ഡോ ജോസ് ജോസഫ്
2018 ലെ നോൺസെൻസ് എന്ന ചിത്രത്തിനു ശേഷം ആറ് വർഷത്തെ ഇടവേളയിൽ എംസി ജിതിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ഫാമിലി മിസ്റ്ററി ത്രില്ലർ ഡ്രാമയാണ് സൂക്ഷ്മദർശിനി.
ട്രാൻസ് പുറത്തിറങ്ങി 5 വർഷത്തിനു ശേഷമാണ് നസ്രിയ നസീം നായികാ വേഷമണിയുന്ന ഒരു ചിത്രം തിയേറ്ററുകളിലെത്തുന്നത്.നസ്രി യയും ബേസിൽ ജോസഫും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് സൂക്ഷ്മദർശിനി. ചുറ്റുപാടും നടക്കുന്ന സംഭവവികാസങ്ങളെ കാഴ്ചകൾക്കപ്പുറം പോയി സൂക്ഷ്മദൃഷ്ടിയോടെ വിശകലനം ചെയ്യുന്ന കുടുംബിനിയായ പ്രിയദർശിനിയായാണ് ചിത്രത്തിൽ നസ്രിയ എത്തുന്നത്.
)
പുരുഷന്മാരല്ല സ്ത്രീകളാണ് ഈ ചിത്രത്തിലെ കുറ്റാന്വേഷകർ.മിഡിൽ ക്ലാസ്സുകാരിയായ പ്രിയ രണ്ടു കുട്ടുകാരികളുടെ സഹായത്തോടെ നടത്തുന്ന അന്വേഷണമാണ് ഈ ഫീമെയിൽ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിനെ മുന്നോട്ടു കൊണ്ടു പോകുന്നത്. പതിവ് കോമഡി ട്രാക്കിലല്ല ബേസിൽ എത്തുന്നത്. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാണ് ബേസിൽ അവതരിപ്പിക്കുന്ന മാനുവൽ. മിസ്റ്ററിയും നേർത്ത കോമഡിയും സന്തുലിതമായി കൊണ്ടു പോകാൻ സംവിധായകനും തിരക്കഥാകൃത്തുക്കളും ശ്രമിച്ചിട്ടുണ്ട്.
എം എസ് സി മൈക്രോബയോളജി കഴിഞ്ഞ പ്രിയദർശിനി ഒരു തൊഴിൽ അന്വേഷകയാണ്. എത്ര ചെറിയ വസ്തുവിനെയും സൂക്ഷ്മമായി നിരീക്ഷിക്കുന്ന സൂക്ഷ്മദർശിനി ഒരു മൈക്രോബയോളജിസ്റ്റിൻ്റെ തൊഴിലിൻ്റെ ഒഴിച്ചു കൂടാനാവാത്ത ഭാഗമാണ്. ഒരു മൈക്രോസ്കോപ്പിലൂടെ എന്ന പോലെ കാണുന്ന എല്ലാത്തിനെയും സൂക്ഷ്മമായി വിശകലനം ചെയ്യുന്നത് പ്രിയയുടെ ജന്മസിദ്ധമായ കഴിവാണ്. അഞ്ചാറ് മിഡിൽ ക്ലാസ് കുടുംബങ്ങൾ അടുത്തടുത്തു താമസിക്കുന്ന ചെറിയ കോളനിയിലാണ് ഭർത്താവിനും ( ദീപക് പറമ്പോൽ ) മകൾക്കുമൊപ്പം (ഹെസ്സ മെഹക്) പ്രിയയുടെ താമസം.

പ്രിയയുടെ കാറിനു പിന്നിൽ ഒരു വാഹനം വന്നിടിക്കുന്നതോടെയാണ് ചിത്രം തുടങ്ങുന്നത്.ചിത്രത്തിലെ അവസാന ദൃശ്യവും ഇതു തന്നെ. രണ്ടും കൂടി കൂട്ടി വായിക്കുന്നിടത്താണ് കഥയുടെ പൊരുൾ കിടക്കുന്നത്.
ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ഉദ്യോഗസ്ഥനാണ് പ്രിയയുടെ ഭർത്താവ് ആൻ്റണി.വാട്സ് അപ്പ് കഥകളും പരദൂഷണവുമായി കഴിഞ്ഞു കൂടുന്ന ആ അയൽക്കൂട്ടത്തിലേക്ക് ഒരു ദിവസം മാനുവലും അയാളുടെ അമ്മ ഗ്രേസും (മനോഹരി ജോയി) കടന്നു വരുന്നു.
അയാളുടെ അമ്മയുടെ പേരു വെച്ച് മരിച്ചു പോയ അച്ഛൻ സ്ഥാപിച്ച ഗ്രേസ് ബേക്കറി നടത്തുകയാണ് മാനുവൽ. അമ്മാവനും (കോട്ടയം രമേഷ് ) കസിൻ ഡോ ജോണുമാണ് (സിദ്ധാർത്ഥ് ഭരത് ) മാനുവലിൻ്റെ പ്രധാന സഹായികൾ. മാനുവലിൻ്റെ ഏക സഹോദരി ഡയാന ന്യൂസിലൻ്റിൽ സംരംഭകയാണ്.
നഗരത്തോടു ചേർന്നു കിടക്കുന്ന ആ ഗ്രാമത്തിലെ ഭവനത്തിലേക്ക് മാനുവൽ തിരിച്ചു വന്നത് അമ്മയുടെ ചികിത്സാർത്ഥമാണെന്നാണ് നാട്ടുകാരോടു പറഞ്ഞിരിക്കുന്നത്. മാനുവൽ അയൽക്കാരിയായ സ്റ്റെഫിയുമായി ( മെറിൻ ഫിലിപ്പ് ) ചങ്ങാത്തത്തിലുമാണ്. എല്ലാവരോടും സൗഹൃദം സൂക്ഷിക്കുന്ന മാനുവലിൻ്റെ സ്വഭാവത്തിൽ അസ്വാഭാവികമായി ഒന്നുമില്ല. മാനുവലിൻ്റെയും പ്രിയയുടെയും മറ്റ് കഥാപാത്രങ്ങളുടെയും പശ്ചാത്തലം പതിഞ്ഞ താളത്തിൽ പറഞ്ഞു പോകുന്ന ആദ്യ പകുതിയിൽ എന്താണ് സംഭവിക്കുന്നതെന്ന് പ്രേക്ഷകർ സംശയിച്ചു പോകും.

അപ്രതീക്ഷിതമായ ട്വിസ്റ്റുകളോടെ കൂടുതൽ വേഗത്തിലാണ് രണ്ടാം പകുതി.അൾഷിമേഴ്സ് രോഗിയാണ് മാനുവലിൻ്റെ അമ്മ ഗ്രേസ്. തുടക്കത്തിലെ മാനുവലിൻ്റെ വീടിനെ ചുറ്റിപ്പറ്റി എന്തോ നിഗൂഗഡത മണക്കുന്നുണ്ട് പ്രിയ.ഒരു പ്രത്യേക സാഹചര്യത്തിൽ കാണാതായ അമ്മ ഗ്രേസ് വീണ്ടും തിരിച്ചു വരുന്നു. ഗ്രേസിലേക്ക് അടുക്കാനുള്ള പ്രിയയുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെടുന്നു.എല്ലാം പ്രിയയുടെ സംശയമാണെന്നു പറഞ്ഞ് ഭർത്താവ് ആൻ്റണി തള്ളിക്കളയുമ്പോഴും പിന്മാറാൻ പ്രിയ തയ്യാറായിരുന്നില്ല. കൂട്ടുകാരികളായ സുലുവും (അഖില ഭാർഗ്ഗവൻ) അസ്മയും (പൂജ മോഹൻ രാജ്) ഈ അന്വേഷണത്തിൽ പ്രിയയുടെ സഹായികളായി ഒപ്പമുണ്ട്.
നാട്ടുകാർ പൊട്ടന്മാരാണെന്ന വിശ്വാസത്തിൽ വലിയൊരു പദ്ധതിയും തയ്യാറാക്കിയായിരുന്നു മാനുവലിൻ്റെ മടങ്ങി വരവ്. മാനുവലിൻ്റെ കുടുംബം ഒളിപ്പിച്ചു വെച്ച നിഗൂഡത എന്തായിരുന്നു? എന്തായിരുന്നു അവർ ഉന്നമിട്ട ക്രൈമും അത് നടപ്പാക്കാൻ തയ്യാറാക്കിയ പ്ലാനും ? സസ്പെൻസ് ഓരോന്നായി വെളിപ്പെടുത്തി മികച്ച ഒരു ക്ലൈമാക്സിൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരത്തിലേക്ക് സംവിധായകൻ പ്രേക്ഷകരെ എത്തിക്കുന്നു.
പ്രധാന കഥാപാത്രങ്ങളുടെ മികച്ച പ്രകടനമാണ് സൂക്ഷ്മദർശിനിയുടെ ആകർഷണം. മാനുവലിൻ്റെ അമ്മ ഗ്രേസിൻ്റെ വേഷമിട്ട മനോഹരി ജോയിയുടേത് ഇതുവരെ അവർ സ്ക്രീനിൽ അവതരിപ്പിച്ചതിൽ ഏറ്റവും മികച്ച വേഷമാണ്.

നീണ്ട ഇടവേളയ്ക്കു ശേഷമുള്ള തിരിച്ചു വരവ് ഗംഭീരമാക്കിയിട്ടുണ്ട് നസ്രിയ. പ്രിയ കൂടുതൽ മികച്ചു നിൽക്കുന്നത് രണ്ടാം പകുതിയിലാണ്. സൗഹൃദത്തിൻ്റെ മുഖംമൂടിയ്ക്കുള്ളിൽ ക്രിമിനൽ ബുദ്ധി ഒളിപ്പിച്ചു വെച്ച മാനുവൽ ബേസിൽ ജോസഫിൻ്റെ വ്യത്യസ്തമായ വേഷമാണ്. രസച്ചരടിൽ കോർത്ത ബേസിൽ – നസ്രിയ കോംബോ സീനുകൾ ഊഷ്മളത പ്രസരിപ്പിക്കുന്നതാണ്. ഫ്രീക്കനായ ഡോ ജോണിൻ്റെ വേഷത്തിൽ സിദ്ധാർത്ഥ് ഭരത് തിളങ്ങി.പ്രേമലുവിൽ സഹനടിയുടെ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത അഖില ഭാർഗ്ഗവന് ഈ ചിത്രത്തിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല.
എം സി ജിതിൻ, ടി ബി ലിബിൻ. അതുൽ രാമചന്ദ്രൻ എന്നിവർ ചേർന്നാണ് സൂക്ഷ്മദർശിനിയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.ആദ്യ പകുതിയിലെ മന്ദഗതിയൊഴിച്ചാൽ തിരക്കഥയിൽ വലിയ ന്യൂനതകളില്ല.നാട്ടിൻ പുറത്തെ അയൽക്കൂട്ട സൗഹൃദത്തിൻ്റെ പശ്ചാത്തലത്തിൽ സസ്പെൻസ് നിറഞ്ഞ ഒരു ത്രില്ലർ ഒരുക്കുന്നതിൽ സംവിധായകൻ എം സി ജിതിൻ വിജയിച്ചിട്ടുണ്ട്.ആദ്യ പകുതിയിലെ ക്ലോസപ്പുകളുടെ ആധിക്യം ഒഴിച്ചു നിർത്തിയാൽ ശരൺ വേലായുധൻ്റെ ഛായാഗ്രഹണം മികച്ചതാണ്. ചമൻ ചാക്കോയുടെ എഡിറ്റിംഗും ക്രിസ്റ്റോ സേവ്യറിൻ്റെ പശ്ചാത്തല സംഗീതവും മിസ്റ്ററി ത്രില്ലറിൻ്റെ അന്തരീക്ഷം നിലനിർത്തുന്നതിൽ വിജയിച്ചു.

———————————————————-
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
Post Views: 285