വെളിപ്പെടുത്തലുമായി ഹിൻഡൻബര്‍ഗ് വീണ്ടും…

ന്യൂഡല്‍ഹി:  ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സണ്‍ മാധബി പുരി ബുച്ചിന് അദാനി ഗ്രൂപ്പിന്‍റെ വിദേശ രഹസ്യ കമ്ബനികളില്‍ നിക്ഷേപമുണ്ടെന്ന് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച്‌.

നേരത്തെ തങ്ങള്‍ പുറത്തുവിട്ട അദാനി ഓഹരിത്തട്ടിപ്പില്‍ വിശദമായ അന്വേഷണത്തിന് സെബി തയാറാകാതിരുന്നത് ഈ ബന്ധം കാരണമാണെന്നും അവർ പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടില്‍ പറയുന്നു.സുപ്രീംകോടതിയുടെ പരിഗണനയില്‍ വരെ എത്തിയ അദാനി -ഹിൻഡൻബെർഗ് കേസില്‍ സെബി അന്വേഷണം തുടരുകയാണ് ഇപ്പോഴും.

SEBI chairperson Madhabi Puri Buch.(PTI)

മാധബി പുരി ബുച്ച്

 

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഹിൻഡൻബെർഗ് അദാനി ഗ്രൂപ്പിനെതിരെ പുറത്തുവിട്ട റിപ്പോര്‍ട്ട് ഓഹരി വിപണിയില്‍ കൂപ്പുകുത്തലിന് കാരണമായിരുന്നു.ശതകോടീശ്വരനായ അദാനിയുടെ കമ്ബനികളില്‍ വലിയ തട്ടിപ്പ് നടക്കുന്നുവെന്നായിരുന്നു ആരോപണം.

വിദേശരാജ്യങ്ങളില്‍ കടലാസ് കമ്ബനികള്‍ സ്ഥാപിച്ച്‌ സ്വന്തം കമ്ബനി ഓഹരികളിലേക്ക് നിക്ഷേപമൊഴുക്കി ഓഹരി വിലപെരുപ്പിച്ചുവെന്നും ഈ ഓഹരികള്‍ ഈട് നല്‍കി വായ്പകള്‍ ലഭ്യമാക്കിയെന്നുമായിരുന്നു പ്രധാന ആരോപണം.

അദാനി ഗ്രൂപ് ഓഹരികളുടെ വിപണി മൂല്യത്തില്‍ ഏകദേശം 12.5 ലക്ഷം കോടിരൂപയുടെ ഇടിവിന് ഇത് കാരണമായി. വിപണി ഗവേഷണം നടത്തി ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് വിപണിയില്‍ ഇടിവിന് വഴിയൊരുക്കുകയും ഇതിന് മുമ്പ് ഷോർട്ട് സെല്ലിങ് നടത്തി ലാഭമുണ്ടാക്കുകയുമാണ് ഹിൻഡൻബെർഗിന്റെ രീതി.