ഡോ ജോസ് ജോസഫ് .
ഗുരുവായൂരമ്പല നടയിൽ എന്ന വൻ ഹിറ്റ് ചിത്രത്തിനു ശേഷം ബേസിൽ ജോസഫ് നായകനായെത്തുന്ന ചിത്രമാണ് നുണക്കുഴി. ദൃശ്യം ഒന്ന്, ദൃശ്യം രണ്ട്, മെമ്മറീസ്, കൂമൻ ,നേര് തുടങ്ങിയ എണ്ണം പറഞ്ഞ ക്രൈം ത്രില്ലർ ചിത്രങ്ങളുടെ സംവിധായകനായ ജീത്തു ജോസഫിൻ്റെ പുതിയ ചിത്രം “ഫാമിലി കോമഡി ‘ ട്രാക്കിലാണ് ഓടുന്നത്.
ജീത്തു ജോസഫ് കോമഡി ചിത്രം സംവിധാനം ചെയ്യുന്നത് ഇതാദ്യമല്ല.ജീത്തുവിൻ്റെ സംവിധാനത്തിൽ 2012 ൽ റിലീസ് ചെയ്ത ദിലീപ് ചിത്രം മൈ ബോസ് വൻ വിജയമായിരുന്നു.മുൻ പരിചരിയമില്ലാത്ത കുറെ ആളുകൾ.
അവരെ ചുറ്റിപ്പറ്റി ചിരിയുണർത്തുന്ന കുറെ സംഭവ പരമ്പരകൾ.സമാന്തര പാതകളിൽ നീങ്ങുന്ന ഇവരെല്ലാം ഒടുവിൽ ഒരു ബിന്ദുവിൽ സന്ധിക്കുമ്പോൾ കലങ്ങി മറിഞ്ഞുണ്ടാകുന്ന സിറ്റുവേഷണൽ കോമഡി. മലയാളത്തിൽ പ്രിയദർശൻ ചിത്രങ്ങളിൽ സ്ഥിരമായി പരീക്ഷിച്ചിട്ടുള്ള ഈ വിജയ ഫോർമുലയാണ് ജീത്തു ജോസഫ് നുണക്കുഴിയിലും പയറ്റുന്നത്.
ഈ വർഷത്തെ ഹിറ്റ് കോമഡി ചിത്രം പ്രേമലുവിൽ ന്യൂ ജെൻ താരങ്ങളും ന്യൂ ജെൻ കഥയുമാണ് അരങ്ങു തകർത്തത്.എന്നാൽ നുണക്കുഴിയുടെ കഥയ്ക്ക് വലിയ പുതുമയൊന്നുമില്ല. ന്യൂ ജെൻ താരങ്ങൾക്കൊപ്പം മനോജ് കെ ജയൻ, സിദ്ദിഖ് തുടങ്ങിയ മുതിർന്ന താരങ്ങളും നുണക്കുഴിയിൽ അണിനിരക്കുന്നുണ്ട്.
സ്വയം അകപ്പെടുന്ന കുരുക്കുകളിൽ നിന്നു രക്ഷപെടാൻ നുണയുടെ സാമ്രാജ്യം തീർക്കുന്ന നായകൻ. ഒന്നിനു പുറകെ മറ്റൊന്നായി കൊരുത്തെടുക്കുന്ന ആ നുണകൾ തന്നെ അയാളെ വലിയ കുഴിയിൽ വീഴ്ത്തുന്നു. നുണക്കുഴിയിലെ എബി സക്കറിയ എന്ന നായകൻ ബേസിൽ eജാസഫിൻ്റെ സ്ഥിരം മാനറിസങ്ങളുമായി ചേർന്നു പോകുന്ന കഥാപാത്രമാണ്. കോമഡി ടൈമിംഗിൽ ഇപ്പോഴുള്ള മറ്റ് നടന്മാരെക്കാൾ ഒരു പടി മുന്നിലാണെന്നതാണ് ബേസിലിനെ വ്യത്യസ്തനാക്കുന്നത്.
രണ്ടു മണിക്കൂറിൽ അല്പം കൂടുതൽ മാത്രമാണ് ചിത്രത്തിൻ്റെ ദൈർഘ്യം.ഒരു പകലും ഒരു രാത്രിയും കൊണ്ട് അവസാനിക്കുന്നതാണ് ചിത്രത്തിലെ സംഭവങ്ങൾ. എന്നിട്ടും രണ്ടാം പകുതിയിൽ ചെറിയ വലിച്ചു നീട്ടൽ അനുഭവപ്പെടും. ജീത്തുവിൻ്റെ ട്വൊൽത്ത് മാൻ, കൂമൻ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയ കെ ആർ കൃഷ്ണകുമാറാണ് ഈ ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
ഇവരൊന്നിക്കുന്ന മൂന്നാമത്തെ ചിത്രവും മോശമാക്കിയിട്ടില്ല. എല്ലാ കഥാപാത്രങ്ങളുടെയും പ്രകടനം ആകെ ബഹളമയമാണ്.ഈ ബഹളങ്ങളിൽ നിന്നാണ് സംവിധായകനും തിരക്കഥാകൃത്തും കോമഡി സൃഷ്ടിക്കാൻ ശ്രമിക്കുന്നത്.
കുട്ടിത്തം വിട്ടുമാറാത്ത എബി സക്കറിയയ്ക്ക് (ബേസിൽ ജോസഫ്) അവിചാരിതമായി പൂഴിക്കുന്നേൽ ഗ്രൂപ്പ് ഓഫ് കമ്പനീസിൻ്റെ എംഡി സ്ഥാനം ഏറ്റെടുക്കേണ്ടി വന്നു. ഇപ്പോഴും അമ്മയുടെ (ലെന) വാവയായ എബിയുടെ കല്യാണം കഴിഞ്ഞിട്ട് മൂന്ന് മാസമായതേയുള്ളു. എപ്പോഴും ഭാര്യയോടാപ്പം ( നിഖില വിമൽ ) സല്ലപിച്ചിരിക്കാനാണ് ഇഷ്ടം.
‘ബേസിക്കലി ഐ ആം റിച്ച് ‘ എന്നാണ് പക്വത തീരെയില്ലാത്ത എബിയുടെ സ്ഥിരം വാചകം.എബിയുടെ പൂഴിക്കുന്നേൽ കമ്പനി ഓഫീസിൽ റെയ്ഡിനെത്തിയ ഇൻകം ടാക്സ് ഓഫീസർ വാമകൃഷ്ണൻ (സിദ്ദിഖ് ) എബിയുടെ പേഴ്സണൽ ലാപ്പ് ടോപ് പിടിച്ചെടുക്കുന്നു.
സ്വകാര്യ ദൃശ്യങ്ങൾ അടങ്ങിയ ലാപ് ടോപ് എന്തു വില കൊടുത്തും വീണ്ടെടുക്കാനുള്ള ശ്രമം എബിയെ അകപ്പെടുത്തുന്നത് ഊരാക്കുടുക്കുകളിലാണ്. ഭർത്താവുമായി (അജു വർഗീസ്) വിവാഹ മോചന കേസ് നടത്തുന്ന രശ്മിത ( ഗ്രേസ് ആൻ്റണി ), അതിന് കളള സാക്ഷി പറഞ്ഞ ദന്തഡോക്ടർ ജയദേവൻ (സൈജു കുറുപ്പ് ) എന്നിവരുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ആദ്യം എബിയെ കുരുക്കുന്നത്.
ഇതിനു സമാന്തരമായി സൂപ്പർ സ്റ്റാർ സുന്ദർ നാഥുമായി (മനോജ് കെ ജയൻ) മരുമകൻ നവീനു (അൽത്താഫ് സലിം) വേണ്ടി അമ്മാവൽ വാമകൃഷ്ണൻ തിരക്കഥാ ചർച്ച നടത്തുന്നു. മറ്റൊരു ട്രാക്കിൽ ടൌൺ സി ഐ എബ്രഹാം തരകനുമുണ്ട് (ബൈജു സന്തോഷ് ). ഇവരെല്ലാം കൂടി സന്ധിക്കുന്നതാണ് ക്ലൈമാക്സ്.
ബേസിൽ ജോസഫ് – ഗ്രേസ് ആൻ്റണി, മനോജ് കെ ജയൻ -സിദ്ദിഖ്, ബൈജു സന്തോഷ് – ബേസിൽ തുടങ്ങിയ കോമ്പോകളിലൂടെയാണ് സംവിധായകൻ കോമഡി സൃഷ്ടിക്കുന്നത് .ഇതിൽ ചിലത് ഫലിക്കുന്നുണ്ട്. ചിലത് ഫലിക്കുന്നില്ല. ബേസിൽ – ഗ്രേസ് കോമ്പിനേഷനാണ് നന്നായി ക്ലിക്കായത്. മനോജ് – സിദ്ദിഖ് കോമ്പോ ഇടയ്ക്ക് ചെറുതായി വെറുപ്പിക്കും.
തിരക്കഥ സഹതാരങ്ങൾക്കെല്ലാം മികച്ച പ്രകടനത്തിനുള്ള അവസരം കൃത്യമായി നൽകുന്നുണ്ട്. ബേസിൽ ജോസഫ്, ഗ്രേസ് ആൻ്റണി എന്നിവരുടേതാണ് ഏറ്റവും മികച്ച അഭിനയം.സിദ്ദിഖും ബൈജുവും പതിവു പോലെ മികച്ച പ്രകടനം നടത്തി.അജു വർഗീസ് കുറച്ചു കൂടി സീരിയസ് ആയ വേഷത്തിലാണ്.
ബിനു പപ്പു, സ്വാസിക,അസീസ് നെടുമങ്ങാട്, സെൽവരാജ് ,ശ്യാം മോഹൻ, ടി വി സീരിയൽ മേഖലയിലെ പ്രശസ്തരായ താരങ്ങൾ ഉൾപ്പെടെ നീണ്ട താരനിര ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. വിഷ്ണു ശ്യാമിൻ്റെ സംഗീതവും സതീഷ് കുറുപ്പിൻ്റെ ഛായാഗ്രഹണവും മികച്ചതാണ്.
———————————————————-
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-