ഡോ ജോസ് ജോസഫ്.
നീണ്ട ആറു വർഷങ്ങൾക്കു ശേഷം ലൂസിഫറിൽ അബ്രാം ഖുറേഷി നിർത്തിയിടത്തു നിന്ന് ചില ചോദ്യങ്ങൾക്കുത്തരവുമായി എമ്പുരാൻ എത്തി. പ്രേക്ഷകരുടെ പ്രതീക്ഷകളെ കടത്തി വെട്ടുന്നതാണ് ചിത്രത്തിൻ്റെ മേക്കിംഗ്.
വൻ താരനിരയെ ഉൾപ്പെടുത്തി വലിയ ക്യാൻവാസ്സിൽ ഹോളിവുഡ് ലെവലിലാണ് സംവിധായകൻ പൃത്ഥിരാജ് സുകുമാരൻ ചിത്രത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്. എന്നാൽ പ്രേക്ഷകർ ശ്രദ്ധിക്കാനിടയില്ലാത്ത രാഷ്ട്രീയ ആക്ഷേപ ഹാസ്യം കുത്തി നിറച്ച എമ്പുരാൻ്റെ തിരക്കഥ ദുർബ്ബലമാണ്. ലൂസിഫറുമായി താരതമ്യപ്പെടുത്തുമ്പോൾ ശരാശരിയാണ് ചിത്രത്തിൻ്റെ മൊത്തത്തിലുള്ള ദൃശ്യാനുഭവം.
ലൂസിഫറിൽ ഇലുമിനാറ്റിയായിരുന്നു ചർച്ചാ വിഷയമെങ്കിൽ എമ്പുരാനിൽ ലോകത്തെ നിയന്ത്രിക്കുന്ന രണ്ട് നിഗൂഢ ശക്തികളെക്കുറിച്ചാണ് തിരക്കഥാകൃത്ത് മുരളി ഗോപി പറയുന്നത്. മുരളി ഗോപി തിരക്കഥയെഴുതിയ ടിയാനിലെ ചില ബിംബങ്ങളും മറ്റൊരു പശ്ചാത്തലത്തിൽ എമ്പുരാനിൽ കാണാം.
വടക്കൻ ഇറാഖിലെ ഉപേക്ഷിക്കപ്പെട്ട പ്രേത നഗരമായ ഖാരാഖോഷിലെ ഒരു പഴയ ക്രിസ്ത്യൻ പള്ളിയിൽ നടക്കുന്ന ഒരു സ്ഫോടനത്തോടെയാണ് ചിത്രത്തിൻ്റെ തുടക്കം. സ്ഫോടനത്തിൽ ബ്രിട്ടീഷ് ഏജൻ്റ് മെനുഹിന് പരുക്കേൽക്കുന്നു. പള്ളിയുടെ മുകളിലെ കുരിശ് തകർന്നു താഴെ വീണ് കത്തി ‘L ‘ ആകൃതി മാത്രം അവശേഷിക്കുമ്പോൾ ഇതിനു പിന്നിൽ ലൂസിഫറാണെന്ന് അനുമാനിക്കാം.
പുറമെ കാണുന്നതു പോലെയൊന്നുമല്ല ലോകത്ത് കാര്യങ്ങൾ നടക്കുന്നത്. പിന്നിൽ മറഞ്ഞിരിക്കുന്ന രണ്ട് ഗൂഢശക്തികളാണ് എല്ലാം നിയന്ത്രിക്കുന്നത്. എബ്രാം ഖുറേഷി (മോഹൻ ലാൽ ) നേതൃത്വം നൽകുന്ന ഇന്തോ-അറബ് ഗൂഢസംഘമായ ലൂസിഫർ അക്സസും ഷെൻ ട്രയാഡ് എന്ന ചൈനീസ് ഗൂഢശക്തിയുമാണ് ലോകത്തു നടക്കുന്ന എല്ലാ വലിയ സംഭവങ്ങൾക്കും പുറകിലിരുന്ന് ചരടു വലിക്കുന്നത്.
എമ്പുരാൻ്റെ കഥ പിന്നീട് പോകുന്നത് 2002 ലെ ഗുജറാത്ത് കലാപത്തിലേക്കാണ്.കലാപത്തിൻ്റെ തുടക്ക സംഭവങ്ങളിലേക്ക് ചിത്രം പോകുന്നില്ല. ആയിരത്തോളം ഇസ്ലാം വിശ്വാസികൾക്ക് ജീവൻ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട അനുബന്ധ സംഭവങ്ങളാണ് ചിത്രം കാണിക്കുന്നത്.
മിനി ‘മാർക്കോ ‘ മോഡൽ കൊലപാതകങ്ങൾ എമ്പുരാനിലെ ഈ കലാപ രംഗങ്ങളിലുണ്ട്. കലാപത്തിൽ നിന്നും രക്ഷപെടാൻ ഒരു സംഘം ഇസ്ലാം വിശ്വാസികൾ സുഭദ്രാ ബെന്നിൻ്റെ (അമീർ ഖാൻ്റെ സഹോദരി നിഖാത്ത് ഖാൻ ) കൊട്ടാരത്തിൽ അഭയം തേടുന്നു. ഈ വംശഹത്യക്കു പിന്നിൽ മത രാഷ്ട്രീയമല്ല ,എന്തും വിലയ്ക്കു വാങ്ങുന്ന കച്ചവട താല്പര്യങ്ങളാണെന്ന് സുഭദ്രാ ബെൻ പറയുന്നുണ്ട്.
കൊട്ടാരം തകർത്ത് അകത്തു കടന്ന കലാപകാരികൾ നിറ വയർ ഗർഭിണിയെ ബലാത്സംഗം ചെയ്തു കൊല്ലുന്നത് ഉൾപ്പെടെയുള്ള ക്രൂര കൃത്യങ്ങളിൽ ഏർപ്പെടുന്നു.കലാപത്തിലെ മുസ്ലിം വംശഹത്യ സുദീർഘമായി തന്നെ എമ്പുരാനിൽ കാണിക്കുന്നുണ്ട്. കലാപത്തിന് നേതൃത്വം നൽകിയ ബൽരാജ് പട്ടേൽ (അഭിമന്യു സിംഗ്) പിന്നീട് ഇന്ത്യൻ ആഭ്യന്തര മന്ത്രിയെപ്പോലും നിയന്ത്രിക്കുന്ന നിർണ്ണായക രാഷ്ട്രീയ ശക്തിയായി വളരുന്നു. അദ്ദേഹത്തിൻ്റെ അഖണ്ഡ ശക്തി മോർച്ച എന്ന കാവിപ്പാർട്ടി ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ പാർട്ടിയായി വളരുന്നു.
ചിത്രത്തിലെ ആദ്യ രണ്ട് സംഭവങ്ങൾക്കു ശേഷം ആരാണ് എബ്രാം ഖുറേഷി, ആരാണ് ഖുറേഷിയുടെ ഏറ്റവും വിശ്വസ്തനായ അനുയായി സയിദ് മസൂദ് (പൃത്ഥിരാജ്) എന്താണ് അവർ തമ്മിലുള്ള ബന്ധം എന്ന് പിന്നീട് പല ഉപകഥകളിലൂടെ സംവിധായകൻ വ്യക്തമാക്കുന്നു. ലൂസിഫർ അക്സസ് ഗൂഢ ശക്തിയുടെ പ്രവർത്തനങ്ങളുമായി സ്റ്റീഫൻ നെടുമ്പള്ളി എന്ന അബ്രാം ഖുറേഷി ഉലകം ചുറ്റുമ്പോൾ ജന്മനാടായ കേരളത്തിലെ സമകാലിക രാഷ്ട്രീയത്തിൽ ഗുരുതരമായ ചില പ്രശ്നങ്ങൾ ഉടലെടുക്കുന്നു.
അഞ്ചു വർഷം മുമ്പ് ഭരണമേറ്റെടുത്ത ഐ യു എഫ് നേതാവ് ജതിൻ രാമദാസ് (ടൊവിനോ തോമസ് ) അഴിമതിക്കയത്തിൽ മുങ്ങിത്താഴുന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണമെന്ന ഭീഷണിക്കു മുന്നിൽ അയാൾ വീഴുന്നു. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുമായി കൈകോർത്താൽ ഏത് അഴിമതിയും എഴുതിത്തള്ളും. സഹകരിക്കുന്ന ഏത് അഴിമതിക്കാരനെയും കേന്ദ്ര ഏജൻസികൾ വെളുപ്പിക്കും. നിർലോഭം ഫണ്ട് ലഭിക്കും. ഇല്ലെങ്കിൽ കേസ്സെടുത്ത് അകത്താക്കി രാഷ്ട്രീയ ഭാവി അവസാനിപ്പിക്കും.
ഗുജറാത്ത് കലാപത്തിൻ്റെ നേതൃത്വത്തിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉദിച്ചുയർന്ന ബാബാ ബജ്റംഗി എന്ന ബൽരാജ് പട്ടേൽ കേരള രാഷ്ട്രീയത്തിൽ സജീവ താല്പര്യമെടുക്കുന്നതായി ഗോവർധൻ കണ്ടെത്തുന്നു. അദ്ദേഹത്തിൻ്റെ പാർട്ടി അഖണ്ഡ ശക്തി മോർച്ചയുടെ കേരള സംസ്ഥാന നേതാവ് സജനചന്ദ്രൻ (സുരാജ് വെഞ്ഞാറമ്മൂട് ) 2021 ലെ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 35 സീറ്റ് നേടുമെന്ന് വീമ്പിളക്കിയിരുന്നു. കേരള രാഷ്ട്രീയത്തിൻ അടുത്ത ദിവസം നിർണ്ണായകമായ മാറ്റത്തിൻ്റെ പ്രഖ്യാപനമുണ്ടാകുമെന്ന് അദ്ദേഹം പ്രവചിക്കുന്നു.
രാഷ്ട്രീയ കേരളത്തെ അമ്പരപ്പിച്ച് ജതിൻ രാമദാസ് കേന്ദ്ര പാർട്ടിയുമായി കൈകോർത്തു കൊണ്ട് പുതിയ പാർട്ടി രൂപീകരിക്കുന്ന തീരുമാനമായിരുന്നു അത്. പിന്നിലിരുന്ന് അതിന് ചരടു വലിച്ചത് ബാബാ ബജ്റംഗിയും. കേരളത്തിന് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിലെ ഒറ്റപ്പെട്ട തുരുത്തായി നില നിൽക്കാനാവില്ല.
കേരളത്തിലെ പഴയ മുന്നണികൾ കാലഹരണപ്പെട്ടു. വികസനം വരണമെങ്കിൽ കേന്ദ്ര പാർട്ടിയുമായി കൈ കോർത്തുള്ള ഭരണം കേരളത്തിലും വരണമെന്നായിരുന്നു രാഷ്ട്രീയ കാലുമാറ്റത്തിന് ജതിൻ കണ്ടെത്തിയ ന്യായീകരണം. കേരളത്തിലെ വിമാനത്താവളങ്ങളും പോർട്ടുകളും തീരദേശവും കേന്ദ്രീകരിച്ച് വൻ ലഹരിക്കടത്തായിരുന്നു സഖ്യത്തിൻ്റെ പിന്നിലെ ഗൂഢ ലക്ഷ്യം.ഇതിനെല്ലാം ഒത്താശ ചെയ്യുന്നതാകട്ടെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയിലെ പ്രധാന ഉദ്യോഗസ്ഥൻ കാർത്തിക്കും (കിഷോർ കുമാർ).
ദൈവപുത്രൻ തെറ്റു ചെയ്യുമ്പോൾ പകരം ചോദിക്കാൻ ചെകുത്താൻ തന്നെ വരണം. കേരളത്തിനെ മത ശക്തികൾക്കു തീറെഴുതുന്നതു തടയണമെങ്കിൽ ലൂസിഫർ തിരിച്ചെത്തണം. കാവി രാഷ്ട്രീയത്തോടുള്ള കടുത്ത വിമർശനം മാത്രമല്ല, സാത്താൻ സ്തുതികളും മുരളി ഗോപി തിരക്കഥയിൽ യഥേഷ്ടം എഴുതിച്ചേർത്തിട്ടുണ്ട്.
രക്ഷക്കായി ജനം തമ്പുരാനെയല്ല, എമ്പുരാനെയാണ് വിളിക്കുന്നത്. പാതാളത്തിൻ്റെ അധിനായകനാണ് ലൂസിഫർ. താനൊരു യാഥാർത്ഥ്യമല്ലെന്ന് ലോകത്തെ വിശ്വസിപ്പിക്കുന്നതാണ് സാത്താൻ്റെ ശക്തി. സ്വർഗ്ഗത്തിൽ നിന്നും പുറന്തള്ളപ്പെട്ടവൻ. പിതാവിനും പുത്രനുമിടയിൽ വിരിഞ്ഞ ഇരുളിൻ്റെ പൂവാണ് ലൂസിഫർ. പല നാടുകളിൽ പല പേരുകളിൽ അറിയപ്പെടുന്ന ലൂസിഫർ എന്ന സ്റ്റീഫൻ നെടുമ്പള്ളി എവിടെയാണ്?
ഇൻ്റർനെറ്റിൽ എല്ലാം മണത്തു കണ്ടു പിടിക്കുന്ന ഗോവർധൻ ഡാർക്ക് വെബ്ബിലും സൈബറിടങ്ങളിലും അയാളെ തിരഞ്ഞിറങ്ങുന്നു. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ മത രാഷ്ട്രീയത്തിൽ നിന്നും കേരളത്തെ രക്ഷിച്ച് ഐ യു എ ഫിൻ്റെ മൺമറഞ്ഞ നേതാവ് പി കെ രാമദാസിൻ്റെ മതേതരത്വം, സാഹോദര്യം തുടങ്ങിയ പാരമ്പര്യ മൂല്യങ്ങൾ പുന:സ്ഥാപിക്കണം.എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്ന ലൂസിഫർ കൃത്യ സമയത്തു തന്നെ തിരിച്ചെത്തുന്നു.
മത രാഷ്ട്രീയത്തെ കേരളത്തിൻ്റെ മണ്ണിൽ നിന്നും തുരത്താൻ സ്റ്റീഫൻ കരുവാക്കുന്നത് ജതിൻ്റെ സഹോദരി പ്രിയദർശിനിയെയും. മുല്ലപ്പെരിയാർ ഡാമിനെ അനുസ്മരിപ്പിക്കുന്ന നെടുമ്പള്ളി ഡാമിന് ചുറ്റുമതിൽ പണിയുന്നതിനെതിരെയുള്ള സമര വേദി പ്രിയദർശിനിയുടെ രാഷ്ട്രീയ അരങ്ങേറ്റ വേദിയായി മാറുന്നു.ഇറാഖിലെ ഏറ്റുമുട്ടലിൽ ലൂസിഫർ വക വരുത്തിയ മയക്കുമരുന്ന് രാജാവ് കബൂഗ ചൈനീസ് ഗൂഢശക്തി ഷെൻ ട്രയാഡിൻ്റെ ഏജൻ്റായിരുന്നു. ഷെൻ ട്രയാഡും ലൂസിഫറുമായി ഏറ്റുമുട്ടുന്ന മൂന്നാം ഭാഗത്തിന് സൂചന നൽകിക്കൊണ്ടാണ് എമ്പുരാൻ അവസാനിക്കുന്നത്.
വിദേശ താരങ്ങളുൾപ്പെടെ വമ്പൻ താര നിര നിറഞ്ഞതാണ് എമ്പുരാൻ.ടൊവിനോ തോമസിൻ്റെ ജതിൻ രാമദാസ് ഉൾപ്പെടെ മിക്ക കഥാപാത്രങ്ങളും മതിയായി വികസിച്ചിട്ടില്ല.അതുപോലെ, ഇന്ദ്രജിത്ത് സുകുമാരനും നൈല ഉഷയും ഉൾപ്പെടെ നിരവധി താരങ്ങളുടെ സ്‌ക്രീൻ സാന്നിധ്യം അപര്യാപ്തമാണ്.
ഒന്നിലധികം ഉപകഥകൾ കൂടിപ്പിണഞ്ഞു കിടക്കുന്നത് നിഗൂഢതയ്ക്കു പകരം ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. സിനിമയുടെ ദൈർഘ്യവും ചിതറിക്കിടക്കുന്ന കഥാസന്ദർഭങ്ങളും മന്ദഗതിയിലുള്ള ഒഴുക്കും പ്രേക്ഷകർക്ക് സിനിമയിൽ പൂർണ്ണമായും ഇഴുകിച്ചേരുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. ക്ലൈമാക്സിലും പുതുമയില്ല. ആദ്യ പകുതിയിൽ ഹൈടെക് ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ഫൈറ്റ്.
രണ്ടാം പകുതിയിൽ സംഘട്ടന രംഗങ്ങളിൽ മഴു, വാൾ, കത്തി, കമ്പിപ്പാര, ചുറ്റിക തുടങ്ങിയ പരമ്പരാഗത ടൂൾസ് കൂടി കടന്നു വരുന്നത് അന്യഭാഷാ പ്രേക്ഷകരെ ഉന്നം വെച്ചായിരിക്കും ചിത്രം നിറയെ രാഷ്ട്രീയ ആക്ഷേപ ഹാസ്യം കുത്തി നിറച്ചിട്ടുണ്ടെങ്കിലും പലതും ഏശുന്നില്ല.എന്തിനും ഏതിനും രാജിവെയ്ക്കുന്ന ഐക്യ ജനാധിപത്യ മുന്നണിയിലെ ആൻ്റപ്പനെ കുറിച്ചുള്ള പരാമർശം മുതൽ കറുത്ത മാസ്ക്ക് ഊരി വെപ്പിച്ച് വെളുത്ത മാസ്ക് ധരിപ്പിക്കുന്ന ഭരണാധികരികളെ കുറിച്ചുള്ള വിമർശനം വരെ ചിത്രത്തിലുണ്ട്.
വിപ്ലവപ്പാർട്ടി നേതാവിനെ വാഴ്ത്താൻ ‘കാരണഭൂതം’ സ്റ്റൈലിൽ തിരുവാതിരപ്പാട്ടുമുണ്ട്. ഇടയ്ക്ക് പ്രിയദർശിനി രാമദാസിൻ്റെ ‘മിസ്റ്റർ ചീഫ് മിനിസ്റ്റർ ‘ വിളിയും ഭരണം കിട്ടിക്കഴിഞ്ഞാൽ കുടുംബാധിപത്യം ഉറപ്പാക്കുന്ന രാജഭരണത്തെക്കുറിച്ചുള്ള വിമർശനവും കേൾക്കാം.എമ്പുരാനിൽ തിളക്കമാർന്ന ദൃശ്യങ്ങൾ ഏറെയുണ്ടെങ്കിലും മൊത്തത്തിൽ നോക്കുമ്പോൾ കഥയ്ക്ക് ആഴം കുറവാണ്. പിടിച്ചിരുത്തുന്ന ആഖ്യാനത്തെക്കാൾ കഥാപാത്രങ്ങളെ ഹൈലൈറ്റ് ചെയ്യുന്നതിലാണ് സംവിധായകൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന മികച്ച ദൃശ്യങ്ങളാണ് എമ്പുരാനു വേണ്ടി സംവിധായകൻ പൃത്ഥിരാജ് ഒരുക്കിയിരിക്കുത്തത്.സുജിത് വാസുദേവിന്റെ ഛായാഗ്രഹണം മികച്ചതാണ്. രാജ്യത്തിനകത്തും വിദേശ രാജ്യങ്ങളിലുമുള്ള ഗംഭീര ദൃശ്യങ്ങൾ അതിമനോഹരമായി സുജിത് പകർത്തിയിരിക്കുന്നു. ദീപക് ദേവിന്റെ പശ്ചാത്തല സംഗീതവും അഭിനന്ദനീയമാണ്. ചില രംഗങ്ങൾക്ക് ഊർജ്ജം പകർന്ന് മൂഡ് ഉയർത്തുന്നതാണ് സംഗീതം. പാൻ ഇന്ത്യൻ ചിത്രമെന്നതു പോലെ ഇൻ്റർനാഷണൽ ചിത്രം കൂടിയാണ് എമ്പുരാൻ.
ചിത്രം തുടങ്ങി ഒരു മണിക്കൂർ പിന്നിടുമ്പോഴാണ് മോഹൻ ലാലിൻ്റെ എബ്രാം ഖുറേഷി സ്ക്രീനിലെത്തുന്നത്. ലൂസിഫറിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന ലോക്കൽ രാഷ്ട്രീയക്കാരനെ ആയിരുന്നുവെങ്കിൽ എമ്പുരാനിൽ അന്താരാഷ്ട്ര മാനങ്ങളുള്ള അബ്രാം ഖുറേഷിയെയാണ് മോഹൻ ലാൽ അവതരിപ്പിക്കുന്നത്.അതി ശക്തമാണ് മോഹൻലാലിൻ്റെ പ്രകടനം. സ്ക്രീൻ പ്രസൻസ് അപാരം. താരത്തിൻ്റെ നിശബ്ദമെങ്കിലും ആധികാരികമായ അഭിനയവും ചെറുതെങ്കിലും ശക്തമായ സംഭാഷണങ്ങളും ഫാൻസിനെ സന്തോഷിപ്പിക്കും.
സ്റ്റീഫനായെത്തി പ്രിയദർശിനിയെ രക്ഷിക്കാൻ കാട്ടിൽ നടത്തുന്ന സംഘട്ടന രംഗങ്ങൾ തീർച്ചയായും ഒരു ഹൈലൈറ്റാണ്. സയിദ് മസൂദായി പൃത്ഥിരാജ് സുകുമാരന് അധികം സമയം ഇല്ലെങ്കിലും കഥാപാത്രത്തെ നന്നായി കൈകാര്യം ചെയ്തു. മഞ്ജു വാര്യരുടെ പ്രകടനവും മികച്ചതാണ്. ലൂസിഫറുമായി താരതമ്യപ്പെടുത്തുമ്പോൾ എമ്പുരാനിൽ ടൊവിനോ തോമസിന് തിളങ്ങാനായില്ല.
“അധികാരം ദുഷിപ്പിക്കും, പരമാധികാരം പരമമായി ദുഷിപ്പിക്കും” എന്ന ലോർഡ് ആക്ടൻ്റെ മഹദ് വചനം എഴുതിക്കാണിക്കുന്നുണ്ടെങ്കിലും അഴിമതിക്കാരനായുള്ള ജതിൻ്റെ മാറ്റം വിശ്വസനീയമായി വികസിപ്പിച്ചിട്ടില്ല. മറ്റെല്ലാം മാറ്റിവെച്ചു നോക്കിയാൽ ആത്യന്തികമായി കാവി രാഷ്ട്രീയത്തിനെതിരായ വിമർശനവും സാത്താൻ സ്തുതികളും നിറച്ച കഥയാണ് എമ്പുരാൻ.
ലൈക്ക പ്രൊഡക്ഷൻസിനു വേണ്ടി സുബാസ്ക്കരൻ, ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലൻ ,ആശിർവ്വാദ് സിനിമാസിനു വേണ്ടി ആൻ്റണി പെരുമ്പാവൂർ എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചത്.
———————————————————-
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)