ചെന്നൈ: വിമാനത്തേക്കാൾ ഇരട്ടി വേഗത്തിൽ യാത്ര ചെയ്യാവുന്ന ഹൈപ്പര്‍ലൂപ്പ് പരീക്ഷണ സംവിധാനം ചെന്നൈ ഐ ഐ ടി ക്യാമ്പസിൽ തയാറായി.വായുമര്‍ദ്ദം കുറഞ്ഞ കുഴലിലൂടെ മണിക്കൂറില്‍ 1000 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാവുന്ന സാങ്കേതിക വിദ്യയാണ് ഹൈപ്പര്‍ ലൂപ്പ്.
മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയാണ് ആദ്യഘട്ടത്തില്‍ പരീക്ഷിക്കുക. ഭാവിയില്‍ ദൈര്‍ഘ്യമേറിയ ട്രാക്കില്‍ മണിക്കൂറില്‍ 600 കിലോമീറ്റര്‍ വേഗതയുള്ള ഹൈപ്പര്‍ലൂപ്പ് പരീക്ഷിക്കും.ഹൈപ്പര്‍ലൂപ്പ് യാഥാര്‍ഥ്യമായാല്‍ ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള 350 കിലോമീററർ 30 മിനുറ്റ് കൊണ്ട് സഞ്ചരിക്കാം
മാഗ്നെറ്റിക് ലെവിറ്റേഷന്‍ എന്ന സാങ്കേതിക വിദ്യയനുസരിച്ചാണ് ഹൈപ്പര്‍ലൂപ്പ് പ്രവര്‍ത്തിക്കുക. വായു വലിച്ചെടുത്ത ശേഷം ഇതിനുള്ളില്‍ സ്റ്റീല്‍ ട്യൂബുകള്‍ സ്ഥാപിക്കും.ശേഷം കുറഞ്ഞ മര്‍ദത്തിലുള്ള വായു നിറഞ്ഞ ട്യൂബിലൂടെ കാന്തിക ബലത്തിന്റെ സഹായത്തില്‍ മുന്നോട്ട് തള്ളുന്നു. കുറഞ്ഞ യാത്രാ -നിര്‍മാണ ചെലവേ വരൂ എന്നാണ് അവകാശവാദം.
പരീക്ഷണ പാതയുടെ വീഡിയോ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എക്‌സില്‍ പങ്കുവെച്ചു. ഇന്ത്യന്‍ റെയില്‍വേയും ഐ.ഐ.ടിയുടെ ആവിഷ്‌കാര്‍ ഹൈപ്പര്‍ലൂപ്പും ഐ.ഐ.ടി. സ്റ്റാര്‍ട്ടപ്പ് ട്യൂട്ടർ ഹൈപ്പര്‍ലൂപ്പും സംയുക്തമായാണ് പാത നിര്‍മ്മിച്ചത്.
2017ല്‍ ആണ് ഐ.ഐ.ടിയിലെ 70 വിദ്യാര്‍ഥികളടങ്ങിയ ‘ആവിഷ്‌കാര്‍ ഹൈപ്പര്‍ലൂപ്പ്’ ആരംഭിച്ചത്. 8.34 കോടി രൂപ പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്ന ഹൈപ്പര്‍ലൂപ്പ് പ്രോജക്ട് 2022 മാര്‍ച്ചില്‍ റെയില്‍വേക്ക് സമര്‍പ്പിച്ചു. കേന്ദ്ര സര്‍ക്കാറിനൊപ്പം സ്റ്റീല്‍ ഭീമനായ ആര്‍സെലര്‍ മിത്തലും പദ്ധതിയില്‍ പങ്കാളിയാണ്. പദ്ധതിക്കാവശ്യമായ വസ്തുക്കള്‍ മിത്തലാണ് നല്‍കിയത്.