February 6, 2025 6:43 pm

പാതിവില തട്ടിപ്പിലെ കോടികൾ വിദേശത്ത് ? ഇ ഡി രംഗത്തിറങ്ങുന്നു

കൊച്ചി: പാതി വിലയ്ക്ക് ഇരുചക്രവാഹനം, തയ്യല്‍ മെഷീന്‍, ലാപ്‌ടോപ് എന്നിവ വാഗ്ദാനം ചെയ്ത 1000 കോടി രൂപ തട്ടിച്ചു എന്ന് പോലീസ് സംശയിക്കുന്ന കേസിൽ എൻഫോഴ്സ്മെൻ്റെ് ഡയറക്ടറേററ് ( ഇ ഡി ) പ്രാഥമിക വിവര ശേഖരണം നടത്തുന്നു.

തട്ടിപ്പിലൂടെ മുഖ്യപ്രതി അനന്തു കൃഷ്ണന്‍ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നും പറയുന്നുണ്ട്. അയാൾ  രൂപീകരിച്ച ട്രസ്റ്റിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നോയെന്നാണ് ഇഡി സംശയിക്കുന്നത്.അനന്തു കൃഷ്ണന്റെ ഒറ്റ ബാങ്ക് അക്കൗണ്ടില്‍ മാത്രം 400 കോടി രൂപ എത്തിയിരുന്നു.

തട്ടിപ്പ് പുറത്താതതോടെ വിദേശത്തേക്ക് കടക്കാന്‍ ഇയാൾ ശ്രമിച്ചെന്ന വിവരവും പൊലീസിന് കിട്ടി. വിശ്വാസ്യതയുണ്ടെന്നു വരുത്താന്‍ മന്ത്രിമാരും എംഎല്‍എമാരും അടക്കമുള്ള ജനപ്രതിനിധികളെയും പ്രതി  ഉപയോഗപ്പെടുത്തി. വിതരണോദ്ഘാടനത്തിനു ജനപ്രതിനിധികള്‍ എത്തിയതോടെ തട്ടിപ്പിന് കൂടുതല്‍ ആധികാരികതയും കൈവന്നു. അതേസമയം ചോദ്യം ചെയ്യലിനോട് പ്രതി സഹകരിക്കുന്നില്ലെന്ന് സൂചന.

പദ്ധതിക്കു ജനപ്രീതി ലഭിച്ചതോടെ ജനപ്രതിനിധികളും മുന്നിട്ടിറങ്ങുകയായിരുന്നു. ഓരോ ബ്ലോക്ക് പഞ്ചായത്തിലും സോഷ്യോ ഇക്കണോമിക് ആന്‍ഡ് ഡവലപ്‌മെന്റല്‍ സൊസൈറ്റി (സീഡ്) രൂപീകരിച്ചു. ഭാരവാഹികളായി രാഷ്ട്രീയ നേതാക്കളെയും പഞ്ചായത്ത് ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി എക്‌സിക്യൂട്ടീവ് കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു തട്ടിപ്പ്.

സംസ്ഥാനത്തൊട്ടാകെ നടന്ന പാതിവില തട്ടിപ്പിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇടുക്കിയിൽ മാത്രമായി ആയിരത്തോളം പരാതികൾ ലഭിച്ചിട്ടുണ്ട്. 21 കേസുകൾ രജിസ്റ്റർ ചെയ്തു. വയനാട് മാനന്തവാടിയിൽ നിന്നും 103 പേർ ഒപ്പിട്ട പരാതിയടക്കം നിരവധി പരാതികളാണ് ലഭിച്ചത്. പാറത്തോട്ടം കർഷക വികസന സമിതിയെയും അനന്തു കൃഷ്ണനെയും പ്രതിചേർത്തിട്ടുള്ളതാണ് പരാതികൾ.

അതേസമയം അനന്ദു കൃഷ്ണന്റെ പേരിൽ 19 ബാങ്ക് അക്കൗണ്ടുകൾ ഉള്ളതായി പൊലീസ് മനസ്സിലാക്കിയിട്ടുണ്ട്. ഈ അക്കൗണ്ടുകൾ വഴി 450 കോടി രൂപയുടെ ഇടപാട് നടന്നതായാണ് പ്രാഥമിക വിലയിരുത്തൽ. ഇതിൽ രണ്ടു കോടി രൂപ പ്രതി ഭൂമി വാങ്ങാനായി ഉപയോഗിച്ചു. അനന്തുവിന്റെ സഹോദരിയുടെ പേരിലും സഹോദരിയുടെ ഭർത്താവിന്റെ പേരിലും ഭൂമി വാങ്ങി.

 

Details of custody application of Ananthu Krishnan CSR fund scam

എ എൻ രാധാകൃഷ്ണൻ, അനന്തു കൃഷ്ണൻ

 

അനന്തു കൃഷ്ണൻ കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ എൻ രാധാകൃഷ്ണൻ മാധ്യമ പ്രവർത്തകരെ കണ്ടു. തിരുവനന്തപുരം സായ് ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാര്‍  ആണ് ഈ പദ്ധതി തനിക്ക് വിശദീകരിച്ച് തന്നതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളിയും ശിവൻകുട്ടിയും പങ്കെടുത്ത പരിപാടികളുടെ ചിത്രവും തന്നെ കാണിച്ചിരുന്നു.  തിരുവനന്തപുരം പ്രസ് ക്ലബുമായി ഉള്ള സഹകരണത്തെ കുറിച്ചും തന്നോടു പറഞ്ഞുവെന്ന് രാധാകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തൻ്റെ നേതൃത്വത്തിലുള്ള സൈൻ എന്ന സംഘടനയും തട്ടിപ്പിൻ്റെ ഇരയാണെന്ന് അദ്ദേഹം പരാതിപ്പെട്ടു.

പദ്ധതിയുടെ പേരിൽ താൻ ഒരു രൂപ പോലെ കൈപറ്റിയിട്ടില്ല. മൂവാറ്റുപുഴയിൽ അനന്തുവിനെതിരെ കേസെടുത്ത ശേഷവും കോഴിക്കോട് ഐജി ഓഫിസിൽ ആസ്ഥാനത്ത് നാഷണൽ എൻജിഒ കോൺഫെഡറേഷൻ പരിപാടി നടത്തി. ഒക്ടോബർ 30-നായിരുന്നു പരാതി. ഐ ജി സേതുരാമനായിരുന്നു ഉദ്ഘാടകൻ.ആ പരിപാടിയിലും അനന്തു പങ്കെടുത്തിരുന്നെന്ന് രാധാകൃഷ്ണൻ വ്യക്തമാക്കി.

തട്ടിപ് നടത്തിയ കേസില്‍ താനും കബളിപ്പിക്കപ്പെട്ടതാണെന്ന് സായ് ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ എന്‍ ആനന്ദകുമാര്‍ പറഞ്ഞു. തട്ടിപ്പിന്റെ മുഴുവന്‍ ഉത്തരവാദിയും അനന്തുകൃഷ്ണന്‍ ആണ്. അനന്തുകൃഷ്ണന്റെ നാല് കമ്പനികളാണ് ഇതില്‍ ഭാഗമായിട്ടുള്ളത്> പണം മുഴുവന്‍ സ്വീകരിച്ചതും രസീത് കൊടുക്കുന്നതും കരാറുണ്ടാക്കിയതും അയാളാണ്. ഇടപാടുകളില്‍ തട്ടിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞാണ് താൻ അനന്തുവിൻ്റെ എന്‍ജിഒ കോണ്‍ഫഡറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് രാജിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

എന്‍ജിഒ കോണ്‍ഫഡറേഷന്‍ ചെയര്‍മാന്‍ ആയിരുന്ന സമയത്ത് സ്‌കൂട്ടര്‍ വിതരണം, തയ്യല്‍ മെഷീന്‍ വിതരണം എന്നിവയുമായി ബന്ധപ്പെട്ടുള്ള പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെന്നും ഏഴെട്ട് മാസമായി കോണ്‍ഫഡറേഷനുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

അനന്തുകൃഷ്ണന്‍ ഉള്‍പ്പെട്ട പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിനെതിരെ പൊലീസ് കേസെടുത്തതിന് വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ രംഗത്ത് വന്നു.ഇക്കാര്യം അന്വേഷിച്ചപ്പോള്‍ ലാലി വിന്‍സെന്റ് അവരുടെ നിയമോപദേശക ആയിരുന്നു എന്നാണ് മനസ്സിലായത്. നിയമോപദേശകക്ക് എതിരെ എങ്ങനെയാണ് കേസെടുക്കുക എന്ന് മനസ്സിലാകുന്നില്ല. .

 

സി എസ് ആര്‍ ഫണ്ട തട്ടിപ്പ് : കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റും പ്രതി, മുഖ്യപ്രതി അനന്തുകൃഷ്ണനെതിരെ നൂറുകണക്കിന് പരാതികള്‍

       അനന്തു കൃഷ്ണൻ, ലാലി വിന്‍സെന്റ് 

 

കോൺഗ്രസ്സും ഇതിന്റെ ഭാഗമാണെന്ന് കാണിക്കാന്‍ വേണ്ടിയിട്ടാകും അത്തരത്തില്‍ കേസെടുത്തത്. ലാലി വിന്‍സെന്റ് ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന വക്കീലാണ്. അവരുടെ നിയമോപദേശക മാത്രമാണ്. അവരുടെ വക്കീല്‍ ആയിരിക്കും. വക്കീലിനെതിരെ കേസെടുക്കുമോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

തന്റെ മണ്ഡലത്തിലും കേരളത്തിലൊട്ടാകെയും തട്ടിപ്പുകള്‍ നടന്നിട്ടുണ്ട്. എല്ലായിടത്തും ബോര്‍ഡ് വെച്ച് വിതരണം ചെയ്യുകയാണ്.’എന്റെ കയ്യിലും കൊണ്ടുവന്ന് തന്നതാണ് ഒരു കരാർ.എന്റെ ഭാഗ്യത്തിന് അതിൽ ഒപ്പിട്ടില്ല’ എന്നും സതീശന്‍ പറഞ്ഞു.

അവര്‍ തന്നെയും സമീപിച്ചിരുന്നു. എന്‍ജിഒകളുടെയും സംഘടനകളുടേയും ഭാഗമായിട്ട് പല എംഎല്‍എമാരെയും സമീപിച്ചിട്ടുണ്ട്. പാതി വിലയ്ക്ക് പലയിടത്തും കൊടുത്തിട്ടുണ്ട്. ആദ്യത്തെ ഘട്ടത്തിൽ കൊടുക്കും. അപ്പോഴല്ലേ വിശ്വാസ്യത കൂടുകയുള്ളൂ. എത്ര ബിജെപി നേതാക്കളുടെ പടം വെച്ചുകൊണ്ടുള്ള ബോര്‍ഡാണ് എറണാകുളത്ത് വെച്ചിരുന്നത്. അവര്‍ ആരെപ്പറ്റിയും പൊലീസ് അന്വേഷിക്കുന്നില്ലല്ലോയെന്നും പ്രതിപക്ഷ നേതാവ് ആരാഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News