ഡോ ജോസ് ജോസഫ്
ഭൂതകാലവും ഭാവിയും കോർത്തിണക്കി ആറ് സഹസ്രാബ്ദങ്ങളിലെ വിസ്മയ കാഴ്ച്ചകളിലൂടെ ഒരു മിന്നൽ യാത്ര.
മഹാഭാരത യുദ്ധം തീരുന്ന ബിസി 3101 ൽ തുടങ്ങി കൽക്കിയുടെ അവതാരപ്പിറവി കാത്തിരിക്കുന്ന എ ഡി 2898 വരെ 6000 വർഷം നീളുന്ന മഹായാത്രയുടെ കഥ പറയുന്ന കൽക്കി 2898 എ ഡി ഒരു ഹോളിവുഡ് ലെവൽ ഇന്ത്യൻ ചിത്രമാണ്.
നാഗ് അശ്വിൻ സംവിധാനം ചെയ്ത ഈ പുതുയുഗ പോസ്റ്റ് അപ്പോകലിപ്റ്റിക് ചിത്രം സാങ്കേതിക മികവിൽ ഹോളിവുഡ് സിനിമകളോട് കിടപിടിക്കും. നടി സാവിത്രിയുടെ ജീവിതത്തെ അവലംബിച്ച് 2018 ൽ പുറത്തിറങ്ങിയ മഹാനടി എന്ന ക്ലാസ് ചിത്രം സംവിധാനം ചെയ്ത നാഗ് അശ്വിൻ്റെ തികച്ചും വ്യത്യസ്തമായ സംവിധാന സംരംഭമാണ് കൽക്കി 2898.
തെലുങ്ക് നിർമ്മാണ കമ്പനിയായ വൈജയന്തി മൂവീസ് 600 കോടിയിലേറെ രൂപ മുതൽ മുടക്കിൽ അഞ്ചു വർഷത്തോളം സമയമെടുത്താണ് ഈ ചിത്രം നിർമ്മിച്ചത്.
എപ്പോഴെല്ലാം ധർമ്മത്തിന് ഗ്ലാനി സംഭവിക്കുമോ, അപ്പോഴെല്ലാം ധർമ്മസംസ്ഥാപനത്തിന് ഭഗവാൻ അവതാരമെടുക്കും.ആ അവതാരപ്പിറവി തടയാൻ ദുഷ്ടശക്തികൾ പരമാവധി ശ്രമിക്കുമെങ്കിലും അവസാനം നന്മ വിജയിക്കും. ചിരപരിചിതമായ ഈ കഥ തന്നെയാണ് കൽക്കിയുടെ ബ്രഹ്മാണ്ഡ പ്രപഞ്ചത്തിലൂടെ നാഗ് അശ്വിൻ പറയുന്നത്.
കൽക്കിയുടെ അവതാരപ്പിറവി കാത്തിരിക്കുന്ന പുതുയുഗത്തിൽ ചിരജ്ഞീവിയായ അശ്വത്ഥാമാവും ഭൈരവനും ഏറ്റുമുട്ടുന്നു.അമിതാഭ് ബച്ചനും പ്രഭാസും അവതരിപ്പിക്കുന്ന ഈ കഥാപാത്രങ്ങൾ അഴിഞ്ഞാടുമ്പോൾ സ്ക്രീൻ പ്രെസൻസു കൊണ്ടും ഗാംഭീര്യം കൊണ്ടും മുന്നിൽ നിൽക്കുന്നത് അമിതാഭ് ബച്ചൻ തന്നെ.
മഹാഭാരത യുദ്ധത്തിൻ്റെ അവസാനത്തോടെയാണ് ചിത്രത്തിൻ്റെ തുടക്കം. യുദ്ധത്തിൽ അധർമ്മം പ്രവർത്തിച്ച അശ്വത്ഥാമാവിന് (അമിതാഭ് ബച്ചൻ ) ഭഗവാൻ ശ്രീ കൃഷ്ണൻ മരണ ദണ്ഡന വിധിക്കുന്നില്ല. അത് മോചനമാകുമെന്നതിനാൽ മരണമില്ലാതെ ജീവിച്ചിരിക്കാനാണ് ഭഗവാൻ വിധിച്ചത്.
എന്നാൽ തൻ്റെ അടുത്ത അവതാരപ്പിറവിയെ സംരക്ഷിക്കാനുള്ള ദൌത്യവും അശ്വത്ഥാമാവിനെ ഭഗവാൻ ഏല്പിച്ചു.ശ്രീ കൃഷ്ണനും അശ്വത്ഥാമാവിനും പുറമെ അർജുനനും അർജുനൻ്റെ ഗാന്ധീവവും കർണ്ണനും ഹനുമാനുമെല്ലാം ഈ സിനിമാറ്റിക് യൂണിവേഴ്സിൽ വന്നു പോകുന്നുണ്ട്.
6000 വർഷങ്ങൾക്കു ശേഷം എ ഡി 2898 ൽ എത്തുമ്പോൾ ഭൂമി തീർത്തും നാശോന്മുഖമാണ്. കാലാവസ്ഥ മാറി. പച്ചപ്പ് മാഞ്ഞു. ഹിമാലയത്തിലെ മഞ്ഞ് ഉരുകി തീർന്നു.ഗംഗ വറ്റി വരണ്ടു. പണം കൊടുത്താൽ പോലും വെള്ളം കിട്ടാനില്ല. എങ്ങും അധർമ്മം നടമാടുന്നു. മൂന്നിട ങ്ങളിലായാണ് കഥ നടക്കുന്നത്.കാശി ഭൂമിയിലെ അവസാനത്തെ നഗരമാണ്.
അധർമ്മത്തിൻ്റെ കൂത്തരങ്ങായ അവിടെ എല്ലാത്തിനും പിടിച്ചുപറിയാണ്. കാശിക്കു മുകളിൽ കോംപ്ലക്സ് എന്ന സ്വപ്ന ലോകം സംവിധാനം ചെയ്തിരിക്കുന്നു. അത് തലതിരിഞ്ഞ പിരമിഡിൻ്റെ ആകൃതിയിലുള്ള ഒരു സ്ട്രക്ച്ചറാണ്.കാശിയിലും കോംപ്ലക്സിലുമെല്ലാം ദൈവത്തെയും ദൈവത്തെ ഓർമ്മിപ്പിക്കുന്ന എല്ലാത്തിനെയും നിരോധിച്ചിരിക്കുന്നു.
യാസ്കിൻ എന്ന സുപ്രീം പവറിനാണ് (കമൽ ഹാസൻ ) എല്ലാത്തിൻ്റെയും നിയന്ത്രണം. വരേണ്യ വർഗ്ഗം താമസിക്കുന്ന കോംപ്ക്ലസിൽ പണ്ട് ഭൂമിയിലുള്ള എല്ലാ സുഖ സൗകര്യങ്ങളുമുണ്ട്.യൂണിറ്റിലാണ് കോംപ്ലക്സിലെ സാമ്പത്തിക വിനിമയ ഇടപാടുകൾ.കോംപ്ലക്സിൽ കടന്നു കൂടുകയാണ് ഓരോ കാശിക്കാരൻ്റെയും ജീവിത ലക്ഷ്യം.
എന്നാൽ അതത്ര എളുപ്പമല്ല. ദുഷ്ടശക്തിയായ യാസ്കിന് ചില ഗൂഢലക്ഷ്യങ്ങളുണ്ട്. പെൺകുട്ടികളെ ഗർഭം ധരിപ്പിച്ച് അയാൾ പ്രോജക്ട് കെ എന്ന രഹസ്യ പദ്ധതി നടപ്പാക്കുന്നുണ്ട്.
പർവ്വത മടക്കുകളിൽ മറഞ്ഞിരിക്കുന്ന ശംഭാല എന്ന നഗരം റിബലുകളുടെ ഒളിത്താവളമാണ്. ഭൂമിയിൽ കുറച്ചെങ്കിലും നന്മ അവശേഷിക്കുന്ന ഏക സ്ഥലം.
ഭൂമിയിലെ എല്ലാ സംസ്ക്കാരങ്ങളിൽ നിന്നും അഭയം തേടിയവർ അവിടെയുണ്ട്. ദുഷ്ട ശക്തിയായ യാസ്കിനെതിരെ പോരാടുന്നവരാണ് ശംഭാലക്കാർ.ശംഭാലയിൽ മറിയത്തിൻ്റെ (ശോഭന ) നേതൃത്വത്തിൽ അവതാരപ്പിറവി പ്രതീക്ഷിച്ച് പ്രാർത്ഥനകൾ നടക്കുന്നുണ്ട്.
ഭൈരവൻ (പ്രഭാസ്) കാശിയിലെ ഉല്ലാസ ജീവിതം നയിക്കുന്ന ഒരു ബൗണ്ടി ഹണ്ടറാണ്. സുഖലോലുപനും സ്വാർത്ഥനുമാണ് അയാൾ. എങ്ങനെയും കോംപ്ലക്സിൽ ‘കടന്നു കൂടുകയാണ് ലക്ഷ്യം. അതിനു വേണ്ടി റിബലുകളെ പിടിച്ചു കൊടുത്ത് യൂണിറ്റ് സമ്പാദിക്കുന്നു.
കോംപ്ലക്സിൽ ഗർഭിണികളായ യുവതികൾ മൂന്നു മാസത്തിലധികം പ്രോജക്ട് കെ യിലെ പരീക്ഷണങ്ങളെ അതിജീവിക്കാറില്ല.എന്നാൽ സുമതിയുടെ (ദീപിക പദുക്കോൺ) ഗർഭം കോംപ്ലക്സിലെ സംവിധാനങ്ങളുടെ കണ്ണൂ വെട്ടിച്ച് അഞ്ചുമാസം തികയ്ക്കുന്നു.
കാലത്തിൻ്റെ തികവിൽ സുമതിയുടെ ദിവ്യഗർഭം സംരക്ഷിക്കാൻ അശ്വത്ഥാമാവ് എത്തുന്നതോടെ’ പോരാട്ടം കടുക്കുന്നു. സ്വാർത്ഥനായ ഭൈരവൻ സ്വത്വം’ തിരിച്ചറിയുന്നതോടെ ഹീറോയായി മാറുന്നത് ക്ലൈമാക്സിലാണ്.അതു വരെ കഥയെ മുന്നോട്ടു കൊണ്ടുപോകുന്നത് അമിതാഭ് ബച്ചൻ്റെ അശ്വത്ഥാമാവാണ്.
ചിത്രത്തിൻ്റെ ഒന്നാം പകുതി കഥാപാത്രങ്ങളെയും കൽക്കി യൂണിവേഴ്സിനെയും പരിചയപ്പെടുത്താനാണ് ശ്രമിക്കുന്നത്.ഹോളിവുഡ് മാതൃകയിൽ നേരെ കഥ പറഞ്ഞു പോകുന്നത് ചിലപ്പോഴെല്ലാം വിരസമായി അനുഭവപ്പെടും.ബാഹുബലി മാതൃകയിൽ വലിയ ഇമോഷണൽ ബിൽഡ് അപ്പുകൾ ഇല്ല.
എന്നാൽ രണ്ടാം പകുതി കൂടുതൽ ത്രില്ലിംഗും ആവേശകരവുമാണ്. യാസ്കിനും അശ്വത്ഥാമാവും ഭൈരവനും നേർക്കുനേർ വരുമ്പോൾ ഒരു രണ്ടാം ഭാഗത്തിന് സാധ്യതകൾ അവശേഷിപ്പിച്ചു കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.
ഇന്ത്യയിലെ മറ്റൊരു നടനും സാധ്യമല്ലാത്ത കിടിലൻ പ്രകടനമാണ് അശ്വത്ഥാമാവായി അമിതാഭ് ബച്ചൻ കാഴ്ച്ച വെച്ചിരിക്കുന്നത്.ഈ പ്രായത്തിലും ബച്ചൻ വിസ്മയിപ്പിക്കുന്നു. ചിത്രത്തിലെ ഏറ്റവും മികച്ച അഭിനയം അമിതാഭിൻ്റേതാണ്.
പ്രഭാസിൻ്റെ ഭൈരവന് ചിത്രത്തിൽ അമിത പ്രാധാന്യമില്ല. കുറേക്കൂടി യാഥാർത്ഥ്യത്തോട് ചേർന്നു നിൽക്കുന്നതാണ് പ്രഭാസിൻ്റെ കഥാപാത്രം. ക്ലൈമാക്സിൽ നായകനായുള്ള പ്രഭാസിൻ്റെ പരിണാമം മികച്ചതായി.രണ്ടേ രണ്ടു സീനുകളിൽ മാത്രമെ യാസ്കിൻ എന്ന സുപ്രീം പവർ എത്തുന്നുള്ളുവെങ്കിലും ഈ നെഗറ്റീവ് കഥാപാത്രത്തെ കമൽ ഹാസൻ അവിസ്മരണീയമാക്കി.
ഗർഭിണിയായ സുമതിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.ഗ്ലാമറിൻ്റെ പരിവേഷമില്ലാതെ ദീപിക പദുക്കോൺ സുമതിയെ ഒതുക്കത്തോടെ അവതരിപ്പിച്ചു.മറിയം എന്ന കഥാപാത്രത്തെ ശോഭനയും ഗംഭീരമാക്കി. അന്നാ ബെന്നിൻ്റെ വ്യത്യസ്തമായ കഥാപാത്രമാണ് ശംഭാലയിലെ പോരാളിയായ ഖൈറ.പ്രഭാസിൻ്റെ ജോഡിയായെത്തുന്ന ദിഷ പഠാണിക്ക് കാര്യമായൊന്നും ചെയ്യാനില്ല.
അർജുനനായെത്തുന്ന വിജയ് ദേവരക്കൊണ്ട മിസ്കാസ്റ്റിംഗാണ്.ദുൽഖർ സൽമാൻ, പശുപതി ,സസ്വതാ ചാറ്റർജി.രാജേന്ദ്ര പ്രസാദ്, അനിൽ ജോർജ്ജ്, എസ് എസ് രാജമൗലി, രാം ഗോപാൽ വർമ്മ,ബ്രഹ്മാനന്ദ, ബുജ്ജിയുടെ വോയ്സ് ഓവറായി കീർത്തി സുരേഷ് തുടങ്ങിയവരും ചിത്രത്തിൽ സാന്നിധ്യമറിയിക്കുന്നുണ്ട്
ഡ്യൂൺ, സ്റ്റാർവാഴ്സ്’,ബ്ലാക്ക് പാന്തർ, മാഡ് മാക്സ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലെ ചില രംഗങ്ങളെ അനുസ്മരിപ്പിക്കുമെങ്കിലും തികച്ചും വ്യത്യസ്തമായാണ് കൽക്കിയെ നാഗ് അശ്വിൻ ഒരുക്കിയിരിക്കുന്നത്. സന്തോഷ് നാരായണൻ്റെ സംഗീതവും നിതിൻ സിഹാനി ചൗധരിയുടെ പ്രൊഡക്ഷൻ ഡിസൈനും എടുത്തു പറയണം.
മഹാഭാരത യുദ്ധത്തിലെ ഭൂതകാലവും കൽക്കിയിലെ പുതുയുഗ കാലഘട്ടവും ആകർഷകമായി സംയോജിപ്പിക്കുന്നതാണ് യോർയെ സ്റ്റോയിലിയോവിക്കിൻ്റെ ഛായാഗ്രഹണം. ചിത്രത്തിൻ്റെ ഒഴുക്ക് നഷ്ടപ്പെടാതെ എഡിറ്റ് ചെയ്ത കോതഗിരി വെങ്കിടേശ്വര റാവുവും അഭിനന്ദനമർഹിക്കുന്നു.
———————————————————————-
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-