ഡോ ജോസ് ജോസഫ്
ചെറിയ കോമഡികളോടെ തുടങ്ങി പതിയെ ഗൗരവമായ കുറ്റാന്വേഷണത്തിലേക്കു കടക്കുന്ന കോമഡി ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ഡോമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്.
ഈ വർഷമിറങ്ങുന്ന ആദ്യ മമ്മൂട്ടി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തമിഴിലിലെ ശ്രദ്ധേയനായ ഡയറക്ടർ ഗൗതം വാസുദേവ് മേനോനാണ് (ജിവി എം).റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍, ടര്‍ബോ എന്നീ ചിത്രങ്ങൾക്കു ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ആറാമത്തെ ചിത്രമായ ഡോമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ് ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ്.
മമ്മുട്ടിയുടെ ഇതു വരെ കണ്ടു ശീലിച്ച കുറ്റാന്വേഷക വേഷങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തനാണ് ചിത്രത്തിലെ സ്വകാര്യ ഡിറ്റക്ടീവ് ചാൾസ് ഈനാശു ഡോമിനിക് എന്ന സിഐ ഡോമിനിക്. നേർത്ത സിറ്റുവേഷണൽ കോമഡിയുടെ മേമ്പൊടിയോടെയാണ് സി ഐ ഡോമിനിക്കിനെ മമ്മൂട്ടി അവതരിപ്പിക്കുന്നത്.തമിഴിൽ കണ്ടു പരിചയിച്ച ജി വി എം ശൈലി ഈ ചിത്രത്തിൽ ഇല്ല.
കൊച്ചിയിൽ ചെറിയ ഡിറ്റക്ടീവ് ഏജൻസി നടത്തുകയാണ് സി ഐ ഡോമിനിക് എന്ന മുൻ പോലീസുകാരൻ.ഡിറ്റക്ടീവ് സയൻസ് അരച്ചു കലക്കി കുടിച്ച ലോക്കൽ ഷെർലക്ഹോംസായ ഡോമിനിക്കിന് പ്രമാദമായ കേസുകൾ അന്വേഷിക്കണമെന്നാന്ന് ആഗ്രഹം.
പോലീസിലായിരുന്നപ്പോൾ അത്തരം കേസുകൾ കൈകാര്യം ചെയ്തിരുന്നതിൻ്റെ വീരകഥകൾ വിളമ്പാൻ ഒരു യൂട്യൂബ് ചാനലും ഡോമിനിക്കിനുണ്ട്. മരട് സുനി, ഗുണ്ടാ ഷാജി ,പടവീടൻ തുടങ്ങിയ കൊച്ചിയിലെ ഗുണ്ടാ വീരന്മാരെ ഒതുക്കിയ കഥകളും ഇടക്കിടെ പുറത്തു വരും .എന്നാൽ ഡിറ്റക്ടീവ് ഡോമിനിക്കിനു അന്വേഷിക്കാൻ കിട്ടുന്നതാകട്ടെ ചീളു കേസുകളും.
ഭാര്യാ ഭർത്താക്കന്മാരുടെ അവിഹിത ബന്ധം, കല്യാണാലോചനകളിലെ വിവാഹ പൂർവ്വ ബന്ധം തുടങ്ങിയവ ചികഞ്ഞു കണ്ടെത്തുകയാണ് നിലവിൽ കൈകാര്യം ചെയ്യുന്ന കേസുകൾ. കേസ് അന്വേഷണത്തിനിടെ അത്യാവശ്യം ബ്ലാക്ക്മെയിലിംഗും നടത്തുന്ന ശീലമുണ്ട് ഡോമിനിക്കിന്.
നഗരത്തിൽ ചെറിയ പോസ്റ്ററുകൾ ഒട്ടിച്ചാണ് ഡോമിനിക്കിൻ്റെ പരസ്യം. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പരസ്യം നൽകാനുള്ള വരുമാനമൊന്നും ഡോമിനിക്കിനില്ല. ഭാര്യ ലക്ഷ്മി ( ലെന ) ഉപേക്ഷിച്ചു പോയി.ഹൗസ് ഓണർ മിസ്സിസ് മാധുരിയുടെ (വിജി വെങ്കിടേഷ് ) കാരുണ്യത്തിലാണ് ഏറെക്കുറെ ഏകാകിയായ ഡോമിനിക്കിൻ്റെ ജീവിതം.
ഡോമിനിക്കിനെ മെരുക്കി നേർവഴിക്കു നടത്തുന്നത് മാധുരിയാണ്. അവർക്കു നൽകാനുള്ള വാടക പോലും കടമാണ്.ചവറു വസ്തുക്കൾ കൂട്ടിയിട്ടിരിക്കുന്ന സ്ഥലം പോലെയാണ് ഡോമിനിക്കിൻ്റെ താമസസ്ഥലം.
നഗരത്തിൽ പല സ്ഥലത്തും ഒട്ടിച്ചിരിക്കുന്ന പോസ്റ്ററുകൾ കണ്ട് ഡോമിനിക്കിൻ്റെ അസിസ്റ്റൻ്റാകാനുള്ള ഇൻ്റർവ്യൂവിന് വിഘ്നേശ് എന്ന വിക്കി (ഗോകുൽ സുരേഷ്) എത്തുന്നതോടെയാണ് ചിത്രത്തിൻ്റെ തുടക്കം. എന്തും സൂക്ഷ്മനിരീക്ഷണത്തോടെ പിടിച്ചെടുക്കുന്ന ഡോമിനിക്കിൻ്റെ ഡിറ്റക്ടീവ് ബുദ്ധി വിക്കി അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്.
അവിഹിതത്തിനു പോകുന്ന സോമൻ പിള്ളയെ(സിദ്ദിഖ് ) പിടിച്ചു കൊണ്ട് ചെറിയ തമാശകളോടെയാണ് ഡോമിനിക്ക് – വിക്കി കോമ്പോയുടെ അന്വേഷണങ്ങളുടെ തുടക്കം. ഒരു ഡിറ്റക്ടീവിൻ്റെ നിഗമനങ്ങളിൽ 20 ശതമാനം പിഴവുണ്ടായേക്കാമെന്ന പാഠം വിക്കിയെ ഡോമിനിക് പഠിപ്പിക്കുന്നു.
ഡോമിനിക്കിൻ്റെ ഹൗസ് ഓണർ മിസ്സിസ് മാധുരിയ്ക്ക് ആശുപത്രിയിൽ നിന്നും ഒരു ലേഡീസ് പേഴ്സ് കളഞ്ഞു കിട്ടുന്നു.ഉടമസ്ഥയെ കണ്ടെത്തി ആ പേഴ്സ് തിരികെയേൽപ്പിക്കണമെന്ന ചെറിയൊരാവശ്യം മാധുരി ഡോമിനിക്കിൻ്റെ മുന്നിൽ വെയ്ക്കുന്നതോടെ കഥ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിൻ്റെ ട്രാക്കിലേക്കു കടക്കുന്നു.
ഡോമിനിക് വളരെ നിസ്സാരമായി കരുതിയ കേസ് വലിയ കുരുക്കുകളിലേക്കാണ് നീങ്ങുന്നത്. പേഴ്സിൻ്റെ ഉടമസ്ഥ പൂജാ രവീന്ദ്രനെന്ന പെൺകുട്ടിയെ നാലു ദിവസമായി കാണാനില്ല. ആ അന്വേഷണം പിന്നെ ചെന്നെത്തുന്നത് പൂജയുടെ മുൻ കാമുകനായ കാർത്തിക്കിൻ്റെ തിരോധാനത്തിലേക്കാണ്.
കാർത്തിക്കിനെ കണ്ടെത്താൻ മൂന്നാറിൽ സഹോദരിയും ഡാൻസറുമായ നന്ദിതയുടെ (സുഷ്മിത ഭട്ട് ) അടുത്തും ഡോമിനിക്കും വിക്കിയുമെത്തുന്നു. ഡോമിനിക്കിൻ്റെ അന്വേഷണത്തിനിടയിൽ പൂജയെ പിന്നാലെ നടന്നു ശല്യം ചെയ്ത ആൽബി (ഷൈൻ ടോം ചാക്കോ ) കാർത്തിക് ജോലി ചെയ്തിരുന്ന കമ്പനി ഉടമസ്ഥൻ പ്രകാശ് (വിനീത് ), കോർപ്പറേറ്റ് മുതലാളി ടോണി (വിജയ് ബാബു) എന്നിവരെല്ലാം പ്രതിസ്ഥാനത്തേക്ക് കടന്നു വരുന്നുണ്ട്.
ലളിതമാണ് കഥാഗതിയെങ്കിലും അപ്രതീക്ഷിതമാണ്ക്ലൈമാക്സ്. വയലൻസിൻ്റെ അതിപ്രസരമില്ല. കൊച്ചി, നാഗർകോവിൽ, മൂന്നാർ ,ആന്തമാൻ തുടങ്ങി പല ലൊക്കേഷനുകളിലായാണ് കഥ പുരോഗമിക്കുന്നത്.
മമ്മൂട്ടിയുടെ താരപരിവേഷത്തേക്കാൾ അദ്ദേഹത്തിലെ നടനെയാണ് ചിത്രത്തിൽ സംവിധായകൻ പ്രയോജനപ്പെടുത്തിയിരിക്കുന്നത് . ആൾക്കൂട്ടത്തിൽ ഇടകലർന്നു സഞ്ചരിക്കുന്ന, ദൗർബ്ബല്യങ്ങളുള്ള സാധാരണക്കാരനാണ് ഡോമിനിക്. എന്നാൽ തമിഴ് സിനിമയിലെ മികച്ച ക്രാഫ്റ്റ്സ്മാനായ ഗൗതം വാസുദേവ് മേനോൻ മമ്മൂട്ടിയുമായി ഒന്നിക്കുമ്പോൾ ആ കോമ്പോയിൽ നിന്നും പ്രതീക്ഷിക്കുന്ന ത്രിൽ ചിത്രത്തിൽ നിന്നും പ്രേക്ഷകർക്ക് ലഭിക്കുന്നില്ല.
ഗൗതം വാസുദേവ് മേനോൻ, നീരജ് രാജൻ, സൂരജ് രാജൻ എന്നിവർ ചേർന്നു രചിച്ച തിരക്കഥയ്ക്ക് പോരായ്മകളുണ്ട്. വേണ്ടത്ര ഫോക്കസ് ഇല്ല. സംഭാഷണങ്ങളിൽ കുറെക്കൂടി ശ്രദ്ധിക്കണമായിരുന്നു. ചിത്രത്തിലെ ഗാനരംഗങ്ങൾ അനാവശ്യമാണ്. സംഘട്ടന രംഗങ്ങളിൽ കൃത്രിമത്വം മുഴച്ചു നിൽക്കുന്നു.
ഒരു ജി വി എം ടച്ചോ പ്രൊഫഷണൽ സംവിധായകനിൽ നിന്നും പ്രതീക്ഷിക്കുന്ന മികവോ ഡോമിനിക് ആൻഡ് ദ ലേഡീസ് പേഴ്സിൽ ഗൗതം വാസുദേവ് മേനോൻ പുറത്തെടുക്കുന്നില്ല.
ഡിറ്റക്ടീവ് സി ഐ ഡോമിനിക്കായുള്ള മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ് ചിത്രം കണ്ടിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. കഥയെ മുന്നോട്ടു കൊണ്ടു പോകാൻ ഡോമിനിക്കിന് ഒപ്പം നിൽക്കുന്ന രണ്ട് കഥാപാത്രങ്ങളാണ് മിസ്സിസ് മാധുരിയും വിക്കിയും. മാധുരിയായി വിജി വെങ്കിടേഷും വിക്കിയായി ഗോകുൽ സുരേഷും തിളങ്ങി.
ഇവരും മമ്മൂട്ടിയുമായുള്ള കോമ്പോ സീനുകൾ രസകരമായി ചിത്രീകരിച്ചിട്ടുണ്ട്. ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രമായ നന്ദിതയെ അവതരിപ്പിക്കുന്നത് കന്നഡ നടിയായ സുഷ്മിത ഭട്ടാണ്. സുഷ്മിതയുടെ ആദ്യ മലയാള ചിത്രമാണിത്. സുഷ്മിതയുടെ പ്രകടനവും മികച്ചതാണ്.
വിഷ്ണു ആർ ദേവിൻ്റെ ഛായാഗ്രഹണം ഉന്നത നിലവാരം പുലർത്തുന്നു.ഗൗതം വാസുദേവ് മേനോൻ്റെ സ്ഥിരം എഡിറ്ററായ ആൻ്റണിയാണ് ചിത്രത്തിൻ്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്.ജിവിഎം -ആൻ്റണി കോമ്പോയുടെ പതിവ് മികവ് ഈ ചിത്രത്തിലെ എഡിറ്റിംഗിന് ഇല്ല. ദർബുക ശിവയുടെ സംഗീതം ലളിതമാണ്. വലിയ കോലാഹലങ്ങളില്ല.
മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫേറര്‍ ഫിലിംസാണ് വിതരണം ചെയ്യുന്നത്.
———————————————————-
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക
Post Views: 16