്തപുരം: ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ വ്യവസായ, വാണിജ്യ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണനും മേലധികാരിയെ മനോരോഗിയെന്ന് വിശേഷിപ്പിച്ച കൃഷി വകുപ്പ് സ്‌പെഷൽ സെക്രട്ടറി എൻ.പ്രശാന്തിനും എതിരെ ശിക്ഷാനടപടിക്ക് സാധ്യത.
മതാടിസ്ഥാനത്തിൽ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ , സംസ്ഥാന പോലീസ് മേധാവി എസ്.ദർവേശ് സാഹിബ് ചീഫ് സെക്രട്ടറി ശാരദ മുരളീധരന് റിപ്പോർട്ട് സമർപ്പിച്ചു..ഗോപാലകൃഷ്ണനോട് ചീഫ് സെക്രട്ടറി വിശദീകരണം തേടും. മറുപടി ലഭിച്ചതിനുശേഷമാകും തുടർനടപടി.
ഐഎഎസ് ചട്ടപ്രകാരം ഗുരുതര സ്വഭാവമുള്ള വീഴ്ചയാണ് ഗോപാലകൃഷ്ണന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. ഐഎഎസ് ചട്ടം 3(1), 3(14), 3(9) എന്നിവപ്രകാരം സമൂഹഐക്യത്തിന് കോട്ടം തട്ടുന്ന രീതിയിലുള്ള പെരുമാറ്റത്തിന് കടുത്ത നടപടിയാണ് ശുപാർശ ചെയ്യുന്നത്. ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നു മാത്രമല്ല അതു പുറത്തായപ്പോൾ മുസ്‌ലിം ഉദ്യോഗസ്ഥർക്കായി ഗ്രൂപ്പുണ്ടാക്കിയതും സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
ഫോൺ ഹാക്ക് ചെയ്തെന്നായിരുന്നു ഗോപാലകൃഷ്ണന്റെ വിശദീകരണം. എന്നാൽ ഹാക്കിങ് നടന്നതിന് തെളിവില്ലെന്ന് ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞു.
അഡീഷണൽ ചീഫ് സെക്രട്ടറി എ.ജയതിലകിനെ ‘ചിത്തരോഗി’ എന്നാണ് എൻ.പ്രശാന്ത് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അവഹേളിച്ചത് വിവാദമായിരുന്നു. പട്ടികജാതി-വര്‍ഗ വിഭാഗക്കാരുടെ ക്ഷേമത്തിനും വിവിധ പദ്ധതികളുടെ നിര്‍വഹണത്തിനുമായി രൂപവത്കരിച്ച ഉന്നതിയിലെ (കേരള എംപവര്‍മെന്റ് സൊസൈറ്റി) ഫയലുകള്‍ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നിരുന്നു. ഉന്നതിയുടെ പ്രവര്‍ത്തനംതന്നെ സ്തംഭിച്ച അവസ്ഥയിലാണെന്ന് ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്