ഡോ. ജോസ് ജോസഫ്
ബ്ലോക്ക്ബസ്റ്റർ ചിത്രം പ്രേമലുവിനു ശേഷം നടൻ നസ്ലെനും സംവിധായകൻ.എ ഡി ഗിരീഷും ഒന്നിക്കുന്ന ചിത്രമാണ് ഐ ആം കാതലൻ.
പ്രേമലുവിന് മുമ്പ് ഷൂട്ട് ചെയ്ത കാതലൻ വൈകിയാണ് റിലീസിനെത്തുന്നത്.പ്രേമലുവിലെ പ്രണയവും കോമഡിയുമൊന്നും കാതലനിൽ ഇല്ല. പ്രേമലുവിലെ രസച്ചരട് പ്രതീക്ഷിച്ച് കാതലൻ കാണാനെത്തുന്ന പ്രേക്ഷകർക്ക് ശരാശരി കാഴ്ച്ചാനുഭവമാണ് ലഭിക്കുക.
ഒരു ഹ്രസ്വ ചിത്രത്തിലൊതുക്കാമായിരുന്ന സിനിമയുടെ ദൈർഘ്യം 111 മിനിറ്റ് മാത്രമാണ്.എൻജിനീയറിംഗ് വിദ്യാർത്ഥിയായ ചിത്രത്തിലെ നായകൻ വിഷ്ണു ഒരു ലോക്കൽ ഹാക്കറാണ്. പ്രാദേശിക പശ്ചാത്തലത്തിൽ വലിയ ഒച്ചപ്പാടുകളൊന്നുമില്ലാതെ മിഡിൽ ക്ലാസ്സുകാരനായ ഒരു പയ്യൻ ഹാക്കിംഗിലൂടെ തൻ്റെ പ്രതികാരം തീർക്കുന്നതാണ് ഐ ആം കാതലൻ്റെ കഥ.
അന്തർമുഖനും ചെറിയ ഇൻഫിരീയൊരിറ്റി കോംപ്ലക്സ് നേരിടുന്നവനുമാണ് നസ്ലെൻ അവതരിപ്പിക്കുന്ന നായകൻ വിഷ്ണു.പ്രേമലുവിലെ സച്ചിൻ ഉൾപ്പെടെയുള്ള നസ്ലെൻ്റെ അടുത്ത കാലത്തെ ചിത്രങ്ങളിലെ കഥാപാത്രങ്ങളോട് വിഷ്ണുവിന് ചെറിയ സാദൃശ്യം തോന്നിയക്കാം. ഒളിഞ്ഞിരുന്നു കൊണ്ട് ഇൻ്റർനെറ്റിൽ കയറി പണി കൊടുക്കാനുള്ള സാധ്യതകളെ സൂചിപ്പിക്കുന്ന ” on the internet, nobody knows that you are a dog” എന്ന വാക്യത്തോടെയാണ് ചിത്രത്തിൻ്റെ തുടക്കം.
നായകൻ വിഷ്ണു കുറെ സപ്ലി എഴുതിയെടുക്കാനുള്ള ഒരു എൻജിനീയറിംഗ് വിദ്യാർത്ഥിയാണ്.അച്ഛൻ കൊടുങ്ങല്ലൂർ ഒരു വർക്ക് ഷോപ്പ് നടത്തുകയാണ്.ബാംഗ്ലൂരിൽ ഒരു ഐ ടി കമ്പനിയിൽ അഭിമുഖത്തിനെത്തിയ വിഷ്ണുവിനോട് നിങ്ങൾക്കെങ്ങിനെയാണ് ഈ സ്ഥാപനത്തിൽ നിന്നും ഇൻ്റർവ്യൂ കാർഡ് അയച്ചതെന്ന് ബോർഡ് ചോദിക്കുന്നുണ്ട്.
എങ്ങനെയായിരിക്കാം വിഷ്ണു ആ കാർഡ് അയപ്പിച്ചിരിക്കുക എന്ന ചോദ്യത്തിനുള്ള ഉത്തരം പിന്നീട് വ്യക്തമാകും. അലസനും പഠിക്കാൻ ഉഴപ്പനുമാണ് വിഷ്ണു. എന്നാൽ സാങ്കേതിക വിദ്യ കൈകാര്യം ചെയ്യുന്നതിൽ അതിവിദഗ്ദനുമാണ്. കാമുകിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നുഴഞ്ഞു കയറാൻ കൂട്ടുകാരൻ വിഷ്ണുവിൻ്റെ സഹായം തേടുന്നുണ്ട്.
ആൾക്കൂട്ടത്തിൽ നിന്നാൽ തിരിച്ചറിയാൻ പറ്റാത്ത വിധം സാധാരണക്കാരനാണ് വിഷ്ണു. അയാളുടെ സാഹചര്യങ്ങളെയും കൂട്ടുകാരെയുമെല്ലാം പ്രേക്ഷകർക്ക് പെട്ടെന്ന് റിലേറ്റ് ചെയ്തെടുക്കാനാവും. കമ്പ്യൂട്ടർ ഷോപ്പ് നടത്തുന്ന അനീഷും (വിനീത് വിശ്വം ) ഓട്ടോ ഡ്രൈവർ ഉദയനു (അർഷാദ് അലി)മൊക്കെയാണ് വിഷ്ണുവിൻ്റെ അടുത്ത കൂട്ടുകാർ.
എൻജിനീയറിംഗിന് ഒരുമിച്ചു പഠിച്ച ശില്പയുമായി (അനിഷ്മ അനിൽകുമാർ) വിഷ്ണു പ്രണയത്തിലാണ്. സ്വകാര്യ ധനകാര്യ സ്ഥാപനമായ പെരിയാർ റോയൽ ഫൈനാൻസ് കമ്പനി ചെയർമാൻ ചാക്കോ പെരിയാടൻ്റെ (ദിലീഷ് പോത്തൻ) മകളാണ് ശില്പ. വലിയ ഐ ടി കമ്പനികളിലൊന്നും ജോലിയ്ക്കു വിടാതെ അപ്പൻ സ്വന്തം കമ്പനിയിൽ തന്നെ മകളെ ജോലിക്കു കയറ്റുന്നു.
കമ്പനിയിലെ ധനകാര്യ വിഭാഗം ഉദ്യോഗസ്ഥനായ മാത്യുവിന് (വിനീത് വാസുദേവൻ) ശില്പയുടെ മേൽ കണ്ണുണ്ട്.പണക്കാരിയായ ശില്പയുമായി എന്നെങ്കിലും വേർപിരിയേണ്ടി വരുമെന്ന് ഉൾഭയമുള്ള വിഷ്ണു അവളുടെ അക്കൗണ്ടിൽ ഒളിഞ്ഞു കയറി നോക്കുന്നു. അത് വിഷ്ണുവിൻ്റെ ജീവിതത്തിലുണ്ടാക്കുന്ന പ്രതിസന്ധികളും പ്രതികാരം വീട്ടാൻ ഹാക്കിംഗ് ഉപയോഗിക്കുന്നതുമാണ് കഥയെ മുന്നോട്ടു കൊണ്ടു പോകുന്നത്.
ചെറിയ പകവീട്ടലിൽ തുടങ്ങിയ ഹാക്കിംഗ് വലിയ പ്രത്യാഘാതങ്ങളിലേക്കു നീങ്ങുന്നു. ഹാക്കറെ കണ്ടെത്തി പകരം ചോദിക്കാൻ കമ്പനി മുതലാളി എത്തിക്കൽ ഹാക്കറായ സിമിയെ (ലിജോമോൾ) രംഗത്തിറക്കുന്നു. വലിയ സാങ്കേതികത്വമൊന്നുമില്ലാതെ തമിഴ് സിനിമകളിലേതു പോലെ അധികം ഹൈപ്പുമൊന്നുമില്ലാതെ പെട്ടെന്നു മനസ്സിലാക്കാവുന്ന രീതിയിലാണ് ഹാക്കിംഗ് രംഗങ്ങളുടെ ചിത്രീകരണം.
വലിയ സസ്പെൻസൊന്നും ഒളിപ്പിച്ചു വെക്കാത്ത ലളിതമായ ഒരു റിവഞ്ച് സ്റ്റോറിയാണ് തിരക്കഥാകൃത്ത് സജിൻ ചെറുകയിൽ ഒരുക്കിയിരിക്കുന്നത്. സിമ്പിളായ ലോക്കൽ ഹാക്കറെ കാഴ്ച്ചക്കാരുടെ വീക്ഷണത്തിൽ നിന്നു കൊണ്ട് ലളിതമായി സംവിധായകൻ എഡി ഗിരീഷും ചിത്രീകരിച്ചിരിക്കുന്നു. രണ്ടു ഹാക്കർമാർ തമ്മിലുള്ള ഒളിച്ചു കളിയും സങ്കീർണ്ണമാക്കിയിട്ടില്ല.
നസ്ലെന് പരിചിതമായ റേഞ്ചിലുള്ള കഥാപാത്രമാണ് വിഷ്ണു. ചില കോംപ്ലക്‌സുകളൊക്കെയുള്ള സിംപിൾ ആൻഡ് പവർഫുൾ വിഷ്ണുവിനെ നസ്ലെൻ ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്.മുമ്പ് പൂവൻ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുള്ള അനിഷ്മയും ശില്പയായി ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചിട്ടുള്ളത്.ദിലീഷ് പോത്തൻ, വിനീത് വിശ്വം, വിനീത് വാസുദേവൻ, ലിജോ മോൾ തുടങ്ങിയവരും വേഷങ്ങൾ ഭംഗിയാക്കി.
തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ മുൻ ചിത്രങ്ങളെപ്പോലെ ചുറ്റുപാടുകളിൽ നിന്നും പ്രേക്ഷകർക്ക് പെട്ടെന്ന് റിലേറ്റ് ചെയ്യാവുന്ന കഥാപാത്രങ്ങളെയാണ് ഐ ആം കാതലനിലും സംവിധായകൻ എഡി ഗിരീഷ് പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നത്.
സിദ്ധാർത്ഥ് പ്രദീപിൻ്റെ സംഗീതം, ആകാശ് ജോസഫ് വർഗീസിൻ്റെ എഡിറ്റിംഗ്, ശരൺ വേലായുധൻ്റെ ഛായാഗ്രഹണം എന്നിവ മികച്ചതാണ്. ഗോകുലം ഗോപാലൻ, പോൾ വർഗീസ്,ഡോ.കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം.
—————————————————————
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-