മസ്ജിദിന്റെ ഒരു ഭാഗത്തു പൂജ നടത്താൻ അനുമതി

വാരാണസി : കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്നുള്ള ഗ്യാൻവാപി മസ്ജിദിന്റെ ഒരു ഭാഗത്തു പൂജ നടത്താൻ ഹിന്ദുവിഭാഗത്തിന് വാരണാസി ജില്ലാ കോടതി അനുമതി നൽകി.

മസ്ജിദിന് താഴെ മുദ്രവെച്ച 10 നിലവറകളുടെ മുന്നില്‍ പൂജ നടത്താനാണ് അനുമതി.7  ദിവസത്തിനകം ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ ജില്ലാ ഭരണകൂടത്തോടു കോടതി നിർദേശിച്ചു.

മസ്ജിദ് നിർമിക്കുന്നതിനുമുൻപ് വലിയ ഹിന്ദു ക്ഷേത്രം അവിടെ നിലനിന്നിരുന്നുവെന്നു പുരാവസ്തു വകുപ്പ് (എഎസ്ഐ) കണ്ടെത്തിയതായി ഹിന്ദുവിഭാഗം അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണു കോടതിയുടെ ഉത്തരവ്.എല്ലാവർക്കും പൂജയ്ക്കുള്ള അവകാശം ഇതോടെ ലഭ്യമായെന്നു ഹിന്ദുവിഭാഗം അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു.

വിശ്വനാഥ ക്ഷേത്രത്തിലെ പൂജാരിമാരാണ് പ്രാർഥന നടത്തേണ്ടതെന്നും കോടതി നിർദേശിച്ചു. മസ്ജിദില്‍ പൂജക്ക് അനുവാദം നല്‍കണമെന്ന് നേരത്തേ ഹിന്ദുവിശ്വാസികള്‍ ആവശ്യപ്പെട്ടിരുന്നു. ഇവരുടെ ഹരജികളാണ് കോടതി പരിഗണിച്ചത്.

ഗ്യാൻവാപി മസ്ജിദ് ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വി.എച്ച്‌.പി അടക്കമുള്ള ഹിന്ദുത്വസംഘടനകള്‍ ആവശ്യമുന്നയിച്ചിരുന്നു. മസ്ജിദിലെ വുദുഖാനയില്‍ കണ്ടെത്തിയ നിർമിതി ‘ശിവലിംഗ’മാണെന്നും അതില്‍ ‘സേവ പൂജ’ നടത്താൻ ഹിന്ദുക്കളെ അനുവദിക്കണമെന്നായിരുന്നു ആവശ്യം. 2022 മേയ് മാസത്തിലാണ് വാരാണസി പ്രാദേശിക കോടതി പള്ളിയുടെ ഒരു വിഡിയോഗ്രാഫിക് സർവേ നടത്താൻ അനുമതി നല്‍കിയത്.

കോടതി അനുമതിയെത്തുടർന്ന് ആഗസ്റ്റ് നാലിന് സർവേ ആരംഭിച്ചു. പല തവണ കാലാവധി നീട്ടിവാങ്ങിയശേഷം ഡിസംബർ 18ന് റിപ്പോർട്ട് മുദ്രവെച്ച കവറില്‍ കോടതിക്ക് സമർപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് പ്രസ്തുത രഹസ്യ റിപ്പോർട്ട് കക്ഷികള്‍ക്ക് ലഭ്യമാക്കാൻ കോടതി അനുവദിച്ചത്.

ഈ സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മസ്ജിദ് പൊളിച്ച്‌ ക്ഷേത്രം പണിയണമെന്ന ആവശ്യവുമായി വി.എച്ച്‌.പിയുടെ രംഗപ്രവേശം. അതിനിടെ, ഈ സ്ഥലത്ത് ക്ഷേത്രം നിർമിക്കണമെന്നാവശ്യപ്പെട്ട ഹരജികളെ ചോദ്യം ചെയ്ത് സമർപ്പിച്ച മസ്ജിദ് കമ്മിറ്റിയുടെ ഹരജികള്‍ അലഹബാദ് ഹൈകോടതി തള്ളിയിരുന്നു.

ഹിന്ദുക്ഷേത്രം തകർത്താണോ 17ാം നൂറ്റാണ്ടില്‍ മസ്ജിദ് നിർമിച്ചതെന്ന് കണ്ടെത്താൻ 2023 ജൂലൈ 21നാണ് ആർക്കിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യക്ക് (എ.എസ്.ഐ) സർവേ നടത്താൻ ജില്ല കോടതി അനുമതി നല്‍കിയത്. ഇതിനെ ചോദ്യം ചെയ്ത് അഞ്ചുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി ഹൈകോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളി.

സുപ്രീംകോടതിയിലും ഹർജിയെത്തിയെങ്കിലും തള്ളുകയായിരുന്നു. ഗ്യാൻവാപി പള്ളിക്ക് താഴെ ക്ഷേത്രാവശിഷ്ടങ്ങളുണ്ടായിരുന്നോ എന്ന് പരിശോധിക്കാൻ പുരാവസ്തു വകുപ്പ് സർവേ നടത്തട്ടെ എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് വിധിച്ചത്.

ഡിസംബർ 18ന് സീല്‍ ചെയ്ത കവറില്‍ കോടതിക്ക് എ.എസ്.ഐ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഗ്യാൻവാപി പള്ളി നിർമിക്കുന്നതിനുമുമ്ബ് അവിടെ വലിയൊരു ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നതായാണ് എ.എസ്.ഐ റിപ്പോർട്ട് നല്‍കിയത്. പള്ളി നിർമാണത്തിന് നേരത്തേയുള്ള ക്ഷേത്രത്തിന്റെ തൂണുകളും മറ്റും ഉപയോഗിച്ചതായും റിപ്പോർട്ടില്‍ പറയുന്നു.

മസ്ജിദിന്റെ പടിഞ്ഞാറുഭാഗത്തെ ചുമർ നേരത്തേയുണ്ടായിരുന്ന ക്ഷേത്രത്തിന്റെതന്നെ ഭാഗമാണ്. ഇതു കല്ലുകൊണ്ടു നിർമിച്ച് അലങ്കരിച്ചതാണ്. മസ്ജിദിലെ തൂണും മറ്റും നേരത്തേയുണ്ടായിരുന്ന കെട്ടിടത്തിലേതു പരിഷ്കരിച്ച് ഉപയോഗിച്ചതാണ്. തൂണുകളിലെ കൊത്തുപണികളിൽ മാറ്റം വരുത്താനുള്ള ശ്രമവും പ്രകടമാണ്. നേരത്തേയുണ്ടായിരുന്ന മന്ദിരത്തിനു മുകളിൽ ഇപ്പോഴത്തേതു നിർമിച്ചതായാണ് കാണപ്പെടുന്നത്.

നേരത്തേയുണ്ടായിരുന്ന മന്ദിരം 17–ാം നൂറ്റാണ്ടിൽ ഔറംഗസേബിന്റെ കാലത്തു തകർത്തതാകാം. സമുച്ചയത്തിന്റെ ഭാഗമായ അറകളിലും മറ്റും ശിൽപങ്ങളുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട 34 ശിലാലിഖിതങ്ങൾ കണ്ടെത്തി. ഇതിൽ, ദേവനാഗരി, തെലുങ്ക്, കന്നഡ ഭാഷങ്ങളിലെ പൗരാണിക ഹിന്ദു ക്ഷേത്ര ലിഖിതങ്ങളും ഉണ്ട്. ജനാർദന, രുദ്ര, ഉമേശ്വര എന്നിങ്ങനെ 3 ആരാധനാമൂർത്തികളുടെ പേരും കണ്ടെത്തി– റിപ്പോർട്ടിൽ ഇപ്രകാരം കണ്ടെത്തലുകളുണ്ടെന്നു വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു.

ഭൂഗർഭ അവശിഷ്ടം പരിശോധിക്കാൻ ഉപയോഗിക്കുന്ന ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാർ (ജിപിആർ) സർവേ എഎസ്ഐ നടത്തിയിട്ടുണ്ട്. കാശി വിശ്വനാഥ ക്ഷേത്രത്തോടു ചേർന്ന മസ്ജിദ് ഹിന്ദു ക്ഷേത്രത്തിന്റെ മുകളിലാണോ സ്ഥാപിച്ചതെന്ന ചോദ്യമുയർന്ന പശ്ചാത്തലത്തിലാണു ജൂലൈയിൽ മസ്ജിദ് സമുച്ചയത്തിൽ പുരാവസ്തു സർവേ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News