ഡോ ജോസ് ജോസഫ്
മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം സ്ക്രീനിൽ തീ പടർത്തി അല്ലു അർജുന്റെ പുഷ്പരാജ് വീണ്ടുമെത്തി.ഒപ്പത്തിനൊപ്പം ഒത്ത എതിരാളിയായി ഫഹദ് ഫാസിലിൻ്റെ എസ് പി ഭൽവർ സിംഗ് ഷെഖാവത് ഐ പി എസും.
ആന്ധ്രയിലെ ചിറ്റൂർ ജില്ലയിലെ കാട്ടിൽ നിന്നും രക്തചന്ദനം വെട്ടുന്ന കൂലിപ്പണിക്കാരനിൽ നിന്നും സിൻഡിക്കേറ്റിൻ്റെ തലപ്പത്തേക്കുള്ള ഉദയമായിരുന്നു പുഷ്പ ദ റൈസ് എന്ന ഒന്നാം ഭാഗത്തിൻ്റെ പ്രമേയം. സാധാരണക്കാരനിൽ നിന്നും ചന്ദനക്കടത്ത് മാഫിയയുടെ തലപ്പത്തേക്കുള്ള പുഷ്പയുടെ ഉയർച്ചയുടെ കഥ പറഞ്ഞ പുഷ്പ ഒന്നിലെ കിടിലൻ പ്രകടനത്തിന് അല്ലു അർജുന് 2021 ലെ ഏറ്റവും മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു.
രണ്ടാം ഭാഗത്തിലേക്കെത്തുമ്പോൾ പുഷ്പയുടെ ബ്രാൻഡ് നെയിം ആന്ധ്രയും കടന്ന് നാഷണൽ – ഇൻ്റർനാഷണൽ ലെവലിലേക്ക് ഉയരുന്നു.പുഷ്പ ഒന്നാം ഭാഗം തീയേറ്ററുകളിൽ നിന്ന് 400 കോടിയോളം രൂപ നേടിയപ്പോൾ പുഷ്പ 2 പ്രീ റിലീസ് സെയിൽസിലൂടെ മാത്രം 1100 കോടിയോളം രൂപ നേടിക്കഴിഞ്ഞു. ആരാധകരെ ആവേശത്തിൻ്റെ കൊടുമുടി കയറ്റുന്ന അല്ലു അർജുന്റെ അതുല്യ പ്രകടനം തന്നെയാണ് ചിത്രത്തിൻ്റെ മുഖ്യ ആകർഷണം. സുകുമാർ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ചിത്രത്തിൻ്റെ ദൈർഘ്യം മൂന്ന് മണിക്കൂർ 21 മിനിറ്റാണ്.
പുഷ്പ രണ്ടിലേക്കെത്തുമ്പോൾ പരിമിതികളില്ലാത്ത അധികാരം കയ്യാളുന്ന ചന്ദനക്കടത്ത് സിൻഡിക്കേറ്റിൻ്റെ തലവനായി മുല്ലേരി പുഷ്പരാജ് എന്ന പുഷ്പ ഉയർന്നു കഴിഞ്ഞു.പുഷ്പ വെറുമൊരു പേരല്ല. എതിരാളികൾ നടുങ്ങുന്ന ഒരു ബ്രാൻഡാണ്. പേര് ചെറുതാണെങ്കിലും സൗണ്ട് വലുത്. പുഷ്പ ഒരു ഫ്ലവറല്ല.ഫയറാണ്. എല്ലാം എരിഞ്ഞടക്കി ചാമ്പലാക്കുന്ന വൈൽഡ് ഫയർ.പുഷ്പ തീരുമാനിക്കുന്നതാണ് സിൻഡിക്കേറ്റിൻ്റെ നിയമം.
കറക്ട് ആണോ എന്നു നോക്കിയല്ല പുഷ്പ ഒരു കാര്യം തീരുമാനിക്കുന്നത്.പുഷ്പ തീരുമാനിക്കുമ്പോൾ അത് ശരിയായിക്കോളും. കൂലിപ്പണിക്കാരനിൽ നിന്നും മാഫിയയുടെ തലപ്പത്തേക്കുള്ള മുള്ളേരി പുഷ്പരാജിൻ്റെ കഥ പറഞ്ഞ പുഷ്പ ഒന്ന് ആദ്യാവസാനം ഉദ്വേഗം നിറഞ്ഞ സിനിമയായിരുന്നു. എല്ലാം കീഴടക്കി ഉയരങ്ങളിൽ എത്തി നില്ക്കുന്ന പുഷ്പ രണ്ടിലെ പുഷ്പരാജിനു മുന്നിൽ വലിയ വെല്ലുവിളികളൊന്നുമില്ല.ഒന്നാം ഭാഗവുമായി താരതമ്യപ്പെടുത്തുമ്പോൾ പുഷ്പ രണ്ടിന് അത്ര ശക്തമായ തിരക്കഥയില്ല. തുടർച്ചയായ ഒഴുക്കുമില്ല.
രണ്ടാം ഭാഗത്തിൽ പുഷ്പയുടെ ബിസിനസ് സാമ്രാജ്യം ഇന്ത്യയുടെ അതിരുകളും കടന്ന് രാജ്യാന്തര തലത്തിലേക്ക് വളർന്നു കഴിഞ്ഞു.ജപ്പാനിലെ യൊക്കൊഹമ തുറമുഖത്തിൽ ചന്ദനക്കടത്തിൻ്റെ പണം വാങ്ങാൻ പുഷ്പ നടത്തുന്ന ഏറ്റുമുട്ടലോടെയാണ് ചിത്രത്തിൻ്റെ തുടക്കം. മാലി ദ്വീപുകളിലും ദുബായിലും ശ്രീലങ്കയിലുമെല്ലാം പുഷ്പ ബിസിനസ് നടത്തുന്നുണ്ട്. യൊക്കോഹമയിൽ നിന്നും ചിറ്റൂരിലെ വീട്ടിലേക്കെത്തുമ്പോൾ പുഷ്പ ഒന്നിൽ കാമുകിയായിരുന്ന ശ്രീ വല്ലി ( രശ്മിക മന്ദാന)ഇപ്പോൾ പുഷ്പയുടെ ഭാര്യയാണ്. ഭാര്യയുടെ ആഗ്രഹം സാധിക്കാൻ പുഷ്പ എന്തും ചെയ്യും. വലിയ ബ്രാൻഡാണെങ്കിലും വിവാഹേതര ബന്ധത്തിൽ ജനിച്ച പുഷ്പയ്ക്ക് കുടുംബ പേരില്ലെന്നതും സ്വന്തമായ മേൽവിലാസമില്ലെന്നതും തീരാ ദുഖമാണ്.
ശതകോടികൾ കൊണ്ട് അമ്മാനമാടുന്ന പുഷ്പയ്ക്ക് പണം പ്രശ്നമല്ല. പവറിനെ പേടിയുമില്ല. കാട്ടിൽ നിന്നും രക്തചന്ദന തടി വെട്ടിക്കടത്തുന്ന സിൻഡിക്കേറ്റിനു മുമ്പിലുള്ള ഏക ഭീഷണി അരക്കിറുക്കനായ എസ് പി ഷെഖാവത്താണ്.എസ് പിക്ക് പുഷ്പയോട് പഴയൊരു കണക്കു തീർക്കാനുമുണ്ട്. പുഷ്പയുടെ സമാന്തര സാമ്രാജ്യം തകർത്ത് പഴയ കൂലിപ്പണിക്കാരനായി മടക്കി അയക്കുമെന്നാണ് ഷെഖാവത്തിൻ്റെ വെല്ലുവിളി.
സിൻഡിക്കേറ്റിൻ്റെ നിയന്ത്രണം വീണ്ടെടുക്കാൻ തക്കം പാർത്തിരിക്കുന്ന മംഗലം ശ്രീനുവും (സുനിൽ ) ഭാര്യ ദാക്ഷായണിയുമാണ്(അനസൂയ ഭരദ്വാജ് ) ‘മൊട്ട പോലീസ് ‘ ഷെഖാവത്തിൻ്റെ പിന്തുണക്കാർ. മുഖ്യമന്ത്രിയും പുഷ്പയുമൊത്തൊരു ഫോട്ടോ വേണമെന്ന ശ്രീവല്ലിയുടെ ആഗ്രഹമാണ് ആദ്യ പകുതിയിലെ വഴിത്തിരിവ്.
ചന്ദനക്കടത്തും പുഷ്പയും ഷെഖാവത്തുമായുള്ള നേർക്കു നേർ പോരാട്ടവുമാണ് ഒന്നാം പകുതിയെ മുന്നോട്ടു കൊണ്ടു പോകുന്നത് .രണ്ടാം പകുതിയിലെത്തുമ്പോൾ ഫഹദിൻ്റെ ഷെഖാവത്ത് അപ്രസക്തനായി കഥ കുടുംബ ബന്ധങ്ങളുടെ വൈകാരിക മുഹൂർത്തങ്ങളിലേക്ക് വഴിമാറുന്നു.ക്ലൈമാക്സിൽ പുഷ്പയുടെ എതിരാളികൾ പ്രതാപറെഡ്ഡിയും (ജഗപതി ബാബു) ബന്ധുക്കളുമാണ്. അർദ്ധ സഹോദരൻ, അമ്മ, അമ്മായി, കൊച്ചച്ഛാ എന്നു വിളിച്ചു പിന്നാലെ നടക്കുന്ന സഹോദര പുത്രി തുടങ്ങിയവരും പുഷ്പയുമായുള്ള കുടുംബ ബന്ധങ്ങളിൽ കുരുങ്ങി കഥയുടെ ഗതി പെട്ടെന്ന് മാറുന്നു.
കുടുംബ പേര് എന്ന മേൽവിലാസം പുഷ്പ വീണ്ടെടുക്കുമോ എന്ന ചോദ്യത്തിലേക്ക് ചിത്രം ചുരുങ്ങുന്നു. സ്ത്രീയുടെ മാനം രക്ഷിക്കാൻ ഏതറ്റം വരെയും പൊരുതുന്ന വീര നായകൻ എന്ന സ്ഥിരം പ്രതിഛായയിൽ രണ്ടാം പകുതിയിൽ പുഷ്പയെ സംവിധായകൻ തളച്ചിടുന്നു. കഥയുടെ പല ഭാഗങ്ങളും അതിശയോക്തി കലർന്ന് വേർപെട്ടാണ് കിടക്കുന്നതെങ്കിലും അവയെ യുക്തിസഹമായി ബന്ധിപ്പിക്കാൻ തിരക്കഥാകൃത്തു കൂടിയായ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്.
തിരുപ്പതിയിലെയും പരിസര പ്രദേശങ്ങളിലെയും പ്രാദേശിക ഉത്സവമായ ‘ഗംഗമ്മ ജതാറ ‘യിൽ സ്ത്രീ വേഷമണിഞ്ഞ് പുരുഷന്മാർ നടത്തുന്ന കാഴ്ച്ചവെപ്പും ആചാരങ്ങളും തുടർന്നുള്ള സംഘർഷവും അതിഗംഭീരമായി ചിത്രീകരിച്ചിട്ടുണ്ട്. സ്ത്രീ വേഷമണിഞ്ഞ് സ്ത്രൈണതയും ഹിംസാത്മക ഭാവങ്ങളും മാറി മാറി വരുന്ന സംഘട്ടന രംഗങ്ങളിൽ അല്ലു അർജുൻ നടത്തുന്ന പകർന്നാട്ടമാണ് പുഷ്പ രണ്ടിൻ്റെ ഹൈലൈറ്റ്. കൈ – കാലുകൾ ബന്ധിച്ച അവസ്ഥയിൽ ക്ലൈമാക്സിലെ പുഷ്പയുടെ ഫൈറ്റും ഗംഭീരമായിട്ടുണ്ട്.
പുഷ്പയായെത്തുമ്പോൾ അല്ലു അർജുൻ എന്ന നടനെയല്ല, പുഷ്പയെ തന്നെയാണ് പ്രേക്ഷകർ കാണുന്നത്. കഥാപാത്രവുമായി തീർത്തും താദാത്മ്യം പ്രാപിച്ചു കൊണ്ട് അല്ലു അർജുൻ നടത്തുന്ന പ്രകടനം അതിഗംഭീരമാണ്. ദേശീയ അവാർഡ് നേടിയ പുഷ്പ ഒന്നിലെ അഭിനയത്തോട് കിടപിടിക്കുന്നതാണ് രണ്ടിലെ അഭിനയവും.പുഷ്പയുടെ പ്രധാന എതിരാളിയായ എസ് പി ഷെഖാവത്തായി മിന്നുന്ന പ്രകടനമാണ് മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിൽ കാഴ്ച്ചവെച്ചിരിക്കുന്നത്.
എന്നാൽ ക്ലൈമാക്സിനു മുമ്പേ ഷെഖാവത്തിൻ്റെ കഥയിൽ നിന്നുമുള്ള പിന്മാറ്റം ഫഹദിൻ്റെ ആരാധകരെ നിരാശരാക്കും. “ഫീലിംഗ്സ് ‘ ഭർത്താവിനോട് മറയില്ലാതെ തുറന്നു പറയുന്ന ശ്രീവല്ലിയുടെ വേഷത്തിൽ രശ്മിക മന്ദാനയും തിളങ്ങി.സ്ക്രീനിൽ തീ പടർത്തി “കിസ്സിക് ” എന്ന സ്പെഷ്യൽ നമ്പറുമായി ശ്രീ ലീലയും പുഷ്പ രണ്ടിൽ എത്തുന്നുണ്ട്.
ആക്ഷൻ കൊറിയോഗ്രാഫി, പ്രൊഡക്ഷൻ ഡിസൈൻ എന്നിവയിൽ ഒരു ആക്ഷൻ ചിത്രത്തിനു വേണ്ട എല്ലാ മികവും പുഷ്പ 2 പുലർത്തുന്നുണ്ട്.പോളിഷ് ഛായാഗ്രാഹകൻ മിറോസ്ലോ കുബെ ബ്രോസേക്കിൻ്റെ ഛായാഗ്രഹണവും ഗംഭീരമാണ്. മൂന്നു മണിക്കൂറിലേറെ ദൈർഘ്യമുണ്ടെങ്കിലും ചിത്രത്തിൻ്റെ എഡിറ്റിംഗ് നവീൻ നൂലി കൃത്യതയോടെ നിർവ്വഹിച്ചിട്ടുണ്ട്. ഗാനങ്ങളുടെ സംഗീതം ദേവി ശ്രീ പ്രസാദും മ്യൂസിക് എഡിറ്റിംഗ് സാം സി എസുമാണ് നിർവ്വഹിച്ചിരിക്കുന്നത്. കങ്കുവയിലേതു പോലെ കാതടപ്പിക്കുന്ന പശ്ചാത്തല സംഗീതമില്ല.
റസൂൽ പൂക്കുട്ടി, എം ആർ രാജകൃഷ്ണൻ, ഗോപകുമാർ തുടങ്ങിയവർ ചേർന്ന് സൗണ്ട് വിഭാഗം ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്. തിരക്കഥ ശക്തമല്ലെങ്കിലും ഒരു മാസ് ആക്ഷൻ ത്രില്ലറിനു വേണ്ട ചേരുവകളെല്ലാം കോർത്തിണക്കിക്കൊണ്ടാണ് സംവിധായകൻ സുകുമാർ പുഷ്പ 2 ദ റൂൾ ഒരുക്കിയിരിക്കുന്നത്. തീയേറ്ററുകളെ തീ പീടിപ്പിക്കാൻ ‘പുഷ്പ ദ റാമ്പേജ്’ എന്ന പേരിൽ മൂന്നാം ഭാഗവും എത്തുമെന്ന സൂചന നൽകിക്കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.
———————————————————-
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക