April 22, 2025 11:23 pm

പാതിവില തട്ടിപ്പ് കേസിൽ ജസ്റ്റിസ് രാമചന്ദ്രൻ നായരും ആനന്ദകുമാറും പ്രതി

കൊച്ചി : ആയിരം കോടി രൂപയോളം വരുന്ന, പാതിവില തട്ടിപ്പ് കേസിൽ ഹൈക്കോടതിയിലെ റിട്ടയേഡ് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരും തിരുവനന്തപുരം സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ഡയറക്ടർ കെ. എന്‍. ആനന്ദകുമാറും പ്രതിയാവും.

രാമചന്ദ്രൻ നായർ തട്ടിപ്പ് നടത്തിയ നാഷണൽ എൻജിഒ കോൺഫഡറേഷൻ ഉപദേശകനും ആനന്ദ കുമാർ കോൺഫഡറേഷൻ ചെയർമാനായിരുന്നു. മുനമ്പം വഖഫ് ഭൂമിപ്രശ്‌നം പരിഹരിക്കാനുള്ള ജുഡീഷ്യല്‍ കമ്മീഷന്‍ അധ്യക്ഷൻ കൂടിയാണ്  രാമചന്ദ്രൻ നായർ.

പാതി വില തട്ടിപ്പിലൂടെ സമാഹരിച്ച പണത്തിൽ നിന്ന് 2 കോടി സായി ഗ്രാമം ഗോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന് നൽകിയെന്ന് കോൺഫഡറേഷൻ സെക്രട്ടറി അനന്തു കൃഷ്ണൻ പോലീസിനു നേരത്തെ മൊഴി നൽകിയിരുന്നു. ഇക്കാര്യം തെളിവെടുപ്പിനിടെ മാധ്യമങ്ങൾക്ക് മുന്നിലും അനന്തു ആവർത്തിച്ചു.

രാഷ്ട്രീയക്കാർക്കും പണം നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കിയെങ്കിലും ആർക്കെല്ലാമെന്ന് വെളിപ്പെടുത്തിയിട്ടില്ല.   അനന്തുവിൻറെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്നും ആനന്ദകുമാറിന് പണം നൽകിയെന്നത് വ്യക്തമായെന്ന് അന്വേഷണസംഘം അറിയിച്ചു.

പെരിന്തൽമണ്ണയിൽ രജിസ്റ്റർ ചെയ്ത കേസിൽ റിട്ടയേർഡ് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെ പൊലീസ് മൂന്നാം പ്രതിയാക്കിയിട്ടുണ്ട്. ആനന്ദ കുമാറാണ് പെരിന്തൽമണ്ണയിൽ ഒന്നാം പ്രതി.വലമ്പൂർ സ്വദേശി ഡാനിമോന്റെ പരാതിയിലാണ് കേസെടുത്തത്. മലപ്പുറം ജില്ലയില്‍ 20 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പ്രാഥമിക വിവരം.

സാമ്പത്തിക തട്ടിപ്പിനായി തട്ടിക്കൂട്ട് കമ്പനികളും കൂട്ടായ്മകളും അനന്തുകൃഷ്ണന്‍ രൂപീകരിച്ചിരുന്നു.കൊച്ചി ഗിരിനഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന സോഷ്യല്‍ ബീ എന്ന ലിമിറ്റഡ് ലയബലിറ്റി പാര്‍ട്ട്നര്‍ ഷിപ്പ് കമ്പനിയാണ് ഇതില്‍ പ്രധാനം. ഒരു ലക്ഷം രൂപയാണ് സ്ഥാപനത്തിന്‍റെ പ്രവര്‍ത്തന മൂലധനമായി രേഖകളില്‍ കാട്ടിയിരിക്കുന്നത്. എന്നാല്‍ ഈ സ്ഥാപനത്തിന്‍റെ മറവില്‍ മാത്രം കോടികള്‍ സമാഹരിച്ചിട്ടുണ്ടെന്നാണ് പൊലീസ് അനുമാനം.

പാതിവില തട്ടിപ്പിനെ കുറിച്ച് മാസങ്ങൾക്ക് മുമ്പ് സ്പെഷ്യൽ ബ്രാഞ്ച് മുന്നറിയിപ്പ് നൽകിയിരുന്നതായി വിവരം. സിഎസ്ആർ ഫണ്ടിന്‍റെ പേരിൽ വ്യാപക പണപ്പിരിവെന്ന് നടക്കുന്നുവെന്നാണ് 2024 ജൂലൈയിൽ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. അനന്തു കൃഷ്ണൻ വഞ്ചനാ കേസുകളിൽ പ്രതിയെന്നും അറിയിച്ചു. വിശദ അന്വേഷണം നടത്തിയില്ലെങ്കിൽ കൂടുതൽ പേരുടെ പണം നഷ്ടമാകുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാൽ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പൊലീസ് കാര്യമായ അന്വേഷണം നടത്തിയില്ല.

പകുതി വിലക്ക് സ്കൂട്ടർ തട്ടിപ്പ്'; ആനന്ദ് കുമാർ വഞ്ചിക്കുകയായിരുന്നുവെന്ന് റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ, ' ഒരു ഉപദേശവും ...

ആനന്ദകുമാറും രാമചന്ദ്രൻ നായരും അനന്തു കൃഷ്ണനും

14 ജില്ലകളിലും അനന്തു കൃഷ്ണൻ തട്ടിപ്പ് നടത്തിയിട്ടുണ്ട്. അനന്തുവിന്‍റെ 19 ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്ന് മാത്രം 33,000 പേരിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. സ്കൂട്ടറും, തയ്യൽ മെഷീനും, ലാപ് ടോപ്പും, രാസവളവുമടക്കം നൽകാനുള്ള വാഗ്ദാനമായിരുന്നു തട്ടിപ്പിനുപയോഗിച്ചത്. തട്ടിപ്പിൽ ഉൾപ്പെട്ടവരിൽ വമ്പൻമാരുടെ വലിയ നിരയുണ്ട്.

ഉന്നത രാഷ്ട്രീയ നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും വരെ അനന്തു കൃഷ്ണന്‍റെ ഇടപാടിനെക്കുറിച്ച് അറിവുള്ളവരായിരുന്നുവെന്നാണ് പുറത്ത് വന്ന വിവരം. കുടുംബശ്രീ, പൊലീസ് അസോസിയേഷൻ, ജനപ്രധിനിധികളുടേതടക്കമുള്ള വിവിധ സഹായ പദ്ധതികൾ വരെ തട്ടിപ്പിന് ഉപയോഗിച്ചു. കോഴിക്കോട് പൊലീസ് അസോസിയേൻ വഴിയും, കണ്ണൂർ പൊലീസ് സഹകരണ സംഘം വഴിയും തയ്യൽ മേഷീനും ലാപ്ടോപ്പുമടക്കം പാതിവിലയ്ക്ക് അനന്തു നൽകിയിട്ടുണ്ട്.

ആനന്ദകുമാറിൻ്റെ നിര്‍ദേശപ്രകാരമാണ് എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ആരംഭിച്ചതെന്ന് അനന്തു കൃഷ്ണൻ പോലീസിനോട് പറഞ്ഞു. തന്നെ പദ്ധതി നടപ്പാക്കാന്‍ ചുമതലപ്പെടുത്തിയത് കോണ്‍ഫെഡറേഷനാണ്. ആനന്ദകുമാര്‍ പറഞ്ഞിട്ട് ഒട്ടേറെ പേരെ പദ്ധതിയില്‍ ചേര്‍ത്തുവെന്നും അനന്തു കൃഷ്ണന്‍ അറിയിച്ചു.

കോണ്‍ഫെഡറേഷന്റെ ബൈലോയും മറ്റുരേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍നിന്നാണ് അനന്തുവിനെ സ്‌കൂട്ടര്‍ വിതരണത്തിനു ചുമതലപ്പെടുത്തിയതിന്റെ വിശദാംശങ്ങളും ലഭിച്ചത്. അനന്തുവിന്റെ കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്ന് കടത്തിയ രേഖകളും പൊലീസ് കണ്ടെടുത്തു. എറണാകുളത്തെ ഒരു വില്ലയില്‍ നിന്നും,ഓഫീസില്‍ നിന്നുമാണ് രേഖകള്‍ കണ്ടെടുത്തത്. അനന്തുവിന്റെ വാട്സാപ്പ് ചാറ്റുകള്‍ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

രാഷ്ട്രീയനേതാക്കള്‍ക്കടക്കം താന്‍ പണം കൈമാറിയതായി കഴിഞ്ഞദിവസം അനന്തു മൊഴി നല്‍കിയിരുന്നു. ബിനാമികള്‍ വഴിയാണ് പലര്‍ക്കും പണം നല്‍കിയതെന്നാണ് വെളിപ്പെടുത്തൽ. ഇതുസംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. തട്ടിപ്പിൽ കിട്ടിയ പണം സ്വന്തം പേരിൽ സ്ഥാപനങ്ങളുണ്ടാക്കിയും അനന്തു കൃഷ്ണൻ മറിച്ചെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News