ഡോ ജോസ് ജോസഫ്
ദ് ഗ്രേറ്റസ്റ്റ് ഓഫ് ആൾടൈം .( ജി ഒ എ ടി – ഗോട്ട്) . ഒരു വെങ്കട്’ പ്രഭു ഹീറോ എന്നാണ് വിജയ് ചിത്രത്തിൻ്റെ തുടക്കത്തിൽ സംവിധായകൻ വെങ്കട് പ്രഭു എഴുതിക്കാണിക്കുന്നത്.
ദളപതിയായും ചിന്ന ദളപതിയായും വിജയ് ഇരട്ട വേഷത്തിൽ നേരിട്ട് ഏറ്റുമുട്ടുന്ന ചിത്രത്തിൽ വെങ്കട് പ്രഭുവിൻ്റെ ഹീറോയും വില്ലനും വിജയ് തന്നെയാണ്. തമിഴ്നാട്ടിലെ വിജയ് ഫാൻസിനെ സന്തോഷിപ്പിക്കാനുള്ള എല്ലാ മസാലചേരുവകളുമുള്ള ചിത്രമാണ് ഗോട്ട്.
തമിഴക വെട്രി കഴകത്തിൻ്റെ ബാനറിൽ 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുന്ന വിജയിൻ്റെ അവസാന ചിത്രമായേക്കുമെന്ന് കരുതപ്പെടുന്ന ഗോട്ട് വിജയ് ഫാൻസിൻ്റെ ആവേശം വാനോളം ഉയർത്തിയിട്ടുണ്ട്. എന്നാൽ വിജയ് ഫാൻസ് അല്ലാത്തവർക്ക് ഒരു ശരാശരി മാസ്സ് എൻ്റർടെയിനർ മാത്രമാണ് ഗോട്ട്.
തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നതിനു മുന്നോടിയായി ആരാധകർക്ക് മുമ്പിറങ്ങിയ വിജയ് ചിത്രങ്ങളുടെ പല സൂചനകളും സംവിധായൻ നൽകുന്നുണ്ട്.ശക്തമായ രാഷ്ട്രീയ പ്രസ്താവനകളും കൗണ്ടറുകളുമുണ്ട്.വിജയ് അവതരിപ്പിക്കുന്ന നായകൻ്റെ പേരു തന്നെ എം എസ് ഗാന്ധിയെന്നാണ്. ഗാന്ധി ഈസ് ദ് ഫാദർ ഓഫ് ദ നേഷൻ എന്ന് നായകൻ കൂടെക്കൂടെ പറയുന്നുമുണ്ട്.
വയസ്സാനാലും ലയൺ’ ഈസ് ലയൺ എന്ന നായകൻ്റെ പ്രസ്താവനയിൽ എഴുതിത്തള്ളേണ്ട എന്ന മുന്നറിയിപ്പുണ്ട്.തല ധോണിയെപ്പോലെ വയസ്സിലല്ല വേഗതയിലാണ് കാര്യം എന്നും എതിരാളികളെ ഓർമ്മിപ്പിക്കുന്നു. അന്തരിച്ച വിജയ്കാന്തിനെ എ ഐ സാങ്കേതിക വിദ്യയിലൂടെ ഗോട്ടിൽ പുനരവതരിപ്പിക്കുന്നുണ്ട്. വിജയകാന്തിൻ്റെ മരണത്തോടെ അനാഥരായ ഡിഎംഡികെ അണികൾക്കുള്ള ക്ഷണമായി ഇതിനെ കാണാം.
വെങ്കട് പ്രഭുവിൻ്റെ കഥയിൽ വലിയ പുതുമകളൊന്നുമില്ല. ഹീറോയുടെ മകനെ വില്ലൻ തട്ടിയെടുക്കുന്നതും മകനെ അച്ഛനെതിരെ തിരിക്കുന്നതും അനേകം സിനിമകളിൽ കണ്ട പ്ലോട്ടാണ്.ഊഹിക്കാവുന്ന ദിശയിൽ തന്നെയാണ് കഥയുടെ ഒഴുക്ക്. സ്പെഷ്യൽ’ ആൻ്റി ടെററിസ്റ്റ് സ്ക്വാഡിലെ (എസ് എ ടി എസ് ) ഏജൻ്റാണ് എം എസ് ഗാന്ധി(വിജയ് ). എസ് എ ടി എസി ലെ ഗോട്ടാണ് ഗാന്ധി. ഫാമിലി മാനായ ഗാന്ധി ഭാര്യ അനുവിൽ (സ്നേഹ ) നിന്നും ജോലി മറച്ചു വെച്ചിരിക്കുകയാണ്.
2008 ൽ ട്രെയിനിൽ യൂറേനിയം കടത്തുന്ന ഒരു ഭീകര സംഘത്തെ കെനിയയിൽ ഗാന്ധിയും സംഘവും നേരിടുന്നതോടെയാണ് ചിത്രത്തിൻ്റെ തുടക്കം. സുനിൽ (പ്രശാന്ത് ), കല്യാൺ (പ്രഭുദേവ ) ,അജയ് ( അജ്മൽ അമീർ) എന്നിവരാണ് ഗാന്ധിയുടെ സംഘത്തിലെ അംഗങ്ങൾ.നസീറാണ് (ജയറാം ) ബോസ്. മേനോൻ (മോഹൻ ) തലവനായ ടെററിസ്റ്റ് ഗ്രൂപ്പിനെ തകർക്കുന്ന ഗാന്ധി യുറേനിയം വീണ്ടെടുക്കുന്നു.
സംഘത്തിൻ്റെ അടുത്ത മിഷൻ തായ്ലൻ്റിലാണ്. അവിടെ വെച്ച് ഗാന്ധിയുടെ മകൻ ജീവൻ കൊല്ലപ്പെടുന്നു. 17 വർഷത്തിനു ശേഷം വർത്തമാന കാലത്തിലേക്ക് ക്യാമറ കട്ട് ചെയ്യുമ്പോൾ ഗാന്ധി പാസ്പോർട്ട് ഓഫീസിലെ ഇമ്മിഗ്രേഷൻ ഓഫിസറാണ്. അയാൾ സ്ക്വാഡിൻ്റെ ഫീൽഡ് ഓപ്പറേഷൻസ് എല്ലാം വിട്ടു.
മകൻ്റെ വിയോഗത്തിൽ സ്വയം അടിച്ചേൽപ്പിച്ച ഏകാന്തതയിലാണ് ജീവിതം. ഡിപ്ളോമാറ്റിക് മിഷൻ്റെ ഭാഗമായി ഗാന്ധി ഒരു പ്രത്യേക സാഹചര്യത്തിൽ മോസ്ക്കോയിലെത്തുന്നു.അവിടെ അയാൾ തൻ്റെ ചെറുപ്പകാലത്തിൻ്റെ തനി സ്വരൂപമായ മകൻ ജീവനെ കണ്ടെത്തുന്നു. തിരിച്ചു മകനുമായി ചെന്നൈയിലെത്തുന്ന ഗാന്ധിയെ കാത്തിരുന്നത് അപ്രതീക്ഷിതമായ പ്രതിസന്ധികളാണ്.
ആരാണ് ജീവൻ? മേനോനുമായി അയാൾക്കുള്ള ബന്ധമെന്താണ്? ദളപതിയും ചിന്ന ദളപതിയും തമ്മിലുള്ള ഏറ്റുമുട്ടലിൽ ആരു ജയിക്കും? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് രണ്ടാം പകുതി. ഇതിനിടയിൽ വിജയ് ചിത്രങ്ങളുടെ പ്രത്യേകതയായ കുടുംബ ബന്ധങ്ങൾ, തങ്കച്ചി സ്നേഹം ,സംഘട്ടന രംഗങ്ങൾ, നൃത്തം എല്ലാം കടന്നു വരുന്നു. സ്പെഷ്യൽ ഐറ്റം നമ്പരുമായി തൃഷയും എത്തുന്നുണ്ട്.ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലെ ഐപിഎൽ ഫൈനൽ മത്സരമാണ് ചിത്രത്തിൻ്റെ ക്ലൈമാക്സ്.അച്ഛൻ – മകൻ പോരിനിടയിൽ സി എസ് കെ യുടെ തല എം എസ് ധോണിയെയും മുംബൈ ഇന്ത്യൻസിൻ്റെ രോഹിത് ശർമ്മയെയുമെല്ലാം കളിക്കളത്തിൽ കാണാം.
യുവാവായ മകൻ ജീവനെ വിജയ് പ്രായം കുറച്ച് അവതരിപ്പിക്കുന്നത് ഡി ഏജിംഗ് ടെക്നോളജിയിലൂടെയാണ്.ഇതോടൊപ്പം വിജയിൻ്റെ പല ഏ ഐ അവതാരങ്ങളും ചിത്രത്തിൽ കാണാം. ക്ലോണിംഗിൻ്റെ സയൻസ് ഫിക്ഷൻ സസ്പെൻസ് കൂടി ചേർത്തു കൊണ്ടാണ് ചിത്രത്തിൻ്റെ ക്ലൈമാക്സ് അവസാനിക്കുന്നത്.
സംഘട്ടന രംഗങ്ങളിൽ വി എഫ് എക്സ് സുലഭമായി ഉപയോഗിച്ചിട്ടുണ്ട് ട്രെയിനിലെ സംഘട്ടനവും മോസ്ക്കോയിലെ കാർ ചെയ്സും കൊള്ളാം തായ്ലൻ്റിൽ പാരച്യൂട്ടിൽ നിന്നുള്ള വിജയിൻ്റെ ചാട്ടം ഏശിയില്ല. കഥയിൽ പല ട്വിസ്റ്റുകളും സംവിധായകൻ കൊണ്ടു വരുന്നുണ്ടെങ്കിലും അവയൊന്നും പ്രേക്ഷകനെ അമ്പരിപ്പിക്കുന്നില്ല. ക്ലൈമാക്സിൽ അതിഥി താരങ്ങളായി ശിവ കാർത്തികേയൻ ഉൾപ്പെടെയുള്ളവർ എത്തുന്നുണ്ട്.
അച്ഛൻ ഗാന്ധിയായും മകൻ ജീവനായും വിജയ് തകർത്തഭിനയിച്ചിട്ടുണ്ട്. അച്ഛൻ ഗാന്ധിയുടെ വേഷം മിതത്വത്തോടും പക്വതയോടും അഭിനയിച്ചപ്പോൾ ജീവൻ്റെ നെഗറ്റീവ് റോളിൽ വിജയിൻ്റെ അഴിഞ്ഞാട്ടം കാണാം. അച്ഛനും മകനും ഒന്നിച്ചുള്ള കോമ്പിനേഷൻ രംഗങ്ങൾ ആരാധകരിൽ ആവേശമുണർത്തും.സഹതാരങ്ങളിൽ ജയറാമും പ്രഭുദേവയും മികച്ചു നിന്നു. നായികാ വേഷങ്ങളിൽ എത്തുന്നത് സ്നേഹയും മീനാക്ഷി ചൗധരിയുമാണ്. മീനാക്ഷിക്ക് കാര്യമായൊന്നും ചെയ്യാനില്ല.
വില്ലൻ മേനോനെ അവതരിപ്പിക്കുന്നത് മൈക്ക് മോഹൻ, കോകില മോഹൻ തുടങ്ങിയ പേരുകളിൽ 80 കളിൽ യുവാക്കളുടെ ഹരമായിരുന്ന മോഹനാണ്. വലിയ ആഴമില്ലാത്ത ഈ നെഗറ്റീവ് വേഷത്തിൽ മോഹന് അത്ര കണ്ട് തിളങ്ങാനായില്ല. കനിഹ, ലൈല, യോഗി ബാബു,വി ടി വി ഗണേഷ്, പ്രേംജി അമരൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
സംവിധായകൻ വെങ്കട് പ്രഭുവിൻ്റെ തിരക്കഥ ദുർബ്ബലമാണ്.ഒന്നാം പകുതിയിൽ വേഗതയില്ല.ചില രംഗങ്ങളിൽ സംവിധായകൻ്റെ ബ്രില്യൻസ് കാണാം.എന്നാൽ ചിത്രം ശരാശരി നിലവാരത്തിൽ നിന്നും ഉയരുന്നില്ല. യുവൻ ശങ്കർ രാജയുടെ സംഗീതവും പശ്ചാത്തല സംഗീതവും നിരാശപ്പെടുത്തി.സിദ്ധാർത്ഥ നൂനിയുടെ ഛായാഗ്രഹണവും വെങ്കട് രാജൻ്റെ എഡിറ്റിംഗും മികച്ചതാണ്.
———————————————————- (കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-