ഡോ ജോസ് ജോസഫ്
മലയാള സിനിമയിൽ ഇപ്പോൾ ക്രൈം ത്രില്ലറുകളുടെ സുവർണ്ണകാലമാണ്. പല ജോണറുകളിലുള്ള ക്രൈം ത്രില്ലറുകൾ ഒന്നിനു പുറകെ മറ്റൊന്നായി ഇറങ്ങുന്നു.ഐഡൻ്റിറ്റിക്കും രേഖാചിത്രത്തിനും ശേഷം ഈ ജനുവരിയിൽ റിലീസ് ചെയ്യുന്ന മറ്റൊരു ക്രൈം ത്രില്ലറാണ് നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത പ്രാവിൻകൂട് ഷാപ്പ്.
ബ്ലാക്ക് ഹ്യൂമർ ജോണറിൽ അണിയിച്ചൊരുക്കിയ ചിത്രത്തിൽ ബേസിൽ ജോസഫ്, സൗബിൻ ഷാഹീർ, ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തൃശൂർ നഗരത്തോട് ചേർന്നു കിടക്കുന്ന ഒരു നാട്ടിൻ പുറത്തെ കള്ളുഷാപ്പിൽ നടന്ന കൊലപാതകത്തിൻ്റെ അന്വേഷണമാണ് ചിത്രത്തിൻ്റെ പ്രമേയം. ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ അൻവർ റഷീദാണ് നിർമ്മാതാവ്.
സംവിധായകനായ ശ്രീരാജ് ശ്രീനിവാസൻ തന്നെയാണ് തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്.ചിത്
കറുത്ത ഫലിതങ്ങളിൽ ചിലത് ഏശും. ചിലത് പ്രേക്ഷകരുടെ ശ്രദ്ധയിൽ പെടുകയേയില്ല. നർമ്മ സംഭാഷണങ്ങൾക്കൊപ്പം ദ്വയാർത്ഥ പ്രയോഗങ്ങൾക്കും ക്ഷാമമില്ല.ബോബി ചെമ്മണ്ണൂർ പ്രശസ്തമാക്കിയ ‘വെടി’, ‘കളി’ തുടങ്ങിയ വാക്കുകളൊക്കെ ദ്വയാർത്ഥ പ്രയോഗങ്ങളായി കടന്നു വരുന്നുണ്ട്.
തൃശൂർ നഗരത്തിനടുത്തു കിടക്കുന്ന പ്രാവിൻകൂട് കള്ളു ഷാപ്പിലാണ് കഥ നടക്കുന്നത്. തൃശുരാന്നെന്നു സൂചിപ്പിക്കാൻ ശക്തനിലെ ആകാശപ്പാത തുടക്കത്തിലെ കാണിക്കുന്നുണ്ട്. ചെറുപ്പക്കാരും വൃദ്ധരുമെല്ലാം ഷാപ്പിലെ സ്ഥിരം കുടിയന്മാരാണ്. അവരിൽ ജീവിതം ആസ്വദിക്കാൻ മദ്യപിക്കുന്നവരുണ്ട്. ജീവിതം മറക്കാൻ കള്ളു കുടിയ്ക്കുന്നവരുമുണ്ട്. ഷാപ്പടച്ചു കഴിഞ്ഞാലും സ്ഥിരം പറ്റുകാർക്ക് ചീട്ടു കളിക്കാനും വിനോദങ്ങളിലേർപ്പെടാനുമുള്ള സൗകര്യം ഷാപ്പിലുണ്ട്.
മഴയും കാറ്റും മിന്നലുമുള്ള ഒരു രാത്രിയിൽ ഉടമസ്ഥൻ കൊമ്പൻ ബാബുവിനെ (ശിവജിത് പത്മനാഭൻ) ഷാപ്പിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നു. ആജാനബാഹുവായ ബാബുവിൻ്റെ മരണം ആത്മഹത്യയോ കൊലപാതകമോ എന്ന് ഉറപ്പിക്കാനാവുന്നില്ല. ഷാപ്പടച്ച ശേഷം പുറത്തു നിന്നാരും വന്നിട്ടില്ല.ഷാപ്പിലുള്ള 11 പേരും സംശയത്തിൻ്റെ നിഴലിലാകുന്നു.
ചുറുചുറുക്കുള്ള ചെറുപ്പക്കാരൻ എസ് ഐ സി ജെ സന്തോഷിനാണ് (ബേസിൽ ജോസഫ്) കേസിൻ്റെ അന്വേഷണം. തൃശൂർക്കാരനായ സന്തോഷ് അന്വേഷിച്ച കേസെല്ലൊം തെളിയിച്ച മിടുക്കനാണ്. മർദ്ദന വീരനല്ല. ബുദ്ധിയാണ് മുഖ്യം. ചെറിയ തുമ്പുകളിൽ നിന്നു പോലും കേസ് ശാസ്ത്രീയമായി തെളിയിച്ചെടുക്കും. ഒരാൾ ചിന്തിക്കുന്നത് എന്താണോ അത് സന്തോഷ് അതിവേഗം പിടിച്ചെടുക്കും.
മുഴുക്കുടിയനായ അപ്പൻ കനാലിൽ വീണു മരിച്ചു.അമ്മ ആത്മഹത്യ ചെയ്തു. അങ്ങനെ ശോകമയമായ പശ്ചാത്തലം സന്തോഷിൻ്റെ പെരുമാറ്റത്തിൽ ചില വൈകല്യങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.ഷാപ്പിലെ കേസ് അന്വേഷണം ഒഴിവാക്കണമെന്ന സന്തോഷിൻ്റെ ആവശ്യം മേലധികാരികൾ അംഗീകരിച്ചില്ല.ഷാപ്പിനടുത്തെത്
ജോലിക്കാരനായ കണ്ണനാണ് (സൗബിൻ ഷാഹീർ ) കള്ളെടുത്തു കൊടുക്കുന്നതും ഷാപ്പിലെ കാര്യങ്ങൾ നോക്കി നടത്തുന്നതും. ഒരു കാലിനു മുടന്തുള്ള ഭിന്നശേഷിക്കാരനാണ് കണ്ണൻ.മാജിക്കും തവളപിടുത്തവും ഓട്ടോ ഓടിക്കലും ഉൾപ്പെടെ ജീവിക്കാൻ വേണ്ടി ഒട്ടേറെ ജോലികൾ ചെയ്തു.
പ്രേമിച്ചു കല്യാണം കഴിച്ച മെറിൻഡയാണ് (ചാന്ദ്നി ശ്രീധരൻ ) ഭാര്യ. കേസന്വേഷണത്തിൻ്റെ ഭാഗമായി ബാബു മരിക്കുമ്പോൾ ഷാപ്പിലുണ്ടായിരുന്ന 11 പേരെയും എസ് ഐ സന്തോഷ് ചോദ്യം ചെയ്യുന്നുണ്ട് അവരിൽ സിആർപിഎഫ് ജവാനായി വിരമിച്ച സുനിൽ പി എസും (ചെമ്പൻ വിനോദ് ജോസ്) ഷാപ്പിലെ പതിവുകാരനായ സിലോൺ മാമനു ( നിയാസ് ബക്കർ )മെല്ലാമുണ്ട്.
ആദ്യ പകുതിയിൽ പോലീസിൻ്റെ അന്വേഷണത്തിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. ഇടവേളയാകുമ്പോഴേക്കും എസ് ഐ സന്തോഷ് കുറ്റവാളിയിലേക്ക് അതിവേഗം എത്തിച്ചേരുന്നു.എന്നാൽ രണ്ടാം പകുതിയിൽ കണ്ണൻ്റെയും സുനിലിൻ്റെയും മെറിൻഡയുടെയും വീക്ഷണത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്.
ആരാണ് കൊമ്പൻ ബാബുവിനെ കെട്ടി തൂക്കിയത്? പുറത്തു നിന്ന് ആരുടെയെങ്കിലും സഹായമുണ്ടായോ? എസ് ഐ സന്തോഷിൻ്റെ മുഴുക്കുടിയനായ അപ്പൻ കനാലിൽ വീണു മരിച്ചതിന് കൊമ്പൻ ബാബുവിൻ്റെ മരണവുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് രണ്ടാം പകുതി.എന്നാൽ ഇതിനിടയിൽ കഥയുടെ തുടർച്ച പലയിടത്തും നഷ്ടപ്പെടുന്നുണ്ട്.
അപ്രതീക്ഷിതമാണ് ചിത്രത്തിൻ്റെ ക്ലൈമാക്സ്.അവിടെ ദൃശ്യങ്ങൾ മറച്ചു കൊണ്ട് കണ്ണൻ്റെ കൺകെട്ടു വിദ്യകൾ അരങ്ങേറുന്നു. അടിച്ചമർത്തപ്പെട്ടവരുടെ പോരാട്ടവും അധികാരത്തിനെതിരെയുള്ള പോരാട്ടവുമെല്ലാം കടന്നു വരുന്നു. തുടക്കം മുതലെ ഷാപ്പിലെ കൊലപാതകത്തിൽ പുറത്തു നിന്നുള്ള മറ്റൊരാൾ കൂടി പ്രതിസ്ഥാനത്തുണ്ടെന ധാരണ സൃഷ്ടിച്ച് അവസാനം വിചാരിക്കാത്ത ഒരു കൊലയാളിലേക്ക് എത്തുകയാണ് സംവിധായകൻ.
സാധാരണക്കാരാണ് പ്രാവിൻകൂട് ഷാപ്പിലെ സ്ഥിരം മദ്യപാനികൾ.അവർ പോലീസ് എത്തുന്നതിന് മുമ്പ് കൊമ്പൻ ബാബുവിൻ്റെ ശവ ശരീരത്തിനു ചുറ്റും പ്രദക്ഷിണം പോലെ നടത്തുന്ന കലാപരിപാടികൾക്കും തമ്മിൽ തല്ലിനും സ്വാഭാവികതയില്ല. അന്വേഷണത്തിൽ ബ്രില്യൻസ് കാണിക്കുന്ന ഉദ്യോഗസ്ഥനാണ് എസ് ഐ സന്തോഷ് .അതെ സമയം അയാൾ അരക്കിറുക്കനുമാണ്.ശിഥിലമായ ബാല്യം പശ്ചാത്തലമായി കാണിക്കുന്നുണ്ടെങ്കിലും നായക കഥാപാത്രത്തിൻ്റെ ഇരട്ട സ്വഭാവത്തിൽ പാളിച്ചകളുണ്ട്.
അച്ചടക്കമില്ലാത്ത നവ യുവത്വത്തെ പഴിക്കുന്ന വൃദ്ധനായ അധ്യാപകൻ ഷാപ്പിലെ സ്ഥിരം കുടിയനാണ്.ഷാപ്പിലെ പതിവുകാരിൽ പോക്സോ കേസിൽ പ്രതിയായതു കൊണ്ട് പതിവ് ശബരിമല തീർത്ഥാടനം തലേ വർഷം മുടങ്ങിയതിനെയോർത്ത് സങ്കടപ്പെടുന്ന യുവാവുമുണ്ട്. ഷാപ്പിലെ സ്ഥിരം മദ്യപാനികളുടെ വേഷമിട്ട നടന്മാരെല്ലാം കഥാപാത്രങ്ങളോട് നീതി പുലർത്തി. ബ്രില്യൻ്റാണെങ്കിലും അരക്കിറുക്കൻ കൂടിയായ പോലീസ് ഓഫീസറെ ബേസിൽ ജോസഫ് ഗംഭീരമാക്കി.
ഒപ്പത്തിനെത്തുന്ന പ്രകടനമാണ് ‘സകല കലാവല്ലഭനായ ‘ഭിന്ന ശേഷിക്കാരൻ കണ്ണൻ്റെ വേഷത്തിൽ സൗബിൻ ഷഹീർ നടത്തിയിരിക്കുന്നത്.റിട്ടയേഡ് പട്ടാളക്കാരൻ സുനിലിനെ ചെമ്പൻ വിനോദ് ജോസ് സ്വാഭാവികമായി അവതരിപ്പിച്ചു. മെറിൻഡയായി വന്ന ചാന്ദ്നി ശ്രീധരൻ്റേതും മികച്ച അഭിനയമാണ്.ശിവജിത്ത് പത്മനാഭനും നിയാസ് അബുബേക്കറും വേഷങ്ങൾ ഭംഗിയാക്കി.
രാത്രിയും പകലും ഇടകലർന്ന ദൃശ്യങ്ങൾ ഷൈജു ഖാലിദിൻ്റെ ക്യാമറ മിഴിവോടെ ഒപ്പിയെടുത്തു.യുവ സംഗീത സംവിധായകരിൽ ഏറെ ശ്രദ്ധേയനായ വിഷ്ണു വിജയ് ഈ ചിത്രത്തിലും പ്രതീക്ഷ കാത്തു. ഷഫീഖ് മുഹമ്മദ് അലിയുടെ എഡിറ്റിംഗും മികച്ചതാണ്. വിഷ്ണു ഗോവിന്ദിൻ്റെ സൗണ്ട് ഡിസൈനും അഭിനന്ദനമർഹിക്കുന്നു.
———————————————————-
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)