കൊച്ചി : ചിറയിൻകീഴ് ഡോക്ടർ ജി ഗംഗാധരൻ നായർ സ്മാരക സമിതിയുടെ പ്രൊഫസർ ജി ശങ്കരപ്പിള്ളയുടെ പേരിലുള്ള പ്രഥമ സ്മാരക പുരസ്കാരം നാടക രചയിതാവും അമച്വർ നാടകപ്രവർത്തകനുമായ റിയാസിന് നൽകി. 10001 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം സീനിയർ ഇൻസ്പെക്ടർ ശ്രീ നളിൻ ബാബു പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. ലളിതകലാ അക്കാദമി ചെയർമാൻ ശ്രീ മുരളി ചിരോത്ത് മുഖ്യാതിഥി യായിരുന്നു.
കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി ഗോപാലകൃഷ്ണൻ അധ്യക്ഷനായ സമ്മേളനം പ്രശസ്ത സാഹിത്യകാരനും എഴുത്തച്ഛൻ പുരസ്കാര ജേതാവുമായ ഡോക്ടർ എസ് കെ വസന്തൻ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നടത്തി.സമിതി സെക്രട്ടറിയും ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠന കേന്ദ്രം പ്രിൻസിപ്പാൾ ഡോക്ടർ കെ യു കൃഷ്ണകുമാർ സ്വാഗതവും ശ്രീമതി കാഞ്ചന ജി നായർ ആമുഖപ്രസംഗവും നടത്തി.
മലയാള നാടകവും മാറുന്ന പ്രേക്ഷക ലോകവും എന്ന വിഷയത്തെക്കുറിച്ച് പ്രൊഫസർ പി എൻ പ്രകാശ്, പ്രശസ്ത നാടക നിരൂപകൻ, മുഖ്യപ്രഭാഷണംനടത്തി. ഗുരുവായൂർ ദേവസ്വം കലാനിലയം സൂപ്രണ്ട് ഡോക്ടർ മുരളി പുരനാട്ടുകര, പ്രൊഫസർ ജി ശങ്കരപ്പിള്ളയുടെ ” ചൊല്ലു സഞ്ജയ ചൊല്ലു ” എന്ന ലഘു നാടക ശബ്ദാ അവതരണം നടത്തുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.