ഡോ ജോസ് ജോസഫ്
ഏറെ കാത്തിരുന്ന സൂര്യ ചിത്രം കങ്കുവ പ്രേക്ഷക പ്രതീക്ഷയ്ക്കൊത്തുയർന്നില്ല.
ആദ്യാവസാനം ശബ്ദായമാനമായ പശ്ചാത്തലത്തിൽ നിഗൂഡമായ പല ആശയങ്ങളും കൂട്ടിച്ചേർത്ത ഈ ഫാൻ്റസി പീരിയഡ് ഡ്രാമ തിരക്കഥയിലും മേക്കിംഗിലുമുള്ള ന്യൂനതകൾ കാരണം പ്രേക്ഷകരുമായി കണക്ട് ചെയ്യുന്നതിൽ വിജയിച്ചില്ല.
ആയിരം വർഷങ്ങളിലെ ഇടവേളകളിലെ രണ്ടു കാലഘട്ടങ്ങളിൽ നടക്കുന്ന കങ്കുവയിൽ നായകൻ സൂര്യ ഇരട്ടവേഷങ്ങളിലാണെത്തുന്നത്. ആയിരം വർഷം മുമ്പ് ജീവിച്ചിരുന്ന ഗോത്ര നായകൻ കംഗ (കങ്കുവ) യുടെ വേഷത്തിൽ സൂര്യ കസറിയെങ്കിലും
സിരുത്തൈ ശിവ സംവിധാനം ചെയ്ത ചിത്രത്തിന് വലിയ പുതുമയൊന്നുമില്ല.

ത്രീ ഡിയിൽ ദൃശ്യസമ്പന്നമായാണ് കങ്കുവ ചിത്രീകരിച്ചിരിക്കുന്നത്. സൂര്യയുടെ ഒറ്റയാൾ പ്രകടനവും മികച്ച വിഷ്വൽ ഇഫക്ട്സുമാണ് കങ്കുവയെ കുറച്ചെങ്കിലും ആസ്വാദ്യകരമാക്കിയിരിക്കുന്നത്. സൂര്യയുടെ കാപ്പാനിലും ഏഴാം അറിവിലും കണ്ട ബയോളജിക്കൽ റിസർച്ചും ഏഴാം അറിവിലെ പൂർവ്വജന്മ ബന്ധങ്ങളും ജന്മാന്തര സ്മൃതികളുമെല്ലാം കങ്കുവയിലുമുണ്ട്.
ആയിരം വർഷം മുമ്പ് പെരുമാച്ചി ദ്വീപിലെ ഗോത്ര മുത്തശ്ശി കുട്ടികളോട് ചോദിച്ച ചോദ്യത്തോടെയാണ് കങ്കുവ തുടങ്ങുന്നത്. എന്താണ് സംഭവിക്കുന്നതെന്നും എവിടെയാണ് സംഭവിക്കുന്നതെന്നും അറിയാമെങ്കിലും എന്തുകൊണ്ടാണ് ഓരോന്നും. സംഭവിക്കുന്നതെന്ന് ആർക്കുമറിയില്ല.രണ്ട് കാലഘട്ടങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് നിഗൂഡമായ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനാണ് തിരക്കഥാകൃത്തു കൂടിയായ സംവിധായകൻ്റെ ശ്രമം.
വർത്തമാന കാലത്തിലേക്കു വരുമ്പോൾ (2024) ഗോവയിലെ ബൗണ്ടി ഹണ്ടറാണ് ഫ്രാൻസിസ് (സൂര്യ). അവിടെ കൂട്ടുകാരൻ ഡാർലിംഗിനും (യോഗി ബാബു) മുൻ കാമുകി ഏഞ്ചലയ്ക്കുമൊപ്പം (ദിഷ പഠാണി ) ചേർന്ന് ഹൈ പ്രൊഫൈൽ കുറ്റവാളികളെ പോലീസിന് പിടിച്ചു കൊടുക്കുകയാണ് ഫ്രാൻസിസിൻ്റെ പണി. കിട്ടുന്ന പണം ധൂർത്തടിച്ച് സദാ സന്തോഷവാനായി ജീവിക്കുകയാണ് അയാൾ.

റഷ്യക്കാർ നടത്തുന്ന ബയോെ മെഡിക്കൽ റിസർച്ച് ലാബിൽ നിന്നും സീറ്റ എന്ന കോഡ് പേരുള്ള ബാലൻ രക്ഷപെടുന്നു.കുട്ടികളുടെ തലച്ചോറിൽ മാറ്റം വരുത്തി അമാനുഷിക സിദ്ധികൾ പകരാനുള്ള ഗവേഷണമാണ് ആ ലാബിൽ നടക്കുന്നത്. രക്ഷപെട്ട് ഗോവയിലെത്തിയ ബാലൻ ഫ്രാൻസിസും കൂട്ടുകാരും ജിട്ടു എന്ന കുറ്റവാളിയെ വധിക്കുന്നതിന് ദൃക്സാക്ഷിയാവുന്നു. റഷ്യൻ സംഘം ബാലനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെ ‘മഗധീര’ യിലെ നായകനെ പോലെ ഫ്രാൻസീസിൽ ജന്മാന്തര സ്മരണകളുണരുന്നു.എന്താണ് ഫ്രാൻസിസിനെയും സീറ്റയെയും പരസ്പരം ബന്ധിക്കുന്ന ജന്മാന്തര രഹസ്യം?
കഥ പിന്നീട് പിന്നിലേക്ക് എ ഡി 1070-ലേക്കു പോകുന്നു. 25000 പടയാളികളുമായി റോമൻ സൈന്യം അധിനിവേശത്തിനു കാത്ത് കടലിൽ തമ്പടിച്ചിരിക്കുകയാണ്. അവിടെ അഞ്ചു ദ്വീപുകളിലായി വ്യത്യസ്ത സംസ്ക്കാരമുള്ള അഞ്ച് ഗോത്രങ്ങൾ വസിക്കുന്നുണ്ട്. പെരുമാച്ചി ദ്വീപിലെ ഗോത്രത്തലവൻ്റെ മകനാണ് മഹാവീരനായ കംഗ എന്ന കങ്കുവ(സൂര്യ) ദ്വീപുകളിൽ എല്ലായിടത്തും റോമക്കാരിൽ നിന്നും നാണയം കൈപ്പറ്റിയ ചാരന്മാർ ചുറ്റിയടിക്കുന്നു.. പുറവ എന്ന ബാലൻ്റെ അച്ഛൻ റോമക്കാരിൽ നിന്നും ഒറ്റു പണം കൈപ്പറ്റി 100 പെരുമാച്ചിക്കാരെ കൊലയ്ക്കു കൊടുക്കുന്നു.
ബാലനും കങ്കുവയും തമ്മിലുള്ള ശത്രുതയും പെരുമാച്ചി പിടിക്കാൻ റോമക്കാർ ഗോത്രത്തലവൻ ഉതിരൻ്റെ (ബോബി ഡിയോൾ) സഹായം തേടുന്നതും തുടർന്നുണ്ടാകുന്ന സംഘർഷങ്ങളുമാണ് രണ്ടാം പകുതിയെ മുന്നോട്ടു കൊണ്ടു പോകുന്നത്. ക്ലൈമാക്സ് പ്രേക്ഷകരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു കൊണ്ട് രണ്ട് കാലഘട്ടങ്ങളിലായി മാറിമറിയുന്നു. ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിൻ്റെ സൂചന നൽകിക്കൊണ്ട് ക്ലൈമാക്സിൽ ഇരട്ട വേഷത്തിൽ കാർത്തിയുടെ കഥാപാത്രങ്ങൾ എത്തുന്നു.
കഥാനായകനും ബാലനും. തമ്മിലുള്ള വൈകാരിക ബന്ധമാണ് കഥയെ മുന്നോട്ടു കൊണ്ടു പോകുന്നതെങ്കിലും തിരക്കഥയിലെ പാളിച്ചകൾ കാരണം അത് വേണ്ട പോലെ പ്രേക്ഷകരിലേക്ക് എത്തിയില്ല. ഗോത്ര കഥാപാത്രങ്ങളിൽ പലരും ബാഹുബലിയിലെ കാലകേയൻ സ്റ്റെലിലുള്ള സങ്കീർണ്ണമായ ലുക്കിലാണ് എത്തുന്നത്.
ആദ്യാവസാനം ഉച്ചസ്ഥായിയിലുള്ള പശ്ചാത്തല സംഗീതവും പ്രത്യേകിച്ചൊരു കാരണവുമില്ലാതെയുള്ള ഗോത്രകഥാ പാത്രങ്ങളുടെ അലറലും അട്ടഹാസവും പ്രേക്ഷകൻ്റെ ശ്രദ്ധ ചിതറിക്കും. തലവേദനയുണ്ടാക്കും. കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങൾക്കിടയിൽ ഒരു നിമിഷത്തെ നിശബ്ദത പോലും ചിത്രത്തിൽ ഇല്ല. എഡി 1070 ലെ ഫാൻ്റസി ലോകം സൃഷ്ടിച്ചെടുക്കുന്നതിൽ കലാസംവിധായകൻ മിലൻ വിജയിച്ചിട്ടുണ്ട്.ഇഴച്ചിൽ ഇല്ലാതെ അതിവേഗമാണ് ചിത്രം മുന്നോട്ടു പോകുന്നത്.
ഇരട്ട വേഷത്തിലെത്തുന്ന സൂര്യയുടെ കങ്കുവയാണ് മികച്ചു നിൽക്കുന്നത്. ഫ്രാൻസിസ് തികച്ചും സാധാരണമായ വേഷം മാത്രം.എന്നാൽ ആക്ഷനിലും അഭിനയത്തിലും കങ്കുവയായി സൂര്യ കസറി. പ്രതിനായക വേഷത്തിലെത്തുന്ന ബോബി ദിയോളിൻ്റെ ഉതിരൻ അവികസിതമായ കഥാപാത്രമാണ്.കൽക്കി എഡി 2898 ലേതു പോലെ നായിക ദിഷാ പഠാണിക്ക് കങ്കുവയിലും കാര്യമായൊന്നും ചെയ്യാനില്ല.യോഗി ബാബുവിൻ്റെ സ്ഥിരം കഥാപാത്രം ആവർത്തന വിരസമാണ്.
വെട്രി പളനിസാമിയുടെ ക്യാമറ മികച്ചതാണ്. ദേവി ശ്രീ പ്രസാദിൻ്റെ കോലാഹലം നിറഞ്ഞ പശ്ചാത്തല സംഗീതം കാലഘട്ടങ്ങളുടെ ഒഴുക്കിനോട് ചേർന്നു നിൽക്കുന്നതല്ല. അടുത്തയിടെ വിടവാങ്ങിയ നിഷാദ് യൂസഫ് അവസാനമായി എഡിറ്റു ചെയ്ത ചിത്രങ്ങളിലൊന്നാണ് കങ്കുവ. രണ്ട് കാലഘട്ടങ്ങളിലൂടെയുള്ള ദൃശ്യങ്ങൾ ഒഴുക്കു നഷ്ടപ്പെടാതെ സംയോജിപ്പിക്കുക എന്ന ശ്രമകരമായ ദൗത്യത്തിൽ നിഷാദ് യൂസഫ് വിജയിച്ചു.

———————————————————-
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
Post Views: 157