പ്രതിസന്ധിയിലും പിണറായിക്കു പറക്കാൻ ഹെലികോപ്റ്റർ

In Featured
September 20, 2023

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രക്കായി പൊലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്ടർ തിരുവനന്തപുരത്തെത്തി. പ്രതിമാസം 25മണിക്കൂർ പറക്കാൻ 80ലക്ഷം രൂപയാണ് കരാർ പ്രകാരം കമ്പനിയ്ക്ക് നൽകേണ്ടത്. അധികം വരുന്ന ഓരോ മണിക്കൂറും 90,​000രൂപ നൽകണമെന്നാണ് കരാർ. കൂടാതെ രണ്ട് വർഷത്തേയ്ക്ക് കൂടി കരാർ നീട്ടാമെന്നും ധാരണ പത്രത്തിലുണ്ട്. മുൻപ് കോടിക്കണക്കിന് രൂപ ചെലവാക്കിയാണ് ഹെലികോപ്ടർ വാടകയ്‌ക്കെടുത്തിരുന്നത്.ഇന്നലെ അന്തിമ കരാർ ഒപ്പിട്ടിരുന്നു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിപ്സൻ ഏവിയേഷൻ കമ്പനിയുടേതാണ് ഹെലികോപ്ടർ.

സുരക്ഷാ പരിശോധനകൾക്കാണ് ചിപ്സണിന്റെ ഹെലികോപ്ടർ എത്തിച്ചത്. എസ് എ പി ക്യാമ്പിലെ ഗ്രൗണ്ടിലായിരുന്നു ഹെലികോപ്ടറിന്റെ പരിശോധന. ഒന്നാം പിണറായി സർക്കാർ പവൻ ഹംസ് കമ്പനിയിൽ നിന്ന് 22.21 കോടി രൂപ ചെലവഴിച്ച് ഹെലികോപ്റ്റർ‍ വാടകയ്ക്ക് എടുത്തെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായിരുന്നില്ല.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രി നടത്തുന്ന ഹെലികോപ്ടർ യാത്രങ്ങൾ ഏറെ വിവാദമായിരുന്നു. വാടക കരാറുമായി ബന്ധപ്പെട്ട് നീണ്ടു നിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ഹെലികോപ്ടർ വാടകക്കെടുത്തത്. മൂന്ന് വർഷത്തേയ്ക്കാണ് ചിപ്സൺ ഏവിയേഷനുമായി കരാർ ഉണ്ടാക്കിയിരിക്കുന്നത്.

ഹെലികോപ്ടർ എടുത്തതിനെതിരെ വ്യാപകമായി വിമർശനം ഉയർന്നതിനെ തുടർന്ന് തീരുമാനം താൽക്കാലം മരവിപ്പിച്ചിരുന്നുവെങ്കിലും വീണ്ടും കരാർ നൽകുകയായിരുന്നു. ചിപ്സണിന്റെ സ്വന്തം ഗ്രൗണ്ടായ ചാലക്കുടിയിലാണ് പാർക്കിംഗ് നിശ്ചയിച്ചിരിക്കുന്നത്.

പാർക്കിംഗ് തിരുവനന്തപുരത്ത് വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. എന്നാൽ തിരുവനന്തപുരത്ത് ആണെങ്കിൽ പാർക്കിംഗ് തുക കൂടി വേണമെന്ന് കമ്പനി ആവശ്യപ്പെട്ടു. ഒടുവിൽ ചാലക്കുടിയിൽ പാർക്ക് ചെയ്യണമെന്ന കമ്പനിയുടെ ആവശ്യം അംഗീകരിച്ച് കരാർ ഒപ്പുവയ്ക്കുകയായിരുന്നു.മധ്യകേരളത്തിൽനിന്ന് ഏതു ജില്ലയിലേക്കും പോകാനുള്ള സൗകര്യം കൂടി പരിഗണിച്ചാണ് പാർക്കിംഗ് ചാലക്കുടിയിൽ മതിയെന്നു ധാരണയായത്. എന്നാൽ കവടിയാറിൽ സ്വകാര്യ ഗ്രൂപ്പ് നിർമ്മിക്കുന്ന പാർക്കിംഗ് ഗ്രൗണ്ടിൽ ഹെലികോപ്ടറിന് സൗകര്യമൊരുക്കാനും ആലോചനയിലുണ്ട്.