ഡോ ജോസ് ജോസഫ്
അരികുവൽക്കരിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതവും അവർ നേരിടുന്ന ജാതീയ വിവേചനവും അടിച്ചമർത്തലുകളും മലയാള സിനിമയിൽ അധികം ചർച്ച ചെയ്യപ്പെടാറില്ല.
ജാതീയ വിവേചനങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന പ്രമേയങ്ങൾ അതിശക്തമായി അടുത്ത കാലത്ത് അവതരിപ്പിച്ചിട്ടുള്ളത് തമിഴ് സിനിമയാണ്. മാരി സെൽവരാജിൻ്റെ പരിയേറും പെരുമാൾ ജാതി വ്യവസ്ഥക്കെതിരെയുള്ള സിനിമകളിലെ ഒരു നാഴികക്കല്ലാണ്.
ഈ ഓഗസ്റ്റിൽ റിലീസായ അദ്ദേഹത്തിൻ്റെ തന്നെ ‘വാഴൈ ‘ തൊഴിലിടങ്ങളിലെ ക്രൂരമായ പീഡനങ്ങൾ ഒരു ബാലൻ്റെ ദൃഷ്ടിയിലൂടെ നോക്കിക്കാണുന്ന സിനിമയാണ്.പാ. രഞ്ജിത്തിൻ്റെ ചിയാൻ വിക്രം ചിത്രം തങ്കലാനും പാർശ്വവൽക്കരിക്കപ്പെട്ട ദളിത് വിഭാഗങ്ങളുടെ പോരാട്ടത്തിൻ്റെ രാഷ്ട്രീയം പറയുന്ന തമിഴ് സിനിമയാണ്.
ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ വിഭാഗത്തിൽ പെട്ട സിനിമയാണെങ്കിലും അരുൺ ജെ മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാള ചിത്രം ചുരുൾ ചർച്ച ചെയ്യുന്നത് സമൂഹത്തിൽ പൊതുവിലും പോലീസ് സംവിധാനത്തിൽ പ്രത്യേകിച്ചും നിലനിൽക്കുന്ന ജാതി ചിന്തയും വിവേചനവുമാണ്.
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനാണ് (കെഎസ്എഫ്ഡിസി) ചുരുളിൻ്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. പട്ടിക ജാതി – പട്ടിക വർഗ്ഗ ശാക്തീകരണ പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാന സർക്കാർ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒന്നേമുക്കാൽ മണിക്കൂർ മാത്രമാണ് ചിത്രത്തിൻ്റെ ദൈർഘ്യം.
ഒരു റിട്ടയേഡ് പോലീസ് ഓഫീസറുടെ കൊലപാതക കേസ് അന്വേഷണത്തിലൂെടെയാണ് കഥയുടെ ചുരുൾ നിവരുന്നത്.ഇതിൻ്റെ പശ്ചാത്തലത്തിൽ ജാതി ശ്രേണിയിൽ താഴ്ന്ന വിഭാഗത്തിൽ ജനിച്ചു പോയതിൻ്റെ പേരിൽ ബാല്യം മുതൽ അനുഭവിക്കേണ്ടി വരുന്ന ക്രൂരതകളും പാർശ്വവൽക്കരണവുമാണ് സംവിധായകൻ അനാവരണം ചെയ്യുന്നത്.
നഗരത്തിൽ താമസിക്കുന്ന റിട്ടയേഡ് എസ് പി ശിവദാസൻ പിള്ള (ഗോപൻ മങ്ങാട്ട് ) കൊല്ലപ്പെടുന്നു.തൊട്ടുമുമ്പ് കോർപ്പറേഷൻ വണ്ടിയിൽ മാലിന്യം ശേഖരിക്കാൻ വന്ന മൂന്ന് യുവാക്കളുമായി അയാൾ കലഹിച്ചിരുന്നു. താഴ്ന്ന ജാതിക്കാരായ ഈ യുവാക്കളെ പ്രതികളാക്കി കേസ് അവസാനിക്കാൻ പോലീസിന് അധികം മെനക്കെടേണ്ടി വന്നില്ല.
എന്നാൽ കേസ് അന്വേഷിക്കുന്ന സി ഐ കതിർ മണിക്കു ( രാഹുൽ രാജഗോപാൽ ) മുന്നിൽ കുറ്റമേറ്റെടുത്തു കൊണ്ട് സത്യൻ (പ്രമോദ് വെളിയനാട്) എന്ന ആൾ ഹാജരാകുന്നു. സത്യൻ്റെ മാനസിക വിഭ്രാന്തി തടസ്സമാകുന്നുവെങ്കിലും അന്വേഷണവുമായി കതിർ മണി മുന്നോട്ടു പോകുന്നു. ആരായിയിരുന്നു സത്യൻ ? കൊല്ലപ്പെട്ട മുൻ എസ് പി ശിവദാസനുമായി അയാൾക്കെന്തായിരുന്നു ബന്ധം?
ഒരു കാലത്ത് തോട്ടം മേഖലയിൽ നിലനിന്നിരുന്ന കൊടും ചൂഷണം, ജാതീയ വിവേചനത്തിൽ നിന്നു രക്ഷപെടാനുള്ള മതപരിവർത്തനം, ദളിതർക്കു കുടിവെള്ളം നിഷേധിക്കുന്ന സവർണ്ണ രാഷ്ട്രീയം, കസ്റ്റഡി മരണം, ബ്യൂറോക്രസിയിലെ ജാതി വിവേചനം തുടങ്ങിയ വിഷയങ്ങൾ കേസ് അന്വേഷണത്തിനിടയിൽ കടന്നു വരുന്നു.
മരിച്ചാലും ഭൂതകാലം മറച്ചു വെച്ചു കൊണ്ടും സവർണ്ണൻ്റെ സൽപ്പേര് നിലനിർത്താൻ ശ്രമിക്കുന്ന സിസ്റ്റം പ്രാന്തവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളോട് ഒരിക്കലും നീതി കാണിക്കുന്നില്ലെന്നാണ് ചുരുൾ പറഞ്ഞു വെയ്ക്കുന്നത്.
വലിയ താരമൂല്യമുള്ള നടന്മാർ ഈ ചിത്രത്തിലില്ല. പ്രമോദ് വെളിയനാടിൻ്റെ ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച വേഷമാണ് ചുരുളിലെ സത്യൻ. മാനസിക വിഭ്രാന്തി നേരിടുന്ന സാധുവും നിസ്സഹായനുമായ സത്യനെ പ്രമോദ് മികച്ചതാക്കി.
ആവാസവ്യൂഹത്തിലൂടെ ശ്രദ്ധേയനായ രാഹുൽ രാജഗോപാൽ സിഐ കതിർ മണിയെ ഒതുക്കത്തോടെ അവതരിപ്പിച്ചു. രാജേഷ് ശർമ്മ, കലാഭവൻ ജിൻ്റോ, ഡാവിഞ്ചി, അഖില നാഥ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
സർക്കാർ സാമ്പത്തിക സഹായത്തോടെ നിർമ്മിച്ച ചിത്രമായതിനാൽ അധികം കൊമേഴ്സ്യൽ വിട്ടുവീഴ്ച്ചകൾക്ക് സംവിധായകൻ തയ്യാറായിട്ടില്ല. ഒതുക്കമുള്ളതാണ് ചിത്രത്തിൻ്റെ തിരക്കഥ.ഡേവിസ് മാനുവൽ എഡിറ്റിംഗും പ്രവീൺ ചക്രപാണി ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നു. സംഗീതം മധുപോൾ.
———————————————————-
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-