കൊച്ചി: തന്നെ ലൈംഗികച്ചുവയോടെ അപമാനിച്ച വ്യവസായി ബോബി ചെമ്മണൂരിനെതിരെ സിനിമ നടി ഹണി റോസ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകി.
എ ഡി ജി പി മനോജ് ഏബ്രഹാം, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ എന്നിവരെ കണ്ട് അവർ പരാതി പറഞ്ഞിരുന്നു. വൈകീട്ട് അഞ്ചരയോടെയാണു സ്റ്റേഷനിലെത്തി പരാതി കൈമാറിയത്.പരാതി നൽകിയ വിവരം ഹണി റോസ് സമൂഹ മാധ്യമങ്ങളിലൂടെ ആണ് അറിയിച്ചത്.
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 75(4) വകുപ്പു പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമർശം നടത്തുന്നതിനെതിരെ ഐടി ആക്ടിലെ 67 വകുപ്പു പ്രകാരവുമാണു കേസ്.
നടിയുടെ ചിത്രം മോശമായ രീതിയിൽ തംബ്നെയിൽ ആയി ഉപയോഗിച്ച 20 യുട്യൂബർമാർക്കെതിരെയും പരാതിയുണ്ട്. ഓഗസ്റ്റ് 7ന് ബോബി ചെമ്മണ്ണൂരിന്റെ കണ്ണൂർ ആലക്കോട് ജ്വല്ലറി ഉദ്ഘാടനത്തിന് ഹണി റോസ് പങ്കെടുത്തിരുന്നു. അന്ന് നേരിട്ട ലൈംഗികാതിക്രമങ്ങളും അതിനു ശേഷവും പല വേദികളിലും നേരിട്ട ബുദ്ധിമുട്ടുകളും അവർ പരാതിയിൽ വിവരിക്കുന്നുണ്ട്.
ഹണി റോസ് സമൂഹമാധ്യമത്തിൽ കുറിച്ചത് ഇങ്ങനെ:
‘‘ബോബി ചെമ്മണ്ണൂർ, താങ്കൾ എനിക്കെതിരെ തുടർച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങൾക്കെതിരെ ഞാൻ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികൾക്കെതിരെയുള്ള പരാതികൾ പുറകെ ഉണ്ടാവും. താങ്കൾ താങ്കളുടെ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു.’’–
ഹണി റോസ് ഫെയ്സ്ബുക്കിലിട്ട കുറിപ്പിനു താഴെ അശ്ലീലവും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തിയ 30 പേർക്കെതിരെ നേരത്തെ പൊലീസ് കേസെടുക്കുകയും ഒരാൾ അറസ്റ്റിലാവുകയും ചെയ്തിരുന്നു. പിന്നാലെ ഇൻസ്റ്റഗ്രാം പേജിലും അധിക്ഷേപങ്ങൾ നടത്തിയവർക്കെതിരെയും പൊലീസ് നടപടി എടുക്കാൻ ഒരുങ്ങുന്നുണ്ട്. യുട്യൂബ് ചാനലുകളും നടപടി നേരിടേണ്ടി വരും.
ഉദ്ഘാടന ചടങ്ങിനിടെ ബോബി ചെമ്മണ്ണൂർ നടത്തിയ വിവാദ പരാമർശങ്ങളെക്കുറിച്ച് വ്യവസായിയുടെ പേര് പരാമർശിക്കാതെ തന്നെ ഹണി റോസ് സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചിരുന്നു. തനിക്കെതിരെ നിരന്തരം ലൈംഗികാധിക്ഷേപവും അപവാദ പ്രചരണങ്ങളും നടത്തുന്നെന്ന് ഇതിൽ അവർ വ്യക്തമാക്കിയിരുന്നു.
ആരോപണങ്ങൾ ബോബി ചെമ്മണൂർ നിഷേധിച്ചു. തെറ്റായ ഉദ്ദേശ്യത്തോടെ നടി ഹണി റോസിനോട് പെരുമാറിയിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. മാസങ്ങള്‍ക്ക് മുൻപാണ് ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങ് നടന്നത്. ഇപ്പോൾ പരാതിയുമായി വരാൻ എന്താണ് കാരണമെന്ന് അറിയില്ലെന്നും ബോബി പറഞ്ഞു.
‘‘ ഹണി റോസിനെ മഹാഭാരതത്തിലെ കുന്തീദേവിയോട് ഞാൻ ഉപമിച്ചിരുന്നു. അത് ശരിയാണ്. ആ സമയത്ത് താരം പരാതി പറഞ്ഞിരുന്നില്ല. ഇപ്പോൾ കേസ് കൊടുത്തു എന്നറിഞ്ഞു. തെറ്റായ ഉദ്ദേശ്യമൊന്നും എനിക്ക് ഇല്ലായിരുന്നു. കുന്തീദേവി എന്നു പറഞ്ഞാൽ അതിൽ മോശമായ കാര്യമൊന്നും ഇല്ല. കുന്തീദേവി എന്നു പറഞ്ഞതിൽ ദ്വയാർഥമുണ്ടെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. ചടങ്ങിൽ വരുമ്പോള്‍ താരങ്ങളെ ആഭരണം അണിയിക്കാറുണ്ട്. പലപ്രാവശ്യം ചെയ്തിട്ടുണ്ട്. മോശമായ കാര്യമാണെന്ന് എനിക്കോ ഹണിക്കോ തോന്നിയിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് പെട്ടെന്ന് പരാതി കൊടുക്കാൻ കാരണമെന്ന് അറിയില്ല. തെറ്റിദ്ധരിച്ചായിരിക്കും പരാതി. ’’
‘‘ തെറ്റായ വാക്ക് ഉപയോഗിച്ചിട്ടില്ല. ഹണി റോസിന്റെ മാനേജർ എന്റെ മാനേജരോട് സംസാരിച്ചിരുന്നു. ഇഷ്ടമില്ലെങ്കിൽ അത്തരം വാക്കുകൾ ഉപയോഗിക്കില്ലെന്ന് ഞാൻ പറഞ്ഞു. പറഞ്ഞ കാര്യങ്ങൾ താരം തമാശയായി എടുക്കുമെന്നാണ് കരുതിയത്. എന്റെ വാക്കുകളെ പലരും സമൂഹമാധ്യമത്തിൽ മറ്റൊരു രീതിയിൽ പ്രയോഗിച്ചതാകാം പരാതിക്ക് ഇടയാക്കിയത്. ഞാൻ പറയാത്ത വാക്ക് സമൂഹമാധ്യമത്തിൽ ചിലർ ഉപയോഗിച്ചു. അത് അവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കാം.’’– അദ്ദേഹം പറഞ്ഞു.