December 12, 2024 9:02 am

വഴിയോര ബോർഡുകൾ: സർക്കാരിൻ്റെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: നിരത്തുകൾ മലീമസമാക്കുന്ന അനധികൃത ഫ്ലെക്സ് ബോർഡുകൾ,കൊടിതോരണങ്ങൾ തുടങ്ങിയവ നീക്കാത്തതിൽ സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ച് ഹൈക്കോടതി.

എത്ര ബോർഡുകൾ നീക്കം ചെയ്തെന്ന കണക്കുകൾ ഹാജരാക്കാൻ സർക്കാർ കൂടുതൽ സമയം തേടിയതിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തി. രാഷ്ടീയ പാർടികളുടെ ബോർഡുകൾ നീക്കം ചെയ്തതിന്‍റെ കണക്കുകൾ പ്രത്യേകം വേണമെന്നും എത്ര രൂപ പിഴ ഈടാക്കിയെന്ന് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

10 ദിവസത്തിനുള്ളിൽ എല്ലാ അനധികൃത ബോർഡുകളും ഫ്ലെക്സുകളും നീക്കം ചെയ്യണമെന്നും ഇതു സംബന്ധിച്ച വ്യക്തമായ കണക്കുകൾ കേസ് അടുത്തയാഴ്ച പരിഗണിക്കുമ്പോൾ സമർപ്പിക്കണമെന്നും തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫിന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ നിർദേശം നൽ‍കി. കോടതി നിർദേശം പാലിച്ചില്ലെങ്കിൽ പിഴ തദ്ദേശ വകുപ്പ് സെക്രട്ടറിമാരിൽ നിന്ന് ഈടാക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.

അനധികൃത ബോര്‍ഡുകളും ഫ്ലെക്സുകളുമൊക്കെ നീക്കം ചെയ്യണമെന്നും ഇല്ലെങ്കിൽ 5000 രൂപ പിഴയീടാക്കുമെന്നും സർക്കാരിന്റെ തന്നെ ഉത്തരവുള്ള കാര്യം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.എന്നിട്ടും സർക്കാർ എന്തുെകാണ്ടാണ് നടപടി സ്വീകരിക്കാത്തതെന്നു കോടതി ചോദിച്ചു. ഇതിനർഥം ഭരണസംവിധാനത്തിന്റെ അപര്യാപ്തതയാണ്. സർക്കാരിലെ ഉന്നതരുടെ അടക്കം ചിത്രങ്ങളും പേരുകളുമാണ് പല ബോര്‍ഡുകളിലുമുള്ളത്. തങ്ങളുടെ ചിത്രങ്ങൾ അനധികൃതമായി പതിപ്പിക്കരുതെന്ന് ഉത്തരവിടാൻ സർക്കാർ തയാറാകുമോയെന്ന് കോടതി ചോദിച്ചു.

സിനിമ നിർമാതാക്കൾ, മതസ്ഥാപനങ്ങൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവരൊക്കെ അനധികൃതമായി ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. മതസ്ഥാപനങ്ങളുടെ ബോർഡുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതി നോക്കിക്കൊള്ളാം. എന്നാല്‍ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ അനധികൃത ബോര്‍ഡുകളും മറ്റും നീക്കം ചെയ്യാന്‍ സെക്രട്ടറിമാർക്ക് പേടിയാണ്.

അവർ ആക്രമിക്കപ്പെടുന്നതു കൂടാതെ സ്ഥലം മാറ്റുമെന്ന ഭീഷണിയുമുണ്ട്. അത്തരം ഭീഷണിക്ക് വഴങ്ങുന്നവർ ജോലി രാജിവച്ചു പോകണം. പല ഫ്ലെക്സുകളും ബോർഡുകളുമൊക്കെ കെട്ടിടത്തേക്കാൾ വലുതാണ്. ഇവ നീക്കം ചെയ്യാൻ കോടതി പറഞ്ഞിട്ടും പൊലീസും ഉദ്യോഗസ്ഥവൃന്ദവും ഉപേക്ഷ കാണിക്കുന്നു. കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ‍ അതിന്റെ പ്രത്യാഘാതം എന്താണെന്ന് മനസിലാകും. ഇവിടെ നിയമവാഴ്ച നിലനിൽക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

അനധികൃത ബോർഡുകളും മറ്റും നീക്കം ചെയ്യുന്നതിൽ നഗരമേഖലയിൽ മികച്ച പുരോഗതിയുണ്ടെന്ന് കേസിലെ അമിക്കസ് ക്യൂറി ഹരീഷ് വാസുദേവൻ വ്യക്തമാക്കി. എന്നാൽ ഗ്രാമീണ മേഖലകളിൽ ഇത് സാധ്യമാകുന്നില്ല. മുഖ്യമന്ത്രി തന്നെ യോഗം വിളിച്ച് ബന്ധപ്പെട്ട വകുപ്പുകളോട് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ നിർദേശിച്ചിരുന്നു.

എന്നിട്ടും കാര്യക്ഷമമായ പ്രവർത്തനം നടക്കുന്നില്ലെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. കോടതിയിൽ ഓൺ‍ലൈൻ മുഖേനെ ഹാജരായ ഡോ. ശർമിള മേരി ജോസഫ് ഇതുവരെ വകുപ്പ് നടപ്പാക്കിയ കാര്യങ്ങള്‍ വ്യക്തമാക്കി. ഒന്നര ലക്ഷത്തോളം ഇത്തരം കേസുകൾ കണ്ടെത്തി. 98 ലക്ഷം രൂപ പിഴയീടാക്കാൻ ഉത്തരവിട്ടു. 13 ലക്ഷം രൂപ ഇതുവരെ ലഭിച്ചതായും അവർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News