ലക്കി ഭാസ്കർ തട്ടിപ്പിന് കൂട്ട് ഭാഗ്യം

    ഡോ ജോസ് ജോസഫ്
         രു വർഷത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം തീയേറ്ററുകളിലെത്തുന്ന ദുൽഖർ സൽമാൻ ചിത്രമാണ് ലക്കി ഭാസ്കർ.1992ൽ ഇന്ത്യൻ സാമ്പത്തിക മേഖലയെ പിടിച്ചു കുലുക്കിയ  ഓഹരി കുംഭകോണമാണ് ഈ പീരിയഡ് ഫിനാൻഷ്യൽ ക്രൈം ത്രില്ലറിൻ്റെ പശ്ചാത്തലം.
തെലുങ്ക്, ഹിന്ദി, തമിഴ്,മലയാളം എന്നീ നാല് ഭാഷകളിൽ പുറത്തിറങ്ങിയ ഈ പാൻ ഇന്ത്യൻ. ചിത്രത്തിൻ്റെ രചനയും  സംവിധാനവും തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരിയാണ് നിർവ്വഹിച്ചിരിക്കുന്നത്.ഇന്ത്യൻ ഓഹരി വിപണിയിലെ മുടിചൂടാ മന്നനായിരുന്ന ഹർഷദ് മേത്തയുടെ നേതൃത്വത്തിൽ അരങ്ങേറിയ സാമ്പത്തിക തട്ടിപ്പ് നാല് വർഷം മുമ്പ് പുറത്തിറങ്ങിയ സ്കാം 1992 എന്ന വെബ് പരമ്പരയുടെ പ്രധാന പ്രമേയമായിരുന്നു.
Thoughts on DQ's Lucky Baskhar ? : r/tollywood
ഹൻസൽ മേത്ത സംവിധാനം ചെയ്ത്,സോണി ലിവ് ലൂടെ റിലീസ് ചെയ്ത ഈ പരമ്പര ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ബാങ്കിംഗ് സ്ഥാപനങ്ങളും സി ബി ഐ യുമെല്ലാം പങ്കാളികളായ  ഓഹരി തട്ടിപ്പ് ഭാസ്ക്കർ കുമാർ എന്ന മിഡിൽ ക്ലാസ് ഹീറോയിലുടെയാണ് ലക്കി ഭാസ്കറിൽ സംവിധായകൻ അവതരിപ്പിക്കുന്നത്-
 നല്ല കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിൽ മലയാളത്തേക്കാൾ മികവ് ദുൽഖർ സൽമാൻ തെലുങ്ക് തുടങ്ങിയ അന്യഭാഷാ ചിത്രങ്ങളിൽ പുലർത്താറുണ്ട്. ആ പതിവ്  ലക്കി ഭാസ്കറിലും തുടരുന്നു. അടുത്ത വീട്ടിലെ പയ്യനെപ്പോലെ ആരും ഇഷ്ടപ്പെടുന്ന മിഡിൽ ക്ലാസ് ഹീറോയുടെ വേഷത്തിലാണ് ലക്കി ഭാസ്കറിൽ ദുൽഖർ എത്തുന്നത്.1989 മുതൽ 1992 വരെയുള്ള മൂന്നു വർഷമാണ് കഥയുടെ പ്രധാന കാലഘട്ടം.ഫ്ലാഷ് ബാക്കിൽ കഥയുടെ പശ്ചാത്തലം പറഞ്ഞ്   പിന്നീട് ഭാവിയിലേക്ക് പോകുന്ന ശൈലിയിലാണ് സംവിധായകൻ പിന്തുടരുന്നത്.
Lucky Bhaskar title track: Nostalgic Ride - Telugu News - IndiaGlitz.com
ചിത്രം തുടങ്ങുമ്പോൾ തന്നെ ഇന്ത്യൻ ഓഹരി വിപണിയുടെ കുതിപ്പും സാധാരണക്കാരെ പോലും സ്വപ്നം കാണാൻ പഠിപ്പിച്ച ദല്ലാൾ ‘ ഹർഷ മെഹ്റ ‘ എന്ന പേരും കടന്നു വരുന്നുണ്ട്. ഭാസ്കറിൻ്റെ കെട്ട കാലത്തും നല്ല കാലത്തുമെല്ലാം ആ പേരു കേൾക്കാം. ഷെയർ റിഗ്ഗിംഗ്, ബാങ്ക് റെസിപ്റ്റ് (ബി ആർ ), ഹവാല, കള്ളപ്പണം വെളുപ്പിക്കൽ ,മണി ലോണ്ടറിംഗ് തുടങ്ങിയ പദങ്ങളിലൂടെ അധികം സങ്കീർണ്ണതകളില്ലാതെ സാമ്പത്തിക മേഖലയിൽ അരങ്ങേറുന്ന  തട്ടിപ്പുകളുടെ ആഴം സംവിധായകൻ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു.
  ബോംബെയിൽ മഗധ ബാങ്കിലെ കാഷ്യറാണ് ഭാസ്കർ കുമാർ.6000 രൂപയാണ് മാസശമ്പളം. സാധാരണ മധ്യ വർഗ്ഗ കുടുംബത്തിൻ്റെ എല്ലാ പ്രാരാബ്ധങ്ങളും അയാൾ ചുമക്കുന്നുണ്ട്. കടബാധ്യത, കഷ്ടപ്പാട്, ദാരിദ്ര്യം അങ്ങനെ എല്ലാം അയാളെ അലട്ടുന്നു. സ്വന്തം വീട്ടുകാരോട് പിണങ്ങി ഒപ്പം ഇറങ്ങിപ്പോന്ന ഭാര്യ സുമതിയുടെയും (മീനാക്ഷി ചൗധരി ) സ്കൂളിൽ പഠിക്കുന്ന മകൻ്റെയും ആഗ്രഹങ്ങളൊന്നും സാധിച്ചു കൊടുക്കാൻ സാമ്പത്തിക ബുദ്ധിമുട്ട് അയാളെ അനുദിക്കുന്നില്ല.
Dulquer Salmaan Lucky Baskhar teaser is about middle class bank employee  life?
പറഞ്ഞുറപ്പിച്ചിരുന്ന അസിസ്റ്റൻ്റ് മാനേജർ പോസ്റ്റ് കൂടി നഷ്ടപ്പെട്ടതോടെ അയാൾ കൂടുതൽ നിരാശനായി. സാഹചര്യം ഇങ്ങനെയൊക്കെയാണെങ്കിലും  സത്യസന്ധനും കഠിനാദ്ധ്വാനിയുമാണ് ഭാസ്കർ. മിഡിൽ ക്ലാസ് മൂല്യങ്ങളെ മുറുകെപ്പിടിക്കുന്നവനുമാണ്. യഥാർത്ഥ മിഡിൽ ക്ലാസ്സുകാരനെ പോലെ ചിത്രത്തിൻ്റെ തുടക്കം മുതൽ അവസാനം വരെ നിലനിൽപ്പിനു വേണ്ടിയുള്ള ഓട്ടത്തിലാണ് ഭാസ്കർ.
  അപമാനമാണ് മധ്യവർഗ്ഗക്കാരൻ്റെ ഏറ്റവും വലിയ നിക്ഷേപം.സാധാരണക്കാരനായ ഒരു ബാങ്ക് കാഷ്യർക്ക് സാമ്പത്തികമായി ഉയരാനാവില്ല. അതിന് വളഞ്ഞ വഴി തന്നെ വേണം. അതിന് വഴി കാട്ടുന്നത് ഭാസ്കറിൻ്റെ ക്ലാസ്മേറ്റും ബാങ്കിലെ പ്യൂണുമായ സാംബയാണ് ( രാജ്കുമാർ). സാംബ പരിചയപ്പെടുത്തിയ ആൻ്റണി (രാംകി ) എന്ന കള്ളക്കടത്തുകാരനിലൂടെ സാമ്പത്തിക തട്ടിപ്പിൻ്റെ പുതിയ ലോകത്തേക്ക് ഭാസ്കർ പ്രവേശിക്കുന്നു.
  ചിത്രത്തിൻ്റെ ആദ്യ പകുതി കുടുംബ ബന്ധങ്ങളും കഥയുടെ പശ്ചാത്തലവുമായി മെല്ലെയാണ് നീങ്ങുന്നത്. ഓഹരി കുംഭകോണവും  സാമ്പത്തിക തട്ടിപ്പുമെല്ലാം രണ്ടാം പകുതിയിലാണ് കടന്നു വരുന്നത്. തട്ടിപ്പിലൂടെ പണമുണ്ടാക്കിയാൽ മാത്രം പോര, പണമുണ്ടെന്ന് നാലാൾ അറിഞ്ഞാലെ ബഹുമാനം ലഭിക്കൂ എന്ന വലിയ പാഠം ഭാസ്കർ പഠിച്ചു. വലിയ തട്ടിപ്പുകൾ ഭാസ്കർ നടത്തുന്നുണ്ടെങ്കിലും ചെറിയ ട്രിക്കുകളിലൂടെ എപ്പോഴും രക്ഷപെടുകയാണ്.
തൊട്ടതെല്ലാം പൊന്നാക്കുന്ന ഭാസ്കറിന് ഭാഗ്യവും കൂട്ടിനുണ്ട്. എന്നാൽ രക്ഷപെടലുകൾക്ക് വലിയ ആഴമില്ല. തിരക്കഥ വളരെ യാഥാസ്ഥിതികമാണ്.ഏതു തട്ടിപ്പിലൂടെയും പണമുണ്ടാക്കിയാൽ പണം ആ നാണക്കേട് മാറ്റിക്കൊള്ളുമെന്നാണ് സംവിധായകൻ ലക്കി ഭാസ്കറിലൂടെ പറയുന്നത്. തട്ടിപ്പു നടത്തുന്നതു പോലെ പ്രധാനമാണ് അതെപ്പോൾ കൃത്യമായി അവസാനിപ്പിച്ച് തലയൂരണമെന്ന തീരുമാനവും എന്ന സന്ദേശവും സംവിധായകൻ നൽകുന്നു.
  ഒരു തട്ടിപ്പുകാരനാണെന്ന് ഒരിക്കലും തോന്നിപ്പിക്കാതെ പ്രേക്ഷകരോട് ചേർന്നു നിൽക്കുന്ന ഒരു ‘മിഡിൽ ക്ലാസ് കോമൺമാൻ’ പ്രതിഛായയാണ്  ചിത്രത്തിൽ ദുൽഖറിൻ്റെ കഥാപാത്രത്തിന് സംവിധായകൻ നൽകിയിരിക്കുന്നത്. വൺ മാൻ ഷോയിലൂടെ ഭാസ്കർ കുമാറിനെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനാക്കുന്നതിൽ ദുൽഖർ വിജയിച്ചു. വിവിധ ഗെറ്റപ്പുകളിലുള്ള രൂപമാറ്റം ദുൽഖർ അനായാസം കൈകാര്യം ചെയ്തു.നായികയായ സുമതിയുടെ വേഷമിട്ട മീനാക്ഷി ചൗധരിയും കഥാപാത്രത്തോട് നീതി പുലർത്തിയിട്ടുണ്ട്. മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് തെലുങ്കിലെയും ബോളിവുഡിലെയും താരങ്ങളാണ്.
  മധ്യവർഗ്ഗക്കാരുടെ ജീവിത വ്യഥകൾ പ്രേക്ഷകരിലേക്ക് എളുപ്പത്തിൽ സംവഹിക്കുന്നതാണ് ചിത്രത്തിലെ സംഭാഷണങ്ങൾ.1980 കളുടെ അവസാനവും 1990 കളുടെ ആദ്യവുമുള്ള ബോംബെ യാഥാർത്ഥ്യത്തോടെ ചിത്രത്തിൽ പുനരാവിഷ്ക്കരിച്ചിട്ടുണ്ട്. കൊളാബയും  ദലാൽ സ്ട്രീറ്റും തിരക്കേറിയ ബോംബെ തെരുവുകളും ഡിജിറ്റൽ യുഗത്തിനു മുമ്പുള്ള ബാങ്കിംഗ് ഇടപാടുകളും പഴയ കാറും ടെലിവിഷനുമെല്ലാം കാലഘട്ടത്തിന് ചേർന്നതായി.ജി വി പ്രകാശ് കുമാറിൻ്റെ പശ്ചാത്തല സംഗീതം മാജിക്കലാണ്.നിമിഷ് രവിയുടെ ക്യാമറയും നവീൻ നൂലിയുടെ എഡിറ്റിംഗും ഉന്നത നിലവാരം പുലർത്തുന്നു.
Dulquer Salmaan's Lucky Baskhar release date pushed? Here is what we know
———————————————————-

(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)

——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക