ഡോ ജോസ് ജോസഫ്
നിരൂപക ശ്രദ്ധ നേടിയ കപ്പേള എന്ന ചിത്രത്തിനു ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ഗ്യാങ്സ്റ്റർ.റിവഞ്ച് ത്രില്ലർ ചിത്രമാണ് മുറ.
തിയേറ്ററുകളിൽ ഇപ്പോഴും പ്രദർശനം തുടരുന്ന ജോജു ജോർജ് ചിത്രം പണി തൃശൂരിലെ ക്വട്ടേഷൻ ഗ്യാങുകളുടെ ‘കണ്ണിന് കണ്ണ് പകരമെടുക്കുന്ന പ്രതികാരത്തിൻ്റെ കഥയാണ് പറഞ്ഞത്. തിരുവനന്തപുരത്തെ ക്രിമിനൽ ഗ്യാങുകളുടെ പകയും പ്രതികാരവുമാണ് മുറയുടെ പ്രമേയം.
പൃഥ്വിരാജ് സുകുമാരൻ, ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2022 ലെ ഷാജി കൈലാസ് ചിത്രം കാപ്പയ്ക്കു ശേഷം തിരുവനന്തപുരത്തെ ക്രിമിനൽ ഗ്യാങുകളെ കേന്ദ്രീകരിച്ച് പുറത്തിറങ്ങുന്ന ആക്ഷൻ ത്രില്ലറാണ് മുറ.
സുരാജ് വെഞ്ഞാറമ്മൂട്, മാലാ പാർവ്വതി എന്നിവർ വേറിട്ട ഗെറ്റപ്പിൽ തിളങ്ങുമ്പോൾ ചിത്രത്തിൽ ഒരു സംഘം പുതുമുഖ യുവനടന്മാരും ഞെട്ടിക്കുന്ന പ്രകടനവുമായി എത്തുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ അനന്തുവിനെ അവതരിപ്പിക്കുന്നത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പിക്സ് അവാർഡ് നേടിയ ‘ആൾ വീ ഇമാജിൻ ആസ് ലൈറ്റ് ‘ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവ നടൻ ഹ്രിദു ഹാറൂണാണ്.മലയാള സിനിമയ്‌ക്ക് ഭാവി വാഗ്ദാനമാണ് ഹ്രിദു.
എല്ലാ ഗ്യാങ്സ്റ്റർ ചിത്രങ്ങളെയും പോലെ സൗഹൃദം, വിശ്വാസം, ചതി, പക, പ്രതികാരം തുടങ്ങിയവയിലൂന്നിയാണ് മുറയും മുന്നോട്ടു പോകുന്നത്.തിരുവനന്തപുരത്തെ അറിയപ്പെടുന്ന ഗ്യാങ് ലീഡറാണ് അനി(സൂരജ് വെഞ്ഞാറമ്മൂട് ). രണ്ടു കൊലപാതകങ്ങളിലും നിരവധി ക്രിമിനൽ കേസുകളിലും പ്രതിയായ അനി ഇപ്പോൾ നേരിട്ട് ഓപ്പറേഷൻസിൽ ഒന്നും പങ്കെടുക്കുന്നില്ല.
പിള്ളേരെ വെച്ചാണ് പണി.ബിസിനസ് വുമണും കള്ളപ്പണ ഇടപാടുകാരിയായുമായ രമയ്ക്കു (മാല പാർവ്വതി)വേണ്ടിയാണ് അനിയുടെ ക്വട്ടേഷനുകൾ.രമേച്ചിക്കു വേണ്ടി അനി ഏതു വൃത്തികെട്ട പണിയും ഏറ്റെടുക്കും.
ചൊക്ലി എന്ന ലോക്കൽ ഗുണ്ട വഴിയാണ് അനന്തു ( ഹൃദു), സജി (ജോബിൻ ദാസ്) മനാഫ് (അനുജിത് ), മനു (യദുകൃഷ്ണൻ ) എന്നീ നാലു ചെറുപ്പക്കാർ അനി അണ്ണൻ്റെ ഗ്യാങിൽ .എത്തിപ്പെടുന്നത്.ശിഥിലമായ ബന്ധങ്ങളുള്ള പാവപ്പെട്ട കുടുംബങ്ങളിൽ നിന്നും വരുന്ന നാലു പേരും അടുത്ത കൂട്ടുകാരാണ്. ചങ്കൂറ്റവും പ്രായത്തിൻ്റെ ചോരത്തിളപ്പും കൊണ്ട് ഏറ്റെടുക്കുന്ന ക്വട്ടേഷനുകൾ ഭംഗിയായി പൂർത്തിയാക്കുന്ന നാൽവർ സംഘം പെട്ടെന്നാണ് അനിയണ്ണൻ്റെ അടുപ്പക്കാരായി മാറുന്നത്.
മുമ്പ് പലരും പല തവണ ശ്രമിച്ചിട്ടും നടക്കാത്ത വലിയൊരു ദൗത്യം അനിയണ്ണൻ അനന്തുവിനെയും കൂട്ടുകാരെയും ഏൽപ്പിക്കുന്നു. മധുരയ്ക്കും ദിണ്ടിഗലിനും ഇടയിൽ എട്ടുനായ്ക്കൻപട്ടി എന്ന ഗ്രാമത്തിൽ നിന്നുമൊരു വൻ കവർച്ചയായിരുന്നു ക്വട്ടേഷൻ.
സ്ഥലമറിയാവുന്ന മധുരക്കാരായ രണ്ടു യുവാക്കളെയും കൂടെ കൂട്ടി. ഇത് ആദ്യത്തെയും അവസാനത്തെയും പണിയായിരിക്കുമെന്നും വിജയിച്ചാൽ ലൈഫ് വേറെ ലെവലിലേക്കു പോകുമെന്നും കണക്കുകൂട്ടിയാണ് അവർ ക്വട്ടേഷൻ ഏറ്റെടുത്തത്. പൊട്ടിക്കലുകാരെയും വെട്ടിച്ച് തിരിച്ചെത്തിയ അനന്തുവിനെയും കൂട്ടുകാരെയും കാത്തിരുന്നത് അപ്രതീക്ഷിത സംഭവങ്ങളായിരുന്നു.
വഞ്ചനയും പകയും പ്രതികാരവുമെല്ലാം തുടർന്ന് അരങ്ങേറുന്നു.ഇല്ലായ്മയിലും വല്ലായ്മയിലും മറ്റൊന്നും പ്രതീക്ഷിക്കാതെ ഒരുമിച്ചു നിന്ന കൂട്ടുകാരുടെ നാൽവർ സംഘത്തിൽ ആരെല്ലാം അവശേഷിക്കും? ചിത്രത്തിൻ്റെ ഒന്നാം പകുതി ഉദ്വേഗമുണർത്തി ചടുലമായാണ് നീങ്ങുന്നത്.
രണ്ടാം പകുതിയിൽ ഒന്നാം പകുതിയിലെ മികവ് സൂക്ഷിക്കാനായില്ല. ജനപ്രിയ പരമ്പര ഉപ്പും മുളകും രചയിതാവ് സുരേഷ് ബാബുവിൻ്റെ തിരക്കഥയിൽ ജോജുവിൻ്റെ പണിയിലേതു പോലുള്ള വൻ ട്വിസ്റ്റുകളൊന്നുമില്ല .പണിയിൽ നിന്നും വ്യത്യസ്തമായി രമയുടെ കൊലപാതകത്തിൽ നിന്നും തലതിരിഞ്ഞാണ് മുറയുടെ തുടക്കം. അനന്തു, സജി, മനു, മനാഫ് എന്നീ നാലു കൂട്ടുകാരുടെ സൗഹൃദം കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ടു പോകുന്നത്.
ബോഗയ്ൻവില്ല, പണി തുടങ്ങി അടുത്ത കാലത്തിറങ്ങിയ ത്രില്ലർ ചിത്രങ്ങളിലെല്ലാം സംവിധായകർ വയലൻസ് രംഗങ്ങളുടെ തീവ്രതയും ക്രൂരതയും വൈവിധ്യവും കൂട്ടി വരുന്നതാണ് പ്രേക്ഷകർ കണ്ടത്. അറത്തു മുറിച്ച്, വെട്ടിമാറ്റി ചോരയൊഴുക്കുന്ന രംഗങ്ങൾ ദക്ഷിണേന്ത്യൻ ത്രില്ലർ സിനിമകളുടെ പൊതു ട്രെൻഡായി മാറിയിട്ടുണ്ട്.
ഓരോ പുതിയ ചിത്രങ്ങൾ ഇറങ്ങുമ്പോഴും അത്തരം ദൃശ്യങ്ങളുടെ തീവ്രതയുടെ ഡിഗ്രി അമ്പരിപ്പിക്കും വിധം കൂടി വരുന്നു. പച്ചയ്ക്കുള്ള നിർദ്ദയവും ക്രൂരവുമായ വയലൻസ് രംഗങ്ങളാണ് മുറയിലും സംവിധായകൻ മുഹമ്മദ് മുസ്തഫ ഒരുക്കിയിരിക്കുന്നത്. സംഘട്ടന രംഗങ്ങളും കാർ ചെയ്സുമെല്ലാം സംവിധായകൻ ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്.
തന്ത്രശാലിയായ ലോക്കൽ ഗ്യാങ്സ്റ്റർ ലീഡർ അനിയണ്ണനെ സുരാജ് വെഞ്ഞാറമ്മൂട് ഒതുക്കത്തോടെ ഭംഗിയായി അവതരിപ്പിച്ചു.ആക്ഷൻ രംഗങ്ങളിലും വേറിട്ട സുരാജിനെയാണ് കാണുന്നത്. രമേച്ചിയുടെ നെഗറ്റീവ് റോളിലെത്തിയ മാലാ പാർവ്വതി മെയ്ക്ക് ഓവർ കൊണ്ടും പ്രകടനം കൊണ്ടും പ്രേക്ഷകരെ ഞെട്ടിക്കും.
അടുത്ത കാലത്തൊന്നും നടിയുടെ ഇത്രയും മികച്ച പ്രകടനം സ്ക്രീനിൽ എത്തിയിട്ടില്ല. ചെറിയ വേഷത്തിലെത്തുന്ന കനി കുസൃതിയുടെ കഥാപാത്രത്തിന് വലിയ പ്രസക്തിയില്ല.മലയാളത്തിലെ പുതുതലമുറ നായകന്മാരുടെ മുൻനിരയിലേക്കെത്താനുള്ള വലിയൊരു അവസരമാണ് ഹൃദുവിന് മുറയിലെ അനന്തുവിൻ്റെ വേഷം.
അനന്തുവിൻ്റെ ഗ്യാങിലെ തിരുവനന്തപുരം സ്ലാങിൽ സംസാരിക്കുന്ന കൂട്ടുകാരായെത്തിയ ജോബിൻ ദാസ്, അനുജിത്ത്, യദു കൃഷ്ണൻ എന്നിവരും തിളങ്ങി. കാസ്റ്റിങ്ങിൽ സംവിധായകൻ നന്നായി ശ്രദ്ധിച്ചിട്ടുണ്ട്.കണ്ണൻ നായർ, വിഗ്നേഷ് സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നടൻ എന്ന നിലയിൽ മലയാള സിനിമയെ അടുത്തറിഞ്ഞ മുഹമ്മദ് മുസ്തഫയുടെ രണ്ടാമത്തെ സംവിധാന സംരംഭവും പാളിയിട്ടില്ല. ആദ്യ ചിത്രം കപ്പേള അന്ന ബെന്നിന് മികച്ച നടിക്കും മുഹമ്മദ് മുസ്തഫയ്ക്ക് മികച്ച നവാഗത സംവിധായകനുമുള്ള സംസ്ഥാന അവാർഡുകൾ നേടിക്കൊടുത്തിരുന്നു.
മികച്ച ഗ്യാങ്സ്റ്റർ ആക്ഷൻ ചിത്രമായി മുറയെ വിലയിരുത്താം. ക്രിസ്റ്റി ജോബിയുടെ ഇളക്കി മറിക്കുന്ന പശ്ചാത്തല സംഗീതം ആക്ഷൻ ചിത്രത്തിനു യോജിച്ചതാണ്. ഫാസിൽ നാസറിൻ്റെ ക്യാമറയും ചമൻ ചാക്കോയുടെ എഡിറ്റിംഗും മികച്ചതാണ്.എച്ച് ആർ പിക്ച്ചേഴ്സിൻ്റെ ബാനറിൽ റിയ ഷിബുവാണ് രണ്ട് മണിക്കൂർ 10 മിനിറ്റ് ദൈർഘ്യമുള്ള മുറ നിർമ്മിച്ചിരിക്കുന്നത്.
———————————————————-
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-