ഡോ. ജോസ് ജോസഫ്
ജയ ജയ ജയ ജയ ഹേ എന്ന മെഗാ ഹിറ്റ് ചിത്രത്തിനു ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന കുടുംബ ഹാസ്യ ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. പൃഥ്വിരാജ്-ബേസിൽ ജോസഫ് കോമ്പോ ചിരിപ്പൂരമൊരുക്കുന്ന ചിത്രം ആദ്യാവസാനം ഒരു കല്യാണത്തെ ചുറ്റിപ്പറ്റിയുള്ള സിറ്റുവേഷണൽ കോമഡിയിലൂടെയാണ് മുന്നോട്ടു പോകുന്നത്.
ഗുരുവായൂരമ്പലത്തിൻ്റെ പശ്ചാത്തലത്തിൽ പൃഥ്വിരാജ് നായകനായിറങ്ങിയ നന്ദനം ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ റെഫറൻസുകൾ ചിത്രത്തിൽ സമർത്ഥമായി സംവിധായകൻ വിളക്കിച്ചേർത്തിട്ടുണ്ട്. കുഞ്ഞിരാമായണത്തിൻ്റെ തിരക്കഥാകൃത്ത് ദീപു പ്രദീപാണ് ചിത്രത്തിൻ്റെ നിരക്കഥ രചിച്ചിരിക്കുന്നത്. രണ്ടേകാൽ മണിക്കൂറാണ് ചിത്രത്തിൻ്റെ ദൈർഘ്യം. പൃഥ്വിരാജ് പ്രൊഡക്ഷൻസിനു വേണ്ടി സുപ്രിയ മേനോൻ, ഇ ഫോർ എൻ്റർടെയിൻമെൻ്റസിനു വേണ്ടി മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ദുബായിയിൽ ഉയർന്ന ഉദ്യോഗസ്ഥനായ വിനു രാമചന്ദ്രൻ്റെ (ബേസിൽ ജോസഫ്) വിവാഹ നിശ്ചയത്തോടെയാണ് ചിത്രത്തിൻ്റെ തുടക്കം. പ്രതിശ്രുത വധു അജ്ഞലിയുടെ (അനശ്വര രാജൻ) ഏട്ടൻ ആനന്ദാണ് (പൃഥ്വിരാജ് ) കല്യാണത്തിന് മുൻകൈയ്യെടുത്തത്. വിനുവിൻ്റെ റോൾ മോഡലും ഹീറോയും മോട്ടിവേഷനുമെല്ലാമാണ് ആനന്ദേട്ടൻ.
ആനന്ദേട്ടനെപ്പോലെ ക്ഷമയുള്ള ഒരാളെ വിനു ജീവിതത്തിൽ കണ്ടുമുട്ടിയിട്ടില്ല. അജ്ഞലിയുടെയും ആനന്ദിൻ്റെയും മാതാപിതാക്കളെ അവതരിപ്പിക്കുന്നത് ജഗദീഷും രേഖയുമാണ്. ഗുരുവായൂരമ്പല നടയിലെ വിവാഹത്തിരക്കിൽ വധൂവരന്മാർ പരസ്പരം മാറിപ്പോയ ‘ഗൃഹപ്രവേശം ‘ (1992) എന്ന ചിത്രത്തിലെ നായികാനായകന്മാരെ അവതരിപ്പിച്ചത് രേഖയും ജഗദീഷുമായിരുന്നു.
കാമുകി തേച്ചിട്ടു പോയതിൻ്റെ നിരാശയിൽ അഞ്ചു വർഷത്തോളം വിവാഹം വേണ്ടെന്നു വെച്ചിരുന്ന വിനുവിനെ അജ്ഞലിയുമായുള്ള കല്യാണത്തിന് നിർബ്ബന്ധിച്ചത് ആനന്ദാണ്.അച്ഛൻ രാമചന്ദ്രന് (പി പി കുഞ്ഞുകൃഷ്ണൻ ) ടൈഗർ ബാമും അളിയൻ ആനന്ദിന് ഐ ഫോണുമായി വിനു എത്തുന്നതോടെ ചിരിപ്പൂരം തുടങ്ങുന്നു.ആദ്യ പകുതിയിൽ കോമഡിയൂടെ ചാർജ് വിനുവിനും ആനന്ദിനും കുടുംബാംഗങ്ങൾക്കുമാണ്. കഥയിൽ പ്രവചനാതീതമായ ട്വിസ്റ്റുകൾ ഒന്നുമില്ല.
കല്യാണാഘോഷത്തിൻ്റെ ഉല്ലാസാന്തരീക്ഷം അവസാനം വരെ നിലനിർത്തിയിട്ടുണ്ട് സംവിധായകൻ. കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വലിയ ഇഴയടുപ്പമോ കഥയിൽ ലോജിക്കോ ഒന്നും അനുഭവപ്പെടില്ല.
രണ്ടാം പകുതിയോടെ ആനന്ദ് -വിനു കോമ്പോയുടെ കോമഡി കുറെയൊക്കെ വറ്റി വരളുന്നു. കല്യാണം മുടക്കാനും നടത്താനുമുള്ള ശ്രമങ്ങളാണ് ഇവിടെ കോമഡി സൃഷ്ടിക്കുന്നത്. ഇതിനു വേണ്ടി അരപ്പിരിയനായ മനശാസ്ത്രജ്ഞൻ ഉൾപ്പെടെയുള്ള കഥാപാത്രങ്ങൾ അധികമായി രംഗത്തു വരുന്നു.
യോഗി ബാബുവിൻ്റെ ശരവണൻ എന്ന തമിഴ് കഥാപാത്രവും അയാളുടെ കോമഡിയും മുഴച്ചു നിൽക്കുന്നു. കൃഷ്ണൻ – കംസൻ ബന്ധത്തിൻ്റെ സൂചന നൽകി അവസാനം ആനന്ദിൻ്റെ ദുഷ്ടന്മാരായ അമ്മാവൻ കഥാപാത്രങ്ങളും (കോട്ടയം രമേഷ്, ഇർഷാദ്) രംഗത്തു വരുന്നുണ്ട്. ഗുരുവായൂരമ്പല നടയിലെ ക്ലൈമാക്സിലെ ഹാസ്യ രംഗങ്ങൾ സിദ്ദിഖ്- ലാലിൻ്റെ ഗോഡ് ഫാദർ, പ്രിയദർശൻ്റെ വെട്ടം തുടങ്ങിയ ചിത്രങ്ങളെ ഓർമ്മിപ്പിക്കും.
പൃഥ്വിരാജിൻ്റെയും ബേസിലിൻ്റെയും അളിയൻ-അളിയൻ കോമ്പോ ചിത്രത്തിൽ വിജയകരമായി വർക്ക് ഔട്ടായിട്ടുണ്ട്. മസ്സിലു പിടുത്തം ഇല്ലാത്ത ഹാസ്യ റോളുകളും തനിക്ക് ഭംഗിയായി വഴങ്ങുമെന്ന് പൃഥ്വിരാജ് തെളിയിച്ചു.ബേസിലിൻ്റെ സേഫ് സോണിലാണ് വിനു എന്ന കഥാപാത്രം. വിപിൻദാസിൻ്റെ ജയ ജയ ജയ ജയ ഹേ നായികാ പ്രാധാന്യമുള്ള ചിത്രമായിരുന്നു.എന്നാൽ ഈ ചിത്രത്തിൽ നായകന്മാർക്കാണ് തിളക്കം.
നായികമാരായ അനശ്വര രാജനും നിഖിലാ വിമലിനും അധികമൊന്നും അഭിനയിക്കാനില്ല. സിജു സണ്ണി, അഖിൽ കവലിയൂർ, ബൈജു തുടങ്ങിയവരും മികച്ച അഭിനയം കാഴ്ച്ചവെച്ചു.
90 കളിലെ ഹിറ്റ് സമവാക്യമായിരുന്ന കൺഫ്യൂഷൻ കോമഡിയുടെ പരിഷ്ക്കരിച്ച അവതരണമാണ് ഗുരുവായൂരമ്പല നടയിൽ.ജയ ജയ ജയ ജയ ഹേയിൽ തുടങ്ങിയ വിജയം സംവിധായകൻ വിപിൻദാസ് ഈ ചിത്രത്തിലും ആവർത്തിക്കുന്നു.
തികഞ്ഞ ഒറിജിനാലിറ്റിയോടെയാണ് കലാസംവിധായകൻ സുനിൽകുമാർ ഗുരുവായൂരമ്പല നടയുടെ സെറ്റ് തയ്യാറാക്കിയിരിക്കുന്നത്. നീരജ് രവിയുടെ ഛായാഗ്രഹണവും അങ്കിത് മേനോൻ്റെ സംഗീതവും ജോൺ കുട്ടിയുടെ എഡിറ്റിംഗും ആദ്യാവസാനം കല്യാണാഘോഷത്തിൻ്റെ മൂഡ് നിലനിർത്തി. യുക്തിയൊന്നും നോക്കാതെ ആഘോഷാന്തരീക്ഷത്തിൽ കണ്ടിരിക്കാവുന്ന ഫാമിലി ഫൺ എൻ്റർടെയിനറാണ് ഗുരുവായൂരമ്പല നടയിൽ.
—————————— —————————— —–———————————————————————————————————
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
—————————————————————————–