കെ. ഗോപാലകൃഷ്ണൻ
ഇന്ത്യയുടെ കഥകളെയും പാരമ്പര്യങ്ങളെയുംകുറിച്ചുള്ള ഗാന്ധിയുടെ ധാരണയും ആഫ്രിക്കയിലെ പാർശ്വവത്കരിക്കപ്പെട്ട ശബ്ദങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ ശ്രദ്ധയുമാണ് ലോകത്തെ ഏറ്റവും വിജയകരമായ സാമ്രാജ്യത്തെ പുറത്താക്കിയ ഒരു പ്രസ്ഥാനത്തെ ഒന്നിപ്പിക്കാൻ അദ്ദേഹത്തെ സഹായിച്ചത്. – ബറാക് ഒബാമ, യുഎസ് മുൻ പ്രസിഡന്റ്.
അടിച്ചമർത്തലുകൾക്കെതിരേയുള്ള വ്യക്തിപരമായ ത്യാഗത്തിന്റെയും സമർപണത്തിന്റെയും മഹത്തായ ഉദാഹരണം നമ്മുടെ രാജ്യത്തിനും ലോകത്തിനും ഗാന്ധിജി നൽകിയ നിരവധി പൈതൃകങ്ങളിൽ ഒന്നാണ്. – നെൽസൺ മണ്ടേല, ദക്ഷിണാഫ്രിക്കയുടെ മുൻ പ്രസിഡന്റ്
ഇതുപോലൊരു മനുഷ്യൻ മാംസവും രക്തവുമായി ഈ ഭൂമിയിൽ എപ്പോഴെങ്കിലും നടന്നിട്ടുണ്ടെന്ന് വരുംതലമുറകൾ വിശ്വസിക്കാൻ സാധ്യതയില്ല. – ആൽബർട്ട് ഐൻസ്റ്റീൻ, ശാസ്ത്രജ്ഞൻ.
വെളിച്ചം അണഞ്ഞുപോയി എന്നു ഞാൻ പറഞ്ഞു, എന്നിട്ടും എനിക്ക് തെറ്റി. എന്തെന്നാൽ, ഈ രാജ്യത്ത് പ്രകാശിക്കുന്ന വെളിച്ചം സാധാരണ വെളിച്ചമായിരുന്നില്ല. ഇത്രയും വർഷങ്ങളായി ഈ നാട്ടിൽ ജ്വലിച്ച ആ വെളിച്ചം ഇനിയും ഒരുപാട് വർഷങ്ങൾ ഈ നാടിനെ പ്രകാശിപ്പിക്കും. ആയിരം വർഷങ്ങൾക്കു ശേഷവും ആ വെളിച്ചം ഈ നാട്ടിൽ കാണുകയും ലോകം കാണുകയും അത് എണ്ണമറ്റ ഹൃദയങ്ങൾക്ക് ആശ്വാസം നൽകുകയും ചെയ്യും. – ജവഹർലാൽ നെഹ്റു, 1948.
മാനവികതയ്ക്കു പുരോഗമിക്കണമെങ്കിൽ ഗാന്ധി ഒഴിച്ചുകൂടാനാവാത്തതാണ്. സമാധാനത്തിന്റെയും ഐക്യത്തിന്റെയും ലോകത്തിലേക്ക് പരിണമിക്കുന്ന മാനവികതയുടെ കാഴ്ചപ്പാടിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് അദ്ദേഹം ജീവിക്കുകയും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തു. നമ്മുടെ സ്വന്തം ഉത്തരവാദിത്വത്തിൽ നമുക്ക് അദ്ദേഹത്തെ അവഗണിക്കാം. – ഡോ. മാർട്ടിൻ ലൂതർ കിംഗ്, ജൂണിയർ.
അദ്ദേഹം മനുഷ്യർക്കിടയിലെ മനുഷ്യനും വീരന്മാർക്കിടയിലെ നായകനും രാജ്യസ്നേഹികൾക്കിടയിലെ രാജ്യസ്നേഹിയുമാണ്. അദ്ദേഹത്തിൽ ഇന്ത്യൻ മാനവികത നിലവിൽ ഉന്നത നിലവാരത്തിൽ എത്തിയിരിക്കുന്നുവെന്ന് നമുക്ക് വ്യക്തമായി പറയാം. – ഗോപാലകൃഷ്ണ ഗോഖലെ.
മഹാത്മാഗാന്ധി ബുദ്ധനും യേശുക്രിസ്തുവിനും തുല്യമായി ചരിത്രത്തിൽ ഇടംപിടിക്കും. – മൗണ്ട് ബാറ്റൺ പ്രഭു.
ഞാനും മറ്റുള്ളവരും വിപ്ലവകാരികളായിരിക്കാം, പക്ഷേ ഞങ്ങൾ പ്രത്യക്ഷമായോ പരോക്ഷമായോ മഹാത്മാഗാന്ധിയുടെ അനുയായികളാണ്, അതിൽ കൂടുതലോ കുറവോയില്ല. – ഹോ ചി മിൻ, വിയറ്റ്നാം മുൻ പ്രസിഡന്റ്.
മഹാത്മാഗാന്ധിയോട് എനിക്ക് ഏറ്റവും വലിയ ആരാധനയും ബഹുമാനവുമുണ്ട്. മനുഷ്യപ്രകൃതിയെക്കുറിച്ച് ആഴത്തിൽ ധാരണയുള്ള ഒരു മഹാനായ മനുഷ്യനായിരുന്നു അദ്ദേഹം. മനുഷ്യന്റെ കഴിവിന്റെ നന്മകളുടെ പൂർണമായ വികാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും തിന്മകൾ കുറയ്ക്കുന്നതിനും നിയന്ത്രിക്കുന്നതിനും അദ്ദേഹം എല്ലാ ശ്രമങ്ങളും നടത്തി. ദലൈലാമ, ആത്മീയ നേതാവ്.
മനുഷ്യപ്രകൃതിയിൽ താങ്കൾ ഏറ്റവും കൂടുതൽ ആരാധിക്കുന്ന സ്വഭാവം എന്താണെന്ന് ചോദിച്ചപ്പോൾ, മഹാത്മാഗാന്ധി ലളിതമായും പെട്ടെന്നും മറുപടി പറഞ്ഞു, ‘ധൈര്യം’. – റിച്ചാർഡ് ആറ്റൻബറോ പ്രഭു. (ഫിലിം മേക്കർ).
ആയിരങ്ങൾക്കു വഴികാട്ടി
മഹാത്മാഗാന്ധി പലർക്കും വഴികാട്ടി. പലരെയും പ്രചോദിപ്പിച്ചു. പലരെയും തിരുത്തി. പലരെയും പ്രോത്സാഹിപ്പിച്ചു. അത് ആയിരങ്ങളെ ആയിരിക്കാം. മനുഷ്യരാശിക്കും അവരുടെ ക്ഷേമത്തിനും വേണ്ടി അദ്ദേഹത്തെയും അദ്ദേഹത്തിന്റെ തത്വശാസ്ത്രത്തെയും കുറിച്ച് എഴുതിയ നിരവധി പേരുണ്ട്. എല്ലാം ഉദ്ധരിക്കുക എന്നത് ഒരു ലേഖനത്തിൽ അസാധ്യമാണ്.
മേൽപറഞ്ഞ ഉദ്ധരണികൾ തന്നെ, പ്രധാനമന്ത്രി നരേന്ദ്ര മോദി തെറ്റിദ്ധരിച്ച് പറയുകയായിരുന്നുവെന്ന് വ്യക്തമാക്കാൻ പര്യാപ്തമാണ്: “മഹാത്മാ ഗാന്ധി ലോകത്തിലെ ഒരു വലിയ ആത്മാവായിരുന്നു. ഈ 75 വർഷത്തിനിടയിൽ, മഹാത്മാഗാന്ധിയെക്കുറിച്ച് ലോകത്തെ അറിയിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമല്ലേ? അദ്ദേഹത്തെക്കുറിച്ച് ആർക്കും അറിയില്ലായിരുന്നു. എന്നോട് ക്ഷമിക്കൂ, പക്ഷേ അദ്ദേഹത്തെക്കുറിച്ച് ലോകത്ത് ആദ്യമായി ജിജ്ഞാസ ഉണ്ടായത് ‘ഗാന്ധി’ എന്ന സിനിമ ചെയ്തപ്പോഴാണ്.
ഇന്തോ-ബ്രിട്ടീഷ് സഹകരണത്തിലൂടെയുണ്ടായ ഈ സിനിമ മികച്ച സ്വീകാര്യതയാണ് നേടിയത്. അത് മഹാത്മാഗാന്ധിയിലേക്കും അദ്ദേഹത്തിന്റെ മഹത്തായ പാഠങ്ങളിലേക്കും കൂടുതൽ വെളിച്ചംവീശി. കൂടാതെ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരേ അഹിംസയിലൂടെയും സമാധാനപരമായ നിസഹകരണത്തിലൂടെയും അദ്ദേഹം ഇന്ത്യക്കു സ്വാതന്ത്ര്യം നേടിത്തന്ന അതുല്യമായ വഴികളെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കീഴിലുള്ള ഇന്ത്യൻ ജനതയുടെ മഹത്തായ പ്രസ്ഥാനത്തെയും കൂടുതൽ പ്രകാശിപ്പിക്കുകയും ചെയ്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മറ്റു നേതാക്കൾക്കൊപ്പം മതേതര മൂല്യങ്ങളോടും സ്വതന്ത്ര ചിന്തയോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത മികച്ചതായിരുന്നു. രാഷ്ട്രീയ ശക്തികളിൽ ഒരു വിഭാഗം സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്തില്ല എന്നതും തെളിയിക്കപ്പെട്ട വസ്തുതയാണ്.
വ്യത്യസ്തമായ നിലപാടുകൾ
നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി എന്തിനുവേണ്ടി നിലകൊള്ളുകയും ജീവിക്കുകയും ചെയ്തുവെന്നതിനെക്കുറിച്ചും അദ്ദേഹത്തിന്റെ ദൗർഭാഗ്യകരമായ അന്ത്യത്തെക്കുറിച്ചും ലോകം മുഴുവൻ അറിഞ്ഞിരുന്നു എന്നതാണ് വസ്തുത. രാമരാജ്യം സ്ഥാപിക്കുന്നതിന് വേണ്ടി നിലകൊണ്ട ഗാന്ധിജി നാഥുറാം ഗോഡ്സെയുടെ വെടിയേറ്റപ്പോൾ തന്റെ മതവിശ്വാസം പ്രകടിപ്പിക്കുന്ന വിധത്തിൽ ‘ഹേ റാം’ എന്ന വാക്കുകളിലൂടെ തന്റെ ജീവിതം അവസാനിപ്പിച്ചു എന്നതാണ് ഒരു വേറിട്ട വസ്തുത.
മാധ്യമവാർത്തകൾ പരിശോധിച്ചാൽ, രാജ്യത്തിന്റെ വികസനത്തെക്കുറിച്ചും കൂടുതൽ തൊഴിലവസരങ്ങളെക്കുറിച്ചും സംസാരിച്ച ശേഷം ഹിന്ദുത്വ തത്വശാസ്ത്രത്തിലേക്കും ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണത്തിലേക്കും മാറുകയും അത്തരം പ്രസ്താവനകളിൽനിന്നും പിന്മാറുകയും ചെയ്ത നരേന്ദ്ര മോദിയുടെ നിലപാടിൽനിന്ന് അത് വ്യത്യസ്തമാണ്.
ഗാന്ധിജി സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി നിലകൊള്ളുകയും അവർക്കു പ്രയോജനകരമായ തീരുമാനങ്ങൾ എടുക്കാൻ പരസ്യമായി നിർദേശിക്കുകയും ചെയ്തു. “ഞാൻ നിങ്ങൾക്ക് ഒരു രക്ഷാകവചം തരാം’’ എന്നായിരുന്നു വിവിധ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്ന അദ്ദേഹത്തിന്റെ സന്ദേശം. “നിങ്ങൾക്ക് സംശയം തോന്നുമ്പോഴോ, അല്ലെങ്കിൽ സ്വയംമതിപ്പ് അമിതമായി തോന്നുമ്പോഴോ, ഇനിപ്പറയുന്ന പരിശോധന പ്രയോഗിക്കുക. നിങ്ങൾ കണ്ടേക്കാവുന്ന ഏറ്റവും ദരിദ്രനും ദുർബലനുമായ പുരുഷന്റെ (സ്ത്രീയുടെ) മുഖം ഓർമിക്കുക, സ്വയം ചോദിക്കുക, നിങ്ങളുടെ ചിന്ത അവന് (അവൾക്ക്) എന്തെങ്കിലും പ്രയോജനം ചെയ്യുമോയെന്ന് ’’.
ഏഴു പാപങ്ങൾ
ഏഴ് പാപങ്ങളെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകി. തത്വദീക്ഷയില്ലാത്ത രാഷ്ട്രീയം, അധ്വാനമില്ലാത്ത സമ്പത്ത്, മനഃസാക്ഷിയില്ലാത്ത വിനോദം, സ്വഭാവശുദ്ധിയില്ലാത്ത അറിവ്, ധാർമികതയില്ലാത്ത വാണിജ്യം, മനുഷ്യത്വമില്ലാത്ത ശാസ്ത്രം, ത്യാഗമില്ലാത്ത ആരാധന എന്നിവയെക്കുറിച്ച് 1925ൽ യംഗ് ഇന്ത്യയിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി. ഏഴ് പാപങ്ങൾ നമ്മെ നശിപ്പിക്കുമെന്ന് മഹാത്മാവ് പറഞ്ഞു. ഈ പാപങ്ങൾക്കെല്ലാം മറുമരുന്ന് വ്യക്തമായ ബാഹ്യ മാനദണ്ഡമോ അല്ലെങ്കിൽ സ്വാഭാവിക തത്വങ്ങളിലും നിയമങ്ങളിലും അധിഷ്ഠിതമായ ചിലതോ ആണ്, സാമൂഹിക മൂല്യങ്ങളിലല്ല എന്നതാണ് ശ്രദ്ധേയം. ഈ മൂല്യങ്ങൾ മുറുകെപ്പിടിക്കുകയും സംതൃപ്തമായ ജീവിതം നയിക്കുകയും ചെയ്യുന്ന നിരവധി പേർ രാജ്യത്തുണ്ട്.
80 കോടി ജനങ്ങൾക്കുള്ള റേഷനും തൊഴിലവസരങ്ങളും നിരവധി ക്ഷേമനടപടികളും ഉണ്ടായിട്ടും നമ്മുടെ സാഹചര്യം പരിശോധിച്ചാൽ സ്ഥിതി തൃപ്തികരമല്ല. മുൻ ആർബിഐ ഗവർണർ ദുവ്വൂരി സുബ്ബറാവു പറയുന്നതനുസരിച്ച്, “വെറും പൊതുനിക്ഷേപത്താൽ നയിക്കപ്പെടുന്ന നമ്മുടെ വളർച്ച ആത്മവിശ്വാസം നൽകുന്നില്ല. ഓട്ടത്തിൽ വിജയിക്കാനുള്ള പോരാട്ട സാധ്യത ലഭിക്കാൻ നാം എല്ലാ അടവുകളും എടുക്കേണ്ടതുണ്ട്.
കൂടാതെ, ഉത്പാദനക്കണക്കനുസരിച്ച് നാം ആഗോള തലത്തിലേക്ക് മുന്നേറുന്നത് സന്തോഷത്തിന് കാരണമാകാം, പക്ഷേ തീർച്ചയായും ആഘോഷത്തിനു വേണ്ടിയല്ല. നമ്മൾ ഒരു വലിയ സമ്പദ്വ്യവസ്ഥയായിരിക്കാം, കൂടുതലും വലിയ ജനസംഖ്യയുടെ ബലത്തിൽ, പക്ഷേ നമ്മൾ ഇപ്പോഴും ഒരു ദരിദ്രരാജ്യമാണ്. നിലവിലെ പ്രതിശീർഷ വരുമാനം 2,730 ഡോളർ ഉള്ളതിനാൽ, ഐക്യരാഷ്ട്ര സഭയിൽ നാം 136-ാം സ്ഥാനത്താണ്. ബ്രിക്സിൽ ഏറ്റവും ദരിദ്രരാജ്യമാണ് നമ്മുടേത്.
ജി 20യിലെ ഏറ്റവും ദരിദ്രരാണ് നാം, മറ്റേതൊരു രാജ്യത്തേക്കാളും ഇവിടെ കൂടുതൽ ദരിദ്രരുണ്ട്. കഥയുടെ വൃത്തികെട്ട ഭാഗം രണ്ട് പരസ്പരബന്ധിത വ്യാധികളാൽ നിർവചിക്കപ്പെടുന്നു – ജോലിയും അസമത്വവും. 2014ലെ മോദിയുടെ വാഗ്ദാനത്തിന് വിരുദ്ധമായി, തൊഴിലില്ലായ്മനിരക്ക് കഴിഞ്ഞ 10 വർഷമായി കുറഞ്ഞിട്ടില്ല. രണ്ട് കാര്യങ്ങൾ തൊഴിലില്ലായ്മ പ്രശ്നത്തെ പ്രത്യേകിച്ച് വിഷമിപ്പിക്കുന്നതാണ്. ആദ്യത്തേത് യുവാക്കളുടെ തൊഴിലില്ലായ്മയുടെ വലുപ്പമാണ്;
ഐഎൽഒയുടെ ഇന്ത്യൻ എംപ്ലോയ്മെന്റ് റിപ്പോർട്ട് പറയുന്നത് ഇന്ത്യയിലെ തൊഴിലില്ലാത്തവരിൽ 80 ശതമാനത്തിലധികം യുവാക്കളാണ്.
രണ്ടാമത്തെ സങ്കടകരമായ സവിശേഷത, കുറഞ്ഞ സ്ത്രീ തൊഴിൽ പങ്കാളിത്ത നിരക്ക്, ഇത് ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. വലിയ ജനസംഖ്യയുടെ മുതലെടുപ്പിനായി നമ്മൾ എങ്ങനെ തയാറെടുക്കുന്നു എന്നതിനെക്കുറിച്ച് വളരെയധികം മേനി നടിക്കുന്നുണ്ട്, പക്ഷേ ജോലിയില്ലെങ്കിൽ മുതലുമില്ലെന്ന് നമ്മൾ അറിഞ്ഞിരിക്കണം. അസമത്വം വർധിക്കുന്നതും ഉയരുന്ന തൊഴിലില്ലായ്മയുടെ അനന്തരഫലമാണ്.
അസമത്വത്തിന്റെ ആഴം
തോമസ് പികെറ്റി സഹരചയിതാവായ വേൾഡ് അസമത്വ ലാബിന്റെ സമീപകാല റിപ്പോർട്ടനുസരിച്ച്, ഇന്ത്യയിൽ വരുമാന അസമത്വം നിലവിൽ 1922ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ്. അസമത്വങ്ങൾ കുറയ്ക്കുന്നത് ഒരു ധാർമിക അനിവാര്യത മാത്രമല്ല, സുസ്ഥിരമായ വളർച്ചയ്ക്ക് ആവശ്യമായ വ്യവസ്ഥയാണെന്ന് വികസന അനുഭവത്തിൽനിന്ന് നമുക്കറിയാം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ സാഹചര്യമല്ല. നമ്മുടെ നേതാക്കൾ പൊതുവേദികളിൽനിന്ന് വ്യത്യസ്തമായി സംസാരിച്ചേക്കാം. ഗാന്ധിയൻ നടപടികൾ അവഗണിക്കരുത്. വോട്ട് ചെയ്യുന്നവർക്ക് എല്ലാ വസ്തുതകളോടും ചുറ്റുപാടുമുള്ള സാഹചര്യങ്ങളോടും സൂക്ഷ്മത ഉണ്ടായിരിക്കണമെന്നില്ല.
കഴിഞ്ഞ 35 വർഷമായി ഇന്ത്യ വളർന്നെങ്കിലും ആറു മുതൽ ഒമ്പതു ശതമാനം വരെ വളർച്ചയാണ് ഇന്ത്യ നേടിയതെന്ന വസ്തുത ഈയിടെ മുൻ ധനമന്ത്രി പി. ചിദംബരവും പൊതുസമൂഹത്തിനു മുന്നിൽ കൊണ്ടുവന്നിരുന്നു. രാജ്യത്തെ സമ്പത്തിന്റെ 97 ശതമാനവും നമ്മുടെ മുകൾ ഭാഗത്തുള്ള 71 കോടിയുടെ കൈവശമാണെങ്കിൽ, താഴത്തെ ഭാഗത്തുള്ള 71 കോടി ആളുകൾക്കുള്ള സമ്പത്ത് ബാക്കി മൂന്ന് ശതമാനമാണ്. എന്തൊരു ദയനീയമായ അവസ്ഥ! ചിദംബരം അവതരിപ്പിച്ച മൊത്തത്തിലുള്ള സ്ഥിതി ആശങ്കാജനകമാണ്. കേന്ദ്രം ഈ കണക്കുകളും അതിന്റെ പ്രത്യാഘാതങ്ങളും ഗൗരവമായി പരിശോധിക്കുകയും ആശങ്കാജനകമായ നിലപാട് കൈകാര്യം ചെയ്യാൻ പരിഹാര നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വികസനം ന്യായവും ഗുണപരവും ആരോഗ്യകരവുമാകുന്നതിന് ആവശ്യമായ പ്രവർത്തനത്തിനുള്ള സമയം.
അതെ, മഹാത്മജി അറിയപ്പെടുന്ന ഒരു ഇന്ത്യൻ നേതാവ് മാത്രമല്ല, അതിലും പ്രധാനമായി, മെച്ചപ്പെട്ട ഇന്ത്യയെക്കുറിച്ചു മികച്ച കാഴ്ചപ്പാടുള്ള ഒരു നല്ല അർഥവത്തായ നേതാവാണ്.
———————————————————————————————————————————————————————-
കടപ്പാട് : ദീപിക
———————————————————————————————————————————————————————————
( പ്രമുഖ രാഷ്ടീയ നിരീക്ഷകനായ കെ.ഗോപാലകൃഷ്ണൻ, മാതൃഭൂമിയുടെ എഡിറ്ററായിരുന്നു )
കൂടുതല് വാര്ത്തകള്ക്കായി
http://www.newsboardindia.com
സന്ദര്ശിക്കുക