January 29, 2025 3:29 am

അടിച്ചേൽപ്പിച്ച ആക്ഷേപ ഹാസ്യവുമായി തെക്ക് വടക്ക്  

ഡോ ജോസ് ജോസഫ്
 ലമുറകൾ പഴക്കമുള്ള വഴക്ക് കുട്ടിക്കാലം മുതലെ തുടരുന്ന രണ്ടു പേർ. വാർദ്ധക്യത്തിലെത്തിലെത്തിയിട്ടും  അതിൽ നിന്നും പിന്തിരിയാൻ ഈഗോയും ദുരഭിമാനവും  അവരെ അനുവദിക്കുന്നില്ല.
ഇരുവരിൽ  ഒരാൾ പെട്ടെന്ന് ഇല്ലാതാകുമ്പോൾ മറ്റെയാളുടെ വിജയം നിരർത്ഥകമായി മാറുന്നു.എതിർ ധൃവങ്ങളിൽ നിന്ന് ഒത്തു തീർപ്പിനു വഴങ്ങാതെ പരസ്പരം പോരടിക്കുന്ന രണ്ടു പേരുടെ പകയുടെ കഥയാണ് പ്രേം ശങ്കർ സംവിധാനം ചെയ്ത തെക്ക് വടക്ക്.
Thekku Vadakku' trailer: Suraj Venjaramoodu and Vinayakan lead the rival-fuelled comedy drama - WATCH | - Times of India
സുരാജ് വെഞ്ഞാറമ്മൂടും വിനായകനും ആദ്യമായി ഒന്നിക്കുന്ന സിനിമയാണിത് .കാരിക്കേച്ചർ മാനങ്ങളുള്ള കഥാപാത്രങ്ങളെയാണ് സുരാജിനും വിനായകനും വേണ്ടി ഈ സിനിമയിൽ സൃഷ്ടിച്ചിരിക്കുന്നത്. ആത്യന്തികമായി മനുഷ്യൻ്റെ എല്ലാ കലഹങ്ങളും നിരർത്ഥകമാണെന്ന് തെക്ക് വടക്ക് പറയുന്നു.
തത്വചിന്തയും ആക്ഷേപഹാസ്യവും കൂട്ടിച്ചേർത്ത് എസ് ഹരീഷ് രചിച്ച കഥയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് ഹരീഷും പ്രേം ശങ്കറും ചേർന്നാണ്. വിനായകനും സുരാജും മത്സരിച്ചഭിനയിച്ചിട്ടുണ്ട്.
  പാലക്കാട്ടെ ഒരു ഗ്രാമത്തിലാണ് തെക്ക് വടക്കിൻ്റെ കഥ നടക്കുന്നത്. കെ  എസ് ഇ ബി യിൽ നിന്ന് വിരമിച്ച മാധവനും (വിനായകൻ)  അരി മിൽ മുതലാളിയായ ശങ്കുണ്ണിയും ( സുരാജ് വെഞ്ഞാറമ്മൂട് ) കുട്ടിക്കാലം മുതലെ ബദ്ധശത്രുക്കളാണ്. ഗുരുദേവ ഭക്തനായ ശങ്കുണ്ണിയുടെ അരി കമ്പനിക്ക് നൽകിയിരിക്കുന്ന പേര് നമ്പൂതിരി റൈസ് കമ്പനി എന്നാണ്.
തെക്കും വടക്കും പോലെ ഒരിക്കലും യോജിക്കാത്ത എതിർ ദിശകളിലാണെങ്കിലും മക്കൾക്ക് സ്വാതന്ത്ര്യം അനുവദിക്കാതിരിക്കുന്നതിൽ രണ്ടു പേരും ഒരേ സ്വഭാവക്കാരാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളായ സഖാക്കളാണ് രണ്ടു പേരും. വഴക്ക് മൂക്കുമ്പോൾ മധ്യസ്ഥതക്കായി ഇടപെടുത്തുന്നത് പാർട്ടി ഏരിയ സെക്രട്ടറിയെയാണ് .പണം വെച്ചുള്ള ചീട്ടുകളി സദസ്സിലും രണ്ടു പേരും ഒരുമിച്ചിരിക്കും.
ശ്രീകുമാർ മേനോന്‍റെ നിർമാണത്തിൽ 'തെക്ക് വടക്ക്'; പ്രധാന വേഷങ്ങളിൽ വിനായകനും സുരാജും - thekku vadakku shooting begins
  ശങ്കുണ്ണിയുടെയും മാധവൻ്റെയും. മക്കൾ അവരുടെ അച്ഛന്മാർക്ക് ഒത്തു തീർപ്പാക്കാൻ കഴിയാതിരുന്ന വഴക്ക് പരിഹരിക്കാൻ യാത്ര തിരിക്കുന്നതോടെയാണ്  ചിത്രത്തിൻ്റെ തുടക്കം. ഇവരുടെ യാത്രക്കൊപ്പം മാധവനും ശങ്കുണ്ണിയും തമ്മിലുള്ള  വസ്തു തർക്കത്തിൻ്റെ കഥയും പ്രേക്ഷകരോടൊപ്പം സഞ്ചരിക്കുന്നു.
തർക്കത്തിലുള്ള പുരയിടത്തിൻ്റെ പേരിൽ 30 വർഷമായി പാലക്കാട് ജില്ലാക്കോടതിയിൽ വ്യവഹാരവുമായി നടക്കുകയാണ് മാധവനും ശങ്കുണ്ണിയും. കേസ് വാദിക്കുന്ന വക്കീലന്മാർ സമ്പന്നരായെങ്കിലും കേസ് അനന്തമായി നീളുകയാണ്.കോടതിയും കേസും ഇരുവർക്കും ഹരമാണ്.
ഇടയ്ക്കിടെ  കോടതി കയറി ഇറങ്ങുന്നതിൻ്റെ ആനന്ദം ഒരിക്കലും അവസാനിക്കരുതെന്നാണ് ഉള്ളിലെ ആഗ്രഹം. ഇരുവരും തമ്മിലുളള വഴക്കിൽ വീട്ടുകാരും നാട്ടുകാരുമെല്ലാം കാഴ്ച്ചക്കാരാണ്. അതിനപ്പുറം ആർക്കും ഒന്നുമില്ല.
അടിച്ചേൽപ്പിച്ച ഹാസ്യവുമായി മന്ദഗതിയിലാണ് ചിത്രത്തിൻ്റെ ആദ്യ പകുതി പോകുന്നത്. ഇടയ്ക്ക് ന്യൂ ജെൻ പാട്ടും നൃത്തവും വിനായകൻ്റെ ഹീറോ അവതാരവും വരുന്നുണ്ടെങ്കിലും അതൊന്നും പ്രേക്ഷകരെ പിടിച്ചിരുത്തുന്നില്ല.
അംഗീകാരത്തിനു വേണ്ടി നടത്തുന്ന എല്ലാ പോരുകളും അതിൻ്റെ പിന്നിലെ പകയുമെല്ലാം  നിരർത്ഥകവും താൽക്കാലികവുമാണെന്ന് സൂചിപ്പിച്ചു കൊണ്ടാണ് ഒന്നാം പകുതി അവസാനിക്കുന്നത്. കേസിൽ മാധവന് അനുകൂലമായി ലഭിക്കുന്ന ജില്ലാ കോടതി വിധിയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ആദ്യപകുതിയിലെ ട്വിസ്റ്റ്.
  രണ്ടാം പകുതി ഏറെക്കുറെ ഒരു ഫ്യൂണറൽ കോമഡി പോലെയാണ് മുന്നോട്ടു പോകുന്നത്.ശത്രു വിടവാങ്ങിയതോടെ ശങ്കുണ്ണി അവസാനം  മനോനില തെറ്റിയവനായി മാറുന്നത് വിശ്വസനീയമല്ല.
മരണ വീട്ടിലെ കരച്ചിൽ, വെള്ള പുതപ്പിക്കൽ, വാഴ ഇല വെട്ടൽ, മാവ് വെട്ടൽ, കുടുംബ പെൻഷൻ, സ്ത്രീധന കലഹം തുടങ്ങിയ നിരവധി  വിഷയങ്ങൾ ആക്ഷേപ ഹാസ്യമായി കടന്നു വരുന്നുണ്ടെങ്കിലും അതെല്ലാം നിഷ്ഫലമായി.പ്രധാന കഥാപാത്രങ്ങളും കഥാ പ്രമേയവുമായുള്ള ബന്ധം ഇടയ്ക്കിടെ വഴുതി മാറുന്നു. ഉപരിപ്ലവമായ കഥപറച്ചിൽ രീതി പ്രേക്ഷകനെ ആഴത്തിൽ സ്പർശിക്കുന്നതെയില്ല. ക്ലൈമാക്‌സിലും പുതുമയില്ല.
Thekku vadakku teaser | Vinayakan ( jailer ) | Suraj venjaramoodu | Vineeth Vishwam | Melvin Babu.
  സ്വന്തം ഈഗോയും സാമൂഹിക അംഗീകാരവും നിലനിർത്താൻ ഇഞ്ചോടിഞ്ച് പോരാടുന്ന മാധവനും ശങ്കുണ്ണിയുമായി വിനായകനും സുരാജും മത്സരിച്ചഭിനയിച്ചിട്ടുണ്ട്. പ്രകടനത്തിന് കൂടുതൽ അവസരം സുരാജിൻ്റെ ശങ്കുണ്ണിക്കാണ്.ശങ്കുണ്ണിയുടെ അനുയായിയായ പെട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷമീർ ഖാൻ, മാധവൻ്റെ ഫ്രണ്ടായി വന്ന മെൽവിൻ ജി ബാബു, പോളച്ചനായി വേഷമിട്ട കോട്ടയം രമേശ് എന്നിവർ തിളങ്ങി.മാധവൻ്റെയും ശങ്കുണ്ണിയുടെയും മക്കളായി വന്നത് മെരിൻ ജോസ് പൊറ്റക്കൽ, വിനീത് വിശ്വം എന്നിവരാണ്.
 സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിച്ചിരിക്കുന്നത്  സാം സി എസാണ്. ചിത്രത്തിൻ്റേതായി പുറത്തു വന്ന ‘ കസ കസ ‘ എന്ന പാട്ട് ശ്രദ്ധ നേടിയിരുന്നു. കിരൺ ദാസിൻ്റെ എഡിറ്റിംഗും സുരേഷ് രാജൻ്റെ ഛായാഗ്രഹണവും മികവ് പുലർത്തി.131 മിനിറ്റാണ് ചിത്രത്തിൻ്റെ ദൈർഘ്യം.
പ്രേംശങ്കറിൻ്റെ സംവിധാനം ശരാശരി നിലവാരത്തിൽ നിന്ന് ഉയരുന്നില്ല. അടിച്ചേൽപ്പിച്ച കൃത്രിമമായ ആക്ഷേപ ഹാസ്യമാണ് എസ് ഹരീഷിൻ്റെ കഥയുടെ പ്രധാന ന്യൂനത. അൻജന ടാക്കീസ്, വാർസ് മൂവീസ് എന്നിവയുടെ ബാനറിൽ അൻജന ഫിലിപ്പ്, വി .എ. ശ്രീകുമാർ മേനോൻ എന്നിവർ ചേർന്നാണ് തെക്ക് വടക്ക് നിർമ്മിച്ചിരിക്കുന്നത്.
———————————————————-

 (കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)

——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News