സൗഹൃദവും സിനിമയ്ക്കുള്ളിലെ സിനിമയുമായി ‘വർഷങ്ങൾക്കു ശേഷം’

          ഡോ. ജോസ് ജോസഫ്
സിനിമയിൽ ആരെങ്കിലുമൊക്കെയാകണമെന്ന തീവ്രമോഹത്തോടെ നഗരത്തിലേക്ക് വണ്ടി കയറുന്ന രണ്ട് സുഹൃത്തുക്കൾ. തുടക്കത്തിൽ അവർ അനുഭവിക്കുന്ന യാതനകളും പിന്നീടുണ്ടാകുന്ന ഉയർച്ച – താഴ്ച്ചകളും മോഹഭംഗങ്ങളുമെല്ലാം ഇന്ത്യൻ സിനിമയിൽ പലവട്ടം വന്നു പോയിട്ടുള്ള ഇതിവൃത്തങ്ങളാണ്.
2005 ൽ റോഷൻ ആൻഡ്രൂസിൻ്റെ  സംവിധാനത്തിൽ പുറത്തിറങ്ങിയ  ഉദയനാണ് താരം സിനിമയ്ക്കുള്ളിലെ സൗഹൃദങ്ങളുടെയും അന്തർനാടകങ്ങളുടെയും പടലപ്പിണക്കങ്ങളുടെയും കഥ പറഞ്ഞ സിനിമയായിരുന്നു. ട്രോളുകൾ നിറഞ്ഞ ചിത്രത്തിൻ്റെ തിരക്കഥ ശ്രീനിവാസൻ്റേതായിരുന്നു.
Varshangalkku Shesham Review: Vineeth Sreenivasan's tale of friendship is earnest but melodramatic - Hindustan Times
മോഹൻലാലും ശ്രീനിവാസനും മുഖ്യവേഷത്തിലെത്തിയ ചിത്രത്തിൻ്റെ അവസാനം  സംവിധായകൻ്റെ സിനിമയുടെ തീയേറ്റർ  സ്ക്രീനിംഗോടെയായിരുന്നു. ശ്രീനിവാസൻ്റെ മൂത്ത മകൻ വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘വർഷങ്ങൾക്കു ശേഷം ‘ ചുറ്റിക്കറങ്ങുന്നതും  സിനിമയ്ക്കുള്ളിലെ സിനിമയും സൗഹൃദവും എന്ന വട്ടത്തിലാണ്.
പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ശ്രീനിവാസൻ്റെ ഇളയ മകൻ ധ്യാൻ ശ്രീനിവാസനും മോഹൻലാലിൻ്റെ മകൻ പ്രണബ് മോഹൻലാലും. ട്രോളുകളാൽ സമ്പന്നമായ വർഷങ്ങൾക്കു ശേഷം അവസാനിക്കുന്നതും  തീയേറ്ററിലെ സിനിമാ പ്രദർശനത്തോടെയാണ്. 165 മിനിറ്റാണ് ചിത്രത്തിൻ്റെ ദൈർഘ്യം.
മെറിലാൻഡ് ഫിലിംസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് വർഷങ്ങൾക്കു ശേഷം നിർമ്മിച്ചിരിക്കുന്നത്.വിനീത് ശ്രീനിവാസൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ആറാമത്ത ചിത്രമാണിത്.
 നൊസ്റ്റാൾജിയ കലർന്ന ഫീൽ ഗുഡ് മൂവി എന്ന സുരക്ഷിത മേഖലയിലാണ് വിനീത് ശ്രീനിവാസൻ വർഷങ്ങൾക്കു ശേഷം ഒരുക്കിയിരിക്കുന്നത്. വിനീതിൻ്റെ കഴിഞ്ഞ ചിത്രം ഹൃദയം പോലെ ഈ ചിത്രത്തിൻ്റെയും പ്രധാന പശ്ചാത്തലം ചെന്നൈയാണ്. 1970 കളിൽ തുടങ്ങി മൂന്നാട്ടുള്ള 50 വർഷങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്.
Varshangalkku Shesham movie review: Dhyan Sreenivasan, Pranav Mohanlal try 'too hard' in Vineeth Sreenivasan's weakest film | Movie-review News - The Indian Express
ഇതിനിടയിൽ നീട്ടിപ്പറഞ്ഞ പല കഥകൾ അവിടവിടെ  കൂടിച്ചേരുന്നു.തുടക്കം അരനൂറ്റാണ്ടു മുമ്പുള്ള  വടക്കൻ മലബാറിലെ ഒരു ഗ്രാമത്തിൽ. വളർന്നു വരുന്ന ഒരു നാടകം എഴുത്തുകാരനാണ് വേണു കൂത്തുപറമ്പ് ( ധ്യാൻ ശ്രീനിവാസൻ). ഒരു സംഗീത സദസ്സിലെ ആഘോഷമേളങ്ങൾക്കിടയിൽ വേണു സംഗീതജ്ഞനായ മുരളി വിശ്വംഭരൻ എന്ന വയലിനിസ്റ്റുമായി പരിചയത്തിലാകുന്നു.
  ഇരുവരുടെയും പരിചയം  ഉറ്റ സൗഹൃദമായി വളരുന്നു. ഇടയ്ക്കിടെ അപ്രത്യക്ഷനായി കുറെക്കാലം കഴിഞ്ഞ് വീണ്ടും  പൊങ്ങി വരുന്ന സ്വഭാവക്കാരനാണ് മുരളി.സിനിമയിൽ ഭാഗ്യം അന്വേഷിച്ച് ഇരുവരും പുക പരത്തുന്ന വണ്ടിയിൽ കയറി മദിരാശിയിലെത്തുന്നു.എം ജി ആർ സി എം പദവി ഏറ്റെടുക്കുന്ന സമയം.
സ്വാമി (വൈ ജി മഹേന്ദ്രൻ )  നടത്തുന്ന സ്വാമീസ് ലോഡ്ജായിരുന്നു അവരുടെ അഭയ കേന്ദ്രം. ഭാഗ്യം വേണുവിനെ കടാക്ഷിച്ചു. അയാൾ സൂപ്പർ തിരക്കഥാകൃത്തും സംവിധായകനുമായി. ശുദ്ധ സംഗീതത്തിൻ്റെ ഉപാസകനായ മുരളി കിട്ടിയ അവസരം നഷ്ടപ്പെടുത്തി.സിനിമയിൽ ഒന്നുമാകാതെ  മദ്യത്തിൽ അഭയം തേടി.പിന്നീട് അപ്രസക്തനായി മറഞ്ഞു.
 മുരളിയും വേണുവുമായുള്ള സൗഹൃദത്തിൻ്റെ കഥ പറഞ്ഞ ആദ്യ പകുതി ശരാശരിയിൽ ഒതുങ്ങി. ഇരുവരും തമ്മിലുള്ള പിണക്കം അത്ര വിശ്വസനീയമല്ല.നിവിൻ പോളി, നീരജ് മാധവ്, ബേസിൽ ജോസഫ്, ആദ്യ പകുതിയിൽ വന്ന  നിർമ്മാതാവ് കേശവദേവിൻ്റെ മകനായി രണ്ടാം പകുതിയിൽ ഇരട്ട വേഷത്തിൽ എത്തുന്ന അജു വർഗീസ്, അസിഫ് അലി തുടങ്ങിയവരുടെ വരവോടെ ചിത്രത്തിൻ്റെ രണ്ടാം പകുതി ഉണർന്നു.
കോമഡി കൂടുതൽ വർക്ക്ഔട്ട് ആകുന്നത് രണ്ടാം പകുതിയിലാണ്. നിവിൻ പോളി സ്വയം ട്രോളിക്കൊണ്ട് അവതരിപ്പിക്കുന്ന നിതിൻ മോളി എന്ന താരമാണ് ആവേശത്തിന് തിരി കൊളുത്തുന്നത്.ശ്രീനിവാസൻ്റെ മക്കളായ വിനീത്, ധ്യാൻ , മോഹൻലാലിൻ്റെ മകൻ പ്രണവ്, പ്രിയദർശൻ- ലിസി ദമ്പതികളുടെ മകൾ കല്യാണി എന്നിവരെല്ലാം ഈ സിനിമയിലുണ്ട്.
 “അവൻ്റെ മോനും ഇവൻ്റെ മോനും മറ്റവൻ്റെ മോനും ഭരിക്കുന്ന മലയാള സിനിമയിൽ ഞാൻ ഒറ്റക്ക് വഴി വെട്ടി വന്നവനാടാ പട്ടികളെ ” എന്നാണ് നിവിൻ പോളി അവതരിപ്പിക്കുന നടൻ നിതിൻ മോളിയുടെ ഡയലോഗ്. മൂന്നോ നാലോ ബിരിയാണി അധികം കഴിച്ച് തടി വെച്ചാൽ ബോഡി ഷെയിമിംഗ് ആകാമോ എന്ന് സ്വയം ട്രോളുന്നുമുണ്ട് നിവിൻ പോളി.
Varshangalkku Shesham First Day First Impression: Dhyan Sreenivasan and Pranav Mohanlal's Bromance is A Heartfelt Ode
ഒരു സിനിമ കഴിഞ്ഞാൽ മുങ്ങുന്ന ഒരു കഥാപാത്രവുമുണ്ട് സിനിമയിൽ.ഒരു പടം കഴിഞ്ഞാൽ ഹിമാലയം കയറുന്ന പ്രണവ് മോഹൻലാലിനുള്ള ട്രോൾ “കൾട്ട് ” എന്ന കോട്ടും ഇട്ട് രണ്ടാം പകുതിയിൽ നിവിൻ പോളി എത്തുന്നതോടെയാണ് തീയേറ്ററിൽ ഊർജ്ജം നിറയുന്നത്.
 സിനിമ നല്ലതാണെങ്കിൽ ന്യൂ ജെൻ എന്നോ പഴയ തലമുറ എന്നോ വ്യത്യാസമില്ലാതെ തീയറ്ററിൽ ആളു കയറുമെന്നാണ് രണ്ടാം പകുതിയിൽ സംവിധായകൻ പറയുന്നത്. ” നമ്മുടെ കാലം കഴിഞ്ഞു. ഇത് ചെറുപ്പക്കാരുടെ കാലമല്ലേ?” എന്ന ചോദ്യത്തിന് ഇവിടെ ജീവിച്ചിരിക്കുന്ന ഓരോരുത്തർക്കുമുള്ളതാണ് കാലം എന്നാണ് സംവിധായകൻ്റെ മറുപടി.
70കളിലെയും 80 കളിലെയും സിനിമയിൽ നിന്നും ഇന്നത്തെ സിനിമയിലേക്കുള്ള പരിവർത്തനവും സമർത്ഥമായി ചിത്രീകരിച്ചിട്ടുണ്ട്.ഉദയനാണ് താരത്തിലേതു പോലെ അവസാന ഭാഗങ്ങളിൽ സംവിധായകൻ നേരിടുന്ന പ്രതിസന്ധികളും തീയേറ്റർ റിപ്പോർട്ടും ചിത്രം കാണുന്ന പ്രേക്ഷകരുടെ പ്രതികരണവുമെല്ലാം ഈ ചിത്രത്തിലും കാണാം. ചിത്രത്തിൻ്റെ ഫസ്റ്റ് ഷോ  പകുതിയാകുന്നതിനു മുന്നെ തീയേറ്ററിൽ കയറാതെ തന്നെ നെഗറ്റീവ് റിവ്യൂ ഇടുന്ന യൂട്യൂബർമാരെയും ട്രോളുന്നുണ്ട് വിനീത്.
  രണ്ടാം പകുതിയിൽ നിതിൻ മോളിയായുള്ള നിവിൻ പോളിയുടെ അഴിഞ്ഞാട്ടമാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. ഡയലോഗ് ഇല്ലാതെയും സ്വാഭാവികമായി  നർമ്മം അഭിനയിച്ചു ഫലിപ്പിക്കാനുള്ള നല്ല കഴിവുണ്ട് നിവിൻ പോളി ക്ക്.നിവിൻ്റെ ശക്തമായ തിരിച്ചു വരവാണ് വർഷങ്ങൾക്കു ശേഷം.സീരിയസ് വേഷങ്ങളിൽ പ്രതീക്ഷക്കപ്പുറം അഭിനയിക്കാനുള്ള റേഞ്ചുണ്ട് ധ്യാൻ ശ്രീനിവാസന്.വേണുവിൻ്റെ വേഷം തന്മയത്വത്തോടെയും ഒതുക്കത്തോടെയും അവതരിപ്പിച്ചു ധ്യാൻ.
ഡയലോഗ് ഡെലിവറിയിലും മാനറിസങ്ങളിലും ശരീരഭാഷയിലുമെല്ലാം 80- കളിലെയും 90- കളിലെയും വിൻ്റേജ് മോഹൻലാലിനെ അനുസ്മരിപ്പിക്കുന്നുണ്ട്  പ്രണവ് മോഹൻലാൽ. എന്നാൽ മോഹൻലാലിനൊപ്പമെത്താൻ പ്രണവിന് ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. പഴയകാല സൂപ്പർ സ്റ്റാറായി സംഗീതജ്ഞൻ  ഷാൻ റഹ്മാൻ നടത്തിയ വേഷപ്പകർച്ച ഗംഭീരമായി.
കല്യാണി പ്രിയദർശൻ്റെ ആനിയും നീത പിള്ളയുടെ രാധികയും ഉപരിപ്ലവങ്ങളായ കഥാപാത്രങ്ങളാണ്. രണ്ട് പേർക്കും പ്രത്യേകിച്ചൊന്നും ചെയ്യാനില്ല.
   
കൈവിട്ട കളിക്കൊന്നും സംവിധായകൻ വിനീത് ശ്രീനിവാസൻ തയ്യാറായിട്ടില്ല. കുടുംബ പ്രേക്ഷകർ എന്ന സുരക്ഷിതമായ വിഭാഗത്തെ ലക്ഷ്യമിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഗായകൻ കൂടിയായ വിനീത് സംവിധാനം ചെയ്ത ചിത്രം സംഗീത പ്രധാനമാണ്. ” ഞാപകം” എന്നു തുടങ്ങുന്ന ഗാനത്തിൻ്റെ ഈണം ഓർമ്മയിൽ നിൽക്കും.
കർണാടിക് സംഗീതജ്ഞ ബോംബെ ജയശീയുടെ മകനും ശിഷ്യനുമായ അമൃത് രാംനാഥാണ് ചിത്രത്തിൻ്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.പുതിയ സംഗീത സംവിധായകൻ്റെ അവതരണം ഗംഭീരമായി.
വ്യത്യസ്ത കാലഘട്ടങ്ങളെ വിശ്വസനീയമായി പകർത്തുന്നതിൽ ഛായാഗ്രാഹകൻ വിശ്വജിത്ത് ഒടുക്കത്തിൽ വിജയിച്ചു.രജ്ഞൻ എബ്രഹാമിൻ്റെ എഡിറ്റിംഗും നിമേഷ് താനൂരിൻ്റെ പ്രൊഡക്ഷൻ ഡിസൈനും മികച്ചതാണ്.
Varshangalkku Shesham': Vineeth Sreenivasan gets Nivin Pauly, Pranav Mohanlal, Kalyani Priyadarshan on board for his next
—————————————————————————————-

(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)

—————————————————————————–
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക