ഡോ.ജോസ് ജോസഫ്
കൂടത്തായി കൊലപാതകങ്ങളെ പ്രമേയമാക്കി നെറ്റ്ഫ്ലിക്സിലൂടെ പ്രദർശനത്തിനെത്തിയ കറി & സയനൈഡ് എന്ന ഡോക്യുമെൻ്ററിയിലൂടെ ശ്രദ്ധേയനായ ക്രിസ്റ്റോ ടോമിയുടെ പ്രഥമ സിനിമാ സംവിധാന സംരംഭമാണ് ഉള്ളൊഴുക്ക്.
ചിത്രത്തിൻ്റെ തിരക്കഥയും ക്രിസ്റ്റോ തന്നെയാണ് രചിച്ചിരിക്കുന്നത്. മുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിനിസ്ഥാൻ ഫിലിം കമ്പനി അഖിലേന്ത്യാടിസ്ഥാനത്തിൽ നടത്തിയ തിരക്കഥാ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് ക്രിസ്റ്റോ ടോമി എഴുതിയ ഫ്യൂണറൽ എന്ന രചനയായിരുന്നു.
ഈ തിരക്കഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ഉള്ളൊഴുക്ക്. പുരുഷ കേന്ദ്രീകൃത സിനിമകൾ സ്ക്രീനിൽ ആവേശത്തോടെ ആടിത്തിമിർക്കുന്ന സമകാലിക മലയാള സിനിമയിൽ ആദ്യാവസാനം രണ്ട് സ്ത്രീ കഥാപാത്രങ്ങൾ നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് ഉള്ളൊഴുക്ക്.
ഉർവ്വശിയും പാർവ്വതി തിരുവോത്തും അവതരിപ്പിക്കുന്ന സ്ത്രീ വേഷങ്ങൾ അഭിനയ മികവുകൊണ്ട് പ്രേക്ഷകരുടെ ഉള്ളുലയ്ക്കും. 2022 ൽ റിലീസ് ചെയ്ത അഞ്ജലി മേനോൻ ചിത്രം വണ്ടർ വുമെണു ശേഷം പാർവ്വതി തിരുവോത്തിൻ്റേതായി പുറത്തിറങ്ങുന്ന ചിത്രമാണ് ഉള്ളൊഴുക്ക്. രണ്ടു മണിക്കൂറാണ് ചിത്രത്തിൻ്റെ ദൈർഘ്യം.
ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിലെ അംഗമാണ് അഞ്ജു ( പാർവ്വതി തിരുവോത്ത്) .ഒരു ടെക്സ്റ്റൈൽ ഷോപ്പിലെ സെയിൽസ് വുമണായ അവൾ രാജീവ് ( അർജുൻ’രാധാകൃഷ്ണൻ ) എന്ന ചെറുപ്പക്കാരനുമായി ഭ്രാന്തമായ പ്രേമത്തിലാണ്. അയാൾക്ക് കാര്യമായ ജോലിയൊന്നുമില്ല. എന്നാൽ സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ അവളെ കുട്ടനാട്ടുകാരനായ തോമസുകുട്ടി (പ്രശാന്ത് മാധവൻ ) വിവാഹം കഴിക്കുന്നു.
തോമസ് കുട്ടിയും അമ്മ ലീലാമ്മയും (ഉർവ്വശി)അഞ്ജുവും മാത്രമാണ് വീട്ടിലെ താമസക്കാർ.അധികം വൈകാതെ തോമസു കുട്ടി രോഗബാധിതനായി കിടപ്പിലാകുന്നു.ലീലാമ്മക്കൊപ് പം നിന്ന് ഭർത്താവിനെ ആത്മാർത്ഥമായി ശുശ്രൂഷിക്കുന്ന അഞ്ജുവിനെയാണ് പ്രേക്ഷകർ പിന്നീട് കാണുന്നത്.
എന്നാൽ ഒന്നും പുറമെ കാണുന്നതു പോലെയല്ല.പല അടരുകളും ആഴവുമുള്ള സ്ത്രീ കഥാപാത്രമാണ് അഞ്ജു. വീട്ടുകാരുടെ സമ്മർദ്ദത്തിനു വഴങ്ങി താല്ലര്യമില്ലാത്ത വിവാഹം കഴിച്ചാണ് അവൾ ഭർത്തൃ വീട്ടിലെത്തുന്നത്. രോഗിയായ ഭർത്താവിനെ പരിചരിക്കുമ്പോഴും വീട്ടുകാരുടെ മുമ്പിൽ നല്ലവളായി നിൽക്കുമ്പോഴും കാമുകനുമായുള്ള ബന്ധം നിലനിർത്തുന്നുണ്ട് അവൾ.
ലീലാമ്മയും അഞ്ജുവും രണ്ടു തലമുറകളുടെ പ്രതിനിധികളാണ്.തോമസുകുട്ടിയുടെ മരണത്തോടെ മുഖംമൂടികൾ മാറുന്നു. മറച്ചുവെച്ച പല സത്യങ്ങളും ഉള്ളൊഴുക്കിൽ ആഴത്തിൽ നിന്നും പൊങ്ങി വരുന്നു. ഓരോരുത്തർക്കും അവരവരുടേതായ ശരികളുണ്ട്. ആരും പൂർണ്ണമായി സത്യസന്ധരല്ല.
ഓരോരുത്തരും ഓരോ മനുഷ്യാവസ്ഥകളിൽ കുടുങ്ങിപ്പോയവരാണ്. കെട്ടുപാടുകളിൽ നിന്നും പുറത്തു കടക്കാനും സ്വാതന്ത്ര്യത്തിലേക്ക് യാത്ര ചെയ്യാനുമാണ് അഞ്ജുവിൻ്റെ ശ്രമം.പഴയ തലമുറയിൽ പെട്ട ലീലാമ്മയ്ക്കും അഞ്ജുവിൻ്റെ മാതാപിതാക്കൾക്കും (ജയ കുറുപ്പ്, അലൻസിയർ) കുടുംബ മഹിമയും അത് നിലനിർത്താനുള്ള സഹനവും ത്യാഗവുമെല്ലാമാണ് വലുത്. കുടുംബത്തെ ഓർത്തുള്ള ദുരഭിമാനം അവരെക്കൊണ്ട് പലതും മറച്ചു വെപ്പിക്കുന്നു. എല്ലാത്തിനും ഇരയാകുന്നത് അഞ്ജുവാണ്.
തോരാത്ത മഴയെത്തുന്നതോടെ കുട്ടനാട് വെള്ളത്തിൽ മുങ്ങുന്നു. മകൻ്റെ ശവസംസ്കാരം അവൻ്റെ ചാച്ചൻ അന്ത്യ വിശ്രമം കൊള്ളുന്ന കുടുംബക്കല്ലറയിൽ നടത്തണമെന്നാണ് ലീലാമ്മയുടെ ആഗ്രഹം. വെള്ളമിറങ്ങുന്നതും കാത്തിരിക്കുകയാണ് കുടുംബം. ശവമടക്കിന് മുന്നോടിയായുള്ള പ്രാർത്ഥനകൾ ചടങ്ങു പോലെ ഇടയ്ക്കിടെ മുഴങ്ങുന്നുണ്ട്. അതിനിടയിൽ അവരുടെ ജീവിതങ്ങളിലെ മൂടിവെയ്ക്കപ്പെട്ട പല രഹസ്യങ്ങളും പഴയ കള്ളങ്ങളും പുറത്തു വരുന്നു.
കുടുംബത്തിൻ്റെ അഭിമാനത്തെയോർത്ത് പലതും മറച്ചു വെക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും വിജയിക്കുന്നില്ല.സമൂഹത്തെ കാണിക്കാൻ പുറമെ സ്നേഹവും അടുപ്പവും പ്രകടിപ്പിക്കുമെങ്കിലും കുടുംബത്തിനുള്ളിൽ പല കള്ളങ്ങളുമുണ്ടാകും. അത്രമേൽ അടുപ്പം പുറമെ പ്രകടിപ്പിക്കുമ്പോഴും അവരുടെ ഉള്ളിൽ ഭൂതകാലത്തിൻ്റെ ഒരു സ്വകാര്യ ലോകവും ആരോടും പറയാത്ത കുറെ രഹസ്യങ്ങളുമുണ്ടാകും.ഇതിലേക്കു ള്ള സംവിധായകൻ്റെ അന്വേഷണമാണ് ഉള്ളൊഴുക്ക്.
കല്യാണം കഴിച്ചാൽ മാത്രം കെട്ടിയോനാകുമോ എന്ന് അഞ്ജു ചോദിക്കുന്നത് ഈ അന്വേഷണത്തിൻ്റെ ഭാഗമാണ്. “നിനക്ക് കുടുംബം ഇല്ലാത്തതും എനിക്ക് കുടുംബം ഉള്ളതും രണ്ടും ഒരു പോലെയാ ” എന്ന് ലീലാമ്മ സഹോദരിയായ കന്യാസ്ത്രീയോട് പറയുന്നത് പുറമെ ശാന്തമായി കാണപ്പെടുന്ന പല കുടുംബണ്ടളുടെയും യഥാർത്ഥ അവസ്ഥ സൂചിപ്പിക്കുന്നു.
പുറമെ ശാന്തമായ ഒരു ഇമോഷണൽ ഡ്രാമയാണ് ചിത്രമെങ്കിലും അതിൻ്റെ ആഴങ്ങളിൽ ശക്തമായ ഉള്ളൊഴുക്കുകളുണ്ട്.
ചിത്രത്തിലെ ഭൂരിഭാഗം സീനുകളും മഴയിലും വെള്ളപ്പൊക്കത്തിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്.മഴയും വെള്ളപ്പൊക്കവുമെല്ലാം കഥാപാത്രങ്ങളുടെ നിത്യജീവിതത്തിൻ്റെ സ്വാഭാവികമായ ഭാഗങ്ങളാണ്.അതിനോട് തീർത്തും പൊരുത്തപ്പെട്ടുകൊണ്ടാണ് അവരുടെ ജീവിതം മുന്നോട്ടു പോകുന്നത്. വെള്ളപ്പൊക്കത്തിൻ്റെ ഭീഷണി ഇല്ലാത്ത മകളുടെ വീട്ടിലേക്ക് താമസം മാറ്റാൻ ലീലാമ്മ തയ്യാറാവുന്നില്ല.
മനസ്സു കൊണ്ട് രണ്ട് ധ്രുവങ്ങളിലാണെങ്കിലും അഞ്ജുവും ലീലാമ്മയും പരസ്പരം മനസ്സിലാക്കുന്നവരാണ്. പുരുഷ കേന്ദ്രീകൃതമായ ഒരു സമൂഹത്തിൽ രണ്ടു സ്ത്രീകളും ഒരുമിച്ച് ഒരു പുതിയ യാത്ര തുടങ്ങുന്നതാണ് ചിത്രത്തിൻ്റെ ക്ലൈമാക്സ്.ശരിയും തെറ്റും വേർതിരിക്കാനുള്ള ശ്രമം സംവിധായകൻ നടത്തുന്നില്ല. ശരി മാത്രം ചെയ്യുന്നവരായി ആരുമില്ലെന്നും എല്ലാം ക്ഷമിക്കുന്ന സ്നേഹമാണ് മനുഷ്യർക്ക് ഏറ്റവും വലുതെന്നുമുള്ളതാണ് ചിത്രത്തിൻ്റെ സന്ദേശം.
ഉർവ്വശിയുടെയും പാർവ്വതിയുടെയും ഉള്ളുലയ്ക്കുന്ന പ്രകടനമാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. സൂക്ഷ്മ ഭാവങ്ങളിൽ ഉർവ്വശിയാണ് ഒരുപടി മുന്നിൽ. സമീപകാല മലയാള സിനിമകളിൽ നായികാ കഥാപാത്രങ്ങളെ കാണാനില്ല എന്ന വിമർശനത്തിനുള്ള മറുപടിയാണ് ഇരുവരുടെയും പ്രകടനം.കുടുംബബന്ധങ്ങളാടെ തടവറയിലായിരിക്കുമ്പോഴും ‘എനിക്ക് അവനെക്കൂടാതെ ജീവിക്കാൻ വയ്യ’ എന്ന് കാമുകനെക്കുറിച്ച് സർവ്വസ്വാതന്ത്ര്യത്തോടെയും പറയുന്ന അഞ്ജുവിനെ പാർവ്വതിയും ‘എനിക്ക് നിന്നെ മനസ്സിലാകും ‘ എന്ന് പറയുന്ന ലീലാമ്മയെ ഉർവ്വശിയും അവിസ്മരണീയമാക്കി.
സ്ത്രീ കഥാപാത്രണ്ടളുടെ നിഴലുകൾ മാത്രമാണ് ഉള്ളൊഴുക്കിലെ പുരുഷന്മാർ.തോമസ് കുട്ടിയെ പ്രശാന്ത് മാധവൻ മികച്ച രീതിയിൽ അവതരിപ്പിച്ചു. റോക്കറ്റ് ബോയ്സിൽ ഡോ.അബ്ദുൾ കലാമിനെ അവതരിപ്പിച്ച് ശ്രദ്ധേയനായ അർജുൻ രാധാകൃഷ്ണനാണ് കാമുകനായ രാജീവിൻ്റെ വേഷത്തിൽ എത്തുന്നത്. അലൻസിയർ ലോപ്പസ്, ജയ കുറുപ്പ് എന്നിവരും വേഷങ്ങൾ മികച്ചതാക്കി.
നിലവാരമുള്ളതാണ് ക്രിസ്റ്റോ ടോമിയുടെ തിരക്കഥ. സംഭാഷണങ്ങൾക്കിടയിൽ അർത്ഥഗർഭമായ മൗനവും സമർത്ഥമായി വിളക്കിച്ചേർത്തിട്ടുണ്ട്. ഉള്ളൊഴുക്ക് ഹൃദ്യമായി അനുഭവപ്പെടുത്തുന്നതാണ് സുഷിൻ ശ്യാമിൻ്റെ സംഗീതം. ഭ്രമയുഗം, ഭൂതകാലം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷെഹനാദ് ജലാലാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. കിരൺ ദാസിൻ്റെ എഡിറ്റിംഗും മികച്ചതാണ്.ആർ എസ് വി പി യുടെയും മക് ഗഫിൻ പിക്ച്ചേഴ്സിൻ്റെയും ബാനറുകളിൽ ഹണി ട്രെഹാൻ, റോണി സ്ക്രൂവാല, അഭിഷേക് ചൌബെ എന്നിവർ ചേർന്നാണ് ഉള്ളൊഴുക്ക് നിർമ്മിച്ചിരിക്കുന്നത്.
———————————————————-
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-