ക്ഷത്രിയൻ
കളമശേരിയിലെ പോളി ടെക്നിക് കോളജ് ഹോസ്റ്റലിൽനിന്ന് കഞ്ചാവ് പിടികൂടിയതിന് വിപ്ലവക്കുട്ടികളെ പഴിചാരാൻ തിടുക്കപ്പെടുകയാണ് ചിലർ. തികച്ചും ക്രൂരമാണ് ആ നിലപാട്.
തൊട്ടാൽ തന്നെ ഉന്മാദം ലഭിക്കുന്ന നൂതന രാസലഹരികൾ പ്രചാരത്തിലുള്ള ഇക്കാലത്ത് കഞ്ചാവ് എന്ന പഴഞ്ചൻ ലഹരിയെ ചേർത്ത് പിടിച്ച വിപ്ലവക്കുട്ടികളെ പ്രശംസിക്കുകയാണ് വേണ്ടത്.
എന്തുമാത്രം സന്ദേശങ്ങളാണ് കഞ്ചാവ് നൽകുന്നതെന്ന് എന്തേ വിമർശകരാരും ചിന്തിക്കുന്നില്ല! കളമശേരിയിലെ കുട്ടികൾ കഞ്ചാവ് നട്ടുവളർത്തുകയൊന്നുമല്ലല്ലോ ചെയ്തത്. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ കഞ്ചാവ്കൃഷി സിപിഐ മന്ത്രിയുടെ വകുപ്പിന് ഉത്തേജനം നൽകാനാണെന്ന് കുറ്റപ്പെടുത്താമായിരുന്നു.
കളമശേരി സംസ്ഥാനത്തെ പ്രമുഖ വ്യവസായ നഗരമാണ്. വ്യവസായ മന്ത്രിയുടെ നിയോജകമണ്ഡലം കൂടിയാണ്. അങ്ങനെയൊരു സ്ഥലത്ത് കഞ്ചാവ് വിപണനം ഒരു വ്യവസാമായി വളർത്താമെന്നേ പാവം കുട്ടികൾ കരുതിക്കാണൂ. അതൊരു തെറ്റാണോ?
സ്റ്റാർട്ടപ്പുകളുടെ കാലമാണിത്. പോളിയിലെ കുട്ടികളും അങ്ങനെയൊരു സ്റ്റാർട്ടപ്പ് തുടങ്ങിയതാണെന്ന് വച്ചാൽ പോരേ? സ്റ്റാർട്ടപ്പുകളുടെ എണ്ണം വർഷം തോറും പെരുപ്പിക്കൽ സർക്കാർ നയമാണ്. പെട്ടിക്കടയും മുട്ടപ്പീടികയും വരെ സ്റ്റാർട്ടപ്പ് പട്ടികയിൽ കണക്കാക്കുന്ന കാലത്ത് പോളിയിലെ കഞ്ചാവ് കച്ചവടവും അതിൽ ഉൾപ്പെടുത്താവുന്നതാണ്.
കഞ്ചാവ് വ്യവസായത്തിനു പിന്നിലെ കാണാക്കാഴ്ചകൾ പിന്നേയുമുണ്ട്. ഹോളി ആഘോഷത്തിൻറെ ഭാഗമായാണ് കഞ്ചാവ് കച്ചവടം എന്നതിൽ തന്നെയുണ്ട് ന്യൂജെൻ ചിന്ത. നിറങ്ങളുടെ ഉത്സവമാണ് ഹോളി.
പരസ്പരം ചായം തേക്കുന്ന മനോഹരമായൊരു ആചാരം. കഞ്ചാവിൻറെ ഉന്മാദത്തിലായാൽ അങ്ങനെ ചായം തേക്കുകയും ആൾക്കാരുടെ വസ്ത്രവും ശരീരവും നിറത്തിൽ കുളിപ്പിക്കുകയും ചെയ്യേണ്ട ആവശ്യമില്ല.
ഒന്നും ചെയ്യാതെ തന്നെ മറ്റുള്ളവരുടെ ശരീരവും വസ്ത്രവുമൊക്കെ നിറത്തിൽ കുളിച്ചതാണെന്ന് തോന്നിത്തുടങ്ങും. ആഗ്രഹിക്കുന്നതെന്നും സ്വപ്നം കാണാനുള്ള കഴിവ് കഞ്ചാവടിച്ചാൽ കിട്ടുമെന്നത് തന്നെ കാരണം. ഫലം വസ്ത്രവും ശരീരവും വൃത്തികേടാകുന്ന അവസ്ഥ ഇല്ലാതാകും.
മഴവില്ലിനെക്കാൾ അഴകാകും കഞ്ചാവടിച്ചർ കാണുന്ന കാഴ്ചകൾക്ക് എന്നതാണ് കാവ്യാതമകമായുള്ള വിശദീകരണം. പണമിടപാട് മുതൽ യാചന വരെ ഡിജിറ്റൽ ആയി വരുന്നേടത്ത് ഹോളിയിലെ നിറക്കാഴ്ചകളും ‘ഡിജിറ്റലിൽ’ എന്നവണ്ണം ആകുമെന്ന് ചുരുക്കം. പോളിയിലെ കുട്ടി നേതാവ് കഞ്ചാവ് വിൽക്കാൻ മുതിർന്നതിനെ കുറ്റപ്പെടുത്താതിരിക്കാൻ ഇനിയുമുണ്ട് ന്യായങ്ങൾ.
സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവുമൊക്കെ പ്രാവർത്തികമാക്കാനുള്ള വിദ്യയാണ് കച്ചവടത്വരയ്ക്ക് പിന്നിൽ. ഹോളിയെത്തും മുൻപ് ആവശ്യക്കാരിൽ നിന്ന് പണം സ്വരൂപിച്ചാണത്രെ കച്ചവട വസ്തുക്കൾ ഒരുക്കിയത്. കച്ചവടത്തിനുള്ള സ്വാതന്ത്ര്യവും മറ്റുള്ളവരിൽ നിന്ന് പണം സ്വരൂപിക്കുന്ന ജനാധിപത്യവും കഞ്ചാവടിച്ചാൽ എല്ലാവരും ഒന്നുപോലെ എന്നുള്ള സോഷ്യലിസവും മാത്രമേ വിപ്ലവക്കുട്ടി മനസിൽ കണ്ടിരിക്കാനിടയുള്ളൂ.
പണം പിരിച്ചുള്ള കഞ്ചാവ് കച്ചവടത്തിന് സഹരണത്തിൻറെ മാനവും നൽകേണ്ടതുണ്ട്. ഭാവിയിൽ ഏതെങ്കിലും കരുവന്നൂരിൻറെ ഭരണചക്രം തിരിക്കാനൊക്കെയുള്ളതല്ലേ. പോളിയിലെ കഞ്ചാവ് കാര്യത്തിൽ ജാഗ്രതക്കുറവുണ്ടായി എന്ന സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം കഞ്ചാവടിച്ചുള്ളതാകാൻ വഴിയില്ല.
പുതിയ സ്ഥാനം ലഭിച്ചതിന് ശേഷമുള്ള ആദ്യത്തെ പ്രതികരണം താൻ ‘ആറ്ഷോ’യെയും കവച്ചുവെക്കുമെന്ന സൂചന നൽകുന്നുണ്ട്. പക്ഷെ സംസ്ഥാന സെക്രട്ടറി സത്യം പറഞ്ഞുവെന്നത് സത്യം. ജാഗ്രതക്കുറവുണ്ടായി എന്നത് പെർഫെക്ട് കമ്മൻറ്. കച്ചവടമൊക്കെ ശരി, അത് ഒളിച്ചുവക്കാനുള്ള ജാഗ്രതകൂടി വേണമെന്നാണ് സംസ്ഥാന സെക്രട്ടറി പറഞ്ഞതിൽ നിന്ന് മനസിലാക്കേണ്ടത്.
അങ്ങനെ ഒളിച്ചുവച്ചിരുന്നെങ്കിൽ റെയ്ഡിനു വന്ന പൊലീസ് ഇളിഭ്യരായി മടങ്ങിയേനെ. പോളിയിൽ നിന്ന് കഞ്ചാവ് പിടിച്ച പൊലീസുകാർ ഉടുപ്പുകളും അത്യാവശ്യ വസ്തുക്കളും കൊള്ളാവുന്ന പെട്ടി കരുതിവയ്ക്കുന്നത് നന്നായിരിക്കും. എപ്പോഴാണ് സ്ഥലം മാറ്റം വരികയെന്ന് ഡിജിപിക്ക് പോലും പറയാൻ കഴിഞ്ഞെന്ന് വരില്ല.
കായംകുളത്ത് പാലത്തിന് താഴെയിരുന്ന് ആത്മാവ് പുകയിച്ച പയ്യനെതിരെ കേസെടുത്ത എക്സൈസുകാർക്ക് ‘സ്വാഭാവിക സ്ഥലം മാറ്റം’ ലഭിച്ചത് അടുത്ത കാലത്താണ്. പോളിയിലെ കേസിൽപ്പെട്ട പയ്യൻറെ അച്ഛനമ്മമാർ എം എൽ എ അല്ലാത്തത് കൊണ്ട് പൊലീസുകാർക്ക് കുറച്ചെങ്കിലും പിടിച്ചുനിൽക്കാൻ കഴിഞ്ഞേക്കുമെന്ന് മാത്രം.
Post Views: 61