ഡോ.ജോസ് ജോസഫ്
2024 ൻ്റെ തുടക്കത്തിൽ പ്രേക്ഷകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒരുമിച്ച മലൈക്കോട്ടൈ വാലിബൻ. മമ്മൂട്ടിയെ നായകനാക്കി കഴിഞ്ഞ വർഷം പുറത്തിറങ്ങിയ നൻ പകൽ നേരത്ത് മയക്കത്തിനു ശേഷം പുറത്തിറങ്ങുന്ന എൽജെപി ചിത്രം എന്ന നിലയ്ക്കും വാലിബൻ ശ്രദ്ധ നേടിയിരുന്നു.
വാലിബനിൽ മോഹൻലാൽ എത്തുന്നതോടെ തീയേറ്ററുകൾ കുലുങ്ങുമെന്നായിരുന്നു അവകാശവാദം. തീയേറ്റർ കുലുങ്ങിയൊന്നുമില്ലെങ്കിലും ഭ്രാന്തമായ മായക്കാഴ്‌ച്ചകൾ കൺമുന്നിലൂടെ മിന്നി മറയുന്ന മികച്ച ദൃശ്യാനുഭവമാണ് മലൈക്കോട്ടൈ വാലിബൻ.നാടോടിക്കഥ കേൾക്കുന്നതു പോലെയോ അമർ
ചിത്രകഥ വായിക്കുന്നതു പോലെയോ ഭാവനയ്ക്ക് അതിരുകളില്ലാത്ത ശൈലിയിലാണ് ചിത്രം മുന്നോട്ടു പോകുന്നത്.
പരമ്പരാഗത മോഹൻലാൽ ആക്ഷൻ ചിത്രങ്ങളുടെ വേഗത പ്രതീക്ഷിച്ച് വാലിബനെ കാണരുത്.പ്രശാന്ത് നീൽ ചിത്രങ്ങളിലേതു പോലെ ഒരോ സീനിലും തീയേറ്റർ കുലുക്കുന്ന ഫൈറ്റൊന്നും വാലിബനിൽ ഇല്ല. ചിത്രത്തിൻ്റെ തുടക്കം മുതൽ അവസാനം വരെ യോദ്ധാവായ വാലിബൻ്റെ യാത്ര കാളവണ്ടിയിലാണ്.
ആ യാത്രക്കൊരു പ്രത്യേക വേഗതയുണ്ട്. അത് അമിത വേഗതയല്ല. ചിത്രത്തിൻ്റെ കാലഘട്ടം ആവശ്യപ്പെടുന്നതു പോലെ ചിലപ്പോൾ മന്ദഗതിയിലും ചിലപ്പോൾ വേഗത്തിലും ഇടയ്ക്ക് വിശ്രമിച്ചുമെല്ലാമാണ് കാളവണ്ടിയുടെ യാത്ര.ലിജോയുടെതാണ് കഥ. തിരക്കഥ പി എസ് റഫീഖ്.
പതിവു ഫോർമാറ്റുകളിൽ നിന്ന് വ്യതിചലിച്ചാണ് ലിജോ വാലിബൻ്റെ കഥ പറയുന്നത്.സംവിധായകന് ഇഷ്ട്ടപ്പെട്ട ഫോർമാറ്റ് എല്ലാ പ്രേക്ഷകർക്കും തൃപ്തികരമായിക്കൊള്ളണം എന്നില്ല. അടിവാരത്തൂരിൽ തുടങ്ങി മാൻകൊമ്പൊടിഞ്ഞൂരും നൂറാനത്തലയൂരും മാങ്ങോട്ടൂരും കടന്ന് അമ്പത്തൂർ മലൈക്കോട്ടയിബത്തുന്ന പല അധ്യായങ്ങളിലായാണ് ലിജോ വാലിബൻ്റെ കഥ പറയുന്നത്.
പുലിമുരുകനെ അവതാരപ്പിറവിയായി വിശേഷിപ്പിക്കുന്നത് മൂപ്പനാണെങ്കിൽ ഇവിടെ ആ ദൗത്യം ചിന്നനാണ്.കാളവണ്ടിയിൽ കിടന്നുറങ്ങുന്ന വീരയോദ്ധാവ് മലൈക്കോട്ട വാലിബൻ്റെ അപദാനങ്ങൾ പ്രേക്ഷകർ ആദ്യം കേൾക്കുകയും പിന്നീട് കാണുകയുമാണ്. വടക്കൻപാട്ടുകളിലെ പാണനെ പോലെയാണ് ചിന്നൻ.
ഒരിടത്തൊരു ഫയൽവാൻ എന്നതു പോലെ ഒരിടത്തൊരു വാലിബൻ. ഒടിവിദ്യയും മന്ത്രവാദവും ആയോധനകലകളുമെല്ലാം വഴങ്ങുന്ന അമാനുഷനാണ് അയാൾ.ശക്തിയിൽ ബാഹുബലിയേക്കാൾ കേമൻ. ഒരേ സമയം നൂറു പേരെ എതിരിട്ടു തോൽപ്പിക്കാനും മലകളെ ഇളക്കി മാറ്റാനും കൂടാരങ്ങൾ പിഴുതെറിയാനുമെല്ലാം അയാൾക്കാവും..ഹനുമാനെപ്പോലെ ആകാരം വലുതാക്കാനും ചെറുതാക്കാനും കഴിവുള്ളവൻ. മലകളെ കീഴടക്കാൻ ജനിച്ചവൻ. എങ്കിലും മണ്ണിൽ ഉറപ്പിച്ചു നിർത്താൻ ഒരിടത്തും വേരുകളില്ലാത്ത നാടോടിയാണയാൾ.
ചെന്നു കയറാൻ ഇടമില്ല. കാത്തിരിക്കാൻ ആരുമില്ല. ഒരിടത്തും ഉറച്ചു നിൽക്കില്ല. പിതൃതുല്യനായ ആശാൻ അയ്യനാരും ( ഹരീഷ് പേരടി)അയാളുടെ മകൻ ചിന്നപ്പയ്യനുമാണ് ( മനോജ് മോസസ്) സന്തത സഹചാരികൾ. വാലിബൻ കീഴടക്കേണ്ട അന്തിമ ലക്ഷ്യം എന്താണെന്നതിൻ്റെ രഹസ്യ സൂക്ഷിപ്പുകാരനാണ് അയ്യനാർ.
ഓരോ കോട്ടകൾ കീഴടക്കുമ്പോഴും അടുത്ത എതിരാളികൾ വാലിബനെ കാത്തിരിക്കുന്നുണ്ടാവും.പൊടിക് കാറ്റ് വീശിയടിക്കുന്ന വരണ്ട ഭൂമികയിലൂടെയാണ് അയാളുടെ യാത്ര. പച്ചപ്പ് തീരെയില്ലാത്ത ഉണങ്ങി വരണ്ട ഭൂപ്രദേശങ്ങൾ.എം ജി ആറിൻ്റെ ഉലകം ചുറ്റും വാലിബനെ പോലെ കാത്തിരിക്കുന്ന എതിരാളികൾക്കരികിലേക്ക് മലൈക്കോട്ടൈ വാലിബനും യഥാസമയം എത്തും.മലൈക്കള്ളൻ, നാടോടി മന്നൻ തുടങ്ങിയ ആദ്യകാല എംജിആർ ചിത്രങ്ങളിലേതു പോലെ പാവപ്പെട്ടവരുടെ വിമോചനത്തിനു വേണ്ടി പോരാടുന്ന ഏഴെ തോഴനാണ് വാലിബൻ.ആയിരത്തിൽ ഒരുവൻ.
ചതിയുടെ ഏതു കളരിയും വേരോടെ പിഴുതെറിയും. ഇങ്ങനെ ആയിരമായിരം വാഴ്ത്തു പാട്ടുകളുള്ള വാലിബൻ ചിത്രത്തിൻ്റെ തുടക്കത്തിൽ എത്തുന്നത് അടിവാരത്തൂരിലെ കേളു മല്ലനെ നേരിടാനാണ്. കാളവണ്ടിയിൽ ഉറങ്ങിയും കള്ളു കുടിച്ചും മെല്ലെ പതിഞ്ഞ താളത്തിലാണ് ആ വരവ്.
ഏഴിമലൈക്കോട്ടയിലെ മയിൽ സ്വാമിയെന്നു വിശേഷിപ്പിക്കുന്ന ചമതകനും
( ഡാനിഷ് സേട്ട് ) രംഗപട്ടിനം രംഗറാണി എന്ന നർത്തകിയും (സോനാലി കുൽക്കർണി ) ചിന്നൻ്റെ കാമുകി ജമന്തിയും (കഥാ നന്തി) രംഗറാണിയുടെ തോഴി തേനമ്മയും (സജ്ഞന ചന്ദ്രൻ) നാടുകൾ താണ്ടിയുള്ള യാത്രയിൽ വാലിബന് ഒപ്പം കൂടിയവരാണ്. കാമവും പ്രണയവും വഞ്ചനയും ഒളിമുറകളും പ്രതികാരവുമെല്ലാം ഇവരോടൊപ്പം വാലിബന്റെ ജീവിതത്തിൽ പുതിയ ഏടുകൾ രചിക്കുന്നു .
കഥാപാത്രങ്ങൾ പലരും വന്നു പോകുന്നുണ്ടെങ്കിലും കെട്ടുകാഴ്ച്ചകളുടെ തേരോട്ടത്തിനിടയിൽ അതൊന്നും പ്രേക്ഷകരുമായി ശരിക്കും കണക്ട് ആകുന്നില്ല. മക്കാളെയുടെ പറങ്കിപ്പടയെ നേരിടുന്ന വാലിബനെ കാത്തിരിക്കുന്നത് ചതിയുടെ കെണികളാണ്.
“നീ കണ്ടതെല്ലാം പൊയ്,
ഇനി കാണപ്പോവതു നിജം “
യുദ്ധം പലത്. സത്യം പലത്. ഇതു വരെ കണ്ടതെല്ലാം കള്ളം.ഇനി കാണാൻ പോകുന്നതാണ് സത്യം. പല മഹായുദ്ധങ്ങളും സ്വന്തം കരുത്തിൽ ജയിച്ചു.ഇനി ജയിക്കാൻ എന്താണളളത്? ഒന്നുമില്ല. പറങ്കിപ്പടയോടുള്ള യുദ്ധം കഴിയുമ്പോൾ വാലിബൻ സ്വയം ചോദിക്കുന്ന ചോദ്യമാണത്. എല്ലാ മഹായുദ്ധങ്ങളും അവസാനിക്കുമ്പോൾ യോദ്ധാവിന് വലിയ ശൂന്യത അനുഭവപ്പെടും.സ്വന്തം പ്രതിഛായയിൽ ഉറഞ്ഞു പോയ യോദ്ധാവിൻ്റെ തിരിച്ചറിവാണത്. ഇനി നേരിടാനുള്ളതാണ് സത്യം. രണ്ടാം ഭാഗത്തിൻ്റെ സൂചന നൽകിയാണ് വാലിബൻ അവസാനിക്കുന്നത്.
നൻ പകൽ നേരത്ത് മയക്കത്തിലേതു പോലെ വൈഡ് ഷോട്ടുകളാൽ സമ്പന്നമാണ് മലൈകോട്ടൈ വാലിബനും. ഷോട്ടുകളുടെ മന്ദഗതി കാരണം ആദ്യ പകുതിയിൽ ഇടയ്ക്ക് ചെറിയ ലാഗ് അനുഭപ്പെടും.എന്നാൽ എൽ പി ജെ ശൈലി പരിചയമുള്ളവർക്ക് ഇതിൽ അസ്വാഭാവികത തോന്നില്ല.
നൻ പകൽ നേരത്ത് മയക്കത്തിലേതു പോലെ വാലിബനിലും യാഥാർത്ഥ്യവും ഫാൻ്റസിയും ഇടകലർന്നാണ് കിടക്കുന്നത്. നിറങ്ങളും വെളിച്ചവും നിഴലുമെല്ലാം കൃത്യമായി സന്നിവേശിപ്പിച്ച അതി മനോഹരമായ ഷോട്ടുകളാണ് ചിത്രത്തിലേത്. മരുഭൂമിയുടെയും നിലാവിൻ്റെയും സൂര്യൻ്റെയും മുഖംമൂടിയണിഞ്ഞ ആൾക്കൂട്ടത്തിൻ്റെയുമെല്ലാം ഫ്രെയിമുകൾ ഭ്രമിപ്പിക്കും.
ഉജ്വലമായ വിഷ്വൽ ട്രീറ്റ്മെൻ്റാണ് വാലിബൻ്റെ ഏറ്റവും വലിയ ഹൈലൈറ്റ്. അങ്കമാലി ഡയറീസ്, ആമേൻ, ഈ മ യൗ, ,ജല്ലിക്കട്ട് തുടങ്ങിയ ചിത്രങ്ങളിൽ ആൾക്കൂട്ടങ്ങൾ ചിത്രീകരിക്കുന്നതിൽ കാണിച്ച സൂപ്പർ ക്രാഫ്റ്റ്സ്മാൻഷിപ്പ് വാലിബനിലും ലിജോ ആവർത്തിച്ചിരിക്കുന്നു. ഒന്നു കൂടി മികവോടെ.
യോദ്ധാവിൻ്റെ ശരീര ഭാഷകൊണ്ടും നിയന്ത്രിത അഭിനയം കൊണ്ടും മലയാളത്തിലെ മറ്റൊരു നടനെയും സങ്കല്പിക്കാനാവാത്ത വിധം വാലിബനെ മനോഹരമാക്കിയിട്ടുണ്ട് മോഹൻലാൽ.ലാലിൻ്റെ താരപ്പകിട്ടും അഭിനയ മികവും തമ്മിലുള്ള മികച്ച സന്തുലനം ചിത്രത്തിൽ കാണാം. യുദ്ധത്തിലും നൃത്തത്തിലുമെല്ലാം മോഹൻലാലിൻ്റെ ചലനങ്ങൾ ഒരു യോദ്ധാവിൻ്റെ സ്വഭാവികതയോടെയാണ്.
ആക്ഷൻ രംഗങ്ങളിലും മിന്നുന്ന പ്രകടനമാണ് ലാലിൻ്റേത്. എതിരാളികളെ നിഷ്പ്രയാസം മലർത്തിയടിക്കുന്ന ഒരു വീരയോദ്ധാവാണോ എന്ന് ഒരിക്കലും സംശയം തോന്നുകയേയില്ല എന്നതാണ് മോഹൻലാലിൻ്റെ അഭിനയത്തിൻ്റെ വിജയം.വില്ലന്മാരിൽ ഹോളിവുഡ് മാനങ്ങളുള്ള ചതിയനായ ചമതകനെ അവതരിപ്പിച്ച ഡാനിഷ് സേട്ട് ഒരു പടി ‘ മുന്നിൽ നിൽക്കുന്നു. ബാറ്റ്മാൻ ചിത്രങ്ങളിലെ ജോക്കറിനെ ഓർമ്മിപ്പിക്കും.
ആശാനായി ഹരീഷ് പേരടിയും ചിന്നനായി മനോജ് മോസസും മികച്ച പ്രകടനം നടത്തി.നോട്ടം കൊണ്ടും നടനം കൊണ്ടും വശ്യതയുള്ള രംഗപട്ടിനം രംഗറാണിയായി സോണാലി കുൽക്കർണി തിളങ്ങി.എന്നാൽ ഈ കഥാപാത്രത്തെ തിരക്കഥയിൽ ആവശ്യത്തിന് വികസിപ്പിക്കാത്തത് പോരായ്മയായി. ജമന്തിയായി കഥാ നന്തിയും തേനമ്മയായി സജ്ഞന ചന്ദ്രനും ശ്രദ്ധേയമായ അഭിനയം കാഴ്ച്ച വെച്ചു.
അവിടവിടെയുള്ള ചിത്രത്തിൻ്റെ ലാഗ് മറി കടക്കാൻ സഹായിക്കുന്നത് മധു നീലകണ്ഠൻ്റെ ഛായാഗ്രഹണവും പ്രശാന്ത് പിള്ളയുടെ സംഗീതവുമാണ്. വിശാലമായ ക്യാൻവാസിൽ രചിച്ച അതി മനോഹരമായ പെയിൻ്റിംഗുകൾ പോലെ പൊലിമയുള്ളതാണ് മധു നീലകണ്ഠൻ്റെ ക്യാമറ ഒപ്പിയെടുത്ത ദൃശ്യങ്ങൾ. ദീപു എസ് ജോസഫിൻ്റെ എഡിറ്റിംഗും റോണക്സ് സേവ്യറിൻ്റെ മേക്കപ്പും ഗോകുൽ ദാസിൻ്റെ കലാ സംവിധാനവും ഉയർന്ന നിലവാരം പുലർത്തുന്നു.
——————————————————–
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ )
——————————