ഡോ ജോസ് ജോസഫ്
മമ്മൂട്ടി നായകനായ ഹിറ്റ് ചിത്രം ഭീഷ്മപർവ്വത്തിനു ശേഷം അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ബോഗയ്ൻവില്ല.
ഇയ്യോബിൻ്റെ പുസ്തകത്തിനും വരത്തനും ശേഷം ഫഹദ് ഫാസിലും അമൽ നീരദും ഒന്നിക്കുന്ന ചിത്രത്തിൽ 11 വർഷത്തിനു ശേഷം ജ്യോതിർമയി നായികാ വേഷത്തിൽ തിരിച്ചെത്തുന്നു.ലാജോ ജോസിൻ്റെ നോവലിനെ അവലംബിച്ച് നിർമ്മിച്ച ചിത്രത്തിൻ്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ലാജോ ജോസും അമൽ നീരദും ചേർന്നാണ്. ഡാർക്ക് ഷെയ്ഡിൽ പതിഞ്ഞ താളത്തിൽ മെല്ലെ പറഞ്ഞു പോകുന്ന ഒരു സൈക്കോളജിക്കൽ ത്രില്ലറാണ് ബോഗയ്ൻവില്ല.
ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നു നിർമ്മിച്ച ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും ഇവർ രണ്ടു പേരുമാണ്. ജ്യോതിർമയി ഫഹദിനൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ബോഗയ്ൻവില്ല.
സീരിയൽ കൊലപാതകങ്ങളെ അടയാളപ്പെടുത്താൻ സിനിമയിൽ ചോരയുടെ നിറമുള്ള ചുവന്ന പുഷ്പങ്ങൾ കടന്നു വരുന്നത് ആദ്യമല്ല. ഭാരതിരാജ സംവിധാനം ചെയ്ത 1978- ലെ കമൽ ഹാസൻ ചിത്രം സിഗപ്പു റോജാക്കളിൽ പെൺകുട്ടികളെ കൊന്നതിനു ശേഷം ചുവപ്പു റോസാച്ചെടികൾ നടുന്ന പ്രതിനായകനെ കാണാം.
അമൽ നീരദിൻ്റെ ചിത്രത്തിൽ ‘പ്രതീകമായി കടന്നു വരുന്നത് രക്തമിറ്റിറ്റു വീഴുന്ന ചുവപ്പു ബോഗയ്‌ൻവില്ല പൂക്കളാണ്. നായിക റീത്തു ( ജ്യോതിർമയി ) കടും ചുവപ്പു നിറത്തിലുള്ള ബോഗയ്ൻവില്ല പൂക്കളുടെ ചിത്രം എപ്പോഴും വരക്കുന്നു. നായിക മറവി രോഗത്തിന് അടിമയാണ് എന്നതാണ് സിഗപ്പു റോജാക്കളിൽ നിന്നും വ്യത്യസ്തമായി ബോഗയ്ൻവില്ലയ്ക്ക് സംവിധായകൻ നൽകിയിരിക്കുന്ന പുതിയ മാനം.
ദമ്പതികളായ റോയ്സും (കുഞ്ചാക്കോ ബോബൻ) റീത്തുവും ഗുരുതരമായ ഒരു കാർ അപകടത്തിൽ പെടുന്നതോടെയാണ് ചിത്രത്തിൻ്റെ തുടക്കം.എട്ടു വർഷം കഴിയുമ്പോൾ കുട്ടിക്കാനത്ത് ഒരു ആശുപത്രിയിലെ ഡോക്ടറാണ് റോയ്സ്.റീത്തുവിൻ്റെ ലുക്ക് ആകെ മാറി. അപകടത്തെ തുടർന്ന് അവൾക്ക് ഓർമ്മ നഷ്ടപ്പെട്ടു.
ഭൂതകാലവും അപകടത്തെ തുടർന്നുള്ള സംഭവങ്ങളും ഒന്നും ഓർമ്മയിലില്ല. ആൻ്റിറോഗ്രേഡ് അംനേഷ്യയും റിട്രോേഗ്രേഡ് അംനേഷ്യയും ഒരു പോലെ നേരിടുന്നുണ്ട് അവൾ. അപരിചിതരെ കണ്ടാൽ അക്രമാസക്തയാകും.വേലക്കാരി രമയാണ് ( ശ്രിന്ദ ) റീത്തുവിൻ്റെ സഹായി. രമയുടെ ഭർത്താവ് ബിജുവിനെയും (ഷറഫുദ്ധീൻ ) റീത്തുവിന് തിരിച്ചറിയാം.
റീത്തുവിൻ്റെ കാര്യത്തിൽ ഏറെ ശ്രദ്ധാലുവും സ്നേഹ സമ്പന്നനുമാണ് റോയ്സ്. ജോലി രാജി വെച്ച് റീത്തുവിന് കൂട്ടിരുന്നാലോ എന്നു പോലും ആലോചിക്കുന്നുണ്ട് അയാൾ. രണ്ടാഴ്ച്ചയിലൊരിക്കൽ അവളെ മാനസ്സികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടു പോകും. ഏതോ മായിക ലോകത്ത് കഴിയുന്ന റീത്തുവിന് ചിത്ര രചനയാണ് ഏക ആശ്വാസം.
ചെറിയ കുറിപ്പുകളിലൂടെയും ഡയറി എഴുത്തിലൂടെയുമാണ് റീത്തു കടലാസു പൂക്കൾ പോലെ ചിതറിക്കിടക്കുന്ന ഓർമ്മകളിൽ നിന്നും സ്വന്തം ലോകം സൃഷ്ടിച്ചെടുക്കുന്നത്. അവളുടെ മായക്കാഴ്ച്ചകളിൽ അവർക്ക് രണ്ട് കുട്ടികളുമുണ്ട്.
ആദ്യത്തെ അര മണിക്കൂർ റീത്തുവിൻ്റെയും റോയ്സിൻ്റെയും സ്വകാര്യ ലോകവും റീത്തുവിൻ്റെ വിഭ്രമാത്മകമായ കാഴ്ച്ചകളുമാണ് സംവിധായകൻ സാവധാനം പരിചയപ്പെടുത്തുന്നത്. അവരുടെ വീട്ടിലേക്ക് ഒരു ദിവസം പെട്ടെന്ന് കുട്ടിക്കാനത്തെ പോലീസ് ഓഫീസർ സുരേഷും (ഷോബി തിലകൻ) തേനി എ സി പി ഡേവിഡ് കോശിയും (ഫഹദ് ഫാസിൽ) കടന്നു വരുന്നു.
കുട്ടിക്കാനം കോളേജിൽ പഠിക്കുന്ന ഛായാ കാർത്തികേയൻ എന്ന വിദ്യാർത്ഥിനിയെ കാണാനില്ല. തേനിയിലെ പ്രമുഖ രാഷ്ട്രീയ നേതാവിൻ്റെ മകളാണ് ഛായ.അംനേഷ്യ രോഗിയായ റീത്തുവിലേക്കാണ് അന്വേഷണം എത്തുന്നത്. ഛായയെ മാത്രമല്ല ടൂറിസ്റ്റുകളായ വേറെ പെൺകുട്ടികളെയും കാണാതാവുന്നുണ്ട്. അവരുടെ തിരോധാനത്തെക്കുറിച്ച് റീത്തു പറയുന്നത് സത്യമാണോ ഭാവനയിൽ മെനഞ്ഞെടുത്ത കഥകളാണോ എന്ന് തിരിച്ചറിയാനാവാതെ പോലീസ് മീരയെന്ന (വീണ നന്ദകുമാർ) ക്രിമിനോളജസ്റ്റിൻ്റെ സഹായം തേടുന്നു –
‘വരത്തനെ ‘ അനുസ്മരിപ്പിക്കുന്നതാണ് മലമ്പ്രദേശത്തെ ഫാം ഹൗസിൻ്റെ പശ്ചാത്തലത്തിൽ അവസാന ഭാഗത്ത് അരങ്ങേറുന്ന വൈലൻസ് രംഗങ്ങൾ. ബോഗയ്ൻവില്ലയിൽ അതിന് ഒരു സൈക്കോളജിക്കൽ മാനം കൂടി നൽകിയിട്ടുണ്ട് സംവിധായകൻ. ഇവിടെ ഭൂതകാലവുമായി ബന്ധിപ്പിക്കാൻ മാടമ്പിയായ വല്യപ്പനും ( നിസ്തർ സേട്ട് ) അയാളുടെ പ്രതാപകാലവുമെല്ലാം കൂട്ടിച്ചേർത്തിട്ടുണ്ട്. രണ്ടാം പകുതിക്ക് കുറേക്കൂടി വേഗതയുണ്ട്.
താൻ നില നിൽക്കുന്നില്ലെന്ന് വിശ്വസിപ്പിക്കുന്ന സാത്താൻ്റെ തന്ത്രം പോലെ പോലീസിൻ്റെ കണ്ണും വെട്ടിച്ച് ഒളിഞ്ഞിരിക്കുന്ന പ്രതിനായകനാണ് കഥയിലെ ട്വിസ്റ്റ്. ക്രൂരനായ സീരിയൽ കില്ലറെ അവസാനം വരെ മറച്ചു വെയ്ക്കുന്നതിൽ സംവിധായകൻ വിജയിച്ചു. റീത്തു എന്തു കൊണ്ട് എപ്പോഴും ചുവന്ന ബോഗയ്ൻവില്ല പൂക്കളുടെ ചിത്രം വരയ്ക്കുന്നു, എന്താണ് റീത്തുവും എസ്തർ ഇമ്മാനുവേലും തമ്മിലുള്ള ബന്ധം തുടങ്ങിയ ചോദ്യങ്ങൾക്കുത്തരം ലഭിക്കാൻ ചിത്രത്തിൻ്റെ അവസാനം വരെ കാത്തിരിക്കണം. വിവാദമുയർത്തിയ ‘ഭൂലോകം സൃഷ്ടിച്ച കർത്താവിന്നു സ്തുതി ‘ എന്ന പാട്ടു പാടിയാണ് ചിത്രം അവസാനിക്കുന്നത്.
11 വർഷങ്ങൾക്കു ശേഷം ഭർത്താവിൻ്റെ ചിത്രത്തിലൂടെയുള്ള തിരിച്ചു വരവ് ജ്യോതിർമയി ഗംഭീരമാക്കി. അംനേഷ്യ രോഗം ബാധിച്ച് ഭ്രമലോകത്ത് തളച്ചിടപ്പെട്ട റീത്തുവായി ജ്യോതിർമയിയുടേത് അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ്. പുതിയ ലുക്കിലും വേഷത്തിലും ഭാവത്തിലുമെല്ലാം റീത്തുവായി മറ്റൊരഭിനേത്രിയെ സങ്കല്പിക്കാനാവാത്ത വിധം ജ്യോതിർമയി ഭംഗിയാക്കി.
ശ്രിന്ദ, വീണ നന്ദകുമാർ എന്നിവർ അവതരിപ്പിച്ച സ്ത്രീ കഥാപാത്രങ്ങളും ശക്തരാണ്. വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് റോയ്സ്.വ്യത്യസ്ത വേഷങ്ങൾ തെരഞ്ഞെടുക്കാനുള്ള കുഞ്ചാക്കോ ബോബൻ്റെ ശ്രമം അഭിനന്ദനാർഹമാണ്. എ സി പി ഡേവിഡ് കോശിയായി എത്തുന്ന ഫഹദ് ഫാസിലിന് അധികമൊന്നും ചെയ്യാനില്ല.
അധികം കഥാപാത്രങ്ങളില്ലാതെ ഇടുക്കിയിലെ കുട്ടിക്കാനം, ഏലപ്പാറ തുടങ്ങിയ ലൊക്കേഷനുകളിൽ ചിത്രീകരിച്ച സിനിമയാണ് ബോഗയ്ൻവില്ല. അമൽ നീരദിൻ്റെ പതിവ് സംവിധാന ശൈലിയിലുള്ള പ്രത്യേക ഷോട്ടുകളും സീക്വൻസുകളും ഈ ചിത്രത്തിലും കാണാം. ഡാർക്ക് സൈക്കോളജിക്കൽ ത്രില്ലറിൻ്റെ മൂഡിനു ചേർന്ന പശ്ചാത്തല സംഗീതമാണ് സുഷിൻ ശ്യാം ഒരുക്കിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രൻ്റെ ഛായാഗ്രഹണവും വിവേക് ഹർഷൻ്റെ എഡിറ്റിംഗും മികച്ചതാണ്.
———————————————————-
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-