ഡോ.ജോസ് ജോസഫ്
പൃഥ്വിരാജ് അവതരിപ്പിച്ച ഹരീന്ദ്രൻ എന്ന സൂപ്പർ സ്റ്റാറിൻ്റെ കഥ പറഞ്ഞ ഡ്രൈവിംഗ് ലൈസൻസ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ലാൽ ജൂണിയർ സംവിധാനം ചെയ്യുന്ന മറ്റൊരു സൂപ്പർ സ്റ്റാർ ചിത്രമാണ് നടികർ.
സിനിമയ്ക്കുള്ളിലെ സിനിമയും ഡേവിഡ് പടിക്കൽ എന്ന സൂപ്പർ സ്റ്റാർ സ്വയം കണ്ടെത്തുന്നതുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.. നടികർ തിലകം എന്നാണ് ചിത്രത്തിന് ആദ്യം നൽകിയിരുന്ന പേര്.
നടികർ തിലകം ശിവാജി ഗണേശനോടുള്ള ആദര സൂചകമായി അദ്ദേഹത്തിൻ്റെ മകൻ പ്രഭുവിൻ്റെ അഭ്യർത്ഥനയെ തുടർന്ന് പേര് നടികർ എന്ന് മാറ്റുകയായിരുന്നു. ലാൽ ജൂണിയർ ചിത്രങ്ങളുടെ മുഖമുദ്രയായ ആഘോഷപ്പകിട്ട് നടികരിൽ ഉടനീളം നിലനിർത്തിയിട്ടുണ്ട്.
മദ്യപാന സദസ്സുകളും പൊടിയടിയും സ്ഥാനത്തും അസ്ഥാനത്തുമെല്ലാം ചേർത്തിട്ടുമുണ്ട്.ഹൈദരബാദ്, കാശ്മീർ, മൂന്നാർ , ദുബായ് തുടങ്ങിയ ലൊക്കേഷനുകളിലാണ് നടികർ ചിത്രീകരിച്ചത്.
ഗോഡ് സ്പീഡ് ആൻഡ് മൈത്രി മുവി മേക്കേഴ്സിൻ്റെ ബാനറിൽ നവീൻ യേർനേനി, വൈ രവിശങ്കർ, അലൻ ആൻ്റണി,അനൂപ് വേണു ഗോപാൽ എന്നിവരാണ് നടികരുടെ നിർമ്മാതാക്കൾ. തെലുങ്കിലെ വൻ ഹിറ്റായിരുന്ന അല്ലു അർജുൻ ചിത്രം പുഷ്പ ഒന്നിൻ്റെ നിർമ്മാതാക്കളാണ് മൈത്രി മൂവി മേക്കേഴ്സ്.അവരുടെ ആദ്യ മലയാള ചിത്രമാണ് നടികർ.
” റോസാപ്പൂ വിരിച്ച കിടക്കയല്ല, ഈ സ്റ്റാർഡം എന്നു പറയുന്നത് ” എന്ന നിത്യഹരിത നായകൻ പ്രേംനസീറിൻ്റെ അഭിമുഖത്തോടെയാണ് ചിത്രത്തിൻ്റെ തുടക്കം. അവിടെയെത്തണമെങ്കിൽ കഠിനാദ്ധ്വാനം വേണം. ഈശ്വരാധീനമുണ്ടാകണം.. അതു നിലനിർത്തണമെങ്കിൽ ആരോഗ്യം കാത്തു സൂക്ഷിക്കണം.
എല്ലാവരോടും നന്നായി പെരുമാറണം.മലയാള സിനിമയിൽ സ്വന്തം പരിശ്രമത്തിലൂടെ സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഉദിച്ചുയർന്ന യുവനടനാണ് ഡേവിഡ് പടിക്കൽ. ഒരു സൂപ്പർ സ്റ്റാറിൻ്റെ എല്ലാ ആഡംബരങ്ങളുമുണ്ട് അയാളുടെ ജീവിതത്തിൽ. ഏറ്റവും പുതിയ ആഡംബര വാഹനങ്ങളുടെ ശേഖരവും സ്റ്റൈലിഷ് ഡിസൈനർ വസ്ത്രങ്ങളുമെല്ലാം ഡേവിഡിന് സ്വന്തമായുണ്ട്. അച്ചടക്കമില്ലാത്ത ആഘോഷമാണ് അയാൾക്ക് ജീവിതം.
കെ പി എന്ന പൈലി (സുരേഷ് കൃഷ്ണ), ലെനിൻ (ബാലു വർഗീസ് ) എന്നിവരാണ് ഡേവിഡിൻ്റെ സന്തത സഹചാരികൾ. സ്റ്റാർഡത്തിൻ്റെ ഫാൻ്റസി ലോകത്ത് അഭിരമിക്കുന്ന ഡേവിഡിന് മണ്ണുമായി ബന്ധമൊന്നുമില്ല.ഡേവിഡിൻ്റെ മൂന്നു ചിത്രങ്ങൾ ബോക്സ് ഓഫീസിൽ തുടർച്ചയായി പരാജയപ്പെട്ടു.
വെല്ലുവിളി ഉയർത്തുന്ന റോളുകളൊന്നും അയാളെ തേടിയെത്തുന്നില്ല. അഭിനയിക്കാനു ള്ള ആത്മവിശ്വാസം നഷ്ടപ്പെട്ട അയാൾ സെറ്റുകളിൽ അലമ്പുണ്ടാക്കി തുടങ്ങി. തുറന്ന് സംസാരിക്കാനുള്ള അടുപ്പം ഡേവിഡിന് ആരോടുമില്ല. സംവിധായകൻ കോശിയുടെ (രഞ്ജിത്) സെറ്റിൽ ‘വഴക്കുണ്ടാക്കിയ ഡേവിഡ് ഒരു ഷോർട് ബ്രേക്ക് എടുക്കുന്നു.
പരാജയത്തിൻ്റെ മുനമ്പിൽ എത്തി നിൽക്കുന്ന തൻ്റെ അഭിനയ ജീവിതം തിരിച്ചു പിടിക്കണമെന്ന് ഡേവിഡിന് ആത്മാർത്ഥമായ ആഗ്രഹമുണ്ട്. അതിന് തടസ്സം അയാളുടെ സൂപ്പർ താര പദവിയാണെന്ന് ഒപ്പമുള്ളവർക്ക് അറിയാമെങ്കിലും തുറന്നു പറയാനുള്ള ധൈര്യം ആർക്കുമില്ല.
അവിടെയാണ് അയാളുടെ സഹായത്തിന് ആക്ടിംഗ് കോച്ചായി ബാല (സൗബിൻ) എത്തുന്നത്.നാടകമാണ് ബാലയുടെ കളരി. ഇണങ്ങിയും പിണണിയുമുള്ള ഇരുവരുടെയും ബന്ധം ഡേവിഡിൻ്റെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പ്രതാപം തിരിച്ചു പിടിക്കുമോ എന്നതാണ് ചിത്രത്തിൻ്റെ ക്ലൈമാക്സ്.
സിനിമയ്ക്കുള്ളിലെ സിനിമയായി അവസാന രംഗങ്ങളിൽ അനാഥത്വം പേറുന്ന ഡേവിഡിൻ്റെ ബാല്യകാലം വൈകാരികമായി വരച്ചു കാട്ടുന്നുണ്ട് സംവിധായകൻ. സ്റ്റാർഡത്തിനപ്പുറം താൻ ആരുമല്ല എന്ന് ഡേവിഡ് തിരിച്ചറിയുന്നു.എംപതി. മറ്റുള്ളവരെ മനസ്സിലാക്കാനുള്ള കഴിവ്. അതു മതി നല്ല ഒരു ആർട്ടിസ്റ്റിന്. ബാക്കിയെല്ലാം താനേ വന്നു കൊള്ളുമെന്നാണ് നടികർ നൽകുന്ന സന്ദേശം.
സുവിൻ എസ് സോമശേഖരനാണ് ചിത്രത്തിൻ്റെ തിരക്കഥ എഴുതിയിരിക്കുന്നത്. വിശാലമായ ക്യാൻവാസ്സിൽ വർണ്ണപ്പകിട്ടോടെ സൂപ്പർസ്റ്റാർ ഡേവിഡിൻ്റെ ജീവിതം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അയാൾ കടന്നു പോകുന്ന വൈകാരിക വിക്ഷോഭങ്ങളെ അതേ തീവ്രതയോടെ പ്രേക്ഷകർക്കു പകർന്നു നൽകുന്നതിൽ തിരക്കഥാകൃത്ത് പൂർണ്ണമായി വിജയിച്ചിട്ടില്ല.
സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കലിൻ്റെ വെല്ലുവിളി നിറഞ്ഞ വേഷം ടൊവിനോ തോമസ് ഭംഗിയാക്കി. സൂപ്പർ സ്റ്റാറിൻ്റെ സ്റ്റൈലിഷ് വേഷങ്ങളിൽ ടൊവിനോ പ്രത്യക്ഷപ്പെടുന്ന രംഗങ്ങൾ ആകർഷകമാണ്.വൈകാരിക രംഗങ്ങളിലും ആക്ഷനിലും ടൊവിനോ ഒരു പോലെ തിളങ്ങി.
ക്യാമറയ്ക്കു മുന്നിൽ പതറിപ്പോകുന്ന രംഗങ്ങളും വൈകാരികമായി മികച്ച ഭാവങ്ങളും ടൊവിനോ ഭദ്രമായി അവതരിപ്പിച്ചു. നായികാ നടിയായി എത്തുന്ന ഭാവന വളരെ കുറച്ച് രംഗങ്ങളിെലെ വന്നു പോകുന്നുള്ളു.പ്രത്യേകിച്ചൊന്നും ചെയ്യാനില്ല.
ആക്ടിംഗ് കോച്ച് ബാല ആയി എത്തുന്ന സൗബിൻ്റെ അഭിനയം ചിലയിടങ്ങളിൽ മുഴച്ചു നിൽക്കുന്നു. ബാലു വർഗീസ്, സുരേഷ് കൃഷ്ണ, സംവിധായകൻ രജ്ഞിത് തുടങ്ങിയവർ അവരുടെ വേഷങ്ങൾ ഭംഗിയാക്കി.
അനൂപ് മേനോൻ, ഇന്ദ്രൻസ്, വിജയ് ബാബു, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ലാൽ, അൽത്താഫ് സലിം, മധുപാൽ, ഗണപതി, മണിക്കുട്ടൻ, ചന്തു സലിംകുമാർ, ശ്രീകാന്ത് മുരളി, മാല പാർവ്വതി തുടങ്ങിയ നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.
ഒരു സൂപ്പർ താരത്തിൻ്റെ സ്വപ്നതുല്യമായ ജീവിതം ആൽബിയുടെ ക്യാമറ ദൃശ്യ മികവോടെ പകർത്തിയിട്ടുണ്ട്. യക്സൻ ഗാരി പെരേര, നേഹ എസ് നായർ എന്നിവരുടെ സംഗീതത്തിന് പ്രത്യേകതയൊന്നുമില്ല. സൂപ്പർ സ്റ്റാറിനെ സ്റ്റൈലിഷായി അണിയിച്ചൊരുക്കിയ കോസ്റ്റ്യൂം ഡിപ്പാർട്ട്മെൻ്റ് അഭിനന്ദനം അർഹിക്കുന്നു.
മദ്യപാന സദസ്സുകളും വഴിവിട്ട ബന്ധങ്ങളും ഏറെയുണ്ടെങ്കിലും സിനിമയ്ക്കുള്ളിലെ സിനിമയുടെ പശ്ചാത്തലത്തലത്തിൽ അവതരിപ്പിക്കുന്ന ‘ഫീൽ ഗുഡ് ‘ മൂവിയാണ് നടികർ.
————————————————————————————-
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
—————————————————————————–