വാട്ട്സ്ആപ്പ് രാഷ്ടീയ പ്രസ്താവനകളുമായി മലയാളി ഫ്രം ഇന്ത്യ

ഡോ ജോസ് ജോസഫ്

വാട്സ്ആപ്പിലും സാമൂഹിക മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്ന രാഷ്ട്രീയ പ്രസ്താവനകളും സമകാലിക വിഷയങ്ങളും കുത്തി നിറച്ച് ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യ.

മതം ഒരു രാജ്യത്തിൻ്റെ ഭരണഘടനയായാൽ ആ രാജ്യം നശിക്കുമെന്ന് പ്രധാന പ്രസ്താവന. മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തിയാൽ ഭ്രാന്താകുമെന്നും സംവിധായകൻ. മതത്തിൽ നിന്നും വേർപെടുത്താത്ത രാഷ്ട്രീയമാണ് ചിത്രത്തിൻ്റെ ഒന്നാം പകുതി ചർച്ച ചെയ്യുന്നതെങ്കിൽ രണ്ടാം പകുതി അവസാനിക്കുന്നത് സാർവ്വലൌകികമായ മനുഷ്യ സാeഹാദര്യത്തിലാണ്.

Malayalee From India' first single to arrive soon! | - Times of India

ഇതിനിടയിൽ ഹിന്ദുത്വ രാഷ്ട്രീയം ,ഇസ്ലാമിക രാഷ്ട്രീയം, കോവിഡ്, ലോക്ക് ഡൗൺ, റൂട്ട് മാപ്പ്, മത സൗഹാർദ്ദം, ദേശീയോദ്ഗ്രഥനം, ഫെമിനിസം, സ്ത്രീ സ്വാതന്ത്ര്യം തുടങ്ങിയ കനപ്പെട്ട വിഷയങ്ങളെല്ലാം അവിയൽ പരുവത്തിൽ കടന്നു വരുന്നു. ബൈജൂസ് ആപ്പ്, ഡിജിറ്റൽ ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ ,സ്വച്ഛ ഭാരത്, ജി ഡി പി വളർച്ച, യഥാർത്ഥ രാജ്യസ്നേഹം തുടങ്ങിയവയിലും 158. മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ തിരക്കഥാ കൃത്ത് കൈ വെച്ചിട്ടുണ്ട്.

നോബൽ സമ്മാന ജേതാവും സ്ത്രീ വിദ്യാഭ്യാസ പ്രവർത്തകയും ഫെമിനിസ്റ്റുമായ മലാല യൂസഫ് സായ് എന്ന പാക്ക് വനിതയുടെ ജീവിതവുമായി സാമ്യമുള്ള സംഭവത്തിൽ കൊണ്ടു ചെന്നു കെട്ടിയിട്ടാണ് സംവിധായകൻ ചിത്രം അവസാനിപ്പിക്കുന്നത്. പ്രേക്ഷകർക്ക് എല്ലാം വളരെ ഉപരിപ്ലവമായി മാത്രമെ അനുഭവപ്പെടുകയുള്ളു.

പാക്കിസ്ഥാനിലെ പർവ്വത നിരകളിലൂടെ ആരെയോ അന്വേഷിച്ച് ബസ് യാത്ര ചെയ്യുന്ന ആൽപറമ്പിൽ ഗോപി ( നിവിൻ പോളി) എന്ന മലയാളി യുവാവിനെ കാണിച്ചു കൊണ്ടാണ് ചിത്രത്തിൻ്റെ തുടക്കം. എന്തിനാണ് ഗോപിയുടെ യാത്ര എന്നറിയണമെങ്കിൽ അവസാനം വരെ കാത്തിരിക്കണം.

അലസരും തൊഴിൽ രഹിതരുമായ രണ്ടു യുവാക്കളാണ് ആൽപ്പറമ്പിൽ ഗോപിയും കെ പി മൽഗോഷും ( ധ്യാൻ ശ്രീനിവാസ്).. കുട്ടിത്തം വിട്ടുമാറിയിട്ടില്ലാത്ത ഇവരുടെ പ്രധാന പണി കൊച്ചു പിള്ളേരുമായി തല്ലുണ്ടാക്കലാണ്.അമ്മ സുമയും (മഞ്ജു പിള്ള) പെങ്ങളും. കൂടി പണിയെടുത്താണ് ഗോപിയുടെ ചെലവെല്ലാം നടത്തുന്നത്.

ഹിന്ദുത്വ ദേശീയ പാർട്ടിയുടെ നാട്ടിലെ പ്രധാന പ്രവർത്തകരാണ് ഗോപിയും മൽഗോഷും. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി 30 സീറ്റെങ്കിലും നേടുമെന്നും പിന്നെ ഭരണം പിടിക്കുമെന്നുമാണ് ഇരുവരുടെയും വിശ്വാസം.തുടർന്നും പണിയെടുക്കാതെ സുഖമായി ജീവിക്കാം. മൽഗോഷ് പാർട്ടിയുടെ ഐടി സെല്ലിലും അംഗമാണ് .

വ്യാജ ഐഡിയിൽ നിന്നും വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിക്കലാണ് പണി. മതത്തിനു വേണ്ടി രക്തസാക്ഷിയാൽ സ്വർഗ്ഗം ലഭിക്കുമെന്നു വിശ്വസിക്കുന്ന ഐഡി ആർ പി യുടെ നോട്ടപ്പുള്ളികളാണ് ഗോപിയും മൽഗോഷും. ഇന്ത്യ- പാക്ക് ക്രിക്കറ്റ് മത്സരത്തിൽ പാക്കിസ്ഥാൻ വിജയിച്ചപ്പോൾ കുട്ടികൾ പടക്കം പൊട്ടിച്ചത് നാട്ടിൽ കലാപമുണ്ടാക്കി.

മൽഗോഷിൻ്റെ എടുത്തു ചാട്ടത്തിന് ഗോപിയും കൂട്ടാളിയായി. സ്വന്തം പാർട്ടി ഇരുവരെയും തള്ളിപ്പറയുന്നു.ചെറിയച്ഛൻ്റെ സഹായത്തോടെ ഗൾഫിലേക്ക് കടന്ന ഗോപി എത്തിപ്പെട്ടത് മരുഭൂമിയിലെ ഒരു ഫാമിലാണ്.

Malayalee From India': Nivin Pauly's much-anticipated movie struggles to find its footing | Movie Review | Onmanorama

പരുക്കനായ പാക്കിസ്ഥാൻകാരൻ ജലാലാണ് അറബിയുടെ ഉടമസ്ഥതയിലുള്ള ഫാമിൻ്റെ സൂപ്പർവൈസർ.ദൂരത്തിരുന്നാണ് അർബാബിൻ്റെ നിയന്ത്രണം. ആടുജീവിതത്തിലെ നജീബിൻ്റെ യാതനയൊന്നും ഗോപി അനുഭവിക്കുന്നില്ല. അവിടെ ഫൊൺ കിട്ടും. ഉണ്ണാനും ഉറങ്ങാനും കുളിക്കാനുമെല്ലാം സൗകര്യമുണ്ട്.

പുറം ലോകവുമായി ബന്ധമുണ്ട്. ഗോപിയുടെ പ്രധാന പ്രശ്നം മേൽനോട്ടക്കാരൻ താൻ ഏറ്റവും വെറുക്കുന്ന പാക്കിസ്ഥാൻ എന്ന രാജ്യത്തു നിന്നും വന്നവനാണെന്നതാണ്. ഉള്ളിൽ വെറുപ്പുണ്ടെങ്കിലും ക്രിക്കറ്റാണ് ഇവരുടെ പൊതു വീക്ക്നെസ്സ്.

കോവിഡ് കാലം വരുന്നതാണ് കഥയിലെ വഴിത്തിരിവ്. ഒരു പാടു കാര്യങ്ങൾ പറഞ്ഞ്, ഇഴഞ്ഞിഴഞ്ഞ് അവിടെയെത്താൻ ഏറെ സമയമെടുത്തു. മതത്തിനും രാഷ്ട്രീയത്തിനും രാജ്യാതിർത്തികൾക്കും അതീതമായ മനുഷ്യ സ്നേഹം, സ്ത്രീ വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് ചിത്രം തീരുന്നത്.

കേരളം ദൈവത്തിൻ്റെ സ്വന്തം നാടാണെന്നും ഇവിടെ മതവെറിയെ പടിക്കു പുറത്തു നിർത്തുമെന്നും മലയാളി ഫ്രം ഇന്ത്യയാണ് ലോകത്തെ ഏറ്റവും വിശാല മനസ്കനെന്നും സംവിധായകനും തിരക്കഥാകൃത്തും സ്ഥാപിക്കുന്നത് നിഷ്ക്കളങ്കരായ കുറച്ചു പ്രേക്ഷകരെ സന്തോഷിപ്പിച്ചേക്കും.

Malayalee from India REVIEW: Nivin Pauly shines in this Dijo Jose Antony-directed mediocre socio-political drama | PINKVILLA

ചിത്രത്തിൻ്റെ രണ്ടാം പകുതിയാണ് താരതമ്യേന ഭേദം.ആദ്യ പകുതി നിറയെ വാട്ട്സ്ആപ്പ് നിലവാരത്തിലുള്ള രാഷ്ട്രീയ പ്രസ്താവനകൾ സ്ക്രോൾ ചെയ്തു പോവുകയാണ്.അതാകട്ടെ, പ്രേക്ഷകനെ തെല്ലും സ്പർശിക്കുന്നില്ല. പാകിസ്ഥാൻ ടീം ജയിക്കുമ്പോൾ ഒരു മത വിഭാഗത്തിലെ കുട്ടികൾ പടക്കം പൊട്ടിക്കുന്നതിൻ്റെ യഥാർത്ഥ കാരണം പോലും പ്രേക്ഷകരുമായി കണക്ട് ആവുന്നില്ല.

മുൻ ചിത്രമായ ജനഗണമനയിൽ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദും സംവിധായകൻ ഡിജോ ജോസ് ആൻ്റണിയും പറയാൻ വിട്ടു പോയ രാഷ്ട്രീയമെല്ലാം മലയാളി ഫ്രം ഇന്ത്യയുടെ ആദ്യ പകുതിയിൽ കുത്തി നിറച്ചിട്ടുണ്ട്.

വിനീത് ശ്രീനിവാസൻ്റെ വർഷങ്ങൾക്കു ശേഷം എന്ന സിനിമയിൽ രണ്ടടി മുന്നോട്ടു പോയ നിവിൻ പോളി ഈ ചിത്രത്തിൽ ഒരടി പുറകോട്ടു eപായി. സുരക്ഷിത മേഖലയിലാണ് നിവിൻ്റെ പ്രകടനം. എങ്കിലും നിവിൻ്റെ മികച്ച അഭിനയമാണ് ചിത്രത്തിലെ പ്രധാന ആശ്വാസം. നർമ്മ മുഹൂർത്തങ്ങളും വൈകാരിക രംഗങ്ങളും നിവിൻ അനായാസം അഭിനയിച്ചു ഫലിപ്പിച്ചു.കോമഡിയാണോ, വെറുപ്പിക്കലാണോ എന്ന് വേർതിരിച്ചെടുക്കാനാവാത്ത അഭിനയമാണ് മൽഗോഷായി വേഷമിട്ട ധ്യാൻ ശ്രീനിവാസൻ്റേത്.

പാകിസ്ഥാൻകാരൻ ജലാലായി വന്ന വിദേശ നടൻ്റേത് മികച്ച അഭിനയമാണ്. അമ്മ വേഷത്തിൽ മഞ്ജു പിള്ളയ്ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. അടുത്ത കാലത്ത് മികച്ച വേഷങ്ങളിൽ തിളങ്ങിയ അനശ്വര രാജൻ ഏതാനും രംഗങ്ങളിൽ വന്നു പോകുന്നു എന്നേയുള്ളു. ഷൈൻ ടോം ചാക്കോ, നന്ദു സലിം കുമാർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.

ഷാരിസ് മുഹമ്മദിൻ്റെ അയഞ്ഞതും ആഴവില്ലാത്തതുമായ തിരക്കഥയാണ് ചിത്രത്തിൻ്റെ ഏറ്റവും വലിയ ന്യൂനത. മതവും’ രാഷ്ട്രീയവും തമ്മിൽ’ കലർത്തി മുതലെടുക്കുന്നതിനെ തിരക്കഥാകൃത്ത് വിമർശിക്കുന്നുണ്ടെങ്കിലും അതൊന്നും വേണ്ട പോലെ ഏശുന്നില്ല.

തിരക്കഥയിലെ പോരായ്മകളെ മറികടക്കാൻ സംവിധായകനുമാവുന്നില്ല. ജെയ്ക്ക്സ് ബിജോയ് നൽകിയ പശ്ചാത്തല സംഗീതവും വലിയ ചലനം സൃഷ്ടിക്കുന്നില്ല. സുദീപ് ഇളമണിൻ്റെ ഛായാഗ്രഹണം മികച്ചതാണ്.ലിസ്റ്റിൻ സ്റ്റീഫനാണ് മലയാളി ഫ്രം ഇന്ത്യ നിർമ്മിച്ചിരിക്കുന്നത്.

————————————————————————-

(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)

—————————————————————————–
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക