രാമൻ മറ്റെവിടെയാണ് സാർ ഉയരേണ്ടത്?

In Featured, Special Story
April 22, 2024
കൊച്ചി:രാമൻ മറ്റെവിടെയാണ് സാർ ഉയരേണ്ടത്? വടക്കും നാഥൻ്റെ മുറ്റത്തു തന്നെയാണ് രാമൻ ഉയർന്നു നിൽക്കേണ്ടത്. നിലവിലെ അവസ്ഥയിൽ സെൻ്റ് ഫെറോന പള്ളിയിലോ ചേരമാൻ മസ്ജിദിലോ ആണ് അതുയരേണ്ടത് എന്നാണ് താങ്കളുടെ മതേതര ബോധം ചിന്തിക്കുന്നതെങ്കിൽ, ഞാൻ വിമർശിക്കുന്നില്ല…
എഴുത്തുകാരനും അദ്ധ്യാപകനുമായ അര്യാലാൽ ഫേസ്ബുക്കിലെഴുതുന്നു.
“രാമൻ്റെ സ്വന്തവും രാമൻ സ്വന്തവും അല്ലാതെയൊന്നും ഇന്നിവിടെയില്ല. അങ്ങനെയുണ്ടായിരുന്നവർക്കും തോന്നുന്നവർക്കുമാണ് 1947 ൽ വീതം കൊടുത്ത് പറഞ്ഞയച്ചത്.പരമോന്നതവും ഉദാരവുമായ നീതിപീഠം പള്ളിയുടെ വിലാസം കിലോമീറ്ററുകൾ അകലേയ്ക്ക് മാറ്റിയിട്ടും നിങ്ങൾ ഇപ്പോഴും അയോദ്ധ്യയിലേക്കാണ് ബാബർക്ക് കത്തെഴുതുന്നത്! തെറ്റായ വിലാസങ്ങൾ ലക്ഷ്യത്തിലെത്തുകയില്ല സർ”…അര്യാലാൽ തുടരുന്നു .
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ:————————————-
ണ്ടു ഭഗവതിമാരുടെ പ്രത്യഭിവാദനങ്ങളുടെ ചടങ്ങാണ് കുടമാറ്റം.തികച്ചും ഹൈന്ദവീയമായ ഒന്ന്. കാലങ്ങളുടെ ആചരണശീലങ്ങളും പങ്കാളിത്തവും കൊണ്ട് പൂരം എത്രകണ്ട് ജനകീയമായാലും അതിൻ്റെ വിശ്വാസപരമായ അടിസ്ഥാന മൂല്യങ്ങൾക്ക് ശോഷണമില്ല. പൂരത്തിന് ക്രിസ്ത്യാനിയോ മുസ്ലീമോ സർക്കാരോ സംഭാവന നൽകുന്നതുകൊണ്ട് അത് ‘മതേതര മാമാങ്കം’ ആകുന്നില്ല. വേളാങ്കണ്ണിപ്പള്ളിയിൽ എത്ര വിജാതീയർ തൊഴുതു കാണിക്കയർപ്പിച്ചാലും അത് ക്രിസ്ത്യൻ ദേവാലയം അല്ലാതാവുകയില്ലല്ലോ!
ഇനി നമുക്ക് വിഷയത്തിലേക്ക് വരാം.
പൂരപ്പറമ്പിൽ ‘കോദണ്ഡരാമൻ’ ഉയർന്നതാണ് സാറിന് വൃത്തികേടായിത്തോന്നുന്നത്. രാമനെ ‘ഒളിച്ചു കടത്തുക’യായിരുന്നില്ല.ഉയർത്തി നിർത്തി പ്രദർശിപ്പിക്കുകയായിരുന്നു. ഇണങ്ങാത്ത വാക്കുകൾ കൊണ്ട് വൃത്തികേടുണ്ടാക്കിയത് നിങ്ങളാണ്.
രാമൻ മറ്റെവിടെയാണ് സാർ ഉയരേണ്ടത്? വടക്കും നാഥൻ്റെ മുറ്റത്തു തന്നെയാണ് രാമൻ ഉയർന്നു നിൽക്കേണ്ടത്. നിലവിലെ അവസ്ഥയിൽ സെൻ്റ് ഫെറോന പള്ളിയിലോ ചേരമാൻ മസ്ജിദിലോ ആണ് അതുയരേണ്ടത് എന്നാണ് താങ്കളുടെ മതേതര ബോധം ചിന്തിക്കുന്നതെങ്കിൽ, ഞാൻ വിമർശിക്കുന്നില്ല.
======================================================================
നിർഭാഗ്യവശാൽ നമ്മുടെ മതേതരത്വം ‘ഒറ്റക്കണ്ണുള്ള ഒരു കഴുത’യാണ് എന്ന് അങ്ങയ്ക്കും അറിയാമല്ലോ. സെൻ്റ് ഫെറോനയിലും ചേരമാൻ മസ്ജിദിലും ഉയരാൻ മതേതരത്വം അനുവദിക്കാത്ത രാമനെ വടക്കുംനാഥൻ്റെ മുന്നിലും ഒരു വൃത്തികേടായി തോന്നുന്നത് കടുത്ത മനോരോഗമാണ്.
ബാബറി മസ്ജിദിൻ്റെ പടം കൂടി ചേർത്തിരിക്കുന്നതിൽ നിന്നും താങ്കൾ രാമനെ ‘പള്ളിപ്പറമ്പിലെ രാമ’നായിട്ടാണ് കാണുന്നത് എന്ന് ഊഹിക്കട്ടെ. ചരിത്രം മുന്നോട്ടു നടക്കുന്ന ഒരു തിരിഞ്ഞുനോട്ടക്കാരനാണ് എന്ന് താങ്കൾക്ക് അറിയാതില്ലല്ലോ?!1526 ലെത്തി ഓർമ്മ സ്തംഭിച്ചു പോകുന്നത് മറ്റൊരു രോഗമാണ്. ഇന്ത്യയിൽ ചരിത്രം ആംഭിക്കുന്നതും അവസാനിക്കുന്നതും 1526 ൽ അല്ല. അയോദ്ധ്യയിലെ പള്ളി സ്വയംഭൂവായ ഒരു ദേവാലയമല്ല. രാമജന്മഭൂമിയുടെ വീണ്ടെടുക്കൽ എന്നത് ഇടവേളകളോടു കൂടിയ ഒരു യുദ്ധമായിരുന്നു ഇന്ത്യയിൽ. കരുത്തും ഭാഗ്യവും ഒന്നിച്ചു വന്നിട്ടും ജനാധിപത്യത്തെ വണങ്ങുകയാണ് വിശ്വാസം ചെയ്തത്. നിർമ്മാണത്തിന് പരമോന്നത നീതിപീഠത്തിൻ്റെ വിധിവരെ അതു കാത്തുനിന്നു. വൈദേശികാധിപത്യത്തിൻ്റെ,അപമാനത്തിൻ്റെ അടയാളത്തെ തകർക്കുന്നതിന് ക്ഷമ അനുവദിച്ചില്ല എങ്കിലും ‘രാഷ്ട്ര ചേതന’യുടെ നിർമ്മാണത്തിന് അവർ രാമനിലും ജനാധിപത്യത്തിലും വിശ്വസിച്ച് കാത്തിരുന്നു.
രാമനെ ‘പള്ളിപ്പറമ്പിലെ രാമൻ’ എന്നു വിളിക്കുന്നതിൽ തെറ്റില്ല; ആ പള്ളിപ്പറമ്പും രാമൻ്റേതായിരുന്നു ! രാമൻ്റെ സ്വന്തവും രാമൻ സ്വന്തവും അല്ലാതെയൊന്നും ഇന്നിവിടെയില്ലാ. അങ്ങനെയുണ്ടായിരുന്നവർക്കും തോന്നുന്നവർക്കുമാണ് 1947 ൽ വീതം കൊടുത്ത് പറഞ്ഞയച്ചത്.പരമോന്നതവും ഉദാരവുമായ നീതിപീഠം പള്ളിയുടെ വിലാസം കിലോമീറ്ററുകൾ അകലേയ്ക്ക് മാറ്റിയിട്ടും നിങ്ങൾ ഇപ്പോഴും അയോദ്ധ്യയിലേക്കാണ് ബാബർക്ക് കത്തെഴുതുന്നത്! തെറ്റായ വിലാസങ്ങൾ ലക്ഷ്യത്തിലെത്തുകയില്ല സർ.
==================================================================================
ഇന്ത്യ ഇപ്പോൾ ഇങ്ങനെയാണ്. നിങ്ങൾ ഇങ്ങനെയായതുകൊണ്ടാണ് ഇന്ത്യ ഇങ്ങനെയായത്. സത്യത്തിൽ നിങ്ങളോടെല്ലാം ഉപകാരസ്മരണ വേണ്ടതാണ്. നിങ്ങൾക്ക് എല്ലാ ദേശീയ ബിംബങ്ങളും വൃത്തികെട്ടതായി തോന്നിത്തുടങ്ങിയപ്പോളാണ് രാജ്യത്തിന് നിങ്ങളുടെ വൃത്തികേട് മനസ്സിലായത്. മതേതരത്വത്തെ ഏകപക്ഷീയമായ പ്രീണനമാക്കുന്നത്, അമ്പലമുറ്റത്ത് ഇഫ്താർ ഒരുക്കുന്നത്,വിഷുക്കണിയിൽ നിന്നും കൃഷ്ണനെ ഇറക്കിവിട്ട്, കലപ്പയും കത്തിയും വച്ച് കൃഷിയുത്സവമാക്കുന്നത്, ഓണം ഫ്യൂഡൽ ആഡംബരമാക്കുന്നത് കുറഞ്ഞ പക്ഷം തൃക്കാക്കരത്തേവരെ ഒഴിവാക്കി മതേതര കാർഷിക ആഘോഷമെങ്കിലുമാക്കുന്നത്, ക്ഷേത്രനടയിൽ തൊഴുന്ന ഭക്ത സഖാവിനോട് മാപ്പെഴുതി വാങ്ങുന്നത്, പാർട്ടി സമ്മേളനത്തിനിടയിലും നിസ്കാരപ്പായ വിരിച്ചു കൊടുക്കുന്നത്,
പള്ളിത്തർക്കങ്ങളിൽ കോടതി വിധി ഒച്ചിൻ്റെ മേൽ യാത്ര ചെയ്യുമ്പോൾ ശബരിമലയിൽ ചീറ്റപ്പുലി കോടതി വിധിയും കൊണ്ടു പായുന്നത്,ഒരു തീർത്ഥാടനത്തിന് സബ്സിഡി നൽകാൻ മറ്റൊരിടത്തു നിന്ന് ഇരട്ടിയീടാക്കുന്നത് ഒക്കെ ജനം കാണുന്നുണ്ട്. ഇങ്ങനെയൊക്കെ ഞങ്ങളെയിങ്ങനെയാക്കിയതിൽ നന്ദിയുണ്ട് സർ.
=================================================================================
ശരിയാണ് രാമക്ഷേത്രത്തിന് മുന്നെ , തടസ്സമായ തർക്കമന്ദിരം തകർക്കേണ്ടി വന്നിട്ടുണ്ട്. പക്ഷെ നിങ്ങളൊന്നോർത്തുനോക്കൂ; വന്നുകൊണ്ടിരിക്കുന്ന സാംസ്കാരിക വിപ്ലവത്തിനു മുന്നെ തകർക്കപ്പെടാൻ പോലും ഒന്നും അവശേഷിപ്പിക്കാതെ ‘ഉപ്പുവെച്ച കലം’ പോലെ നിങ്ങൾ സ്വയം ദ്രവിച്ചു തീരുകയാണിന്ത്യയിൽ. കർമ്മഫലമാണത് .ഭാഗ്യവശാൽ ഇപ്പോൾ എഴുതിയ ‘പൂരം നഗരിയിലെ വൃത്തികേട്’ എന്ന ലേഖനത്തിനും ചിത്രത്തിനും പോലും അതിൽ തൻ്റേതായ ഒരു പങ്കുണ്ട്. വീണ്ടും നന്ദി പറയട്ടെ !
ഇതൊക്കെ എഴുതുമ്പോഴും നിങ്ങളോടുള്ള ആദരവിന് കുറവില്ല. ഈ മാറ്റത്തിന് മുഖം തിരിഞ്ഞു നിൽക്കാൻ കഴിയാത്ത ഒരു സത്യസന്ധത നിങ്ങളിലും ഉണ്ടാകും എന്ന വിശ്വാസവുമുണ്ട്. കാലമാണ് എല്ലാത്തിൻ്റെയും അധിപൻ. വിവേകത്തിൻ്റെ വാഹനത്തിന് ക്ഷമാപൂർവ്വം കാത്തു നിൽക്കുകയാണ്. നന്ദി