ഡോ ജോസ് ജോസഫ്
അതീന്ദ്രിയ ശക്തികളുടെ സാന്നിധ്യമുള്ള പ്രേതാവേശിത ഭവനങ്ങളെ കേന്ദ്രീകരിച്ചു ചിത്രീകരിച്ച ‘ഗേൾസ് നൈറ്റ് ഔട്ട് ‘ ഇന്ത്യൻ ടെലവിഷനിലെ ആദ്യത്തെ പാരാനോർമൽ ഹൊറർ റിയാലിറ്റി ഷോ ആയിരുന്നു.
2011 ൽ എം ടി വി സംപ്രേക്ഷണം ചെയ്ത ഈ ഹൊറർ റിയാലിറ്റി ഷോയ്ക്കു ശേഷം ഇന്ത്യൻ മിനി സ്ക്രീൻ ഇത്തരം ഷോകളുടെ വൻ പ്രളയത്തിനു തന്നെ സാക്ഷ്യം വഹിച്ചു. ട്രെൻഡ് സെറ്ററായിരുന്ന ഗേൾസ് നൈറ്റ് ഔട്ടിൻ്റെ സംവിധായകൻ എ സജീദ് കഥയെഴുതി സംവിധാനം ചെയ്ത മലയാള ചിത്രമാണ് ‘വടക്കൻ’ .മലയാളത്തിലെ ആദ്യത്തെ പാരാനോർമൽ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ എന്ന വിശേഷണത്തോടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
ചരിത്രവും ആദിമ ദ്രവീഡിയൻ മിത്തോളജിയും നാടോടിക്കഥകളും ആധുനിക പാരാനോർമൽ ശാസ്ത്രവുമെല്ലാം കെട്ടുപിണഞ്ഞു കിടക്കുന്ന ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ഉണ്ണി ആറാണ്. ചരിത്ര പണ്ഡിതൻ എം ജി ശശിഭൂഷണാണ് ചിത്രത്തിൻ്റെ ഹിസ്റ്ററി കൺസൾട്ടൻ്റ്.
റിലീസിനു മുമ്പു തന്നെ നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിൽ ഈ നിരൂപക ശ്രദ്ധ നേടിയ ചിത്രമാണ് വടക്കൻ. 2024 ൽ ജർമ്മനിയിലെ ബ്രസ്സൽസ് ഇന്റർനാഷണൽ ഫന്റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിലും ലോസ് ഏഞ്ചൽസിൽ നടന്ന അമേരിക്കയുടെ എച്ചലോൺ സ്റ്റുഡിയോസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ഇത് ഔദ്യോഗിക എൻട്രിയായിരുന്നു.ഫന്റാസ്റ്റിക് പവലിയനിലെ ഗാല സ്‌ക്രീനിംഗുകളുടെ ഭാഗമായി കാൻ ഫിലിം ഫെസ്റ്റിവലിലെ മാർഷെ ഡു ഫിലിമിലും ഇത് പ്രദർശിപ്പിച്ചു.
ഇറ്റലിയിലെ എൽ’അക്വിലയിൽ നടന്ന അബ്രുസ്സോ ഹൊറർ ഫിലിം ഫെസ്റ്റിവലിലും 78-ാമത് ഫെസ്റ്റിവൽ ഇന്റർനാഷണൽ ഡെൽ സിനിമ ഡി സലെർണോയിലും ഔദ്യോഗിക എൻട്രിയായി ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. ഓഫ് ബീറ്റ് സ്റ്റുഡിയോസാണ് 112 മിനിറ്റ് ദൈർഘ്യമുള്ള വടക്കൻ നിർമ്മിച്ചിരിക്കുന്നത്.
കൊച്ചിയിൽ നിന്നും ഏഴെട്ടു മണിക്കൂർ വടക്കോട്ട് ഡ്രൈവ് ചെയ്താൽ ബ്രഹ്മഗിരി കുന്നുകളിലെത്താം. അവിടെ തടാകത്താൽ ചുറ്റപ്പെട്ട കാടിനുള്ളിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ബംഗ്ലാവ്.ദുർഗ്ഗമ വീഥികൾ താണ്ടി നിഗൂഢതകൾ പൊതിഞ്ഞ ആ ബംഗ്ലാവിനുള്ളിലേക്ക് ആരും പ്രവേശിക്കാറില്ല.
സെലിബ്രിറ്റി റിയാലിറ്റി ഷോ ഡയറക്ടറായ രവിവർമ്മ (കൃഷ്ണശങ്കർ ) ഭൂതാവേശിതമെന്ന് സംശയിക്കപ്പെടുന്ന ആ ബംഗ്ലാവിനുള്ളിൽ ഒരു ഹൊറർ റിയാലിറ്റി ഷോ പ്ലാൻ ചെയ്യുന്നു.ഇ എം എഫ് മീറ്റർ ഉൾപ്പെടെയുള്ള ഗോസ്റ്റ് ഹണ്ടിംഗ് ടൂൾ കിറ്റുകൾ സഹിതം അതിനു വേണ്ടി ആറ് മത്സരാർത്ഥികളെ ബംഗ്ളാവിലേക്കു കൊണ്ടുവരുന്നു. പേടിച്ചോടാതെ ടാസ്ക്കുകൾ പൂർത്തിയാക്കുന്ന വിജയിക്ക് ഒരു കോടി രൂപയുടെ സമ്മാനമായിരുന്നു വാഗ്ദാനം.
റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയുടെ ഓരോ ചലനവും ക്യാമറക്കണ്ണുകളിൽ പതിയും. ഷോ പുരോഗമിക്കുന്നതിനിടെ ദുരൂഹ സാഹചര്യത്തിൽ ഡയറക്ടർ ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെടുന്നു.പോലീസിൻ്റെ അന്വേഷണത്തിൽ കൊലപാതകത്തിൻ്റെ കാരണം കൃത്യമായി കണ്ടെത്താനാവുന്നില്ല. ഡയറക്ടർ രവി വർമ്മയുടെ ഭാര്യ മേഘ നമ്പ്യാർ (ശ്രുതി മേനോൻ) അന്വേഷണത്തിന് പാരാനോർമൽ ഇൻവെസ്റ്റിഗേറ്റർ രാമൻ പെരുമലയൻ്റെ (കിഷോർ കുമാർ ) സഹായം തേടുന്നു.
വത്തിക്കാനിലെ സ്കൂൾ ഓഫ് എക്സോർസിസം പോലുള്ള പാരാനോർമൽ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കുന്ന രാജ്യാന്തര പ്രശസ്തനായ ഗവേഷകനാണ് രാമൻ. റിസർച്ച് അസ്സോസിയേറ്റ് അന്നയോടൊപ്പം (മെറിൻ ഫിലിപ്പ്) അയാൾ അന്വേഷണത്തിനായി വിദേശത്തു നിന്നും നാട്ടിലെത്തുന്നു. ആദ്യ പകുതിയിൽ റിയാലിറ്റി ഷോ മത്സരാർത്ഥികൾ നിറഞ്ഞു നിൽക്കുമ്പോൾ രണ്ടാം പകുതി മറ്റൊരു തലത്തിലേക്കു മാറുന്നു.
ഹൊററും ദ്രാവിഡീയൻ മിത്തോളജിയിൽ വേരൂന്നിയ പാരാനോർമൽ പ്രതിഭാസങ്ങളും പ്രേക്ഷകനെ ഭീതിയുടെ മറ്റൊരു ലോകത്തേക്കാണ് എത്തിക്കുന്നത്..പുരാവൃത്ത ഗവേഷകയായ അയേഷയാണ് (മാലാ പാർവ്വതി) ബ്രഹ്മഗിരിക്കുന്നുകളുടെ ചരിത്ര പശ്ചാത്തലം രാമനു മുന്നിൽ അനാവരണം ചെയ്യുന്നത്.
നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രകൃതിയെ മാതാവായി കണ്ട് അമ്മദൈവങ്ങളെ ആരാധിച്ചിരുന്ന ഗോത്രവർഗ്ഗങ്ങളുടെ ആവാസ ഭൂമിയായിരുന്നു ബ്രഹ്മഗിരിക്കുന്നുകൾ. തെയ്യം വേഷം കെട്ടിയാടുന്ന ആദിമ മലയൻ കുഞ്ഞമ്പുവാണ് രണ്ടാം പകുതിയിലെ ഹീറോ. ദൈവത്തിനും മനുഷ്യനുമിടയിലുള്ള അവസ്ഥയിൽ ആഗ്രഹങ്ങൾ പൂർത്തിയാക്കാതെ ദുർമ്മരണപ്പെട്ട കുഞ്ഞമ്പുവിൻ്റെ ദുരാത്മാവിൻ്റെ സാന്നിധ്യം രണ്ടാം പകുതിയിൽ നിറഞ്ഞു നിൽക്കുന്നു.
പാരാനോർമൽ ഇൻവെസ്റ്റിഗേഷൻ്റെ ഭാഗമായി മേഘക്കും അന്നയ്ക്കുമൊപ്പം ബ്രഹ്മഗിരിക്കുന്നിലെത്തിയ രാമൻ പെരുമലയൻ നേരിടുന്നത് അമാനുഷിക സംഭവവികാസങ്ങളെയാണ്.രാമനും പൂർവ്വ കാമുകിയായ മേഘക്കും ബ്രഹ്മഗിരിക്കുന്നുകളിലെ നിഗൂഢതകളുമായി എന്താണ് ബന്ധം? ഏഴു പേരുടെ മരണം അന്വേഷിച്ചാണ് എത്തുന്നതെങ്കിലും രാമനും മേഘയും പൂർവ്വികാത്മാക്കളുടെ മന്ത്രണങ്ങൾ മുഴങ്ങുന്ന ബ്രഹ്മഗിരിയിലെ നിഗൂഢതകളിൽ കുടുങ്ങുകയാണ്.
വടക്കൻ്റെ കഥയിൽ വലിയ പുതുമയില്ലെങ്കിലും ചിത്രത്തിൻ്റെ മേക്കിംഗ് വേറെ ലെവലിലാണ്. ദ്രവീഡിയൻ മിത്തോളജി, പാരാനോർമൽ ശാസ്ത്രം ,ജാതി വിവേചനം ,നഷ്ട പ്രണയം തുടങ്ങി ഒട്ടേറെ അടരുകൾ ചിത്രത്തിനുണ്ട്. ചിത്രത്തിൻ്റെ ക്ലൈമാക്സ് പരിചിതമാണെങ്കിലും സംവിധായകൻ സജീദ് വേറിട്ട രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്.
വടക്കൻ്റെ ദൃശ്യ-ശ്രാവ്യ ഘടകങ്ങൾ ഉയർന്ന നിലവാരം പുലർത്തുന്നു. സിരകളിലേക്ക് അരിച്ചിറങ്ങുന്ന ഭീതി സൃഷ്ടിക്കുന്നതിൽ റസൂൽ പൂക്കുട്ടിയുടെ സൗണ്ട് ഡിസൈൻ വ്യത്യസ്തമായ അനുഭവം പകരുന്നു. ബിജിബാലിൻ്റെ സംഗീതവും വളരെ മികച്ചതാണ്.ജാപ്പനീസ് ഛായാഗ്രഹക കെയ്കോ നകഹാരയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.
ഇരുളും വെളിച്ചവും ഇടകലർന്ന രാത്രി ഷോട്ടുകൾ അതിഗംഭീരമായാണ് കെയ്കോ നകഹാര ഇൻഫ്രാറെഡ് ടെക്നോളജി ഉപയോഗിച്ച് പകർത്തിയിരിക്കുന്നത്. പാരാനോർമൽ ഇൻവെസ്റ്റിഗേറ്റർ രാമൻ പെരുമലയൻ, തെയ്യം കലാകാരൻ കുഞ്ഞമ്പു എന്നീ രണ്ട് ഗെറ്റപ്പുകളിലാണ് കന്നഡ നടൻ കിഷോർ വടക്കനിൽ വേഷമിട്ടിരിക്കുന്നത്.
അവസാന ഭാഗങ്ങളിൽ കിഷോറിൻ്റെ പ്രകടനം അതിഗംഭീരമാണ്. മേഘയായെത്തിയ ശ്രുതി മേനോനും മിന്നുന്ന പ്രകടനം നടത്തി. മെറിൻ ഫിലിപ്പിൻ്റെ അന്നയും കൊള്ളാം.കലേഷ് രാമാനന്ദ്, മീനാക്ഷി ഉണ്ണികൃഷ്ണൻ, ഗാർഗി അനന്തൻ, കൃഷ്ണശങ്കർ, മാലാ പാർവ്വതി, ഗ്രീഷ്മ, രവി വെങ്കിട്ടരാഘവൻ തുടങ്ങിയവരും വേഷങ്ങൾ ഭംഗിയാക്കി.
———————————————————-
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക
Post Views: 145