ഡമാസ്‌കസ്: ലെബനന് പിന്നാലെ സിറിയയിലും ഹിസ്ബുള്ള പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് ദുരന്തം. ഡമാസ്‌കസിലെ പേജര്‍ ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു.
രണ്ടിടങ്ങളില്‍ ഒരുപോലെ പേജര്‍ ആക്രമണം നടത്തിയതിന് പിന്നില്‍ ഇസ്രയേല്‍ ആണെന്ന് ഹിസ്ബുള്ളയും ലെബനനും ആരോപിച്ചു.ആസൂത്രിത ആക്രമണത്തിനെതിരെ പ്രതികാരം ചെയ്യുമെന്നും ഹിസ്ബുള്ള പറഞ്ഞു.
ലെബനനിലേതിന് സമാനമായി പേജറുകള്‍ ചൂടായി സ്ഫോടനം നടക്കുകയായിരുന്നു. 14 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
ഇസ്രയേല്‍-ഗാസ യുദ്ധം തുടങ്ങിയതുമുതല്‍ ആശയവിനിമയത്തിനായി ഹിസ്ബുള്ള ഉപയോഗിക്കുന്ന പേജറുകളാണ് കൂട്ടത്തോടെ ചൂടായി പൊട്ടിത്തെറിച്ചത്.2750 പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പലര്‍ക്കും മുഖത്തും കണ്ണിലുമാണ് പരിക്കേറ്റത്. മരണസംഖ്യ ഉയരുമെന്നും സൂചനയുണ്ട്.
ഹിസ്ബുള്ളയുടെ ഉന്നതരടക്കം കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തുവെന്ന് പറയുന്നു.മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചാല്‍ ശത്രുവിന് ലൊക്കേഷന്‍ കണ്ടെത്തി ആക്രമിക്കാനാവുമെന്നതിനാലാണ് ഹിസ്ബുള്ള അംഗങ്ങള്‍ പേജറുകള്‍ ഉപയോഗിക്കുന്നത്. ലെബനോനിലാകെ പേജറുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഈ ശൃംഖലയാണ് ഇന്ന് തകര്‍ക്കപ്പെട്ടത്.
മൊബൈല്‍, സ്മാര്‍ട്ട് ഫോണുകള്‍ എളുപ്പത്തില്‍ ഹാക്ക് ചെയ്യാനാകും. ഇത്തരത്തിലുള്ള സൈബര്‍ ആക്രമണങ്ങളെയും നിരീക്ഷണങ്ങളെയും ചെറുക്കുന്നതിനുവേണ്ടിയാണ് ഹിസ്ബുള്ള അംഗങ്ങള്‍ പേജര്‍ ഉപയോഗിക്കുന്നത്.